അനുഗ്രഹീതമായ കരവിരുതില്‍ കവിതയുമായി ഒരു ശില്‍പ്പി. കണ്ണില്‍പ്പെടുന്നതെന്തിലും കാണുന്നത് വിഗ്രഹത്തേയാണ്. ഈശ്വരനായും പക്ഷിയായും മൃഗമായും പ്രകൃതിയായും അത് രൂപാന്തരം പ്രാപിക്കുമ്പോള്‍ കാണുന്നവര്‍ക്ക് മനസ്സില്‍ തീര്‍ത്ഥ സ്നാന സുഖം. ചെറിയ ആയുധവുമായി ഏകാഗ്രതയോടെ ഒരു വസ്തുവില്‍നിന്നും പലതും ഒഴിവാക്കുമ്പോള്‍ ഉദിച്ചുയരുന്നത് അതിമനോഹര ശില്‍പ്പം തന്നെ. കാലങ്ങളായി തന്റെ നീക്കങ്ങള്‍ എല്ലാം ധന്യമായി തീരുന്നത് അഭിനന്ദനത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ്. പാരമ്പര്യ വരദാനമായി ലഭിച്ച കരവിരുതിന്റെ ഭാഷ്യം ഉണ്ണികൃഷ്ണ പിഷാരടിയെ അറിയപ്പെടുന്ന കലാകാരനാക്കി. ചൊവ്വര പിഷാരത്തെ രാമപിഷാരടി എന്ന പൂര്‍ണ കലാകാരന്റെ സിദ്ധികള്‍ മകനിലേക്കും പകര്‍ന്നു.
ഓട്ടന്‍ തുള്ളലിന്റെ പിന്നണിഗായകനായും അഭിനേതാവായും കോപ്പുപണിക്കാരനായും രാമപിഷാരടി തിരക്കേറിയ കലാകാരനായിരുന്നു. ഇതിനിടയില്‍ കരവിരുതിന്റെ സകലമേഖലയിലും തുണി നെയ്‌ത്തിലും വിദഗ്‌ദ്ധനായി അറിയപ്പെട്ടു. ഈ പാരമ്പര്യം ഉണ്ണികൃഷ്ണനിലും വളര്‍ന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. സംഗീതവും സാഹിത്യവും ശില്‍പ്പകലയും തേച്ചു മിനുക്കിയെടുക്കാന്‍ ശ്രദ്ധവച്ചതു മുതല്‍ മനോധര്‍മത്തിന്റെ ചിറക് വിരിച്ച് മനസ്സ് ആടുവാന്‍ തുടങ്ങി. പ്രശസ്തിയുടെ പടവുകള്‍ കയറാന്‍ താമസിച്ചില്ല.
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് നവനീതത്തില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ ആലുവക്കു സമീപത്തെ ചൊവ്വര സ്വദേശിയാണ്. ശില്‍പ്പിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുംപോലെ കവിതാ വാസനയും പൊട്ടി മുളയ്‌ക്കുകയാണ്. പ്രകൃതി സ്നേഹത്താല്‍ മനസ്സ് വ്യാപരിക്കുകയാണ് സാമൂഹ്യ വൈകൃത പ്രവര്‍ത്തികള്‍ക്കു നേരെ തൂലികയും ഉളിയും ഒരുപോലെ പ്രയോഗിക്കാന്‍ വെമ്പുകയാണ് പിഷാരടി. തേങ്ങയും തെര്‍മ്മോക്കോളും തടിയും തന്റെ ശില്‍പ്പ വൈദഗ്‌ദ്ധ്യത്തിന്റെ ഭാഷക്ക് അരങ്ങൊരുക്കുമ്പോള്‍ ഉറക്കമുണരുന്നതുതന്നെ ഓരോ പുതിയ ചിന്തയുമായാണ്. പേനയാണ് കിട്ടിയതെങ്കില്‍ കവിതയായും ആയുധമാണെങ്കില്‍ ആ വഴിക്കും നീക്കം തുടങ്ങും. പേര മരത്തിന്റെ വേരും തടിയുംകൊണ്ട് നിര്‍മിച്ച കപ്പലും വാകയുടെ വേരില്‍ തീര്‍ത്ത അമ്മക്കിളിയും കുഞ്ഞുങ്ങളും എന്‍ഡോസള്‍ഫാന്‍ വിപത്തിന്റെ മുന്നറിയിപ്പുമായി വരികയാണ്. അസ്ഥികൂടവും ഭൂമിദേവീശില്‍പ്പവും ചിരട്ട തുടങ്ങിയ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ചതാണ്. കാണരുത്, കേള്‍ക്കരുത്, പറയരുത് എന്നീ ഭാവവുമായി അടയ്‌ക്കത്തോടിനാല്‍ വാനരരൂപം തീര്‍ത്തിട്ടുണ്ട്. അടുത്തകാലത്ത് പണിതീര്‍ത്ത കലിയുഗ വരദനായ അയ്യപ്പന്റെ ശില്‍പ്പം തേങ്ങയിലും ക്ഷേത്രവും പൊന്നു പതിനെട്ടാം പടിയും വിവിധ വസ്തുക്കളാലുമാണ്. ശബരിഗിരിയുമായി ബന്ധപ്പെടുത്തി കവിത ചമച്ച് ഈണം നല്‍കി അധ്യാപികയായ ഭാര്യ ഗായത്രി പാടുകയും ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിന്റെ താളാത്മകമായ മുന്നേറ്റത്താല്‍ ധന്യമാണ് ജീവിതമെന്ന് ഉണ്ണികൃഷ്ണന്‍. തന്റെ പണിപ്പുരയില്‍നിന്നും ചൈതന്യം തുടിക്കുന്ന ബിംബവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ മനസില്‍ മുഴുവന്‍ പ്രതീക്ഷയാണ് നിറഞ്ഞുനില്‍ക്കുന്നത്. പുതിയ ശില്‍പ്പത്തിന് ഉളിവയ്‌ക്കുമ്പോഴേക്കും കാവ്യഭാഷയും ഉണരുന്നത് ഇപ്പോള്‍ സ്വാഭാവികമായി കഴിഞ്ഞു. യേശുക്രിസ്തുവിന്റെ രൂപം തേങ്ങയില്‍ കുറിയ്‌ക്കാന്‍ ആരംഭിച്ചു കഴിഞ്ഞു.
‘മരണത്തെ മാടി വിളിക്കുന്ന മനുഷ്യന്‍’ വിഘ്നങ്ങള്‍ തീര്‍ക്കാന്‍….., കണ്ണനെ കണികാണാന്‍, “മണികണ്ഠസ്വാമിയെ കണ്ടുവണങ്ങുവാന്‍…..” ഭക്തിനിര്‍ഭരവും പ്രതീക്ഷാനിര്‍ഭരവുമായ കവിതകള്‍ കര്‍മരംഗത്തെ ഉണര്‍ത്തി. ഉണ്ണികൃഷ്ണന്റെ നിരന്തര പ്രവര്‍ത്തനംകൊണ്ട് മനസിന്റെ പൂക്കാലം എന്നും സുഗന്ധം വിരിയിക്കുന്നു. ഒരു ശില്‍പ്പത്തിന്റെ പരിസമാപ്തിയില്‍നിന്നു തന്നെ വരാനുള്ളതിന് ബീജാവാപം കുറിയ്‌ക്കാന്‍ ഇദ്ദേഹത്തിന് കഴിയുന്നു. പെരിയാറിന്റെ തീരത്തുനിന്ന് ആരംഭിച്ച കരകൗശലം ഒരുപക്ഷെ തുടക്കം വച്ചത് ക്ഷേത്രത്തില്‍ മാല കെട്ടിയായിരിക്കാം. വിവിധ നിറത്തിലുള്ള പൂക്കളെ ക്രമപ്രകാരം കോര്‍ത്തിണക്കിയ പൂമാല കഴകക്കാരന്റെ കരകൗശലം തന്നെയാണ്. തൊടുന്നതെന്തിലും കലയുടെ സൗന്ദര്യം നിറയ്‌ക്കാനുള്ള വശ്യതയില്‍ മുന്നോട്ടു കുതിക്കാനാണ് ശില്‍പ്പിയുടെ വ്യഗ്രത.
കാഴ്ചക്കാരുടെ അഭിനന്ദനത്തില്‍നിന്ന് ഏറെദൂരം പ്രയാണം നടത്താനായതിന്റെ വീറും വാശിയാലും കലയുടെ നിലവറകളിലേക്ക് ആഴ്‌ന്നിറങ്ങാനായെന്ന് ഉണ്ണികൃഷ്ണ പിഷാരടിക്കഭിപ്രായമുണ്ട്. ജീവന്‍ തുടിക്കുന്ന ശില്‍പ്പവുമായി, ഹൃദയഭാഷയുടെ കവിതയുമായി നൂതനാശയത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ശില്‍പ്പി. ഗായത്രിയാണ് ഭാര്യ. നവനീത് കൃഷ്ണന്‍ മകനുമാണ്.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: