ബിഷപ്പ് കുണ്ടുകുളം മരിച്ചതെങ്ങനെ? ലക്ഷങ്ങള്‍ വിലമതിക്കുന്ന അദ്ദേഹത്തിന്റെ സ്വര്‍ണ്ണക്കുരിശിന് എന്ത് സംഭവിച്ചു? ബിഷപ്പിന്റെ ദുരൂഹമരണത്തെക്കുറിച്ച് കത്തോലിക്കസഭ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ഞെട്ടിപ്പിക്കുന്ന സത്യങ്ങളുടെ കുടം തുറന്നിരിക്കുകയാണ്. ‘സഞ്ചരിക്കുന്ന വിശ്വാസി’യെന്ന ആത്മകഥയിലൂടെ ലോനപ്പന്‍ നമ്പാടന്‍.
1998 ഏപ്രില്‍ 26 ന് കെനിയയില്‍ വെച്ചായിരുന്നു ബിഷപ്പിന്റെ ദുരൂഹമരണം. എയ്ഡ്സ് രോഗികളെ ചികിത്സിക്കാന്‍ ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടിയായിരുന്നു ബിഷപ്പ് ഗള്‍ഫ് രാജ്യങ്ങളിലേയ്‌ക്ക് പോയത്. സഹായിയായി ഫാ:വര്‍ഗീസ് പാലത്തിങ്കലുമുണ്ടായിരുന്നു. ധാരാളം ആരാധകര്‍ ഉള്ളതിനാല്‍ ‘പാവങ്ങളുടെ പിതാവിന്’ ധാരാളം പണവും സ്വര്‍ണവും സംഭാവനയായി ലഭിച്ചു. പിന്നീട് അദ്ദേഹം കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേയ്‌ക്ക് വിമാനമാര്‍ഗ്ഗം പോകാന്‍ തീരുമാനിച്ചു. സ്വര്‍ണ്ണം കൊണ്ടുപോയാല്‍ കസ്റ്റംസ് പിടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണ്ണമെല്ലാം ഉരുക്കി സ്വര്‍ണ്ണക്കുരിശുംമാലയും ഉണ്ടാക്കി ധരിച്ചാണ് പോയത്. ബിഷപ്പുമാര്‍ സ്വര്‍ണ്ണക്കുരിശും മാലയും ഔദ്യോഗിക വേഷത്തില്‍ ഉപയോഗിക്കാറുണ്ടെങ്കിലും കുണ്ടുകുളം ബിഷപ്പ് ഉപയോഗിക്കാറുണ്ടായിരുന്നില്ല. സ്വര്‍ണ്ണം കടത്തുവാന്‍ വേണ്ടി മാത്രമാണ് ഈ തന്ത്രം ഉപയോഗിച്ചത്. വാമ്പയിലുള്ള നിര്‍മലദാസി കോണ്‍വെന്റിലേക്കാണ് ബിഷപ്പിന് പോകേണ്ടിയിരുന്നത്. നെയ്‌റോബിയില്‍നിന്നും 400 കിലോമീറ്ററോളം ദൂരമുണ്ട്. ആറ് മണിക്കൂര്‍ ഘോരവനത്തിലൂടെ യാത്ര ചെയ്താലേ വാമ്പയില്‍ എത്താന്‍ കഴിയുകയുള്ളൂ. കൊള്ളക്കാരുടെ വിഹാരകേന്ദ്രമായതിനാല്‍ നാട്ടുകാര്‍പോലും യാത്ര ചെയ്യാന്‍ ധൈര്യപ്പെടുകയില്ല. കൊള്ളയടിക്കുമെന്നതിനാല്‍ വാഹനങ്ങള്‍ കൂട്ടമായിട്ടേ ഇത് വഴി പോകാറുള്ളൂ. 81 വയസ്സ് പ്രായമുണ്ടായിരുന്ന ബിഷപ്പിന്റെ യാത്രയില്‍ വാഹനവ്യൂഹമുണ്ടായിരുന്നില്ല. വഴിമധ്യേ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ ബിഷപ്പ് മരിച്ചു.
കുണ്ടുകുളം എന്തിന് വേണ്ടിയായിരുന്നു വാമ്പയിലേക്ക് പോയത്? രണ്ട് കന്യാസ്ത്രീകളെ കാണാന്‍വേണ്ടി മാത്രം ഇത്രയും ആപത്കരമായ യാത്ര ആരെങ്കിലും നടത്തുമോ? അവിടെ പൊതുസമ്മേളനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കെനിയ ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യമാണ്. 20 ബിഷപ്പ്മാരും നാല് ആര്‍ച്ച് ബിഷപ്പുമാരും ഒരു കര്‍ദ്ദിനാളും നൂറ് കണക്കിന് വൈദികരുമുണ്ട്. സഭാധികാരികളെയൊന്നും അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് ബിഷപ്പ് കെനിയയില്‍ പോയത്. യാത്രാവിവരം എന്തുകൊണ്ട് അദ്ദേഹം കെനിയയിലെ സഭാധികാരികളെ അറിയിക്കാതിരുന്നു?
ഇന്ത്യയിലെ, കേരളത്തിലെ ആരാധ്യനായ ആര്‍ച്ച് ബിഷപ്പ് ഡോ.കുണ്ടുകുളത്തിന്റെ മൃതദേഹം ‘അനാഥ പ്രേതം’ കണക്കെ കെനിയയില്‍ കിടക്കേണ്ടിവന്നത് കേരള സഭയ്‌ക്ക് അപമാനമായിരുന്നു. ഇതിന്റെ ഉത്തരവാദികളാരാണെന്ന് നമ്പാടന്‍ മാഷ് ചോദിക്കുന്നു. തന്റെ ബന്ധുവായ ജോര്‍ജ് ജോസഫ് പുത്തന്‍പുരയ്‌ക്കലും ഭാര്യ ഡോ.ആനിയും നെയ്‌റോബിയില്‍ ആശുപത്രി നടത്തുന്നുണ്ട്. അവരുടെ സ്വാധീനം മൂലമാണ് സ്വര്‍ണ്ണക്കുരിശും മാലയും മൃതദേഹത്തോടൊപ്പം നാട്ടിലേയ്‌ക്ക് അയക്കുവാനായത്. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ സ്വര്‍ണ്ണവുമില്ല പണവുമില്ല. ഇതെങ്ങനെ നഷ്ടപ്പെട്ടു.
അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന ഡോ.തങ്കുഴിക്കും ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ്പ് ഡോ.ആന്‍ഡ്രൂസ് താഴത്തിനും എല്ലാ രഹസ്യങ്ങളും അറിയാം. അവര്‍ അത് മൂടിവെച്ചിരിക്കുകയാണ്. കുണ്ടുകുളം ബിഷപ്പിനെ അനുഗമിച്ചിരുന്ന സഹായിയായ ഫാ.വര്‍ഗീസ് പാലത്തിങ്കല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഒന്ന് ഫോണ്‍ ചെയ്യുകയോ കത്തയക്കുകയോ ചെയ്യാത്തതില്‍ ജോര്‍ജ്ജ് ജോസഫിനും ഡോ.ആനിയ്‌ക്കും വലിയ ദുഃഖമുണ്ടായിരുന്നു. ജോര്‍ജ്ജ് ജോസഫ് മൂന്നുവര്‍ഷം മുമ്പ് മരിച്ചു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അദ്ദേഹത്തിന് അറിയണമെന്നുണ്ടായിരുന്നു. ഡോ.ആനി നാട്ടിലെത്തിയപ്പോള്‍ രണ്ട് തവണ നമ്പാടന്‍ മാഷിനെ വന്ന് കണ്ട് സ്വര്‍ണ്ണ കുരിശിനും മാലയ്‌ക്കും എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണമാലയും കുരിശും കണ്ടവരില്‍ നാല് പേര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ. ഡോ.ആനിയും രണ്ട് കന്യാസ്ത്രീകളും പാലത്തിങ്കലച്ചനും. ബിഷപ്പിന്റെ ദുരൂഹമരണം സംബന്ധിച്ച് ആര്‍ച്ച് ബിഷപ്പുമാര്‍ ആരും പ്രതികരിക്കാത്തത് ‘കള്ളന്‍ കപ്പലില്‍തന്നെ’ എന്ന് വ്യക്തമാക്കുന്നു.
മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജേക്കബ് തങ്കുഴി കുര്‍ബാന മധ്യേ ആസിഡ് കുടിച്ച് അബോധാവസ്ഥയിലായത്, ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടെ കൊലപാതകം തുടങ്ങി കത്തോലിക്കാ സഭയിലെ ചുരുളഴിയാത്ത സംഭവങ്ങളുടെ നിര നീളുന്നു.
തിരുകുടുംബാംഗമായ മരിച്ചുപോയ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുവാന്‍ മന്ത്രിയായിരിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ തന്റെയടുത്തെത്തി ‘അത്ഭുതങ്ങളുടെ’ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ കഥയും നമ്പാടന്‍ മാഷ് നര്‍മരസത്തോടെ വിവരിക്കുന്നുണ്ട്. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റായതിനാല്‍ റോമില്‍ ഇതിന് വലിയ പ്രാധാന്യം ലഭിക്കുകയുണ്ടായി. കേരളത്തില്‍ മറ്റാരെക്കാളുംമുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണെന്ന് നമ്പാടന്‍ മാഷ് പറയുന്നു. സഭയുടെ കള്ളക്കളിയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
എംപിയായിരിക്കേ 2006 ല്‍ നമ്പാടന്‍ മാഷും കുടുംബവും ഗുജറാത്തിലെ ഒട്ടക മാതാവ് പള്ളിയില്‍ പോയതിന്റെ രസകരമായ വിവരണവുമുണ്ട്. ഈ പള്ളി പഴയ ക്ഷേത്ര മാതൃകയിലായിരുന്നു നിര്‍മിച്ചിരുന്നത്. മുന്‍വശത്ത് ഓംകാരവും കുരിശുമുണ്ട്. പള്ളിയുടെ അകത്ത് പ്രവേശിക്കുന്നതിനുമുമ്പ് മണിയടിക്കണം. ഹിന്ദുപൂജാരിമാര്‍ പൂജ ചെയ്യുന്നത് പോലെയാണ് കുര്‍ബാന. കാവി ധരിച്ച് താഴെയിരുന്നാണ് വൈദികന്‍ കര്‍മങ്ങള്‍ ചെയ്തിരുന്നത്. ഗുജറാത്ത് സ്ത്രീയെപ്പോലെ സാരിയുടുത്ത് ഒട്ടകത്തിന്റെ പുറത്തിരിക്കുന്ന ഒട്ടകമാതാവിന്റെ രൂപം. അവരുടെ മടിയില്‍ ബനിയന്‍ ധരിച്ചിരിക്കുന്ന യേശുവും. ലോകത്ത് ഇത് ഇവിടെ മാത്രമേയുള്ളൂവത്രെ.
കെ.കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭയ്‌ക്കുള്ള പിന്തുണ ഒറ്റയ്‌ക്ക് പിന്‍വലിച്ച് കേരള രാഷ്‌ട്രീയത്തില്‍ ചരിത്രം സൃഷ്ടിച്ച സംഭവം നമ്പാടന്‍ മാഷിന്റെ ജീവിതത്തിലെ വഴിത്തിരിവായി കാണുന്നു. മന്ത്രിസഭ മറിച്ചിടല്‍ വലിയ അപകടം പിടിച്ച പണിയാണെന്ന് അന്നറിയില്ലായിരുന്നുവെന്നും മാഷ് പറയുന്നു.
കെ.കരുണാകരന്‍ മന്ത്രിസഭയെ ഒറ്റയ്‌ക്ക് മറിച്ചിടുകയും തന്റെ നേതാവ് കെ.എം.മാണിയെ കൈവിടുകയും ചെയ്തുവെങ്കിലും അവര്‍ നല്‍കിയ ഉപദേശം ഒരിക്കലും മറക്കാതെ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കല്‍ തൃശ്ശൂര്‍ രാമനിലയത്തിലേയ്‌ക്ക് കരുണാകരന്‍ നമ്പാടനെ വിളിപ്പിച്ചു. ഒന്നാം നമ്പര്‍ മുറിയിലെത്തിയ മാഷിന് ലഭിച്ച ഉപദേശം ഇതായിരുന്നു. ‘തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥി പ്രസംഗിക്കരുത്. വോട്ടര്‍മാരുടെ മുന്നില്‍ കൈകൂപ്പുകയോ ചിരിക്കുകയോ മാത്രമേ ചെയ്യാവൂ. പ്രസംഗങ്ങളെല്ലാം മറ്റുള്ളവര്‍ നടത്തും. സ്ഥാനാര്‍ത്ഥിയുടെ പ്രസംഗത്തിനിടയില്‍ എന്തെങ്കിലും തെറ്റ് കടന്നുകൂടിയാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കും. തെറ്റ് തിരുത്തുവാനുള്ള സമയം സ്ഥാനാര്‍ത്ഥിക്ക് കിട്ടുകയുമില്ല. അന്നുമുതല്‍ നമ്പാടന്‍ മാഷ് തെരഞ്ഞെടുപ്പ് പ്രസംഗം ചുരുക്കി.
1977 ല്‍ കന്നി എംഎല്‍എയായി നിയമസഭയിലെത്തിയ നമ്പാടനെ കെ.എം.മാണി അടുത്ത് വിളിച്ച് ഉപദേശിച്ചു. നമ്പാടന്‍ ഭയപ്പെടേണ്ടതില്ല. എല്ലാ ദിവസവും മുടങ്ങാതെ കൃത്യസമയത്ത് നിയമസഭയില്‍ വരണം. സഭ പിരിയുന്നത് വരെ സഭാ നടപടികള്‍ ശ്രദ്ധിക്കുക. പിന്നീട് കാര്യങ്ങള്‍ സ്വയം പഠിച്ചുകൊള്ളും. മാണിയുടെ ഉപദേശം ഗുണം ചെയ്തു. ഒടുവില്‍ എംപിയായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ദിവസം പാര്‍ലമെന്റില്‍ ഹാജരായിരുന്ന കേരളത്തില്‍നിന്നുള്ള എംപി ലോനപ്പന്‍ നമ്പാടന്‍ ആയിരുന്നു.
ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ നമ്പാടന്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തത് അന്ന് വിവാദമായിരുന്നു. തിരുവനന്തപുരത്തുനിന്നും കൊടകരവരെയായിരുന്നു യാത്ര. അവിടെനിന്ന് തിരിച്ചും. മന്ത്രിമാരായാല്‍ കാറിലും വിമാനത്തിലും കപ്പലിലുമൊക്കെയാണ് യാത്രയെന്ന സങ്കല്‍പ്പം തിരുത്തിക്കുറിക്കുവാനായിരുന്നു ഈ യാത്രയെന്ന് നമ്പാടന്‍ മാഷ് പറയുന്നു.
മന്ത്രിസഭായോഗം നടക്കുമ്പോള്‍ അന്ന് മന്ത്രിമാരായിരുന്ന നമ്പാടനും ഗൗരിയമ്മയ്‌ക്കും അടുത്തടുത്താണ് സീറ്റ്. ഗൗരിയമ്മയ്‌ക്ക് കൊളസ്ട്രോള്‍ ശല്യമുള്ളതിനാല്‍ യോഗത്തില്‍ ലഭിക്കുന്ന കശുവണ്ടി നമ്പാടന് കൊടുക്കും. ഗൗരിയമ്മയ്‌ക്ക് മകനെപ്പോലെയായിരുന്നു നമ്പാടന്‍. അന്ധകാരനഴിയിലേയ്‌ക്ക് ബസ് വേണമെന്ന് ഗതാഗതമന്ത്രിയായ നമ്പാടനോട് ഗൗരിയമ്മ ആവശ്യപ്പെട്ടു. കൊടുക്കാമെന്നേറ്റ സമയത്ത് ബസ് സര്‍വീസ് തുടങ്ങുവാനായില്ല. അതോടെ കശുവണ്ടി പരിപ്പ് കൊടുക്കലും ഗൗരിയമ്മ നിര്‍ത്തി. ബസ് സര്‍വീസ് തരാത്തതിനാല്‍ ഇനിമുതല്‍ നമ്പാടന് കശുവണ്ടി പരിപ്പില്ല. അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് ബസ് സര്‍വീസ് ആരംഭിച്ചു. ഗൗരിയമ്മ കശുവണ്ടി വിതരണവും പുനഃസ്ഥാപിച്ചു. കൊച്ചുകുട്ടികളുടെ മനസ്സാണ് ഗൗരിയമ്മയ്‌ക്കെന്ന് നമ്പാടന്‍ ഓര്‍ക്കുന്നു.
സ്വതന്ത്ര എംഎല്‍എമാര്‍ക്ക് സഭയില്‍ ഒരു മിനിറ്റേ സംസാരിക്കുവാന്‍ സമയം നല്‍കാറുള്ളൂ. അത് മറി കടക്കാന്‍ സിപിഎം സ്വതന്ത്ര എംഎല്‍മാരെ സംഘടിപ്പിച്ച് സഭയില്‍ അനൗദ്യോഗിക മുന്നണി ഉണ്ടാക്കി. ഡോ.സെബാസ്റ്റ്യന്‍ പോള്‍, കടമ്മനിട്ട രാമകൃഷ്ണന്‍, എം.എ.തോമസ് എന്നിവരായിരുന്നു സംഘത്തില്‍. സഭ നടക്കുമ്പോള്‍ രാവിലെ ഇവര്‍ യോഗം ചേര്‍ന്ന് സംസാരിക്കുവാന്‍ ഒരാളെ ചട്ടം കെട്ടുമായിരുന്നു. അങ്ങനെ ഇവര്‍ക്ക് അഞ്ച് മിനിട്ട് ലഭിക്കുമായിരുന്നു.
ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ 1980 ല്‍ നമ്പാടന്‍ മാഷ് ഗതാഗതമന്ത്രിയായിരുന്ന സമയം, നിയമസഭ ചോദ്യോത്തരവേളയില്‍ സിപിഎമ്മുകാരനായിരുന്ന പെരുമ്പാവൂര്‍ എംഎല്‍എ പി.ആര്‍.ശിവന്റെ ചോദ്യം. മറുപടിയില്‍ മാഷ് സ്വന്തം പേരിന്റെ അര്‍ത്ഥം വിശദീകരിച്ചു. നമ്പാടന്‍ എന്ന വാക്കിന് സഞ്ചരിക്കുന്ന വിശ്വാസി എന്നര്‍ത്ഥം. നമ്പുക എന്നാല്‍ വിശ്വസിക്കുക. ആടന്‍ എന്നാല്‍ യാത്രക്കാരന്‍. നമ്പ്+ആടന്‍=നമ്പാടന്‍. കുട്ടികളെ പഠിപ്പിക്കുന്ന ശൈലിയില്‍ സംസാരിച്ചപ്പോള്‍ സഭ ഇളകി ചിരിച്ചു. അതുകൊണ്ടുതന്നെ ലോനപ്പന്‍ നമ്പാടന്‍ ആത്മകഥയ്‌ക്ക് ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്നു പേരിട്ടു.
നമ്പാടന്‍ മാഷിന്റെ ഫലിതങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. അതുകൊണ്ട് തന്നെ ഇ.കെ.നായനാര്‍ക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. മാര്‍പാപ്പ നായനാര്‍ക്ക് നല്‍കിയ കൊന്ത ചോദിച്ച വിശേഷവും വിശദീകരിക്കുന്നുണ്ട്. ‘ഓന്‍ എന്റെ കൊന്ത അടിച്ച് മാറ്റാന്‍ വന്നതാവും. മാര്‍പാപ്പ തന്നതല്ലേ ഞാന്‍ കൊടുക്കില്ല’, സ്വതസിദ്ധമായ ശൈലിയില്‍ നായനാര്‍ പറഞ്ഞു.
2004 ലെ ലോക്സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്നില്ല. മുകുന്ദപുരം പൊതുവേ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. തോല്‍ക്കുമെന്ന ഭയം കൊണ്ട് വോട്ടെണ്ണല്‍ ദിവസം പുറത്തിറങ്ങിയില്ല. ആദ്യ റൗണ്ടില്‍ ഭൂരിപക്ഷം കിട്ടിയപ്പോള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ചാലക്കുടി ഓഫീസിലേയ്‌ക്ക് കൊണ്ടുപോയി. ഭൂരിപക്ഷം ഒരുലക്ഷം കഴിഞ്ഞപ്പോള്‍ നമ്പാടന്‍ അറിയാതെ പറഞ്ഞു പോയി. ‘മെഷീന് വല്ല തകരാറും പറ്റിയോ!’. നാടക, സിനിമാ അഭിനയ ജീവിതത്തെക്കുറിച്ച്, ആനപ്പുറത്ത് കയറി അമ്പു പെരുന്നാള്‍ ആഘോഷിച്ചത്, പോലീസ് ലാത്തിയടി കിട്ടിയത്, മന്ത്രി മുസ്തഫയെക്കുറിച്ച് അരിച്ചാക്കിന് കൈയും കാലും വച്ചപോലെയെന്ന് പറഞ്ഞത്, ബാലകൃഷ്ണപിള്ള, പി.സി.ജോര്‍ജ് എന്നിവരെക്കുറിച്ചും ആത്മകഥയിലുണ്ട്
തികഞ്ഞ സത്യക്രിസ്ത്യാനിയായ നമ്പാടന്‍ മാഷ് സഭയെ വിമര്‍ശിക്കുന്നതില്‍ ഒരു ദാക്ഷിണ്യവും കാണിച്ചിട്ടില്ല. വിമോചന സമരത്തില്‍ പങ്കെടുത്ത മാഷ് അതിലെ വഞ്ചനകളും തുറന്ന് കാണിക്കുന്നുണ്ട്.
തൃശ്ശൂര്‍ മുകുന്ദപുരം താലൂക്കില്‍ കൊടകര പേരാമ്പ്ര കരയില്‍ മാളിയേക്കല്‍ കുരിയച്ചന്റെ രണ്ടാംഭാര്യ പ്ലമേനയുടെ മകനായി 1935 നവംബര്‍ 13 നാണ് ജനനം. ജീവിതത്തിലെ വിവാദങ്ങള്‍ പോലെ അപ്പന്റെ 65-ാം വയസ്സിലായിരുന്നു ജനനം.
മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞ ശേഷമുള്ള പ്രശാന്തതയിലാണ് ലോനപ്പന്‍ നമ്പാടന്‍ മാഷിപ്പോള്‍. രാഷ്‌ട്രീയ കേരളത്തെ ഇളക്കിമറിച്ച് ചരിത്രത്തിനോടൊപ്പം നടന്ന നമ്പാടന്‍ മാഷ് മൂന്നു വര്‍ഷമായി ചികിത്സയിലാണ്. ഒരു വര്‍ഷത്തോളം ഐസിയുവിലായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ അഞ്ച് മണിക്കൂറോളം ഡയാലിസിസിന് വിധേയനാകുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 445 ലേറെ തവണ ഡയാലിസിസിന് വിധേയനായിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ തളര്‍ത്തിയിട്ടില്ല. ചികിത്സാര്‍ത്ഥം ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുമ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ തളര്‍ത്താത്ത നര്‍മവും ഒപ്പം സഹജമായ വിവാദങ്ങളും മാഷിന് കൂട്ടായിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ട് കാലത്തെ രാഷ്‌ട്രീയ ജീവിതത്തിന്റെ അനുഭവസമ്പത്തില്‍ പറയാന്‍ പലരും മടിക്കുന്ന സത്യങ്ങള്‍ ‘സഞ്ചരിക്കുന്ന വിശ്വാസി’യെന്ന ആത്മകഥയിലൂടെ പുറത്തുവിടുമ്പോഴും അതുയര്‍ത്തുന്ന വിവാദങ്ങള്‍ മാഷെ ബാധിക്കുന്നതേയില്ല. ആത്മകഥ രണ്ട് കയ്യുംനീട്ടി മലയാളികള്‍ ഏറ്റുവാങ്ങിയതോടെ രണ്ടാംപതിപ്പ് ഇറക്കുന്നതിന്റെ ചിന്തയിലാണ് മാഷ്. നമ്പാടന്‍ മാഷിന്റെ 76-ാം ജന്മദിനമാണിന്ന്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: