സദാചാരം ജീവിതത്തില്‍ പുലര്‍ത്തുന്നുണ്ടോ എന്നു നോക്കാന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആചാരങ്ങള്‍ തലമുറകളുടെ ജീവിതരീതിക്കനുസരിച്ച് മാറിയും മറിഞ്ഞും പോവാറുണ്ട്. എന്നുവെച്ച് സമൂഹത്തിന്റെ കെട്ടുറപ്പിനെ ഛിന്നഭിന്നമാക്കുന്നതരത്തിലേക്ക് അത് താഴാറില്ല. അഥവാ താഴ്‌ന്നാല്‍ നിയമം കയ്യിലെടുക്കാന്‍ അവകാശമുള്ള വിദ്വാന്‍മാര്‍ ഇടപെടുകയും വേണ്ട ചില ചൊട്ടുവിദ്യകള്‍ പ്രയോഗിക്കുകയും ചെയ്യും. ചില അസുഖങ്ങള്‍ക്ക് ചെറിയ മാത്രയില്‍ മരുന്നു നല്‍കിയാല്‍ മതിയാകും. കൂടിയ ഇനമാണെങ്കില്‍ മാത്രയും കൂടും. എന്നാലും അതിന് ചില ചിട്ടവട്ടങ്ങളുണ്ട്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ തെന്നിത്തെറിച്ച് വീഴുമ്പോള്‍ അപകടകരമായിരിക്കും കാര്യങ്ങള്‍.
സദാചാരത്തിന് ഭാഷ്യം ചമയ്‌ക്കാന്‍ ചിലപ്പോള്‍ മതസംഘടനകളും തീവ്രസ്വഭാവമുള്ളവരും ഇറങ്ങിപുറപ്പെടാറുണ്ട്. അടുത്തിടെ കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത് ഒരു യുവാവിനെ ചിലര്‍ തല്ലിക്കൊന്നത് ഇങ്ങനെ ഭാഷ്യം ചമച്ചതിന്റെ ഫലമായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ കട്ടായം പറഞ്ഞത്. സംഭവങ്ങള്‍ക്ക് ഒരു തീവ്രവാദ ലേബല്‍ കൊടുത്താല്‍ പിന്നെയൊക്കെ എളുപ്പമാണ്. എന്തും ചെയ്യാം എന്ന ധാര്‍ഷ്ട്യം അപ്പോള്‍ വിഐപി പരിവേഷത്തോടെ രംഗത്ത് കാഹളം മുഴക്കി ഉറഞ്ഞാടും. ചില മാധ്യമതാപ്പാനകള്‍ ഇത്തരം പ്രവണതകള്‍ക്ക് ഉപ്പും ചോറും കൊടുത്ത് കൊഴുപ്പിക്കും. വാസ്തവത്തില്‍ മുക്കത്ത് സംഭവിച്ചതും ഇതത്രേ.
സദാചാരക്കാരുടെ മാധ്യമഭീകരത എന്ന പേരില്‍ എ. സജീവന്‍ രചിച്ച കൃതി (കലാകൗമുദി നവം.27) മേപ്പടി സംഭവത്തിലെ തീവ്രവാദപ്പുതപ്പ് കീറിയെറിയുന്നു. നാട്ടുമ്പുറത്ത് സ്വതേ ഉണ്ടാകാറുള്ള കൊതിക്കെറുവും അത്യാവശ്യം പകയും ചേര്‍ന്ന് ഉരുവംകൊണ്ട ക്രൂരതയാണ് മുക്കത്ത് നടന്നതെന്ന് കാര്യകാരണ സഹിതം സജീവന്‍ വിവരിക്കുന്നു. തീവ്രവാദ ഭീകരതകള്‍ അടുത്തുനിന്ന് കാണുകയും അത്തരം മേഖലകളില്‍ സമാധാനത്തിന്റെ വെള്ളപ്രാവുകള്‍ക്കൊപ്പം പോകാന്‍ സന്നദ്ധനാവുകയും ചെയ്ത നിഷ്പ്പക്ഷ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കു സജീവന്റെ അഭിപ്രായങ്ങള്‍ വിലയുറ്റതാണ്. ഒരു പത്രപ്രവര്‍ത്തകന്‍ കാണേണ്ടതും വിലയിരുത്തേണ്ടതും വസ്തുതകളുടെ ഉള്ളുറപ്പാണെന്ന് വിശ്വസിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് സജീവന്‍. ഇനി സജീവന്‍ അന്നാട്ടുകാരെ കണ്ട് തയാറാക്കിയ റിപ്പോര്‍ട്ടിലെ ഒരു ഭാഗത്തേക്ക്:
പ്രായമായ ഒരാളൊഴികെ ആണുങ്ങളാരുമില്ലാത്ത വീട്ടില്‍ ഷഹീദ്ബാവ പോകുന്നതും ആ വീട്ടുകാരുമായി സംസാരിക്കുന്നതും അടുപ്പത്തില്‍ കഴിയുന്നതും സ്ഥലത്തെ ചില ചെറുപ്പക്കാര്‍ക്ക് രസിച്ചില്ല. അതിനുകാരണം കൊതിക്കെറുവാണെന്നാണ് നാട്ടിലെ ചിലര്‍ വിശ്വസിക്കുന്നത്. അതല്ല ചുള്ളിക്കാപറമ്പിലെ ഗള്‍ഫുകാരന്‍ ചെക്കന്‍ നമ്മളെ നാട്ടില്‍ കാറും ബൈക്കുമായി വന്ന് വിലസുന്നതിലുള്ള കണ്ണുകടിയാണെന്ന് മറ്റുചിലര്‍ പറയുന്നു. അങ്ങനെ കണ്ണുകടി മാധ്യമക്കാരുടെ ദൃഷ്ടിയില്‍ തീവ്രവാദമാകുന്നു. ആ തീവ്രവാദം കുരുമുളകും ഉപ്പും ചേര്‍ത്ത് സ്വയമ്പനായി തയാറാക്കുന്നു. അത് വിളമ്പാന്‍ കേമന്‍മാരും. പോരേ, പൂരം. ഒരു തീവ്രവാദം കൊണ്ട് എന്തെന്തൊക്കെ ലാഭങ്ങളാണ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലഭിക്കുന്നത് ! യഥാര്‍ഥ തീവ്രവാദികള്‍ ഇതു കണ്ട് കുടുകുടെ ചിരിക്കുന്നുണ്ടാവും.
എന്നാല്‍ ഒ.കെ.ജോണി എന്ന മഹിതാശയന്‍ സജീവന്റെ ഗണത്തില്‍പെട്ടവരുടെ രീതിയിലല്ല കാര്യങ്ങള്‍ നിര്‍ധാരണം ചെയ്യുന്നത്. ഉന്മാദികളുടെ സദാചാരം നാട്ടാചാരമാകുമ്പോള്‍ (സമകാലിക മലയാളം നവം.25) എന്ന ലേഖനത്തില്‍ അദ്ദേഹം തീവ്രവാദ വൈറസിനെ തന്നെയാണ് തെരഞ്ഞുപോകുന്നത്. എളുപ്പപ്പണിയുടെ മനശ്ശാസ്ത്രം എന്താണെന്ന് പറയാതെ തന്നെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. മുക്കം സംഭവത്തെ കേരളത്തില്‍ പലയിടത്തായി നടന്ന സംഭവങ്ങളിലേക്ക് സന്നിവേശിപ്പിച്ച് വികാരം ശമിപ്പിക്കുകയാണ് ജോണി. സജീവന്റെ ജോലി സജീവനേ ചെയ്യാനാവൂ. ജോണിയുടേത് ഏത് പാച്ചുവിനും കോവാലനും ചെയ്യാം.
അച്ചടി- ദൃശ്യമാധ്യമങ്ങള്‍ ജനങ്ങളുടെ ഹൃദയസ്പന്ദനമാകുന്നതിനു പകരം, ഈ വിധം കുടുസ്സായ താല്‍പര്യങ്ങളുടെ വിളനിലമാകുമ്പോള്‍ അവ സമൂഹത്തിന്റെ രക്ഷകരാകുകയെന്ന കര്‍മ്മമാണ് കൈയൊഴിയുന്നത്. നിയന്ത്രണങ്ങള്‍ വഴി അത്തരം വ്യതിയാനങ്ങളെയും വീഴ്ചകളെയും കൈകാര്യം ചെയ്യാനാകുമെന്ന് തോന്നുന്നില്ല എന്നാണ് മലയാളം വാരികയുടെ പത്രാധിപര്‍ നിയന്ത്രണം ആരുടെ ? എന്ന മുഖപ്രസംഗത്തില്‍ പറയുന്നത്. ശരിയാണ്, സമൂഹത്തിനുവേണ്ടത് കൊടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന തരത്തിലേക്ക് കുതിച്ചുപായുകയാണ് ദൃശ്യന്മാര്‍. ഈയടുത്ത് വിരിഞ്ഞുവികസിച്ച മഴവില്ല് തന്നെയെടുക്കുക. എല്ലാ ദൃശ്യന്മാരുടെയും അടുക്കളയില്‍ കയറി ഓരോന്ന് എടുത്തുകൊണ്ടുവന്നാണല്ലോ അവര്‍ തകര്‍ക്കുന്നത്. നടക്കട്ടെ, പ്രശ്നമില്ല. എന്നാല്‍ വെണ്ണപ്പാളികള്‍ക്ക് മാത്രമാണ് തങ്ങളുടെ പരിപാടിയെന്ന ധാര്‍ഷ്ട്യം ഒഴിവാക്കേണ്ടതല്ലേ ? ഏഴൈ പാവങ്ങള്‍ക്കും എന്തെങ്കിലുമൊക്കെയൊന്ന് എറിഞ്ഞുകൊടുക്കണ്ടേ ? ഭാര്യാ ഭര്‍ത്താക്കന്മാരെ (വെണ്ണപ്പാളികള്‍ മാത്രം) വിളിച്ചുകൊണ്ടുവന്ന് കോപ്രായം കാണിച്ച്, കരയിച്ച് പണമുണ്ടാക്കുന്ന വിദ്യേ നിന്റെ പേരോ മഴവില്ല്.
കേരളീയ സമൂഹം ബോണ്‍സായ് വികസനത്തിന്റെ തലത്തിലേ എത്തിയിട്ടുള്ളു എന്നാണ് രാധാകൃഷ്ണന്‍ എം.ജി (മാധ്യമം ആഴ്‌ച്ചപ്പതിപ്പ് നവം 28) പറയുന്നത്. ബോണ്‍സായ് സമൂഹത്തിലെ സദാചാരം എന്ന മൂന്നുപേജ് കുറിപ്പിലൂടെ എ. സജീവന്‍ കണ്ട വഴിയുടെ മറ്റൊരു കാഴ്ചയാണ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചുതരുന്നത്. ഇതാ നാലുവരി, കണ്ടാലും: ഗോവിന്ദച്ചാമിയെ ആക്രമിക്കാനും അയാളുടെ വധശിക്ഷ ആഘോഷിക്കാനും മുതിര്‍ന്ന കേരളീയ സമൂഹത്തിന്റെ തന്നെ മറ്റൊരുവശമാണ് ഷഹീദിന്റെ കൊലപാതകമെന്നതായിരുന്നു ആ അമ്പരപ്പിക്കുന്ന താരതമ്യം. നിരപരാധിയായ സൗമ്യ എന്ന പെണ്‍കുട്ടിയെ അതീവ നിഷ്ഠുരമായി ആക്രമിച്ചും ബലാത്സംഗം ചെയ്തും കൊലപ്പെടുത്തിയ ക്രിമിനലിനെതിരെയുള്ള സമൂഹരോഷവും ഉഭയസമ്മതത്തോടെയുള്ള പരസ്പര ബന്ധത്തെ അനാശാസ്യമായി വ്യാഖ്യാനിച്ച് അതിലുള്‍പ്പെട്ട ഒരാളെ തല്ലിക്കൊന്നതും സമാനമോ ? ഈ ചോദ്യത്തിന് ബോണ്‍സായ് സമൂഹം കൊടുക്കുന്ന മറുപടി തീവ്രവാദത്തിന്റെ ചോരയിറ്റുവീഴുന്ന കഠാരമുനയാണോ ?
ആരുപറഞ്ഞു നമുക്കു ഗാന്ധിയന്‍ രീതി പറ്റില്ലെന്ന്. ചൊറുചൊറുക്കുള്ള വിദ്വാന്‍മാര്‍ക്ക്പോലും പറ്റാത്ത ആ ഗാന്ധിയന്‍ രീതി ഇതാ ഒരു വന്ദ്യവയോധികന്‍ സ്വീകരിച്ചിരിക്കുന്നു. പക്ഷേ, അത് ജയിലില്‍ വെച്ചാണെന്നതു മാത്രമാണ് ഒരു പോരായ്മ.
ടെലികോം അഴിമതിക്കേസില്‍ അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട 86 കാരനായ സുഖ്‌റാമിന് ഗാന്ധിജിയെപ്പറ്റി പൊടുന്നനെ ഓര്‍മവന്നു. അദ്ദേഹത്തിന്റെ രീതികള്‍ മനോമുകുരത്തില്‍ മഴവില്ലുകളായി. ആയതിനാല്‍ അദ്ദേഹം ജയിലില്‍ വിഐപി പദം അലങ്കരിക്കുന്നവര്‍ക്ക് സ്വതേ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നിരാകരിച്ചു. എന്തിനധികം ഗാന്ധിജിയുടെ ലളിത വസ്ത്രസംസ്കാരം പോലും അതേപടി സ്വീകരിച്ചു. ജയിലിലേക്കു വരുമ്പോള്‍ ധരിച്ച വസ്ത്രമല്ലാതെ മറ്റൊന്നും കൈവശം വെച്ചില്ല. കട്ടില്‍, കിടക്ക, ചൂടുവെള്ളം എന്നിവയ്‌ക്കും ഗുഡ്ബൈ. മരം കോച്ചുന്ന തണുപ്പില്‍ സിമന്റ് തറയില്‍ വെറുമൊരു പുതപ്പുവിരിച്ച് കിടന്നുറങ്ങി. ജീവന്‍ നിലനിര്‍ത്താന്‍ ഭിഷഗ്വരന്മാര്‍ എഴുതിനല്‍കിയ മരുന്നു മാത്രമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളു.
ജയിലില്‍ നിന്നും പുറത്തുവരുമ്പോള്‍ (അങ്ങനെ സംഭവിച്ചാല്‍. തീഹാര്‍ ജയിലാണല്ലോ) നമുക്കൊരു സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ച് വായിക്കാം. ഈ പ്രായത്തിലും ഗാന്ധിയന്‍ സംസ്കാരം ജീവിതത്തില്‍ പുലര്‍ത്താന്‍ ജയില്‍ വേണ്ടിവന്നില്ലേ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. സര്‍, ജയിലല്ലേ സംസ്കരിക്കപ്പെടാന്‍ ഏറ്റവും പറ്റിയ സ്ഥലം ? ആയതിനാല്‍ ജയിലിലേക്ക് പോകാന്‍ നേതാക്കന്‍മാര്‍ ഒട്ടും വൈകാതെ തയാറാവട്ടെ.
തൊട്ടുകൂട്ടാന്‍
പക്ഷേ, ആരുടെ മുന്നിലും തുറന്നില്ലെങ്കിലും
ആ രഹസ്യത്തിന്റെ ലാവാ പ്രവാഹത്താല്‍
എല്ലാരും ഒരുനാള്‍ ചകിതരാകും
എവിടെയും അദൃശ്യനായ അവന്‍
അശനിപാതമായ് ആഴ്‌ത്തുമ്പോള്‍
-മണമ്പൂര്‍ രാജന്‍ബാബു
കവിത: ഇവള്‍
മാധ്യമം ആഴ്ചപ്പതിപ്പ് (നവം.28)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: