മസില് പെരുപ്പിച്ച് കാട്ടി, പ്രത്യേക രീതിയില്‍ നടന്ന് ജനങ്ങളെ വിറപ്പിക്കാന്‍ പോന്ന തരത്തിലേക്ക് താമസംവിനാ കേരളപൊലീസ് ഉയരാന്‍ ഇടയുണ്ട്. പള്ള തൂങ്ങി, കവിള് ചീര്‍ത്ത്, നടക്കാന്‍പോലും പറ്റാത്തത്ര വൈഷമ്യത്തോടെയാണ് പൊലീസ് സേനയിലെ മിക്കവരും കഴിഞ്ഞുകൂടുന്നത്. ഇടയ്‌ക്ക് ചില രാധാകൃഷ്ണപിള്ളമാര്‍ മാത്രമേ തോക്കും ബോംബും ഗ്രനേഡും കൊണ്ട് കളിക്കുന്നുള്ളു. അതു തന്നെ ഇടതന്മാരുടെ മെയ്യിലേ അഭ്യാസമുള്ളു. വലതുഭാഗത്തേക്ക് നോക്കുന്നേയില്ല. ഇത്തരമൊരു അവസ്ഥാവിശേഷത്തിന്റെ നാട്ടുവഴിയിലൂടെ നടക്കുന്നതുകൊണ്ടാവാം നമ്മുടെ പൊലീസ് ഏമാന്‍ ചില പുതിയ കണ്ടുപിടിത്തങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നു.
പൊലീസുകാരുടെ കാര്യക്ഷമത സംസ്ഥാനത്ത് വളരെ കുറവാണത്രെ. ആറുമാസം കൂടുമ്പോഴോ അതില്‍ കൂടുതല്‍ സമയം എടുത്തോ മാത്രമേ ഇവിടെ ഒരോരുത്തരെ ഉരുട്ടിക്കൊല്ലുന്നുള്ളു. വാസ്തവത്തില്‍ തീരെ നിലവാരമില്ലാത്ത സേനയായതുകൊണ്ടാണിത്. ഇത് പോര. ഓരോ മാസത്തേക്കും ടാര്‍ജറ്റ് നിശ്ചയിക്കണം. അത് പരമാവധി തൊണ്ണൂറുശതമാനമെങ്കിലും ആക്കണം. ഇത് ചുമ്മാവായിട്ടലച്ചതുകൊണ്ടായില്ല നടപ്പിലാക്കണം. അതിന് വേണ്ടതെന്താണെന്ന് ജേക്കബ് പുന്നൂസാശാനറിയാം. അതദ്ദേഹം കേരളപോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രമേഹ ദിനാചരണത്തില്‍ വെട്ടിത്തുറന്ന് പറഞ്ഞുകഴിഞ്ഞു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓരോ ജിംനേഷ്യം തുടങ്ങുക. അങ്ങനെ ശാസ്ത്രീയമായി പൊലീസുകാര്‍ക്ക് ഉരുട്ടല്‍ പഠിക്കാം, തിരുമ്മല്‍ പഠിക്കാം. എല്ലാം ശാസ്ത്രീയമായി നടക്കുമ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രശ്നങ്ങളുണ്ടാവില്ല . ഇപ്പോള്‍ തേരാപാരാ തല്ലിക്കൊല്ലുകയല്ലേ. അതുകൊണ്ടാണ് അത്യാവശ്യം ചുണക്കുട്ടന്മാരായ പൊലീസുകാര്‍ കുറ്റക്കാരാവുന്നത്; അവരെ കേന്ദ്രത്തിന്റെ പൊലീസ് വിരട്ടുന്നത്. ഏതായാലും ഇമ്മാതിരിയൊരു പൊലീസ് മേധാവിയെ കിട്ടിയതില്‍ സേനമുഴുവന്‍ നന്ദിപറയേണ്ടത് ആരോടാണെന്ന് അന്വേഷിച്ച് കണ്ടുപിടിച്ചേ മതിയാവൂ. കാരണം കേരള പൊലീസില്‍ ക്രിയാത്മകമായി ചിന്തിച്ച് കാര്യങ്ങള്‍ പറയുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത ആപ്പീസറന്മാര്‍ വളരെ കുറച്ചേയുള്ളു.
പണ്ട് ഇടിയന്‍ രാമന്‍പിള്ള, മിന്നല്‍ പരമേശ്വരന്‍, തൊഴിയന്‍ രാഘവന്‍, കസേരസേവ്യര്‍ എന്നൊക്കെ പറയുന്ന ചില പൊലീസുകാരുണ്ടായിരുന്നു. പേരുകേള്‍ക്കുമ്പോഴേ ആളുകളുടെ പ്രാണന്‍ പോകുന്ന പ്രകൃതമായിരുന്നു അവരുടേത്. അതുകൊണ്ടുതന്നെ സാമൂഹിക ദ്രോഹികളും മറ്റും അടങ്ങിനിന്നിരുന്നു എന്നും പറയാറുണ്ട്. ഇപ്പോള്‍ അത്തരം ഇരട്ടപ്പേരുകാര്‍ ഇല്ല. അങ്ങനെയുള്ള സുവര്‍ണകാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള എളിയ ശ്രമം കൂടിയാണ് ജേക്കബ് ആശാന്റെ ജിംനേഷ്യം ഏര്‍പ്പാട്. ജനസംഖ്യ ഇങ്ങനെ വര്‍ധിച്ചുപോവുമ്പോള്‍ അതവസാനിപ്പിക്കാന്‍ ഇമ്മാതിരിയുള്ള ചില ശാസ്ത്രീയ സംഗതികള്‍ വേണ്ടിവരും. എന്തിലും മുമ്പന്തിയിലായ കേരളത്തില്‍ നിന്നുതന്നെ ഇതുപോലെയൊരു കാര്യം ഉയര്‍ന്നുവരുമ്പോള്‍ നമുക്കാഹ്ലാദിക്കാം. അടുത്ത റിപ്പബ്ലിക് ദിനത്തില്‍ രാഷ്‌ട്രപതിയുടെ പുരസ്കാരത്തിന് ജേക്കബ് ഇതിനകം അര്‍ഹനായിക്കഴിഞ്ഞു. അത് ഏറ്റുവാങ്ങുന്നത് മനസ്സില്‍ക്കണ്ട് നമുക്കു സന്തോഷിച്ചിരിക്കാം.
ചിലയിടങ്ങളിലൊക്കെ, പ്രത്യേകിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആത്മഹത്യാമുനമ്പുകള്‍ കാണാമത്രേ. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ ഒരു രാത്രികൊണ്ടോ ഒരാഴ്ചകൊണ്ടോ അനുഭവിച്ചശേഷം ജീവന്‍ വെടിയുന്നതിന് അത്തരം മുനമ്പുകള്‍ ചിലര്‍ തെരഞ്ഞെടുക്കാറുണ്ട്. ഒരുകണക്കിന് അനുഭവിച്ചുതീര്‍ത്ത സുഖാലസ്യങ്ങളുടെ ഓര്‍മകള്‍ ഒരിക്കലും നശിച്ചുപോകാതിരിക്കാനാവാം അത്തരക്കാര്‍ പ്രാണന്‍ വെടിയുന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കുമാത്രമേ ഓര്‍മകള്‍ ഉണ്ടായിക്കൂടു എന്നില്ലല്ലോ. എന്നാല്‍ ഇവിടെ മറ്റൊരു ആത്മഹത്യാമുനമ്പാണ് ഉള്ളതെന്ന് പറയുന്നു, സമകാലിക മലയാളം വാരിക. അവരുടെ നവം.18 ലക്കത്തിന്റെ കവര്‍ക്കഥയായാണ് വയനാട്ടിലെ കണ്ണീര്‍ ചിത്രത്തെ നല്‍കിയിരിക്കുന്നത്.
ഏത് ഭരണകൂടം അധികാരത്തില്‍ വന്നാലും വേദന തിന്നു തീര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ചില ജന്മങ്ങളുണ്ട്. വയനാട്ടില്‍ അവര്‍ ഏറെയാണ്. വയനാട് വീണ്ടും ആത്മഹത്യാമുനമ്പ് എന്ന ഫീച്ചര്‍ കണ്ണീരില്‍ കുതിര്‍ന്നതാണ്. സജിജെയിംസാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്. മണ്ണിന്റെ രുചിയും ഗന്ധവും പ്രാണന്‍ പോലെ കരുതിവരുന്ന കര്‍ഷകര്‍ ഒടുവില്‍ അതേ മണ്ണിലെ കൃഷിയുടെ പേരില്‍ ജീവന്‍വെടിയേണ്ടിവരുന്നതിലെ വൈചിത്ര്യമാണ് സജി നിര്‍ധാരണം ചെയ്യുന്നത്. ഭരണകൂടത്തിന്റെ ദയാദാക്ഷിണ്യങ്ങളേക്കാള്‍ മണ്ണിനെ സ്നേഹിക്കുന്നവരുടെ മുന്നേറ്റമാണ് വേണ്ടതെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്. രാഷ്‌ട്രീയ ഗോദയില്‍ മപ്പടിച്ചുനില്‍ക്കുന്ന കക്ഷികള്‍ ഇവരുടെ വേദന അറിയുമോ, ആവോ ?.
ശുംഭനും പുഴുവും ഒരേസംസ്കാരത്തിന്റെ രണ്ട് മുഖങ്ങളായിതോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെടുന്നു മലയാളം വാരികയുടെ മുഖപ്രസംഗം. കോടതിയുടെ പുഴു പ്രയോഗം എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ ജയരാജനെ കണക്കിന് ശകാരിക്കുന്നത് കോടതിയെ അങ്ങനെ പറഞ്ഞാല്‍ പണികിട്ടുമെന്ന് കരുതിത്തന്നെ. കോടതിക്കെതിരെയാണ് ചമ്മട്ടി പ്രയോഗമെങ്കിലും നല്ല മെയ്‌വഴക്കത്തോടെയാണ് പത്രാധിപന്‍ കാച്ചിയിരിക്കുന്നത്. തലമുറകള്‍ക്ക് മാതൃകയാകേണ്ടവര്‍ അക്കാര്യം മറന്നുപോകുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പറയുന്നു: മാതൃകാജീവിതം നയിച്ചവര്‍ തലമുറകളുടെ വിഗ്രഹരൂപങ്ങളായിമാറുന്നു. ചരിത്രത്തില്‍ അത്തരം വ്യക്തിത്വങ്ങള്‍ ആദര്‍ശത്തിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ട് അനശ്വരരായി നില്‍ക്കുന്നുണ്ട്. എന്നാല്‍ ജയരാജന്‍ അവരില്‍ ഒരാളാണെന്ന് അദ്ദേഹം പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. അംഗവിക്ഷേപങ്ങളില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പോലും നിറഞ്ഞുനില്‍ക്കുന്നത് നിരങ്കുശമായ ധാര്‍ഷ്ട്യമാണ്. ജയില്‍ ശിക്ഷയിലേക്ക് അദ്ദേഹത്തെ എത്തിച്ചതും, അദ്ദേഹത്തിന്റെ ധിക്കാരം തന്നെയാണ് എന്ന് മുന്‍കൂര്‍ ജാമ്യം തരപ്പെടുത്തിയിട്ടാണ് കോടതിയുടെ ‘വേം’ എന്ന പ്രയോഗത്തിനെതിരെ പത്രാധിപന്‍ കോടാലിയെടുക്കുന്നത്. പണി കിട്ടുമെന്ന് കണ്ടപ്പോള്‍ ഹൈക്കോടതിയുടെ മുമ്പില്‍ പ്രതിഷേധിച്ച വിദ്വാന്‍മാര്‍പോലും പൂച്ചകളായി. എന്നിട്ടാണൊരു പത്രാധിപന്‍.
പത്രാധിപരുടെ പ്രസക്തി പത്രാധിപക്കുറിപ്പില്‍ ഒതുങ്ങുന്നതാണോ ? അതല്ല ജനജീവിതത്തിന്റെ ഉള്ളറകളില്‍ അതിന് മാന്യമായ സ്ഥാനമുണ്ടോ ? തങ്ങളുടെ കേമത്തങ്ങളും കഴിവുകളും വിളിച്ചുപറയാനുള്ള ഒരുപാധി മാത്രമായി അവരുടെ എഴുത്തുകുത്തുകള്‍ മാറുന്നുണ്ടോ ? സ്വദേശാഭിമാനിരാമകൃഷ്ണപ്പിള്ള, കെ.സുകുമാരന്‍, കെ.പി.കേശവമേനോന്‍ തുടങ്ങി വി.എം.കൊറാത്തുവരെയുള്ള പത്രാധിപന്മാരുടെ പ്രസക്തി എന്തായിരുന്നു ? ചോദ്യം ചോദിച്ച് നിങ്ങളെ വീര്‍പ്പുമുട്ടിക്കയൊന്നുമല്ല.
എം.എസ്.മണിയെന്ന കൃതഹസ്തനായ പത്രാധിപരുടെ അറിയപ്പെടാത്തതും പെട്ടതുമായ കഴിവുകളിലേക്കും കാലത്തിനൊപ്പം അദ്ദേഹം നടന്നുനീങ്ങുമ്പോള്‍ ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും എസ്.ജയചന്ദ്രന്‍നായര്‍ അന്വേഷിക്കുകയാണ് അദ്ദേഹത്തോടൊപ്പം ദീര്‍ഘകാലം ചിലവഴിച്ച നാളുകളിലൂടെ.
എന്താണ് പത്രാധിപരുടെ പ്രസക്തി ? എന്ന് ചുവപ്പു പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളില്‍ കൊടുത്തുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് (നവം.20) അതിന് അവസരം നല്‍കുന്നു. ജനമനസ്സാക്ഷിക്കൊപ്പം നില്‍ക്കുന്ന ഒരു പത്രാധിപര്‍ക്ക് മലരുകള്‍ അപൂര്‍വമായേ കിട്ടൂ. കിട്ടുന്ന മുള്ളുകളെ പോലും മലരാക്കാനുള്ള അന്യാദൃശമായ കഴിവാണ് എം.എസ് മണിക്കുള്ളതെന്ന് എട്ടുപേജ് ലേഖനത്തില്‍ വിശകലനം ചെയ്യുന്നു.
സംഭവബഹുലമായിരുന്നു വിശ്രമം മറന്ന ദിവസങ്ങള്‍, പരീക്ഷണങ്ങള്‍, വെല്ലുവിളികള്‍, ഒപ്പം എതിര്‍പ്പുകള്‍, ഒരിക്കലും തളരാത്ത നിശ്ചയദാര്‍ഢ്യം. പത്രപ്രവര്‍ത്തനം ജീവവായുവാക്കിയ എം.എസ്.മണിയുടെ വൈശ്രവണത്വം അനുഭവിച്ചവര്‍ അനവധിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത യാതൊരു അവകാശവാദവുമില്ലെന്നതാണ്. അവകാശവാദങ്ങളുടെയും കേമത്തത്തിന്റെയും മഹാഭാരതം രചിക്കുന്ന പത്രാധിപന്മാരുടെ സംഘാതം ഇടയ്‌ക്കൊക്കെ ഈ പത്രാധിപരെ ഓര്‍ക്കുന്നത് വായനക്കാര്‍ക്ക് ഗുണം ചെയ്യും. വലിയ മനസ്സിന്റെ ഉടമകളായിരുന്ന പഴയപത്രാധിപന്‍മാരുടെ തലമുറയിലെ എം.എസ്.മണിയെ ഇത്തിരിയെങ്കിലും അടുത്തറിയുമ്പോള്‍ നമുക്കിടയിലെ കുടുസ്സുമനസ്കരായ പത്രാധിപന്മാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തെളിമയോടെ വ്യക്തമാവും.
സ്റ്റുഡന്‍സ് വോയ്സ് എന്നും പ്രതീക്ഷതരുന്ന ശബ്ദം തന്നെ. അത് അക്ഷരാര്‍ഥത്തില്‍ വരച്ചുകാണിച്ചുതരുന്നു അതേ പേരില്‍ മഞ്ചേരിയില്‍നിന്ന് പുറത്തിറങ്ങുന്ന മാസിക. വിദ്യാഭ്യാസ സാഹിത്യസാംസ്കാരിക മാസികയെന്ന അവരുടെ തുറന്നുപറച്ചിലിനോട് തികച്ചും നീതിപുലര്‍ത്തുന്നു ഉള്ളടക്കം. കനപ്പെട്ട എഴുത്തുകാര്‍ക്കൊപ്പം കരുത്തുറ്റ ഇളമുറക്കാരും അണിനിരക്കുന്നു. ജാന്‍സി സെബാസ്റ്റ്യന്‍ എഡിറ്ററും സെബാസ്റ്റ്യന്‍ വലിയകാല ചീഫ് എഡിറ്ററുമായ മാസിക ഇരിപ്പുറപ്പിച്ച മാസികകളുടെ അധിപന്‍മാര്‍ കാണുന്നത് എന്തുകൊണ്ടും നന്നായിരിക്കും.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: