വന്നു, കണ്ടു, കീഴടക്കി ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതാണ് എസ്.പെരുമാള്‍ പിള്ളയുടെയും പിന്‍തലമുറക്കാരുടെയും ജീവിതം. നാഗര്‍കോവിലില്‍ നിന്നും തലസ്ഥാന നഗരിയിലെത്തി വിശ്വാസ്യതയുടെയും ഉദാരതയുടെയും അനുസ്യൂതകര്‍മത്തിന്റെയും ആള്‍രൂപങ്ങളായി മാറിയ കുടുംബം. നാലുതലമുറകളായി ആ കുടുംബത്തിന്റെ കയ്യൊപ്പുകള്‍ തലസ്ഥാനനഗരിയില്‍ പതിയുന്നു. അനന്തപുരിയിലെ പ്രൗഢഗംഭീരമായ ആയിരത്തില്‍പ്പരം അംബരചുംബികള്‍ക്ക് പിന്നില്‍ പിആര്‍എസ് എന്ന മൂന്നക്ഷരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. നിര്‍മ്മാണ മേഖലയില്‍ 75 വര്‍ഷം പിന്നിടുമ്പോള്‍ ആതുര സേവന രംഗത്ത് രജതജൂബിലിയിലേക്ക് കടന്നുകൊണ്ട് പിആര്‍എസിന്റെ സ്വപ്നസാമ്രാജ്യം വിപുലമാവുകയാണ്.
സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലഘട്ടം നാഞ്ചിനാട് അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. നാഗര്‍കോവിലിലെ ഭീമാനഗരിയെന്ന ഗ്രാമത്തിലെ കരാറുകാരനായിരുന്നു എസ്.പെരുമാള്‍പിള്ള. നാഗര്‍കോവിലിലെയും തിരുവനന്തപുരത്തെയും കരാറുകള്‍ ചെറിയതോതില്‍ എടുത്ത് നടത്തിയിരുന്ന പെരുമാള്‍പിള്ളയ്‌ക്കും ഭാര്യ ആനന്ദത്തിനും മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമായിരുന്നു. മൂത്തമകന്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായപ്പോള്‍ രണ്ടാമത്തെ മകന്‍ പി.രത്നസ്വാമി പഠനത്തിലാണ് മികവ് പുലര്‍ത്തിയത്. മകന്റെ കഴിവ് തിരിച്ചറിഞ്ഞ പെരുമാള്‍ പിള്ള രത്നസ്വാമിയെ എന്‍ജിനീയറിംഗ് പഠനത്തിന് അയയ്‌ക്കാന്‍ തീരുമാനിച്ചു. പ്രീ-യൂണിവേഴ്സിറ്റി കഴിഞ്ഞ് മകന്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമാ പഠനത്തിനായി തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ചേര്‍ന്നപ്പോള്‍ പെരുമാള്‍ പിള്ളയും കുടുംബവും തിരുവനന്തപുരത്തേക്ക് ചേക്കേറി.
അക്കാലത്ത് സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിര്‍മാണം തിരുവിതാംകൂര്‍ രാജവംശത്തിന് കീഴിലായിരുന്നു. പെരുമാള്‍ പിള്ളയുടെ സത്യസന്ധതയും വിശ്വാസ്യതയും കേട്ടറിഞ്ഞ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് പേട്ട സേതുലക്ഷ്മിഭായി ഗേള്‍സ് സ്കൂളിന്റെ നിര്‍മാണം പെരുമാള്‍ പിള്ളയെ ഏല്‍പിച്ചു. പിന്നീടുള്ളത് ചരിത്രം. തലസ്ഥാനനഗരിയില്‍ അന്നുതൊട്ടിന്നുവരെയുള്ള പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്കുപിന്നില്‍ പിആര്‍എസ് ഗ്രൂപ്പിന്റെ കരസ്പര്‍ശമുണ്ടായി. പേട്ട സ്കൂളിന്റെ നിര്‍മ്മാണ കാലയളവില്‍ രത്നസ്വാമി പിതാവിനൊപ്പം കൈകോര്‍ത്തു. തലസ്ഥാനത്തിലെയും കേരളത്തിലെയും തന്നെ പ്രൗഢഗംഭീരങ്ങളായ കെട്ടിടങ്ങളുടെ ഉദയം അവിടെ നിന്നായിരുന്നു. 1939 ല്‍ പൂര്‍ത്തിയാക്കപ്പെട്ട സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലിഹാള്‍, സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്, എസ്ബിടി ഹെഡ് ഓഫീസ്, കോ-ബാങ്ക് ടവര്‍, ആര്‍സിസി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, വെള്ളയമ്പലം ആനിമേഷന്‍ സെന്റര്‍, കനറാ ബാങ്ക്, കുറവന്‍കോണം ചെഷയര്‍ ഹോം, വഴുതക്കാട്, മണക്കാട് ചിന്മയസ്കൂളുകള്‍, കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍, ഹോട്ടല്‍ ലൂസിയ, കാര്‍ത്തിക തിരുനാള്‍ തീയേറ്റര്‍, സംസ്ഥാന സഹകരണ ബാങ്ക് കെട്ടിടം, കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, കേസരി മെമ്മോറിയല്‍, പിഎഫ് ഓഫീസ്, എം.എന്‍.സ്മാരകം, പ്രിയദര്‍ശിനി ആഡിറ്റോറിയം, ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍, വാസുദേവ വിലാസം, രാജ്ഭവന്‍ എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് തുടങ്ങി ചരിത്രത്തിന്റെ ഭാഗമായ അനവധി സംരംഭങ്ങളാണ് പി.ആര്‍.എസ് പടുത്തുയര്‍ത്തിയത്. ഹൗസിംഗ് ബോര്‍ഡിനുവേണ്ടി 250 ഫ്ലാറ്റുകള്‍ പണിതുകൊണ്ട് ഫ്ലാറ്റ് സംസ്കാരത്തിന് തുടക്കമിട്ടതും പിആര്‍എസ് ഗ്രൂപ്പാണ്. പിന്നീട് ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.
രത്നസ്വാമിയുടെ മകന്‍ ആര്‍.മുരുകനായിരുന്നു ആ നിയോഗം. പിതാവിന്റെ വഴിയേ മകനും അതേ കോളേജില്‍നിന്നും സിവില്‍ എന്‍ജിനീയറിംഗ് പഠിച്ചിറങ്ങി. 1974 ല്‍ അച്ഛനോടൊപ്പം ബിസിനസ് രംഗത്തേക്കിറങ്ങി. പി.ആര്‍.എസിന്റെ സാമ്രാജ്യം വിപുലീകരിക്കപ്പെടുകയായിരുന്നു. കെട്ടിടനിര്‍മ്മാണ മേഖലയില്‍ റിസര്‍വ് ബാങ്ക് ക്വാര്‍ട്ടേഴ്സുകള്‍, ഇഎംഎസ് അക്കാദമി, എകെജി അപ്പാര്‍ട്ട്മെന്റുകള്‍, സംസ്കൃതി ഭവന്‍, ഭീമ, റെയ്മണ്ട് ഷോറൂം, പിആര്‍എസ് കോര്‍ട്ട്, തുടങ്ങി നൂറുകണക്കിന് സംരംഭങ്ങള്‍ കുറിക്കപ്പെട്ടു. 1986 ല്‍ 10 ഡോക്ടര്‍മാരും 40 ജീവനക്കാരുമായി മദര്‍ ആന്‍ഡ് ചെയില്‍ഡ് ഹോസ്പിറ്റലായി തുടങ്ങിയ കിള്ളിപ്പാലത്തെ പിആര്‍എസ് ആശുപത്രി ഇന്ന് 30 ഡിപ്പാര്‍ട്ടുമെന്റുകളുള്ള, 500 ല്‍പ്പരം ജീവനക്കാരുള്ള തലസ്ഥാനത്തെ പ്രമുഖ ആതുരാലയമായി മാറി രജതജൂബിലി ആഘോഷിക്കുന്നു. മുരുകന്റെ സഹോദരി ഡോ. ആനന്ദം ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും ഭര്‍ത്താവ് ഡോ. തിരുവാര്യര്‍ പാര്‍ട്ണറുമാണ്. എംടെക് ബിരുദധാരിയായ ഇളയമകന്‍ ശബരിദത്തന്‍ നിര്‍മ്മാണ മേഖലയില്‍ പിന്‍മുറക്കാരനായി മുരുകനോടൊപ്പമുണ്ട്.
മേരിമാതാ എന്‍ജിനീയറിംഗ് കോളേജ് ഏറ്റെടുത്തുകൊണ്ട് വിദ്യാഭ്യാസമേഖലയിലേക്ക് ചുവടുവച്ച പിആര്‍എസിന് കീഴില്‍ പിആര്‍എസ് നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂള്‍ എന്നിവയുമുണ്ട്. സഹോദരസ്ഥാപനമായി കല്യാണ്‍ ഡേ കീയര്‍ സ്കൂളും പ്രവര്‍ത്തിക്കുന്നു. സ്വാഗത് ഹോളിഡേയ്സ് ആന്റ് റിസോര്‍ട്ട്സ് എന്ന പേരില്‍ ഹോസ്പിറ്റാലിറ്റി രംഗത്തും പിആര്‍എസ് ചുവടുറപ്പിച്ചുകഴിഞ്ഞു. പിആര്‍എസ് ഗ്രൂപ്പിന്റെ വളര്‍ച്ചയെക്കുറിച്ച് ആര്‍.മുരുകന്‍ വ്യക്തമാക്കുന്നു.
പിആര്‍എസ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്‌ക്ക് പിന്നില്‍
മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള പരസ്പരവിശ്വാസം. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. അവരുടെ കൂടി സ്ഥാപനമാണെന്ന് ബോദ്ധ്യമുണ്ടാവണം. രജതജൂബിലി ആഘോഷിക്കുന്ന പിആര്‍എസ് ആശുപത്രിയിലെ 12 ഡോക്ടര്‍മാര്‍ 20 വര്‍ഷത്തിലേറെ ജോലി ചെയ്യുന്നവരാണ്. 15 വര്‍ഷങ്ങളായി ജോലിചെയ്യുന്ന 30 ഡോക്ടര്‍മാരുണ്ട്. 100 ല്‍പരം ജീവനക്കാരുടെ കുടുംബങ്ങള്‍ പിആര്‍എസിന്റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഉദാഹരണമായി അച്ഛന്റെ ഡ്രൈവറായിരുന്ന ഭാസ്കരപിള്ളയുടെ മകനും ഭാര്യയും പിആര്‍എസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മ്മാണ മേഖലയില്‍ സത്യസന്ധതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നുണ്ട്. ആശുപത്രിയിലെ ജീവനക്കാര്‍ക്കായി വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്.
കുടുംബാംഗങ്ങളുമൊത്ത് കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വേദിയൊരുക്കുന്നു. നേഴ്സിംഗ് സ്റ്റാഫുകളുടെ പിഞ്ചുകുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് അനന്തരവള്‍ ആരംഭിച്ചതാണ് കല്യാണ്‍ ഡേ കീയര്‍ സ്കൂള്‍. അമിതലാഭം നോക്കാതെ ഇടത്തരക്കാര്‍ക്ക് പ്രാപ്യമായ ഗുണനിലവാരമുള്ള ആശുപത്രിയായി പി.ആര്‍.എസിനെ നിലനിര്‍ത്തുന്നു. 80 കണ്‍സള്‍ട്ടന്റുമാരും 30 ജൂനിയര്‍ ഡോക്ടര്‍മാരുമടക്കം 500 ഓളം ജീവനക്കാര്‍ ആശുപത്രിയിലുണ്ട്.
മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍
അപ്പൂപ്പനും അച്ഛനും പകര്‍ന്നു തന്ന സംസ്കാരം തുടര്‍ന്നുപോകുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സാമൂഹ്യസാംസ്കാരിക സംഘടനകളുടെയും എല്ലാ നല്ല സംരംഭങ്ങളെയും എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ട്രിവാന്‍ഡ്രം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ലയണ്‍സ് ക്ലബ്, ശൈവപ്രകാശസഭ തുടങ്ങിയവയുടെ സാരഥ്യം ഏറ്റെടുത്ത് അച്ഛന്‍ പൊതുരംഗത്ത് സജീവമായിരുന്നു. ലയണ്‍സ് ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവര്‍ണറാകാന്‍ (2004-05) ലഭിച്ച അവസരം എനിക്ക് പൊതുരംഗത്ത് പലകാര്യങ്ങളും ചെയ്യാന്‍ സഹായകമായി. തിരുവല്ലത്ത് ലയണ്‍സ് ഭവന് കീഴിലുള്ള സിദ്ധ ക്ലിനിക്കിനാവശ്യമായ മരുന്നുകളില്‍ പകുതിയും പിആര്‍എസ് ആശുപത്രി സൗജന്യമായി നല്‍കുന്നുണ്ട്.
സില്‍വര്‍ ജൂബിലി പ്രമാണിച്ച് നിര്‍ദ്ധനരായ 250 പേര്‍ക്ക് ഹൃദയസംബന്ധമായ എല്ലാ ചികിത്സാ സൗകര്യങ്ങളും നല്‍കും. ഒരുവര്‍ഷം 25 പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കും. ആശുപത്രി സ്ഥിതി ചെയ്യുന്ന നെടുങ്കാട് വാര്‍ഡിലെ മുഴുവന്‍ വീടുകളിലും നേഴ്സിംഗ് സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ സര്‍വ്വേ നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. വാര്‍ഡിലെ നിര്‍ദ്ധനരായ മുഴുവന്‍ പേര്‍ക്കും സൗജന്യമായി ചികിത്സ നല്‍കുകയാണ് ലക്ഷ്യമിടുന്നത്. വരുന്ന വര്‍ഷം നഗരത്തിലെ പ്രധാന ആറ് കേന്ദ്രങ്ങളില്‍ മാരകരോഗങ്ങളെപ്പറ്റി സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാസം നാല്‍പതോളം ആന്‍ജിയോപ്ലാസ്റ്റികളും 10-ല്‍ പരം ബൈപാസ് സര്‍ജറികളും നടക്കുന്ന ആശുപത്രിയില്‍ വര്‍ഷങ്ങളായി അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സാ അനുകൂല്യങ്ങളും നല്‍കുന്നു. ആശുപത്രി നേരിട്ട് സൗജന്യമായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പതിനഞ്ചോളം എന്‍ഡോവ്മെന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിലൂടെ മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ലഭിക്കുന്നു. അച്ഛന്റെ സ്മരണയ്‌ക്കായി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ മികച്ച അവസാന വര്‍ഷ സിവില്‍ വിദ്യാര്‍ത്ഥിക്ക് പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യരംഗത്ത് സ്വകാര്യ ആശുപത്രികള്‍ ചൂഷണം നടത്തുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച്
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റലിന്റെ അംഗീകാരമുള്ള തലസ്ഥാനത്തെ ഏക ആശുപത്രി കിംസാണ്. ഈ അംഗീകാരത്തിനുള്ള മാനദണ്ഡം ഗുണമേന്മ നിലനിര്‍ത്തുകയെന്നതാണ്. എന്‍എബിഎച്ച്. അംഗീകാരം നേടുന്നതിനുള്ള ഒരുക്കങ്ങള്‍ പിആര്‍എസില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഗുണനിലവാരമനുസരിച്ച് ആശുപത്രികളെ തരംതിരിക്കുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നിയന്ത്രണങ്ങളും നല്ലതാണ്. ഗുണനിലവാരമുള്ള ചികിത്സാസൗകര്യം രോഗികള്‍ക്ക് ലഭ്യമാവണം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം അഞ്ചുകൊല്ലം കഴിയുമ്പോള്‍ 50 ശതമാനമായി മാറും. ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെ ഇത്തരം മാനദണ്ഡങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകും. രോഗികള്‍ ഇന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ചികിത്സയെക്കുറിച്ചും ചിലവിനെക്കുറിച്ചും ബോധവാന്മാരാണ്.
തലസ്ഥാനനഗരിയുടെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്.
ഒരുകാലത്ത് മനോഹരമായിരുന്ന നഗരം ഇന്ന് മാലിന്യക്കൂമ്പാരമായിമാറി. ഖരമാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശരിയായ പരിഹാരം കണ്ടെത്തണം. അഞ്ചുവര്‍ഷംകൊണ്ട് 42 കി.മീ. റോഡ് വികസിപ്പിച്ചിട്ടുണ്ട്. ഔട്ടര്‍ റിംഗ് റോഡുകള്‍ പൂര്‍ത്തീകരിക്കണം. ഫ്ലൈ ഓവറുകള്‍ യാഥാര്‍ത്ഥ്യമാവണം. തുറസായ സ്ഥലങ്ങളും പാര്‍ക്കുകളും വേണം. കുടിവെള്ളപ്രശ്നം പരിഹരിക്കണം. തിരുവനന്തപുരം-കളിയിക്കാവിള റോഡ് വികസനം യാഥാര്‍ത്ഥ്യമാകണം. ഇക്കാര്യങ്ങള്‍ നടപ്പിലാവണമെങ്കില്‍ രാഷ്‌ട്രീയ നേതാക്കള്‍ ഇച്ഛാശക്തിയോടെ പെരുമാറണം.
ഭാവിപദ്ധതികള്‍
ഇടത്തരക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന വിപുലമായ ഒരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമാണ് ലക്ഷ്യം. 250 ബെഡ്ഡുകളുള്ള ആശുപത്രി ഒരു വര്‍ഷത്തിനുള്ളില്‍ 350 ബെഡുകളുള്ള ആശുപത്രിയായി മാറും. ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി കേന്ദ്രീകരിച്ച് പിആര്‍എസ് ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കും. പുറത്തുള്ള മകള്‍ കൃഷ്ണക്കും മരുമകന്‍ ജോര്‍ജ്ജിനും താല്‍പര്യമാണെങ്കില്‍ ഐടി മേഖലയിലേക്കും ശ്രദ്ധപതിപ്പിക്കും.
കുടുംബം
ഭാര്യ പ്രേമ എന്‍ജിനീയറാണ്. മകള്‍ കൃഷ്ണയും മരുമകന്‍ ജോര്‍ജ്ജും ഐടി എന്‍ജിനീയര്‍മാരാണ്. മകന്‍ ശബരി ദത്തനും മരുമകള്‍ റീനുവും സിവില്‍ എന്‍ജിനീയര്‍മാരാണ്. മകന്‍ കണ്ണന്‍ മെഡിസിന് പഠിക്കുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: