കൊച്ചി: നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പാലത്തിന്റെ വടക്കുവശം ചേര്‍ന്ന് മൂന്നുമീറ്റര്‍ വീതിയില്‍ നടപ്പാലം പണിയുമെന്ന് ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് പറഞ്ഞു.
മേല്‍പ്പാലം പുനര്‍നിര്‍മാണ ജോലികള്‍ നേരിട്ടു വിലയിരുത്താനെത്തിയ കളക്ടര്‍ അനുബന്ധനടപടികളും വിലയിരുത്തി. പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമകളെ നേരില്‍കണ്ട് സഹകരണം അഭ്യര്‍ഥിച്ചു. ഇതിനായുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്കു വിധേയമായി നിര്‍മാണജോലികള്‍ താമസം കൂടാതെ ആരംഭിക്കാന്‍ സ്ഥലമുടമകള്‍ ഏറെക്കുറെ അനുവാദം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപ്പാലത്തിന്റെയും ഇരുവശങ്ങളിലെയും ചെറുപാലങ്ങളുടെയും പണി ദിവസങ്ങള്‍ക്കകം തുടങ്ങിവയ്ക്കാനാണ് ദല്‍ഹി മെട്രോ റയില്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ 66കെ.വി. കേബിള്‍ നീക്കംചെയ്യുന്ന പണി ഉടന്‍ തുടങ്ങാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. റയില്‍വെ ലൈനിനു മുകളിലുള്ള സ്പാന്‍ മാറ്റാന്‍ റയില്‍വെ ബോര്‍ഡിന്റെയും സേഫ്ടികമ്മീഷണറുടെയും അനുമതി ലഭിച്ചിട്ടുണ്ട്.
പാലം പുനര്‍നിര്‍മാണത്തിനു നിശ്ചയിച്ചിട്ടുള്ള 18 മാസത്തിനു മുമ്പേ പണിതീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കളക്ടര്‍ പറഞ്ഞു. എം.ജി. റോഡിലെയും ബാനര്‍ജി റോഡിലെയും വീതികൂട്ടല്‍ സംബന്ധിച്ച നടപടികള്‍ക്കു സര്‍ക്കാര്‍ അനുമതിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ബാനര്‍ജി റോഡില്‍ മാത്രമാണ് അക്വിസിഷന്‍ വേണ്ടിവരുന്നത്. പാലം പണി ജോലികള്‍ കുറ്റമറ്റതരത്തിലാണ് നടക്കുന്നത്. ട്രാഫിക് പരിഷ്കാരത്തെ തുടര്‍ന്നുള്ള മാറ്റങ്ങളോടും ജനങ്ങള്‍ പൊതുവെ അനുകൂലമായി പ്രതികരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
മെട്രോ റയില്‍ പ്രൊജക്ട് ഡയറക്ടര്‍ പി.ശ്രീറാം, ഡപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ വി.ആര്. സുധി തുടങ്ങിയവരും കളക്ര്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: