ഏതാണ്ട് അരനൂറ്റാണ്ടിനുമുമ്പ് ഗുരുവായൂരില്‍ പ്രചാരകനായിരിക്കുന്ന കാലത്ത് അവിടെ ദര്‍ശനത്തിന് വന്ന ചില സ്വയംസേവകരുമായുള്ള സംഭാഷണത്തിനിടെയാണ് പയ്യന്നൂര്‍ പവിത്രമോതിരത്തെപ്പറ്റി കേള്‍ക്കുന്നത്. പിതൃബലി ചെയ്യുമ്പോള്‍, കൈയില്‍ പവിത്രമണിയുന്നത് നേരത്തെ തന്നെ കണ്ടിട്ടുണ്ട്. ദര്‍ഭകൊണ്ട് ഒരു പ്രത്യേകതരത്തില്‍ കുരുക്കുണ്ടാക്കി മോതിരവിരലിലണിഞ്ഞു വേണമല്ലൊ ആ കര്‍മങ്ങള്‍ ചെയ്യാന്‍. പവിത്രമായ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ധരിക്കുന്നതിനുള്ള ആ കെട്ടുണ്ടാക്കാന്‍ ഒരു സഹപാഠി പഠിപ്പിച്ചു തന്നു. വാഴയിലയുടെ ചെറിയ ചീന്ത് വാട്ടി ചുരുട്ടിയാണ് കെട്ടിട്ടു പഠിച്ചത്. അങ്ങനെയത് അലക്ഷ്യമായി ഇടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഉടന്‍ അഴിച്ച് വിടര്‍ത്തിയിടണമെന്നും ആ കുട്ടി പറഞ്ഞു.
അതേ കെട്ടുള്ള മോതിരമാണ് പവിത്രമോതിരമെന്നും സ്വര്‍ണത്തിലും വെള്ളിയിലും അതു നിര്‍മിക്കാമെന്നും പിന്നീട് മനസ്സിലായി. പക്ഷേ അത്തരമൊന്ന് നേരിട്ടു കാണാന്‍ അനേകവര്‍ഷങ്ങള്‍ വേണ്ടി വന്നു.
അങ്ങനെയിരിക്കെ പയ്യന്നൂര്‍ സുബ്രഹ്ണ്യക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ലേഖനം എവിടെയോ വായിച്ചു. അതില്‍ ക്ഷേത്രസങ്കേതത്തിലുള്ള ഒരു പെരുന്തട്ടാന്‍ കുടുംബത്തിനാണ് പവിത്രമോതിരം നിര്‍മിക്കാനുള്ള അധികാരമെന്നു വായിച്ചറിഞ്ഞു. നിര്‍ദ്ദിഷ്ടമായ വ്രതാനുഷ്ഠാനങ്ങളോടുകൂടി വേണം അത്യന്തം ക്ലേശകരമായ മോതിര നിര്‍മിതി.
മഹാക്ഷേത്രങ്ങള്‍ക്കുമുന്നില്‍ എന്ന നാലാങ്കല്‍ കൃഷ്ണപിള്ള സാറിന്റെ മഹത്ഗ്രന്ഥം അനേകം വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ചതില്‍ പവിത്രമോതിരത്തെ പരാമര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. “പയ്യന്നൂര്‍ പവിത്രമോതിരത്തെക്കുറിച്ച് പഴയ ആളുകള്‍ പലതും കേട്ടിരിക്കും. കായംകുളം മെത്തപ്പായ, കാട്ടുവള്ളി പേനക്കത്തി, ആറന്മുള കണ്ണാടി എന്നിവയെപ്പോലെ പ്രസിദ്ധമാണ് അത്. ബലിയിടുമ്പോള്‍ ഉപയോഗിക്കാറുള്ള പവിത്രത്തിന്റെ ആകൃതിയില്‍ സ്വര്‍ണത്താല്‍ നിര്‍മിക്കപ്പെട്ട പവിത്രമോതിരം വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മാനവിക്രമന്‍ ഏട്ടന്‍ രാജാ(സാമൂതിരി സമ്മാനിച്ച പവിത്രമോതിരം കൊട്ടാരത്തില്‍ ശങ്കുണ്ണി എന്നെ കാണിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ചെന്നപ്പോള്‍ ഒരു പവിത്രമോതിരം വാങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുകയുണ്ടായി. പക്ഷേ തിരക്കിയപ്പോഴല്ലേ അതു കിട്ടാനുള്ള വിഷമം അറിയുക. പയ്യന്നൂരുള്ള സ്വര്‍ണ്ണപ്പണിക്കാരുടെ ചില കുടുംബക്കാര്‍ക്കു മാത്രമേ ഇതുണ്ടാക്കാന്‍ അറിയുള്ളൂ. സ്വര്‍ണ്ണം ഉരുക്കുന്നതിനും മോതിരം ഉണ്ടാക്കുന്നതിനും പക്കവും നാളും മുഹൂര്‍ത്തവും ഒക്കെയുണ്ട്. റെഡിമെയ്ഡ് കിട്ടുകയില്ല. ഇന്ന് ഇത്തരം മോതിരത്തിന് ആവശ്യക്കാരും അധികമില്ല. അതിനാല്‍ എന്നില്‍ കിളുര്‍ത്ത ആഗ്രഹം അങ്ങനെതന്നെ ഉപേക്ഷിക്കേണ്ടിവന്നു”, നാലാങ്കല്‍ എഴുതി.
പവിത്രമോതിരത്തിന്റെ ഉല്‍പ്പത്തിയെപ്പറ്റി ഇനിയും ഐതിഹ്യങ്ങളുണ്ട്. പയ്യന്നൂരില്‍ പട്ടോലയില്‍ പരാമര്‍ശിക്കുന്നതനുസരിച്ച് “964 മീനം 27 ന് ടിപ്പുവിന്റെ ആള്‍ക്കാര്‍ പൊന്‍താഴികയും ചെമ്പും പറിച്ചെടുത്തു. 967 ല്‍ താഴെക്കാട്ടുമനയിലെ തിരുമുമ്പ് വെണ്ണീറും കരിയും വാരിക്കളയിച്ച് ഒരു നിലയായി ശ്രീകോവിലും മണ്ഡപവും വാതില്‍മാടവും ചുറ്റമ്പലങ്ങളും നടപ്പുരകളും ഓലപ്പുരയായി കെട്ടിച്ചു. തകര്‍ത്ത ബിംബത്തിന്റെ ഖണ്ഡങ്ങള്‍ ബന്ധം ചെയ്തു നിര്‍ത്തി പൂജ തുടങ്ങി. താഴെക്കാട്ടുമനയിലെ ഒരന്തര്‍ജനത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിര്‍മാണം 988ല്‍ ആരംഭിച്ചു. 1013 ല്‍ ഇന്നു കാണുന്ന വിഗ്രഹം പ്രതിഷ്ഠിച്ചു. ഈ പുനഃപ്രതിഷ്ഠാ സമയത്തു തന്ത്രങ്ങള്‍ അനുഷ്ഠിക്കാന്‍ അവകാശപ്പെട്ട തരണനെല്ലൂര്‍ ഇല്ലത്ത് പ്രായപൂര്‍ത്തിയായ ആരുമുണ്ടായിരുന്നില്ല.
തരണനെല്ലൂരില്‍നിന്നെന്ന് പറഞ്ഞ് അതിതേജസ്വിയായി ഒരുണ്ണി മയിലിന്‍ പുറത്തേറി പറന്നെത്തി പരിചയസമ്പന്നനെപ്പോലെ തന്ത്രവിധിപ്രകാരമുള്ള കര്‍മാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിഷ്ഠ നിര്‍വഹിച്ചുവെന്നും അവിടുത്തെ തട്ടാന് നിര്‍ദ്ദേശം നല്‍കി പവിത്രക്കെട്ടുള്ള മോതിരം ഉണ്ടാക്കിച്ചുവെന്നും ഐതിഹ്യം. മന്ത്രതന്ത്ര വിധിയനുസരിച്ച് മോതിരം നിര്‍മിക്കാനുള്ള അവകാശവും പെരുന്തട്ടാന്‍ സ്ഥാനവും ആ കുടുംബത്തിന് നല്‍കപ്പെട്ടു.
ക്ഷേത്രത്തിലെ ഓരോ പൂജാവേളയിലും പൂജാരി അണിയേണ്ട പവിത്രം നിര്‍മിക്കാനുള്ള ദര്‍ഭ കിട്ടാന്‍ പ്രയാസമാകയാലാണ് സ്വര്‍ണ്ണപ്പവിത്രം നിര്‍മിക്കാനിടയായതെന്നും പറയപ്പെടുന്നു.
പ്രചാരകനെന്ന നിലയില്‍ പയ്യന്നൂരില്‍ പോകാനവസരമുണ്ടായപ്പോള്‍ താഴക്കാട്ടുമനയിലെ പ്രസിദ്ധ കവിയും ആചാര്യനുമായ സുബ്രഹ്മണ്യന്‍ തിരുമുമ്പുമായി അടുത്തിടപഴകാന്‍ അവസരം സിദ്ധിച്ചു. അദ്ദേഹത്തിന്റെ കയ്യിലാണ് മോതിരം ആദ്യം കണ്ടത്. പിന്നീട് ശ്രീലക്ഷ്മി ജൂവലറിയിലെ ബാലകൃഷ്ണനെ പരിചയപ്പെട്ടു. ശാഖയില്‍ വെച്ചും പിന്നീട് ജനസംഘപ്രവര്‍ത്തകനെന്ന നിലയ്‌ക്കും അദ്ദേഹവുമായി വളരെ അടുത്തു പെരുമാറാന്‍ അവസരമുണ്ടായി. അപ്പോഴാണ് അവരുടേതാണ് പെരുന്തട്ടാന്‍ കുടുംബമെന്നറിഞ്ഞത്.
ജനതാ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും വലിയ ആവേശവും ഉത്സാഹവുമായി. വിദേശ വകുപ്പ് കൈകാര്യം ചെയ്ത അടല്‍ബിഹാരി വാജ്പേയിയായിരുന്നു ആ സര്‍ക്കാരിലെ പേര്‍ഫോര്‍മര്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല. ദ്വയാംഗ പ്രശ്നത്തെച്ചൊല്ലി ജനതാ പാര്‍ട്ടിയിലെ കുലംകുത്തികള്‍ മുന്‍ജനസംഘക്കാരെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടി രൂപീകൃതമായി. അതിന്റെ അധ്യക്ഷന്‍ അടല്‍ജി കുമ്പള മുതല്‍ തിരുവനന്തപുരംവരെ ജൈത്രയാത്രപോലത്തെ പുരു പര്യടനം നടത്തി. പയ്യന്നൂരിലെ സുപ്രസിദ്ധമായ ഗാന്ധി മൈതാനത്തായിരുന്നു സ്വീകരണം. അവിടെവെച്ച് ബാലകൃഷ്ണന്‍ അദ്ദേഹത്തിനെ പവിത്രമോതിരം അണിയിച്ച് ആദരിച്ചു. എന്താണ് പവിത്രമോതിരമെന്ന് കെ.ജി.മാരാര്‍ ഒരു ചെറു വിശദീകരണവും നല്‍കി. നാലാങ്കല്‍ സാര്‍ അഭിപ്രായപ്പെട്ടതുപോലെ ആവശ്യക്കാരില്ലെന്ന അവസ്ഥ അതോടെ ക്രമേണ മാറിത്തുടങ്ങി. ജാതി, മത, തൊഴില്‍, രാഷ്‌ട്രീയരംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ അതിന് ആവശ്യക്കാരായി.
പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്, എല്‍.കെ.അദ്വാനി, രാജേട്ടന്‍, പരമേശ്വര്‍ജി, മാതാ അമൃതാനന്ദമയീ ദേവി, മഹാകവി അക്കിത്തം തുടങ്ങി അനേകംപേരെ ബാലകൃഷ്ണന്‍ പവിത്രമോതിരം അണിയിച്ചാദരിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്തും അതിനു മുമ്പുമായിരുന്നു എനിക്ക് പയ്യന്നൂരില്‍ പോകാന്‍ ധാരാളം അവസരങ്ങളുണ്ടായത്. പയ്യന്നൂരിന്റെ ഉജ്ജ്വലമായ പാരമ്പര്യം ആ പട്ടണത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവപ്പെടുമായിരുന്നു. പഴയകാലത്തെ മലയാള ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഏറ്റവും വടക്കുള്ളത് പയ്യന്നൂരായിരുന്നു. തെക്കന്‍ കേരളത്തിലെ മിക്ക ബ്രാഹ്മണ കുടുംബങ്ങളുടേയും മൂല സ്ഥാനം പയ്യന്നൂരില്‍ തന്നെയായിരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും അവര്‍ പയ്യന്നൂരിലും ചുറ്റുപാടുമുള്ള തങ്ങളുടെ മൂലസ്ഥാനങ്ങളില്‍ വന്ന് ക്ഷേത്രദര്‍ശനവും മറ്റും നടത്തി വന്നു. പയ്യന്നൂരിന് പടിഞ്ഞാറുള്ള രാമന്തളിയും ഏഴിമലയുമൊക്കെ സഹസ്രാബ്ദങ്ങളുടെ ചരിത്രത്തിന് സാക്ഷ്യം വഹിച്ച സ്ഥലങ്ങളാണ്. ഏഴിമലയിലായിരുന്നു ചരിത്രപ്രസിദ്ധമായ മൂഷികവംശ രാജ്യത്തിന്റെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്നു. നൂറിലേറെ തലമുറകളുടെ ചരിത്രം വിവരിക്കുന്ന മൂഷികവംശമെന്ന മഹാകാവ്യം, കല്‍ഹണന്റെ രാജതരംഗിണിയെന്ന കാശ്മീരരാജവംശാനുചരിതത്തെക്കാള്‍ ചരിത്രപ്രധാനമെന്ന് ചിറയ്‌ക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ മുസിരിസ് നാഗരികതയെ തേടി നടക്കുന്ന പട്ടണം ഗവേഷണത്തെപ്പോലൊരു സംരംഭത്തിന് തികച്ചും അര്‍ഹമായ സ്ഥലമാണ് പയ്യന്നൂരിന് ചുറ്റുമുള്ളത്. പയ്യന്നൂരിന്റെ ജ്യോതിഷപാരമ്പര്യം എടുത്തു പറയേണ്ടതാണല്ലോ. പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ട മഹാരാജാ രഞ്ജിത് സിംഹന്റെ സചിവ പ്രധാനനായി ലാഹോറിലെ നയതന്ത്ര വിദഗ്‌ദ്ധനെന്ന ഖ്യാതി നേടിയ പണ്ഡിത് ശങ്കരനാഥ്, പയ്യന്നൂര്‍കാരനായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം.
കഥകളിയെ ജനപ്രിയ കലയാക്കി വളര്‍ത്തിയ കലാമണ്ഡലം കൃഷ്ണന്‍നായരെയും കാനാകണ്ണന്‍ നായരെയും തുള്ളല്‍ പ്രസ്ഥാനത്തിന് നവജീവന്‍ നല്‍കിയ മലബാര്‍ രാമന്‍ നായരും പൂരക്കളി, മറുത്തു കളി തുടങ്ങിയ വിജ്ഞാന വിനോദ സമ്മിശ്രമായ കളികളുമൊക്കെ പുലരുന്നതും പയ്യന്നൂരില്‍ തന്നെ.
പാരമ്പര്യ പ്രശസ്തമായ പവിത്രമോതിരമണിയാന്‍ ഈ ലേഖകനും ഈയിടെ ഭാഗ്യമുണ്ടായി. ജനുവരി മാസത്തില്‍ കണ്ണൂര്‍ നടന്ന പ്രൗഢസംഗമത്തിലാണ് ബാലകൃഷ്ണന്‍ അതിന്റെ സൂചനതന്നത്. വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണദ്ദേഹത്തെ കാണുന്നത്. 2004 ല്‍ എറണാകുളം സ്റ്റേഡിയ പരിസരത്തു നടന്ന സ്വദേശി ശാസ്ത്രമേളയില്‍ ഒരു സ്റ്റാളുമായി ബാലകൃഷ്ണന്‍ വന്നപ്പോഴാണ് അദ്ദേഹത്തെ മുമ്പ് കണ്ടത്. അവിടെ മോതിരങ്ങളുടേയും രത്നക്കല്ലുകളുടേയും നാണയങ്ങളുടേയും പുരാതനശില്‍പ്പങ്ങളുടെയും ഒരു സ്റ്റാള്‍ അദ്ദേഹം നടത്തിയിരുന്നു. സ്റ്റാളുകള്‍ക്കുമുന്നിലൂടെ തിടുക്കത്തില്‍ നടക്കുകയായിരുന്ന എന്നെ അദ്ദേഹം വിളിച്ചുനിര്‍ത്തി .ആ ശേഖരത്തിന്റെ വൈവിധ്യവും വൈപുല്യവും അത്ഭുതകരമായിരുന്നു. പക്ഷേ അത് വേണ്ടത്ര ആകര്‍ഷകമായി പ്രദര്‍ശനത്തിലൊരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഒക്ടോബര്‍ 21 ന് കൂത്തു പറമ്പില്‍, ജനസംഘത്തിന്റെ അറുപതാം സ്ഥാപനദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ബാലകൃഷ്ണന്‍ പവിത്രമോതിരമണിയിച്ച് എന്നോടുള്ള സ്നേഹാദരങ്ങള്‍ അറിയിക്കുമെന്നറിഞ്ഞു. അദ്ദേഹവും ഇപ്പോള്‍ വാര്‍ധക്യലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയെന്നാണ് ആദ്യമായി തോന്നിയത്. നാല്‍പ്പതിലേറെ വര്‍ഷക്കാലത്തെ പരിചയത്തിന്റെ നിമിഷങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. നാലാങ്കല്‍ സാറിന് അന്വേഷിച്ചു നടന്നിട്ടും കിട്ടാന്‍ കഴിയാത്തത് ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യവും തോന്നി.
പി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: