സ്കൂളില്‍ തൂപ്പുകാരനായിരുന്ന അച്ഛന്റെ ഒമ്പത് മക്കളില്‍ രണ്ടാമന്‍. പട്ടിണിയും പരിവട്ടവുമായ ബാല്യം. കൂലിപ്പണി, പാത്രവിതരണം, കയര്‍ ഫാക്ടറി തൊഴിലാളി, പോസ്റ്റ് ഓഫീസില്‍ മെയില്‍ വാഹനന്‍, സഹകരണസംഘത്തില്‍ പാര്‍ട്ട് ടൈം അറ്റന്‍ഡര്‍. അവസാനം സഹകരണ സംഘം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പദവിയില്‍ ഔദ്യോഗിക ജീവിതത്തിന് തിരശീലയിട്ട പാലോട് ദിവാകരന്‍ നീന്തിക്കയറിയത് വിഷമങ്ങളുടെയും ദുരിതങ്ങളുടെയും നീര്‍ച്ചാലുകളാണ്.
പാലോട് ദിവകാരനെ വ്യത്യസ്തനാക്കുന്നത് കഠിന പ്രയത്നംകൊണ്ട് ജീവിതവിജയം കൈവരിച്ച ആള്‍ എന്നതുമാത്രമല്ല, ജീവിത പ്രാരബ്ധത്തിലും തന്നിലെ അഭിനയ വാഞ്ഛയും സര്‍ഗാത്മകതയും കെടാതെ സൂക്ഷിക്കുകയും അതില്‍ വിജയം വരിക്കുകയും ചെയ്തു എന്ന നിലയിലാണ്. ചെറുവേഷങ്ങളുടെ തമ്പുരാന്‍ എന്ന പേരിലും ദിവാകരന്‍ അറിയപ്പെടുന്നു.
പഠിക്കുന്ന കാലത്ത് ഒട്ടേറെ അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദിവാകരന്‍ ഇരുളില്‍ നിന്ന് ഹാരാര്‍പ്പണം, ഡൊണോഷന്‍, സമരം, കല്‍പ്രതിമ, ചക്രവാളം തുടങ്ങിയ ഏകാങ്ക നാടകങ്ങളെഴുതി സ്കൂള്‍ യുവജനോത്സവങ്ങളിലും ഉത്സവ വേദികളിലും അവതരിപ്പിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് നാടകക്കാരന്‍ ദിവാകരനായി. ആറ്റിങ്ങല്‍ രഞ്ജിനി തീയറ്റേഴ്സിന്റെ ലാല്‍സലാം എന്ന നാടകത്തില്‍ പ്രധാനപ്പെട്ട രണ്ടുവേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രൊഫഷണല്‍ രംഗത്തേയ്‌ക്കുവന്ന ദിവാകരന്‍ മറ്റുചില നാടകങ്ങളിലും അഭിനയിച്ചിരുന്നു.
രക്തസാക്ഷി എന്ന സിനിമയില്‍ പ്രേംനസീറിനൊപ്പമായിരുന്നു ആദ്യമായി ക്യാമറയ്‌ക്കു മുന്നിലെത്തിയത്. പുഴയൊഴുകും വഴി, രാജവെമ്പാല, മാതൃകുടുംബം, തുടങ്ങിയ ചിത്രങ്ങളിലും ദിവകാരന്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചു.
സഹകരണസംഘത്തില്‍ ജോലിചെയ്യവേ കുറച്ചു കാലത്തേയ്‌ക്ക് കലാപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നിന്ന ദിവാകരന്‍ 35-ാം വയസ്സില്‍ ബിഎയും 53-ാം വയസ്സില്‍ എംഎയും പാസ്സായി. അധ്യാപികയായ ഭാര്യ ശ്രീകലയായിരുന്ന ബിരുദവും ബിരുദാനന്തര ബിരുദവും എടുക്കാന്‍ ദിവാകരന്റെ ഗുരു.
53-ാം വയസ്സില്‍ വീണ്ടും അഭിനയരംഗത്തേയ്‌ക്ക് വന്ന അദ്ദേഹത്തെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ വേഷങ്ങളാണ്. പകിട പകിട പമ്പരം, 3 ടെലിഫിലിമുകള്‍, 40 സീരിയലുകള്‍ എന്നിവയിലൂടെ എണ്‍പത്തി അഞ്ചോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാലയോഗത്തിലെ തൊഴിലാളി നേതാവ്, കല്യാണിയിലെ മാനേജര്‍, കാണാക്കിനാവിലെ അഡ്വക്കേറ്റ്, ചെമ്പകപ്പൂക്കളിലെ കൊല്ലന്‍, സുന്ദരം അയ്യര്‍ സിബിഐയിലെ സ്വാതന്ത്ര്യസമരസേനാനി, അരനാഴികനേരത്തിലെ കുട്ടന്‍ മൂപ്പന്‍, സാഗരത്തിലെ കാര്യസ്ഥന്‍ എന്നിവ ദിവാകരന്റെ അഭിനയ മികവ് തെളിഞ്ഞ ചിത്രങ്ങളായിരുന്നു. രാവണന്‍ സിനിമയിലെ യൂണിവേഴ്സിറ്റ് കലോത്സവ കമ്മറ്റി സെക്രട്ടറിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിലും ശ്രദ്ധേയ വേഷം ചെയ്തു. പ്രേംനസീറിനെപ്പോലെ ഒരു മനുഷ്യസ്നേഹിയേയോ, എം. കൃഷ്ണന്‍നായരെപ്പോലെ പ്രതിഭാധനനായ ഒരു സംവിധായകനേയോ, അഭിനയത്തിന്റെ ആഴമറിഞ്ഞ ഒരു സത്യനേയോ ടി.കെ ബാലചന്ദ്രനെപ്പോലെ അര്‍പ്പണ മനോഭാവമുള്ള ഒരു നിര്‍മ്മാതാവിനെയോ പില്‍ക്കാല മലയാള സിനിമാവേദിയില്‍ കാണാനായിട്ടില്ലെന്ന് പറയുന്ന ദിവാകരന് സീരിയല്‍ രംഗത്തും ആദരവ് മാത്രമാണ് കിട്ടുന്നത്. അഭിനയത്തിനൊപ്പം ജന്മനാ ലഭിച്ച സര്‍ഗ്ഗാത്മകതയും ഒപ്പം കൊണ്ടു നടക്കുകയാണ് ദിവാകരന്‍.
യുഗങ്ങള്‍, ജരിത എന്നീ നാടകങ്ങളും, കല്‍വിളക്കുകള്‍, നിഴല്‍രേഖ എന്നീ ചെറുകഥകളും, സഹകാരികളുടെ സഞ്ചാരപഥങ്ങളിലൂടെ എന്ന ലേഖനങ്ങളും, സഹകരണ ദര്‍പ്പണം അറിയാനും പറയാനും എന്ന പഠനഗ്രന്ഥവും പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തനിയെ എന്ന പേരിലുള്ള ഒരു നോവലിന്റെ രചനയിലാണ്.
ഖിന്നനായ കുരുവി, വാത്സല്യക്കോടതി, ദയാവധം, യാത്രാമൊഴി, പഴുത്തപ്ലാവില തുടങ്ങിയ കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാര്‍ധക്യത്തിന്റെ ആലസ്യം വെടിഞ്ഞ് ഊര്‍ജ്ജ്വസ്വലതയോടെ എഴുത്തിന്റെ വഴിയെ നീങ്ങുകയാണ് ദിവാകരന്‍. മലയാള നാടകത്തിന്റെ ചരിത്രവും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരേയും അനാവരണം ചെയ്യുന്ന “യവനികയ്‌ക്ക് പിന്നിലെ കാണാ ചമയങ്ങള്‍” എന്ന പഠനഗവേഷണഗ്രന്ഥത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ പാലോട് ദിവാകരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: