ലോകസിനിമയുടെ ജാലകങ്ങള്‍ ഒരിക്കല്‍ക്കൂടി തുറന്നടഞ്ഞിരിക്കുന്നു. ആഘോഷങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഒരുപിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് ലോകസിനിമയുടെ സ്പന്ദനങ്ങള്‍ പൂരനഗരിയെ അറിയിച്ചു. തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം അഥവാ ടിഫിന്റെ ആറാം എഡിഷനാണ് ഏഴ് രാപ്പകലുകളിലായി തൃശൂര്‍ കൈരളി, ശ്രീ തീയറ്ററുകളില്‍ നടന്നത്. ചലച്ചിത്രോത്സവങ്ങള്‍ ചിലവേറിയതായി മാറുന്ന പുതിയ കാലത്ത് ചിലവുകള്‍ പരമാവധി നിയന്ത്രിച്ച് എങ്ങിനെ മേള നടത്താമെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായി ടിഫ് ആറാം എഡിഷന്‍. ഗോവയില്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം തുടങ്ങും മുമ്പെ ടിഫിന്റെ കൊടിയിറങ്ങിയിരുന്നു. അത്രയ്‌ക്കൊന്നും ആഘോഷത്തിമര്‍പ്പില്ലെങ്കിലും തൃശൂരിലെ ചലച്ചിത്രോത്സവം കേരളത്തിലെ രണ്ടാമത്തെ മികച്ച ചലച്ചിത്രോത്സവമെന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ ഏറ്റവും നല്ല രീതിയില്‍ മികച്ച സംഘാടനത്തില്‍ നല്ലതും പുതിയതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രോത്സവം എന്ന ക്രെഡിറ്റ് ടിഫ് സ്വന്തമാക്കിയിട്ടുണ്ട്.
ജീവിതച്ചിലവുകള്‍ കുത്തനെ ഉയരുന്ന ഇക്കാലത്ത് ആളുകള്‍ ആദ്യം ഉപേക്ഷിക്കുക കലകളെയാണ്. ചലച്ചിത്രോത്സവങ്ങള്‍ സാമ്പത്തിക ബാധ്യതകള്‍ മൂലം നിലയ്‌ക്കുന്ന ഒരു സമീപഭാവിയുടെ ആശങ്ക കൂടി മുന്നില്‍വെച്ചാണ് ടിഫ് ലോകസിനിമകളുടെ ജാലകം തുറന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ചലച്ചിത്രോത്സവങ്ങളുടെ ഫോര്‍മുലകള്‍ ഇന്ന് മാറിമറിഞ്ഞിരിക്കുന്നു. ടിഫ് ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ ജയറാം ചൂണ്ടിക്കാട്ടിയതും അതാണ്. പണ്ടൊക്കെ ബുദ്ധിജീവികളുടെ വിളനിലമായിരുന്നു ചലച്ചിത്രോത്സവങ്ങള്‍. മങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളും ഉറക്കം ക്ഷണിച്ചുവരുത്തുന്ന വിരസമായ ഡോക്യുമെന്ററികളും ഒക്കെയുള്ള പഴയകാല ചലച്ചിത്രോത്സവങ്ങളില്‍ നിന്ന് ടിഫ് അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകള്‍ മാറിയിരിക്കുന്നു. ടിഫ് കാണാനെത്തിയ യുവതലമുറയുടെ സജീവ സാന്നിധ്യം വെള്ളിത്തിരയുടെ ഭാവി വാഗ്ദാനങ്ങളായിരുന്നുവെന്ന് നിസ്സംശയം പറയാം.
അവര്‍ക്ക് സിനിമ ഒരു നേരമ്പോക്കായിരുന്നില്ല. സിനിമ കാണുകയും അതെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സംവദിക്കുകയും ചെയ്യുന്ന പുതിയ ചിത്രമാണ് ഇപ്പോള്‍ ചലച്ചിത്രോത്സവങ്ങളില്‍ നിറയുന്നത്. ഡിവിഡികളും യൂ ട്യൂബ് പോലുള്ള സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും ലോകസിനിമകളെ അടുത്തറിയാന്‍ ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ ഭേദമില്ലാതെ യുവതലമുറ ചലച്ചിത്രോത്സവങ്ങള്‍ ആസ്വദിക്കാന്‍ തീയറ്ററുകളിലെത്തി. നല്ല സിനിമകളെ അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇഴഞ്ഞുനീങ്ങിയ സിനിമകളുടെ വിരസത മാറ്റാന്‍ അവര്‍ കമന്റുകളുതിര്‍ത്ത് ചിരിയുണര്‍ത്തി.
ജയറാം പറഞ്ഞത് പ്രായമായ ബുദ്ധിജീവികള്‍ മാത്രം കണ്ടിരുന്ന ചലച്ചിത്രോത്സവങ്ങള്‍ ഇന്ന് പുതിയതലമുറ കാണാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ചലച്ചിത്രോത്സവങ്ങള്‍ ജനകീയമായിരിക്കുന്നുവെന്നുമാണ്. അങ്ങിനെ ജനകീയമായ ചലച്ചിത്രോത്സവത്തില്‍ ലോകത്തെ മികച്ച സിനിമകള്‍ തന്നെയാണ് ഇക്കുറി പ്രദര്‍ശിപ്പിച്ചത്. നടി സംവൃതസുനില്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, പ്രിയനന്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് കെട്ടുകാഴ്ചകള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും അവധി കൊടുത്തതായിരുന്നു. അടുത്തിടെ അന്തരിച്ച കവി മുല്ലനേഴിക്കും സംഗീതസംവിധായകന്‍ ജോണ്‍സണും സംവിധായകന്‍ മോഹന്‍ രാഘവനും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ടിഫിന്റെ ആറാം എഡിഷന്‍ കൈരളി തീയറ്ററില്‍ ആരംഭിച്ചത്. മുല്ലനേഴിക്കും ജോണ്‍സണും ആദരാഞ്ജലി അര്‍പ്പിച്ച് അവരുടെ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അത് ആ മഹാപ്രതിഭകള്‍ക്കുള്ള ഗാനാഞ്ജലിയായി മാറി.
മേളയുടെ ഉദ്ഘാടന ചിത്രം ഴാക്ക് ഓദിയെ സംവിധാനം ചെയ്ത ‘പ്രൊഫെറ്റ്’ ആയിരുന്നു. വസന്തബാലന്‍ സംവിധാനം ചെയ്ത ‘അങ്ങാടിത്തെരു’ , ഇറ്റലിയില്‍ നിന്നുള്ള ‘എ പെര്‍ഫെക്ട് ഡെ’ എന്നിവയായിരുന്നു ടിഫ് ആറാം എഡിഷനില്‍ ആദ്യദിനത്തിലെ ആദ്യ ചിത്രങ്ങള്‍. 18 രാജ്യങ്ങളില്‍ നിന്നുള്ള എഴുപതില്‍പരം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. സമകാലീന മലയാളസിനിമ, ഇന്ത്യന്‍ വൈവിധ്യം, തിരിഞ്ഞുനോട്ടം, നൊസ്റ്റാള്‍ജിയ, സ്മരണാഞ്ജലി, ഡോക്യുമെന്ററി പ്രദര്‍ശനം, കണ്‍ട്രി ഫോക്കസ് എന്നീ വിഭാഗങ്ങളിലായി എഴുപതോളം ചിത്രങ്ങളാണ് ടിഫില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സ്മരണാഞ്ജലി വിഭാഗത്തില്‍ ഭൂപന്‍ ഹസാരിക സംഗീത സംവിധാനം നിര്‍വഹിച്ച ‘രുദാലി’യും പ്രദര്‍ശിപ്പിച്ചു.
ഉള്ളുലച്ച പ്രൊഫെറ്റ്
താരതമ്യേന ലഘുവായ ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തുന്ന ഒരു ചെറുപ്പക്കാരന്‍ ബൃഹത്തായ ഒരു സംഘടിത ക്രിമിനല്‍ ശൃംഖലയുടെ തലവനായി മാറുന്നതെങ്ങനെയെന്നാണ് ടിഫിന്റെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച ഴാക് ഓദിയേയുടെ എ പ്രോഫെറ്റ് എന്ന ഫ്രെഞ്ച് ചിത്രം വരച്ചു കാട്ടുന്നത്. ഫ്രാന്‍സിലെ ഒരു തടവറയാണ് കഥാപശ്ചാത്തലം. ജയില്‍ എന്ന തിരുത്തല്‍ സ്ഥാപനം എങ്ങനെ ചെറുപ്പക്കാരായ കുറ്റവാളികളെ തെറ്റുകളുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുന്നു എന്നാണ് ആഴത്തിലുള്ള മനഃശാസ്ത്ര വിശകലന പാടവത്തോടെ ഴാക് ഓദിയെ വിശദീകരിക്കുന്നത്. സിനിമയുടെ പുത്തന്‍ സങ്കേതങ്ങളെ മുഴുവന്‍ സ്വാംശീകരിച്ചുകൊണ്ട് ചടുലമായി പറഞ്ഞു പോകുന്ന ഒരു കറുത്ത കഥയാണിത്. പ്രധാന കഥാപാത്രമായ മലിക്കിന്റെ വിധിയെക്കുറിച്ചോര്‍ത്ത് കണ്ണുനീര്‍ വാര്‍ക്കാന്‍ നമുക്കാവില്ല. അയാള്‍ തെറ്റു തിരുത്തി നന്മയുടെ പുതിയ ലോകത്തിലേക്ക് പ്രവേശിക്കണമെന്നും പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നില്ല. മലിക് ജീവിക്കുന്ന, അഥവാ അകപ്പെട്ടു പോയ ജീവിതത്തിന്റെ, ലോകത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവും മതപരവുമായ സങ്കീര്‍ണതകളിലേക്കു കൂടി പ്രേക്ഷകരുടെ ശ്രദ്ധ തിരിയേണ്ടതുണ്ട്. ഉള്ളില്‍ കടിച്ചു കീറാനുള്ള പകയും വിദ്വേഷവുമായി ഒരേ രാജ്യത്ത് ജീവിക്കുന്ന വിവിധ വര്‍ഗക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളാണ് ഈ സിനിമയുടെ യഥാര്‍ത്ഥ ആധാരശില എന്നു പറയാം. ഒരു മറയുമില്ലാതെ ആ ജീവിതങ്ങളെ നമുക്ക് നേരെ നിര്‍ത്തിക്കൊണ്ട് ഴാക് ഓദിയെ ഏല്‍പിക്കുന്ന കനത്ത പ്രഹരം വളരെക്കാലം പ്രേക്ഷകനെ നടുക്കുകയും വേദനിപ്പിക്കുകയും ചെയ്യും. മേളയില്‍ രണ്ട് തവണ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു.
ക്ലിയോപാട്രയെ കാണാന്‍ തിരക്ക്
ലോകസിനിമകളുടെ ജാലകം തുറന്ന ടിഫിന്റെ രണ്ടാം നാളില്‍ ലോകസുന്ദരി ക്ലിയോപാട്രയുടെ ദിനമായിരുന്നു. രണ്ടാം നാളില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ക്ലിയോപാട്രയാണ്. ഈജിപ്തിലെ ക്ലിയോപാട്ര സെവന്‍ തന്റെ അധികാരം സ്ഥാപിക്കാന്‍ വേണ്ടി റോമാ സാമ്രാജ്യത്തിന്റെ അസ്വാസ്ഥ്യങ്ങളെ എങ്ങിനെ ഉപയോഗിക്കുന്നുവെന്ന് കാണിക്കുന്ന ഈ ചിത്രവും പ്രണയത്തിന്റേയും യുദ്ധത്തിന്റേയും മോഹങ്ങളുടേയും അധികാരമോഹങ്ങളുടേയും കഥയാണ് പറഞ്ഞത്. 192 മിനിററ് ദൈര്‍ഘ്യമുള്ള ഈ അമേരിക്കന്‍ ചിത്രം 1963ലാണ് പുറത്ത് വന്നത്. എങ്കിലും പുതുമനശിക്കാത്ത ചിത്രങ്ങളുടെ പട്ടികയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും ക്ലിയോപാട്രയുടെ സ്ഥാനമെന്ന് നിറഞ്ഞ സദസ്സ് തെളിയിച്ചു.
ചാപ്പാകുരിശും തന്‍മാത്രയുടെ ഛായയും
മലയാള സിനിമാവിഭാഗത്തില്‍ ചാപ്പാകുരിശാണ് ടിഫിന്റെ രണ്ടാം നാളില്‍ പ്രദര്‍ശിപ്പിച്ചത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ തന്‍മാത്രയെ ഓര്‍മ്മിപ്പിക്കുന്ന എ സെക്കന്റ് ചെയില്‍ഢുഡ് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഭാര്യയും ഭര്‍ത്താവും മാത്രമുളള സന്തുഷ്ടമായ ഒരു കുടുംബത്തില്‍ ഭര്‍ത്താവിന് ഉണ്ടാകുന്ന കടുത്ത ഓര്‍മ്മക്കുറവ് ആ കുടുംബത്തെ എങ്ങിനെയൊക്കെ ബാധിക്കുന്നുവെന്ന് വിശദമാക്കുന്ന ‘എ സെക്കന്റ് ചെയില്‍ഢുഡ്’ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ്. സ്വാതാന്ത്ര്യാനന്തര ഇന്ത്യയിലെ രണ്ട് കീടനാശിനി ദുരന്തങ്ങളിലൂടെയുളള യാത്രയാണ് കെ.ആര്‍.മനോജ് സംവിധാനം ചെയ്ത ‘എ പെസ്റ്റേണിംഗ് ജേര്‍ണി’ എന്ന ഡോക്യുമെന്ററി. മള്‍ട്ടിലാംഗ്വേജ് ഡോക്യുമെന്ററിയായ ഈ ചിത്രം കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. ഒരു സംസ്ക്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഹിംസയുടെ നാമ്പുകളെ അനാവരണം ചെയ്യാനുളള ശ്രമം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ 66 മിനിറ്റുള്ള ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇറാഖില്‍ നിന്നുള്ള ബിലാല്‍ എന്ന പതിനേഴുകാരനായ ഖുര്‍ദിഷ് ആണ്‍കുട്ടിയുടെ ഫ്രാന്‍സിലേക്കുള്ള യാത്രയും അന്വേഷണങ്ങളും പ്രതിപാദിക്കുന്ന വെല്‍ക്കം, ഫ്രഞ്ച് വനിതാ പട്ടാളക്കാരുടെ ഒരു ദൗത്യത്തിന്റെ കഥപറയുന്ന ഫീമെയില്‍ ഏജന്റ്സ് എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
നല്ല സിനിമകളുടെ ടിഫ്
കോര്‍പ്പറേറ്റ് സംസ്ക്കാരത്തിന്റെ വേരുകളും ആഴങ്ങളും തേടിയുള്ള ഒരു അന്വേഷണമാണ് 145 മിനിറ്റ് ദൈര്‍ഘ്യമുളള 2003ല്‍ കാനഡയില്‍ പുറത്തിറങ്ങിയ ‘ദി കോര്‍പ്പറേഷന്‍’ എന്ന സിനിമ. മാര്‍ക് അക്ബര്‍, ജെന്നിഫര്‍ എബോ എന്നിവര്‍ സംവിധാനം ചെയ്ത ഈ ചിത്രം കോര്‍പ്പറേഷന്‍ എന്ന ആശയം അതിന്റെ അടുത്ത കാലത്തെ ചരിത്രത്തിലൂടെ വര്‍ത്തമാനകാലം വരെ അന്വേഷിക്കുന്ന ഡോക്യുമെന്ററിയാണ്. ഭ്രാന്തിന്റെ ലക്ഷണങ്ങളോടെ പെരുമാറുന്ന ആധുനിക കോര്‍പ്പറേഷന്‍ രീതികളെ സിനിമ നിശിതമായി വിമര്‍ശിക്കുന്നു. വടക്കേ അമേരിക്കന്‍ കോര്‍പ്പറേഷനുകളെയാണ് സിനിമ ഊന്നുന്നത്. പ്രമുഖരായ കോര്‍പ്പറേറ്റ് വിമര്‍ശകരുമായുള്ള അഭിമുഖം സിനിമയെ സമ്പന്നമാക്കുന്നു.
പാരമ്പര്യമായി കിട്ടിയ ശാപമായ സ്കീസോഫ്രീനിയയെ എതിരിടുവാന്‍ താന്താങ്ങളുടെ രീതിയില്‍ പോരാടുന്ന മൂന്നു സഹോദരങ്ങളെക്കുറിച്ചുള്ള സിനിമയാണ് ‘ലാ ഇസ്ലാ ഇന്‍റ്റീരിയര്‍’ (ദി ഐലന്റ് ഇന്‍സൈഡ്). അച്ഛനില്‍ നിന്നും ജനിതകപരമായി കിട്ടിയ രോഗം അവര്‍ ജീവിതം മുഴുവനും വഹിക്കുന്നു. അമ്മയില്‍ നിന്നും കിട്ടിയ കര്‍ക്കശവും ധാര്‍മ്മികവുമായ ശിക്ഷണം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. 2009ല്‍ പുറത്തിറങ്ങിയ ഈ സ്പാനിഷ് ചിത്രം ഇപ്പോഴും സാമൂഹ്യപ്രസക്തമാണെന്നത് ശ്രദ്ധേയം.
‘ഒ മറിയ’ എന്ന 106 മിനിറ്റുള്ള കോംഗ്കണി ചിത്രം രാജേന്ദ്ര തലക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ മറിയ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നത്. മറിയയുടെ സ്ഥലത്തിന് തൊട്ടടുത്ത് കിടക്കുന്ന അവരുടെ സഹോദരന്റെ സ്ഥലം, അയാളുടെ മരണത്തിന് മുമ്പ് ഒരു ഹോട്ടല്‍ കമ്പനിക്ക് വില്‍ക്കുന്നു. കരാര്‍ പ്രകാരം ഇവരുടെ സഹോദരന്റെ സ്ഥലത്തിനുള്ള മുഴുവന്‍ തുകയും മറിയയുടെ സ്ഥലം കൂടി കമ്പനിക്കു വില്‍ക്കുമ്പോഴേ ലഭിക്കൂ. ജോണ്‍ എന്ന ഈ സഹോദരന്റെ �ഭാര്യയും രണ്ടുമക്കളും മറിയ ഈ വസ്തു വിട്ടുകൊടുക്കുന്നതിനായി കാത്തിരിക്കുന്നു. മറിയയാകട്ടെ തന്റെ വസ്തു വില്‍ക്കാനോ കൈമാറാനോ തയ്യാറാവുന്നില്ല. മറിയയുടെ പ്രതിരോധം നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു കുടുംബവഴക്കായി മാറുന്നു.
രഞ്ജിത്തിന്റെ രചനയില്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത് കാവ്യാമാധവന്‍ പ്രധാനവേഷത്തിലഭിനിയിച്ച ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്’ എന്ന ചിത്രവും ടിഫില്‍ പ്രേക്ഷകരുടെ മുന്നിലെത്തി.
ആധുനിക നാഗരിക സംഗീതത്തിന്റെ വഴികള്‍ തേടിയുള്ള സംവിധായകന്‍ കാര്‍ലോസ് സോറയുടെ പ്രയാണമായിരുന്നു സ്പാനിഷ് ചിത്രമായ ‘ഫഡോസി’ന്റെ തീം. പോര്‍ച്ചുഗീസ് സംഗീതത്തില്‍ രണ്ടുവര്‍ഷം ഗവേഷണം നടത്തിയ ശേഷമാണ് സോറ ഈ ചിത്രമെടുത്തത്.
വേദന നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ സാമൂഹിക പ്രവര്‍ത്തകയായി തീര്‍ന്ന സിന്ധുതായ് സപ്കാല്‍ എന്ന സ്ത്രീയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രമാണ് മറാത്തിയിലുളള ‘മീ സിന്ധുതായ് സപ്കാല്‍’. വാര്‍ധയ്‌ക്കടുത്ത് ഒരു ദരിദ്രമായ ഇടയകുടുംബത്തില്‍ കീഴാളയായി പിറന്ന ഇവര്‍ ഒരു ഗ്രാമീണ വനിതക്ക് എങ്ങനെ തന്റെ ഭയാനകമായ പരിമിതികളെ അതിജീവിക്കാനാവുമെന്നും അത്തരം ഉദ്യമത്തില്‍ എങ്ങനെ ദേവതുല്യയായ ഒരു രക്ഷകയാകാമെന്നും ഈ ചിത്രത്തിലൂടെ കാണിക്കുന്നു. ആനന്ദ് മഹാദേവനാണ് സംവിധായകന്‍.
അന ഡയസ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ‘പെയ്സിറ്റോ’ പ്രണയവും രാഷ്‌ട്രീയവും ഫുട്ബോളും വിപ്ലവവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ചിത്രമായിരുന്നു.
വി. ശാന്താറാം സംവിധാനം ചെയ്ത ഹിന്ദിച്ചിത്രമായ ‘ദോ ആഖേന്‍ ബാരാ ഹാത്ത്’ കൊടുംകുറ്റവാളികളെ മാനസാന്തരപ്പെടുത്തുന്ന കഥയാണ് പ്രതിപാദിച്ചത്. ആദിനാഥ് ഒരു യുവ ജയില്‍ വാര്‍ഡനാണ്. ആറ് ഘോരകുറ്റവാളികളെ ഒരു ഉപേക്ഷിക്കപ്പെട്ട കൃഷിസ്ഥലത്ത് പുനരധിവസിപ്പിച്ചിരിക്കുകയാണ് അയാള്‍.
കഠിനാദ്ധ്വാനത്തിലൂടെ, കരുണയിലൂടെ പതുക്കെ പതുക്കെ ഒരു നല്ല വിളവ് നല്‍കണം എന്നാണ് സങ്കല്‍പം. ഏറെ ശ്രദ്ധേയമായ ഈ ചിത്രം ടിഫിലെ പ്രധാനപ്പെട്ട സിനിമയായി.
പാട്രിക്കോ ഗുസ്മാന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നൊസ്റ്റാള്‍ജിയ ഫോര്‍ ദി ലൈറ്റ്’ശാസ്ത്രരഹസ്യവും ശവശരീരവും തേടുന്ന രണ്ട് കൂട്ടരുടെ കഥയാണ്.
വേദനയുണര്‍ത്തി മേല്‍വിലാസം
ടിഫ് ആറാം എഡിഷന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു മാധവ് രാമദാസിന്റെ ‘മേല്‍വിലാസം’ എന്ന സിനിമയുടെ സ്ക്രീനിംഗ്. മലയാളികള്‍ കാണാന്‍ മടിച്ചുനിന്ന ആ ചിത്രം ഇന്ത്യയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും തീയറ്ററുകളില്‍ നിന്നും ഹോള്‍ഡ് ഓവറായിക്കഴിഞ്ഞിരുന്നു.
ഡിവിഡി ഇനിയും ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ടി.ഡി.ദാസന്‍ വീട്ടിലിരുന്ന് കണ്ട പോലെ പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ക്ക് മേല്‍വിലാസം കാണാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങിനെയിരിക്കെയാണ് ടിഫില്‍ മേല്‍വിലാസം കാണിക്കുന്നുവെന്നറിഞ്ഞത്, മാധവ് രാമദാസിനോടും മേല്‍വിലാസത്തോടും കാണിച്ച അനാദരവിനും തമസ്ക്കരണത്തിനുമുളള പ്രായശ്ചിത്തമെന്ന പോലെ. കുടുംബസമേതം ചിത്രം കാണാനെത്തിയവരും ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം മേല്‍വിലാസം ടിഫില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന ദാരുണമായ അറിയിപ്പ് സംഘാടകരില്‍ നിന്നും വന്നു. ടിഫില്‍ മേല്‍വിലാസം കാണിക്കാനാകാതെ പോയതില്‍ വിഷമമുണ്ടെന്ന് മാധവ് രാമദാസ് പിന്നീട് പറയുകയും ചെയ്തു.
നല്ല സിനിമകള്‍ കാണിച്ച് ടിഫിന് തിരശ്ശീല വീണു
ലോകസിനിമകളുടെ ഉത്സവത്തിന് മികച്ച സിനിമകളുടെ പ്രദര്‍ശനത്തോടെയാണ് കൊടിയിറങ്ങിയത്. സോര്‍ബ എന്ന ഗ്രീക്കു മധ്യവയസ്കനും ബേസില്‍ എന്ന മിതഭാഷിയും തെളിഞ്ഞ ലക്ഷ്യബോധമില്ലാത്തവനുമായ ഇംഗ്ലീഷ് എഴുത്തുകാരനും തമ്മിലുള്ള കഥയാണ് ‘സോര്‍ബ ദ് ഗ്രീക്ക്’ എന്ന ചിത്രം. മിഹായേല്‍ കാകോയാനിസ് സംവിധാനം ചെയ്ത ഈ ചിത്രം കൈരളിയില്‍ ടിഫിന്റെ സമാപനദിവസം പ്രദര്‍ശിപ്പിച്ചു. ഡോക്ടര്‍ ദ്വാരക്നാഥ് കോട്നിസിന്റെ ഉദാത്തമായ ജീവിതത്തെക്കുറിച്ച് ഖാജാ അഹമ്മദ് അബ്ബാസ് എഴുതിയ ഒരാള്‍ മാത്രം തിരികെ വന്നില്ല എന്ന കഥ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് ‘ഡോക്ടര്‍ കോട്നിസ് കീ അമര്‍ കഹാനി’. ഡോക്ടര്‍ കോട്നിസ് ആയി ശാന്താറാം തന്നെ വേഷമിട്ടിരിക്കുന്നു. ഈ ചിത്രവും സമാപനനാളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
രണ്ടാം ലോകമഹായുദ്ധത്തില്‍ യെനാന്‍ മേഖലയില്‍ ജപ്പാന്‍കാര്‍ക്കെതിരെ പൊരുതുന്ന വിഭാഗത്തിന് വൈദ്യസഹായമെത്തിക്കാന്‍ ഡോക്ടര്‍ കോട്നിസ് ചൈനയിലേക്ക് അയക്കപ്പെടുന്നതാണ് ഇതിവൃത്തം.
മധ്യേഷ്യയും ചൈനയും ഉള്‍പ്പെടുന്ന മംഗോള്‍ സാമ്രാജ്യസ്ഥാപകനായ ജെങ്കിസ് ഖാനെ അധികരിച്ചുള്ള ഒരു യഥാര്‍ത്ഥ കഥയാണ് ദ് റൈസ് ഓഫ് ജെങ്കിസ് ഖാന്‍. സെര്‍ജി ബോദ്‌റോവ് സംവിധാനം ചെയ്ത മംഗോള്‍ : ദ് റൈസ് ഓഫ് ജെങ്കിസ് ഖാന്‍ എന്ന ചിത്രം മേളയുടെ സമാപനചിത്രമായിരുന്നു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ ശ്രീ തീയറ്ററില്‍ സമാപനദിവസം രാവിലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനെ തകര്‍ക്കാന്‍ നാസികള്‍ തയ്യാറാക്കിയ രഹസ്യപദ്ധതിയായ ഓപ്പറേഷന്‍ ബേണ്‍ഹാര്‍ഡ് ഭാവനവല്‍ക്കരിച്ച് ചെയ്ത സിനിമയായ ‘കൗണ്ടര്‍ഫീറ്റേഴ്സ്’, സ്പെയ്ന്‍ ആഭ്യന്തരയുദ്ധകാലത്ത്, നാട്ടിന്‍പുറത്ത് ഊരുചുറ്റുന്ന പ്രണയഗായകരായ ദമ്പതിമാരായ പൗളിനോ, കാര്‍മെല എന്നിവരുടെ കഥ പറയുന്ന ‘ഏയ് കര്‍മേല’, തുടങ്ങിയ സിനിമകളും സമാപനദിവസം പ്രദര്‍ശിപ്പിച്ചു.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: