കേരളപ്പിറവി ദിനം ‘മലയാള ദിനമായി’ ആചരിക്കാനുള്ള ഒരു തീരുമാനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായി. മലയാള ദിനാചരണത്തിന് ഒരു ഇംഗ്ലീഷ് കലണ്ടര്‍ ദിനം തെരഞ്ഞെടുത്തത് തന്നെ അന്ന് സാംസ്കാരിക കേരളം ചോദ്യം ചെയ്തിരുന്നു. അങ്ങനെ ഒന്ന് വേണമെങ്കില്‍ അത് മലയാള വര്‍ഷപ്പിറവി ദിനമായ ചിങ്ങം ഒന്നാണെന്നും അഭിപ്രായം ഉയരുകയും ചെയ്തിരുന്നു. മലയാളദിനത്തിന്റെ സാംസ്കാരികമായ മൂല്യം അംഗീകരിക്കുമ്പോള്‍ത്തന്നെ ഭരണപരമായി മലയാള ഭാഷക്കടക്കമുള്ള ഭാരതീയ ഭാഷകള്‍ക്ക് വന്നുപെട്ട അപചയത്തിന് കാരണം ആരായുമ്പോഴും പരിഹാരം കാണുമ്പോഴും ഭാഷാസംസ്ഥാന രൂപീകരണദിനത്തിന് പ്രാധാന്യമുണ്ട്.
ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഏറ്റവും പ്രധാനവും പ്രസക്തവുമായ കാര്യം ജനങ്ങളുടെ ഭാഷയില്‍ ഭരണം നടത്തുക എന്നതുതന്നെയാണ്. അതിലൂടെ മാത്രമേ ഭരണത്തിന്റെ ജനാധിപത്യവല്‍ക്കരണം നടക്കുകയുള്ളൂ. എന്നാല്‍ എന്താണ് സംഭവിച്ചത്? ഔദ്യോഗിക ഭാഷാനയ കമ്മീഷനും നടപടിക്രമങ്ങളും എല്ലാം മുറപോലെ നടത്തിയെങ്കിലും ഇന്ന് മലയാള ഭരണത്തിന്റെ ഏഴയലത്തു പോലും എത്താന്‍ കഴിയാത്തവിധം പുറംതള്ളപ്പെട്ടിരിക്കുന്നു. ഭരണം, വിദ്യാഭ്യാസം, നീതിന്യായ സംവിധാനം എന്നീ സമസ്ത മേഖലയിലൂം ഇന്ന് മലയാളത്തേക്കാള്‍ ഇംഗ്ലീഷിന് പ്രാമുഖ്യം വന്നുകഴിഞ്ഞു.
ഇന്ന് മലയാള പ്രേമത്തിന്റെ പേരില്‍ വിവിധ പ്രഖ്യാപനങ്ങളാണ് സര്‍ക്കാരില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ നിരവധി ആവശ്യങ്ങള്‍ വിവിധ സംഘടനകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ഏറെ പേരെ സന്തോഷിപ്പിച്ചതാണ് മലയാളത്തെ ഒന്നാം ഭാഷയാക്കി പ്രഖ്യാപിച്ചതും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പഠനവിഷയമാക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി. നിര്‍ബന്ധിത പഠനവിഷയം എന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെതന്നെ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുകയാണ്. കാരണം സിബിഎസ്സി അടക്കമുള്ള ബോര്‍ഡ് പരീക്ഷാ സമ്പ്രദായത്തില്‍ മൂന്നാം ഭാഷയായി ഏത് ഭാഷയും സ്വീകരിക്കാം എന്നിരിക്കെ അവിടെ മലയാളം ഉള്‍പ്പെടുത്തുക എന്നത് ആര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ കേരള പാഠ്യപദ്ധതി പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ മലയാളത്തെ ഒന്നാം ഭാഷയാക്കിയപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ കഴിഞ്ഞിട്ടില്ല. അത് കഴിയുമെന്ന് തോന്നുന്നുമില്ല. പുതിയ നിര്‍ദ്ദേശപ്രകാരം അധികമായി വരുന്ന ആഴ്ചയിലെ ഒരു മലയാളം പീരിയേഡ് കണ്ടുപിടിക്കാനാണ് വിദ്യാഭ്യാസ വിദഗ്‌ദ്ധര്‍ ആലോചിക്കുന്നത്. ആ ‘മാണിക്ക ചെമ്പഴുക്ക’ എവിടെ എന്ന് കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ പണ്ട് ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ പൂതം തെച്ചിക്കോലുകൊണ്ട് ഉണ്ണിയെ ഉണ്ടാക്കിയപോലെ ഒരു ‘വ്യാജ’ പിരിയേഡ് ഉണ്ടാക്കി മലയാളത്തിന്റെ പേരില്‍ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളുടേയും അന്തസത്ത ചോര്‍ത്തിക്കളഞ്ഞിരിക്കയാണ്.
ചൊവ്വാഴ്ചകളില്‍ എല്ലാ പിരിയേഡില്‍നിന്നും ഓരോ അഞ്ചുമിനിറ്റ് വീതം എടുത്ത് ഒരു പുതിയ പിരിയേഡ് സൃഷ്ടിച്ച് ആ പിരിയേഡില്‍ മലയാളം പഠിപ്പിച്ച് മലയാളത്തില്‍ ഔന്നത്യം കാത്തുസൂക്ഷിക്കാനാണ് പുതിയ ഉത്തരവ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വാസ്തവത്തില്‍ അഞ്ച് പിരിയേഡ് ഉള്ള (മറ്റൊരു ഭാഷക്കും ഇല്ലാത്ത) ഇംഗ്ലീഷിന്റേതില്‍ നിന്ന് ഒരു പിരിയേഡ് എടുത്ത് മലയാളത്തിന് നല്‍കിയാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. അത് ചിന്തിക്കാന്‍ പോലും ധൈര്യമില്ലാത്ത ഇംഗ്ലീഷ് ദാസന്‍മാരാണ് മലയാളത്തിന്റെ രക്ഷക്ക് ഉത്തരവിറക്കുന്നത്. ഇതുതന്നെയാണ് ഭാഷാവികസനത്തിലൂടെ ജനാധിപത്യത്തിന്റെ സാമൂഹ്യവല്‍ക്കരണം ലക്ഷ്യം വച്ച് നടത്തിയ ഓരോ പദ്ധതിയിലും പറ്റിയ അബദ്ധം. അത് ‘ഭരണഭാഷ’ എന്ന വിഷയത്തില്‍ എത്രത്തോളം വിദൂരമാണെന്നതിന്റെ ഒരു കേവലദൃഷ്ടാന്തമാണ്. വിദ്യാലയ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന മുന്നറിയിപ്പ് നോട്ടീസുകള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പാന്‍ മസാലകള്‍ വില്‍ക്കുന്നത് കുറ്റകരമാണ് എന്നതാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. അത് എഴുതിപ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷില്‍! ഓരോ സര്‍ക്കാര്‍ ഓഫീസിലും ‘ഭരണഭാഷ മലായളം’ എന്ന് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ഒരു ജീവനക്കാരന്റെ സാധാരണ അവധിക്കുപോലും ഇംഗ്ലീഷില്‍ എഴുതി അപേക്ഷ സമര്‍പ്പിക്കേണ്ട സ്ഥിതിയാണ് ഇന്നും തുടരുന്നത്.
ഭാഷക്ക് വേണ്ടിയുള്ള പരിഭാഷാ വിഭാഗവും ഗവേഷണ വിഭാഗവും (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്) ഇന്ന് പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നും എത്ര വിദൂരത്താണ്. മലയാള ഭാഷാ പിതാവിന്റെ ജന്മനാട്ടില്‍ ഒരു മലയാളം സര്‍വ്വകലാശാല ആരംഭിക്കുമെന്നും, ഒരുവര്‍ഷത്തിനകം അതിന്റെ പ്രാരംഭ നടപടികള്‍ കൈക്കൊള്ളുമെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപനം വന്നുകൊണ്ടിരിക്കുന്നു. അതേസമയം സര്‍വ്വകലാശാലയുടെ സ്വരൂപത്തെക്കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും അതൊന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായി കാണുന്നില്ല. ഏതായാലും സര്‍ക്കാരിന് ഇതിലും ഒരു രഹസ്യ അജണ്ടയുണ്ടായിരിക്കും, അതിന് അനുസരിച്ച് ഒരു കലാശാലയും നാളെ സ്ഥാപിക്കപ്പെടും. അത് തഞ്ചാവൂര്‍ മോഡലായാലും കാലടി മോഡലായാലും ഭരണക്കാര്‍ക്ക് പ്രശ്നമുണ്ടാവില്ല.
പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമായിരുന്നു സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ വളര്‍ച്ചക്ക് കാരണമായത് എന്നത് ഇന്ന് തര്‍ക്കമറ്റ വിഷയമായി കണ്ടെത്തിയിരിക്കുന്നു. ഈ സമയത്ത് പൊതുവിദ്യാലയങ്ങളില്‍നിന്നും ഉണ്ടായ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ഇന്നും തുടരുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക? ഒരുവശത്ത് മാതൃഭാഷാ വിദ്യാഭ്യാസമാണ് ശാസ്ത്രീയം എന്നുപറയുകയും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയാല്‍ ഗുണനിലവാരം മെച്ചപ്പെടും എന്ന് സ്ഥാപിക്കുകയും ചെയ്തതിന് ശേഷവും മേല്‍പ്പറഞ്ഞ ഉത്തരവിറക്കുന്നത് ഇംഗ്ലീഷ് യജമാന ഭക്തികൊണ്ടല്ലാതെ മറ്റൊന്നുമല്ല.
കേരള സംസ്ഥാന രൂപീകരണദിനം-മലയാളദിനമായി ആചരിക്കുകയാണെങ്കില്‍ അത് മലയാളത്തെ തകര്‍ക്കുന്നതില്‍ ഭരണസംവിധാനം ചെയ്ത തെറ്റുകള്‍ തിരുത്തി പ്രായശ്ചിത്തം ചെയ്യുക മാത്രമേ വേണ്ടൂ. ആസൂത്രിതമായി ഭാഷകളെ നശിപ്പിച്ചതിന്റെ ചരിത്രമാണ് ഭാഷാ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലം.
എ. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: