വയലിന് വാദന രംഗത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് സമ്പത്തിന്റേത്. ചെറുപ്രായത്തില്‍ തന്നെ ഈ രംഗത്ത് തനതായ ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞത് ഈ കലാകാരന്റെ ആത്മാര്‍പ്പണമാണ്. മുപ്പത് വയസ്സിന് മുമ്പ് തന്നെ പ്രശസ്തരായസംഗീതജ്ഞര്‍ക്കൊപ്പം വേദി പങ്കിടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ലോകം സംഗീതമാണെന്ന് തിരിച്ചറിഞ്ഞത്?
വലിയമ്മയും സംഗീതജ്ഞയുമായ പാല്‍ക്കുളങ്ങര അംബികാദേവിയുടെ ശിക്ഷണം എന്റെ ജീവിതത്തിന്റെ ദിശതന്നെമാറ്റി. വയലിന്‍ അദ്ധ്യാപികയും അമ്മയുമായ ചന്ദ്രികയുടെ സ്വപ്നമായിരുന്നു മകന്റെ ഉയര്‍ച്ച. ചെറുപ്പത്തിലെ മകന്റെ കഴിവ് തിരിച്ചറിഞ്ഞ അമ്മയാണ് വയലിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നത്. അമ്മൂമ്മയും സംഗീതാസ്വാദകയായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ കേട്ടത് സംഗീതത്തിന്റെ രാഗ-താള-ലയമാണ്. തന്റെ രക്തത്തില്‍ പോലും സംഗീതം ഉണ്ട് എന്ന് ഈ യുവകലാകാരന്‍ പറയുന്നു.
വയലിന്‍ പഠനം ഗൗരവമായി കണ്ടുതുടങ്ങിയത്?
കുട്ടിക്കാലം മുതല്‍ ഈ രംഗത്ത് ഉണ്ടെങ്കിലും 12-ാം വയസ്സുമുതലാണ് ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്.
മറ്റ് ഗുരുക്കന്മാര്‍?
പ്രൊഫ. ജി.സീതാലക്ഷ്മി , മാവേലിക്കര ആര്‍.പ്രഭാകരവര്‍മ.
ആരുടെ സംഗീതസമ്പ്രദായത്തോടാണ് ഇഷ്ടം?
ലാല്‍ഗുഡി ജയറാമിന്റെ ബാണിയോടാണ് ഏറെ പ്രിയം. എല്ലാവരുടെയും കച്ചേരികള്‍ ആസ്വദിക്കാറുണ്ട്. അങ്ങനെ വ്യത്യസ്ത ആസ്വാദനത്തിലൂടെ തനത് ശൈലി വളര്‍ത്തിയെടുക്കാന്‍ സാധിച്ചു.
വിദ്യാഭ്യാസം?
സ്വാതിതിരുനാള്‍ സംഗീതകോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. അവിടെനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ സാധിച്ചു. ഇവിടുത്തെ പാഠഭാഗം വളര്‍ന്ന് വരുന്ന യുവപ്രതിഭകള്‍ക്ക് ഭാവിയില്‍ പ്രയോജനം ചെയ്യുമെന്ന് പൂര്‍വവിദ്യാര്‍ത്ഥിയായ സമ്പത്ത് പറയുന്നു. പ്രൊ. എം.എന്‍. മൂര്‍ത്തി, ഈശ്വരവര്‍മ ,വയ്യാങ്കര മധുസൂദനന്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ പ്രോത്സാഹനം തന്റെ കലാലയജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളാണ്.
പതിവായി സാധകം?
പഴയ കാലഘട്ടത്തിലെ കച്ചേരികളുടെ റെക്കോഡുകള്‍ കേള്‍ക്കുന്നതാണ് ഏറ്റവും നല്ല സാധകമെന്നാണ് ഈ വയലിന്‍ വിദ്വാന്റെ പക്ഷം. കൃത്യമായ സാധന സമയം ഇല്ല. നല്ലൊരു ആസ്വാദകനായ തന്റെ ലക്ഷ്യം ആസ്വാദനത്തിലൂടെ ധാരാളം കൃതികള്‍ ആധികാരികമായി പഠിക്കുക എന്നതാണ്.
കേള്‍വിജ്ഞാനത്തിന് സംഗീതപഠനത്തില്‍ പ്രാധാന്യം വലുതാണ്. രാഗങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും വ്യത്യസ്ത ആലാപനശൈലികള്‍ മനസ്സിലാക്കാനും അതാത് കച്ചേരിയില്‍ അത് പ്രകടിപ്പിക്കാന്‍ കഴിയുന്നതുമാണ് വയലിനിസ്റ്റിന്റെ വിജയം. നമ്മുടെ കഴിവിനെ കൂടുതല്‍ വികസിപ്പിക്കാന്‍ ഇതിലൂടെ കഴിയും എന്നത് വലിയ നേട്ടമാണ്. ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നുകൊടുക്കുന്നതും സാധനയായി കാണുന്നു.
ആദ്യമായി സദസ്സിനെ അഭിമുഖീകരിച്ചപ്പോള്‍ ഉള്ള അനുഭവം?
മാവേലിക്കര വേലുക്കുട്ടി, പ്രഭാകരവര്‍മ ,നെയ്യാറ്റിന്‍കര വാസുദേവന്‍,പാലാ സി.കെ.രാമചന്ദ്രന്‍നായര്‍, പ്രൊഫ.ഓമനക്കുട്ടി.എം.ജി .രാധകൃഷ്ണന്‍ മുതലായ ജ്വലിക്കുന്ന വ്യക്തിത്വങ്ങളുമായി വയലിന്‍ അദ്ധ്യാപികയായ അമ്മയ്‌ക്കും പാട്ടുകാരിയായ വലിയമ്മയ്‌ക്കും അടുത്ത ബന്ധമായിരുന്നു.അതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് തോന്നിയില്ല.
ആദ്യത്തെ കച്ചേരി?
പന്ത്രണ്ട് വയസ്സ് മുതല്‍ ചെറിയ കച്ചേരികള്‍ ചെയ്തിരുന്നു. പതിനാലാമത്തെ വയസ്സില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ സാറിനൊപ്പം വലിയ ഒരു വേദി പങ്കിട്ടാണ് അരങ്ങേറ്റം കുറിച്ചത്..
ഏത് തരം കച്ചേരിയുടെ ഭാഗമാകാനാണ് താല്‍പര്യം?
സോളോ ചെയ്യുന്നതിലും കച്ചേരിയില്‍ ഭാഗമാകാനുമാണ് താല്‍പര്യം. ഒരു കച്ചേരിയില്‍ പാട്ടിന് എട്ട് മിനിറ്റ് വരുമ്പോള്‍ അഞ്ച് മിനിറ്റ് വയലിന്റെ വൈദഗ്ധ്യം പ്രകടപ്പിക്കാന്‍ കഴിയും.
സ്വന്തമായി കച്ചേരികള്‍?
ധാരാളം കല്യാണക്കച്ചേരികള്‍ ചെയ്തിട്ടുണ്ട്.
രാഗവിസ്താരത്തിനാണോ പ്രാധാന്യം?
കൃതി വായിക്കുമ്പോള്‍ രാഗങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നു. എത്രത്തോളം കൃതികള്‍ പഠിക്കുന്നുവോ അത്രയും നല്ലതാണ്. നല്ല പാഠാന്തരങ്ങള്‍ ധാരാളം പഠിക്കുന്നതിലൂടെ ഒരു കലാകരന് ഉയരാന്‍ കഴിയും.
രാഗങ്ങള്‍ക്ക് പകിട്ടേകാന്‍ പക്കമേളത്തിന്റെ പങ്ക്?
ഒരു കച്ചേരിയുടെ നട്ടെല്ല് പക്കമേളം തന്നെയാണ്. പ്രത്യേകിച്ചും വയലിനും മൃദംഗവും.ഇവരുടെ ജ്ഞാനം ആണ് കച്ചേരിയുടെ വിജയം. ഉപകരണസംഗീതങ്ങളില്‍ വീണയും വയലിനും ആണ് പരിശീലിക്കാന്‍ ബുദ്ധിമുട്ട്. വയലിനില്‍ സ്വരസ്ഥാനം ഉറപ്പിയ്‌ക്കാന്‍ ബുദ്ധിമുട്ടും. അപസ്വരം വരാന്‍ എളുപ്പവുമാണ്.
സാഹിത്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ആണ് ആസ്വാദനം പൂര്‍ണമാകുന്നത്. ഉപകരണസംഗീതമായ വയലിന് സാഹിത്യത്തിലുള്ള പ്രധാന്യം?
ഉദാഹരണമായി ലാല്‍ഗുഡി ജയറാം വായിക്കുന്നത് സാഹിത്യത്തില്‍തന്നെയാണെന്ന് തോന്നും. വായിക്കുമ്പോള്‍ അത് പെട്ടെന്ന് മനസ്സിലാക്കും. സാഹിത്യം വരുന്നിടത്ത് വില്ല് കൊടുത്താണ് വായിക്കുന്നത്. അദ്ദേഹം പാടുന്നത് തന്നെയാണ് വായിക്കുന്നതും. ഉപകരണസംഗീതത്തിലുപരി വായ്പാട്ട്പ്പോലെയാണ് വയലിനിലൂടെ കേള്‍ക്കുന്നത്. ലാല്‍ഗുഡിയുടെ ഗായകി ശൈലി (വായ്പാട്ട് തന്നെ വയലിനില്‍ വായിക്കുന്ന രീതി) പ്രസിദ്ധമാണ്. ശുദ്ധമായ കര്‍ണാടക സംഗീതമാണ് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് പിന്നിലുള്ളത്.
റിഹേഴ്സല്‍ ഇല്ലാതെയാണല്ലോ പലപ്പോഴും കച്ചേരിയില്‍ ഭാഗമാകുന്നത്? ഇത് എങ്ങനെയാണ് സാധിക്കുന്നത്?
റിഹേഴ്സല്‍ ഇല്ലാതെ കച്ചേരിയില്‍ പങ്കെടുക്കുമ്പോള്‍ കഠിനരാഗങ്ങള്‍ നന്നായി ചെയ്യാന്‍ സാധിക്കുന്നത് ഗുരുത്വവും ധാരാളം കച്ചേരികള്‍ ശ്രദ്ധിക്കുന്നതുകൊണ്ടുമാണ്. അല്‍പം മനോധര്‍മം ഉപയോഗിച്ചാല്‍ കച്ചേരിക്ക് കൊഴുപ്പേകാം.
പുരുഷ ശബ്ദത്തിനൊപ്പമാണോ സ്ത്രീശബ്ദത്തിനൊപ്പമാണോ വായന സുഖം?
പുരുഷശബ്ദത്തിന് വായിക്കുമ്പോള്‍ ആണ് കൂടുതല്‍ സൗകര്യം. സ്ത്രീശബ്ദത്തിന് അഞ്ച് അഞ്ചര കട്ട കൊടുക്കേണ്ടിവരുമ്പോള്‍ ആണ്‍ ശബ്ദത്തിന് ഒന്നുമുതല്‍ ഒന്നരവരെ മതിയാകും. കുട്ടികളാണെങ്കില്‍ അവരുടെ നിലയിലേക്ക് താഴേണ്ടിവരും. എന്നാലും പ്രോത്സാഹനം എന്നരീതിയില്‍ അത് സന്തോഷമാണ്. ഓരോ കച്ചേരിയും പുതിയ അനുഭവങ്ങള്‍ ആണ്.
സമ്പത്തില്‍ ഒരു പാട്ടുകാരന്‍ ഒളിഞ്ഞിരിക്കുന്നു എന്നത് ശരിയാണോ?
ഈ രഹസ്യം സത്യമാണ്. പാട്ടുകാരനാകുന്നതിലും വയലിന് വിദ്വാനായി അറിയപ്പെടാനാണ് ആഗ്രഹം. പ്രിയരാഗങ്ങള്‍ ശങ്കാരാഭരണവും തോടിയും കല്യാണിയും ആണ്.
പ്രശസ്തര്‍ക്കൊപ്പം വേദി പങ്കിട്ടപ്പോള്‍ കൂടുതല്‍ സംതൃപ്തി തോന്നിയത്്?
എല്ലാവരും എന്റെ ഗുരുതുല്യരാണ്.ഗോദറാവുവിന്റെ കൂടെ വായിക്കാന്‍ കഴിഞ്ഞത് മുന്‍ജന്മ പുണ്യമാണ്. ഇന്നത്തെ പ്രഗത്ഭരായ ഒട്ടുമിക്കവര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഷേക്് രഘുറാം, രംഗനാഥശര്‍മ, മാവേലിക്കര പി.സുബ്രഹ്മണ്യം, ശങ്കരന്‍ നമ്പൂതിരി,മാതംഗി സത്യമൂര്‍ത്തി തുടങ്ങിയവരുടെ ശൈലി ഇഷ്ടമാണ്. ഓരോരുത്തരിലും ഓരോ പ്രത്യേകതകള്‍ ഉണ്ട്. വി.ആര്‍.ദിലീപിന് ഒപ്പമാണ് കൂടുതല്‍ കച്ചേരികള്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടായിരിക്കാം ഈ ആലാപനശൈലിയോട് പ്രിയം തോന്നിയത്. അതാത് ശൈലി ആസ്വദിച്ചാണ് ഒരോ കച്ചേരിയും വായിക്കുന്നത്.
സംഗീതലോകത്ത് മറക്കാന്‍ വയ്യാത്ത അനുഭവം?
അമ്മയ്‌ക്ക് ഒപ്പം നവരാത്രി മണ്ഡപത്തില്‍ പതിവായി പോകാറുണ്ടായിരുന്നു. പാലക്കാട് ടി.ആര്‍ .രാജാമണി ഭജനപുരപാലസില്‍ വച്ച് (1996)വയലിനിന്നുള്ള തന്റെ കഴിവ് തിരിച്ചറിഞ്ഞ് നൂറുരൂപ തന്ന് അനുഗ്രഹിച്ചതും, 2008ല്‍ ആദ്യമായി നവരാത്രിമണ്ഡപത്തില്‍ താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിയുടെ കച്ചേരിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതുമാണ് ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍. മറ്റൊന്ന് എന്‍. രവികിരണനോടൊപ്പം “ഗോട്ടുവാദ്യ”ത്തില്‍ തന്റെ സാന്നിദ്ധ്യം തെളിയിച്ചതും ജീവിതത്തിലെ നാഴികക്കല്ലാണ്.
ഇപ്പോള്‍ എന്ത് ചെയ്യുന്നു?
തൃശ്ശൂര്‍ ആകാശവാണി നിലയത്തില്‍ പന്ത്രണ്ട് വര്‍ഷമായി എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആണ്. ഇപ്പോള്‍ വയലിനില്‍ വിമന്‍സ്കോളേജിലെ വകുപ്പ് മേധാവി ഡോ. ശ്രീലതയുടെ കീഴില്‍ പി.എച്ച്.ഡി ചെയ്യുന്നു.
പുരസ്ക്കാരങ്ങള്‍ ദൗര്‍ബല്യമാകാറുണ്ടോ?
ഒരിക്കലുമില്ല. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലുത് എന്ന് വിശ്വസിക്കുന്നു. ഒരു കച്ചേരിയില്‍ സദ്യസരില്‍നിന്നു കിട്ടുന്ന ഗ്രൗണ്ട് സപ്പോര്‍ട്ട് ആണ് ഒരു കലാകരന്റെ വിജയം. പുരസ്ക്കാരങ്ങളോട് ഭ്രമമില്ല എന്നര്‍ത്ഥം. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ യുവസംഗീതപ്രതിഭ പുരസ്ക്കാരം 2007 ല്‍ ലഭിച്ചു. ദേശീയ ആകാശവാണി മത്സരത്തില്‍ 1999-ല്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. ചെമ്പൈ സംഗീത അക്കാദമിയുടെ നല്ല വയലിനിസ്റ്റിനുള്ള പുരസ്ക്കാരവും കോളേജ് തലത്തില്‍ ദേശീയ യുവജനോത്സവത്തില്‍ ഏറ്റവും നല്ല വയലിനിസ്റ്റിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
തന്നെത്തേടിവന്ന സൗഭാഗ്യങ്ങള്‍ ഗുരുക്കന്മാരുടെ അനുഗ്രഹവും അമ്മയുടെ പ്രാര്‍ത്ഥനയും ആണ്. ഈ എളിമയാണ് സമ്പത്തിന്റെ മുന്നോട്ടുള്ള യാത്ര വേഗമാക്കിയത്.
ഷൈലാമാധവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: