ശിശുക്കള്‍ പൂമ്പാറ്റകളെ പോലെയാണ്. പാറിപ്പറന്നുല്ലസിക്കുന്ന നിഷ്കളങ്കമായ ശൈശവം ഏവരിലും ആനന്ദപ്രദമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു. അവരുടെ ഇളം ചുണ്ടുകളില്‍ വിടരുന്ന തേന്‍ പുഞ്ചിരിയില്‍ ആയിരം സൗരകിരണങ്ങളുടെ തേജസ്സ് നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ കാസര്‍കോട് കുണ്ടംകുഴി മലങ്കാട് കൃഷ്ണന്റേയും പത്മിനിയുടേയും രണ്ടാമത്തെ മകന്‍ അജിത്തിന്റെ അവസ്ഥ മറ്റൊന്നാണ്. അപ്പുവെന്ന് ഏവരും വാത്സല്യപൂര്‍വം വിളിക്കുന്ന ആ ഏഴുവയസുകാരന്റെ ജീവിതം കാണുന്നവരുടേയും കേള്‍ക്കുന്നവരുടേയും കണ്ണുകളെ ഈറനണിയിക്കുംവിധം ദൈന്യത നിറഞ്ഞതാണ്.
കാസര്‍കോട് മുളിയരി പഞ്ചായത്തിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതിന്റെ ദാരുണമായ ചിത്രമാണ് ആ കുരുന്നു ജീവിതം. മനുഷ്യന്റെ അടങ്ങാത്ത സ്വാര്‍ത്ഥത, ജീവന്റെ അടിസ്ഥാന ഘടകങ്ങളായ മണ്ണിനേയും ജലസ്രോതസ്സുകളെയും വായുവിനേയും വിഷലിപ്തമാക്കുമ്പോള്‍ അതിന്റെ പരിണതഫലമേറ്റുവാങ്ങേണ്ടിവന്ന മനുഷ്യരാശിയുടെ പ്രതിനിധിയായി നമ്മുടെ മുന്നില്‍ അപ്പുവെന്ന പിഞ്ചുബാലന്‍ കൂടി ശരീരമാസകലം പൊട്ടിയൊലിച്ച വ്രണങ്ങളുടെ വേദനയാല്‍ തന്റെ നിഷ്ക്കളങ്ക ബാല്യത്തെ കരഞ്ഞുതീര്‍ക്കുന്നു. സമപ്രായത്തിലുള്ള കുട്ടികള്‍ പുസ്തക സഞ്ചിയും പേറി വിദ്യാലയങ്ങളിലേക്ക് യാത്രയാകുമ്പോള്‍ നാക്കിലും വായിലുമൊക്കെയായി ഇടവിടാതെയുണ്ടായിക്കൊണ്ടിരിക്കുന്ന കുമിളകളും വൃണങ്ങളും കാരണം ആഹാരംപോലുമിറക്കാനാവാതെ ജന്മനാല്‍ തന്നെ ബാധിച്ച ഒരു അപൂര്‍വ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിയുവാനാണ് അപ്പുവിന്റെ വിധി.
വളര്‍ച്ചയില്ലായ്മയും വിട്ടുമാറാത്ത പനിയും ചൊറിഞ്ഞു പൊട്ടുന്ന വ്രണങ്ങളും കാഴ്ചക്കുറവും ആ കുരുന്നു ജീവിതത്തെ കൂടുതല്‍ ദുരന്ത പൂര്‍ണമാക്കുമ്പോള്‍ അതിനു മുന്നില്‍ വിതുമ്പുന്ന മുഖത്തോടെ, കൃഷ്ണനും പത്മിനിയും അവരുടെ ഇളയ മകളായ രണ്ടര വയസ്സുള്ള അഞ്ജനയും നിസ്സഹായാവസ്ഥയില്‍ നിലകൊള്ളുകയാണ്.
അപ്പുവിന്റെ മൂത്തസഹോദരനായിരുന്ന കൃപേഷും മൂന്നര വയസ്സില്‍ എന്‍ഡോസള്‍ഫാന്റെ ഇരയായിട്ടാണ് മരണമടഞ്ഞത്. കൃഷ്ണന്റെ സഹോദരി പുഷ്പയുടെ ഇരട്ടക്കുട്ടികളായ അമൃതയും ഐശ്വര്യയും മരണമടഞ്ഞതും എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ വിഷകീടനാശിനിയുടെ ഇരകളായിത്തന്നെയാണ്.
അപ്പുവിന്റെ ചികിത്സാ ചെലവിന് നാളിതുവരെയും കൃഷ്ണന്‍ കടം വാങ്ങിയ തുക നാലുലക്ഷത്തില്‍ അധികമാണ്. അലോപ്പതിയും ആയുര്‍വേദവും ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ക്ക് വിധേയനായ അപ്പു, വിദഗ്‌ദ്ധ ചികിത്സയ്‌ക്കായിട്ടാണ് കാസര്‍കോടുനിന്നും തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ ജനുവരി ഒന്നാം തീയതി പ്രവേശിപ്പിക്കപ്പെട്ടത്. ജനറല്‍ പേ വാര്‍ഡില്‍ ചികിത്സക്കു വിധേയനായ അപ്പുവിന്റെ ആശുപത്രി ചെലവുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി ജനുവരി 27 ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് ആയുര്‍വേദ കോളേജ് അധികൃതരും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അപേക്ഷകള്‍ കൊടുത്തിരുന്നു. ഇവയുടെയെല്ലാം ഫലമായി അജിത്തിന്റെ ചികിത്സാ ചെലവുകള്‍ പൂര്‍ണമായും സൗജന്യമായി നല്‍കപ്പെട്ടുവരുന്നു.
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ബാലഗോകുലം ജില്ലാ കാര്യദര്‍ശിക്ക് സപ്തംബര്‍ 26 ന് അയച്ച കത്തില്‍ അജിത്തിന് ലഭ്യമായിട്ടുള്ള സൗജന്യചികിത്സയെപ്പറ്റി വ്യക്തമാക്കുന്നു. അതിന്‍പ്രകാരം അപ്പുവിനെ അഡ്മിറ്റ് ചെയ്ത തീയതി മുതല്‍ ജൂലൈ ഏഴുവരെ ദിനംപ്രതി ആവശ്യമായി വന്ന ജനറല്‍ പേവാര്‍ഡിന്റെ വാടകയായ 17,700 രൂപയും ഏഴ് ദിവസം ആവശ്യമായി വന്ന തക്രധാര സര്‍വീസ് ചാര്‍ജ്, രണ്ടാഴ്ചക്കാലം ആവശ്യമായി വന്ന ‘കഷായ ധാര’ സര്‍വീസ് ചാര്‍ജ് എന്നിവയുള്‍പ്പെടെ 18120 രൂപ സൗജന്യമാക്കിയതായും ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ മേല്‍ പറഞ്ഞ ചികിത്സാ ഇളവുകള്‍ അപ്പുവിന് ലഭിക്കുന്നുമുണ്ട്. ഈ ആനുകൂല്യങ്ങളില്‍നിന്നും ചെറിയൊരു ആശ്വാസം മാത്രമാണ് ആ നിര്‍ധന കുടുംബത്തിനു ലഭിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ കുളത്തൂരിലെ ഒരു മരക്കമ്പനിയില്‍ തൊഴിലാളിയായ കൃഷ്ണന് അപ്പുവിന്റെ ചികിത്സയ്‌ക്കുവേണ്ടി വരുന്ന ചെലവുകള്‍ ആശുപത്രിയ്‌ക്ക് അകത്തുമാത്രമൊതുങ്ങുന്നതല്ല. പുറമേ നിന്നും വാങ്ങേണ്ടിവരുന്ന മരുന്നുകള്‍ക്കും ചികിത്സാനുസരണം തയ്യാറാക്കേണ്ടതായി വരുന്ന ഭക്ഷണത്തിനും മറ്റു ജീവിത ചെലവുകളും അടക്കം ദിനംപ്രതി 500 ല്‍ അധികം തുകയാണ് ഈ പാവം മനുഷ്യന് കണ്ടെത്തേണ്ടതായി വരുന്നത്. കഴിഞ്ഞ പത്ത് മാസത്തിലേറെയായി ഈ കുടുംബം അപ്പുവിനോടൊപ്പം ആശുപത്രിയുടെ ചെറിയ മുറിയിലാണ് കഴിച്ചുകൂട്ടുന്നത്.
കാതങ്ങള്‍ പിന്നിട്ട്, പ്രതീക്ഷയുടെ നാമ്പുകളെ സ്വപ്നംകണ്ട് രാജനഗരിയിലെ ഈ ആശുപത്രിക്കിടക്കയ്‌ക്കരികില്‍, സ്വന്തമായുണ്ടായിരുന്ന തൊഴിലിനുപോലും പോകാനാകാതെ ജീവിതം തള്ളിനീക്കുന്നതിന്റെ ദൈന്യത ആ അച്ഛന്റെ കണ്ണുകളില്‍ നിന്നാര്‍ക്കും വായിച്ചെടുക്കാം. തൃപ്പൂണിത്തുറ ഗവ.ആശുപത്രിയിലെ ഡോ.എം.എം.അബ്ദുല്‍ ഷുക്കൂറിന്റെ വിദഗ്‌ദ്ധ ചികിത്സയാണ് അപ്പുവിന് ലഭ്യമായി വരുന്നത്. കഴിഞ്ഞ പത്ത് മാസത്തെ ചികിത്സകൊണ്ട് ചെറുതെങ്കിലും ചില വ്യത്യാസങ്ങള്‍ അപ്പുവില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ആറുമാസത്തിലധികമായ തുടര്‍ ചികിത്സകൂടി ആവശ്യമായിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ഒരു ലക്ഷത്തിലധികം തുക കൂടി ഈ കുടുംബം കണ്ടെത്തേണ്ടതായി വരുമെന്ന് ചുരുക്കം. സഹായം നല്‍കുവാനാഗ്രഹിക്കുന്നവര്‍ക്കായി കളമശേരി യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 550402010010028 വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും സഹായഹസ്തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നന്ദിപൂര്‍വം സ്മരിക്കുമ്പോള്‍ കൃഷ്ണന്റെ കണ്ണുകള്‍ നിറയും….
മനുഷ്യന്റെ സ്വസ്ഥമായ ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തുന്നതെന്തും മനുഷ്യാവകാശലംഘനമാണെന്ന് നിര്‍വചനമുള്ള സമൂഹത്തില്‍ അപ്പുവിന്റെ ജീവിതം, മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടതിന്റെ നേര്‍കാഴ്ചയായി മാറുകയാണ്. എന്‍ഡോസള്‍ഫാന്‍ പോലുള്ള വിഷകീടനാശിനികള്‍ക്കുവേണ്ടി ഇന്നും വാദഗതി ഉയര്‍ത്തുന്നവര്‍ക്കുമുന്നില്‍ ഈ ദയനീയമായ ചിത്രം ഒരുപക്ഷെ യാതൊരു പ്രതികരണവുമുളവാക്കിയെന്നുവരില്ല, എന്നാല്‍ ജനായത്ത വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധികാര കേന്ദ്രങ്ങളില്‍ നിലകൊള്ളുന്നവര്‍ക്കും മാനുഷികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന പൊതുസമൂഹത്തിനും അപ്പുവിനേയും ആ നിര്‍ധന കുടുംബത്തേയും ശ്രദ്ധിക്കാതെ പോകുവാന്‍ സാധ്യമല്ല.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാകുന്ന എല്ലാ സഹായങ്ങളുമെത്തിച്ചുകൊടുക്കുവാനും അവരുടെ പൂര്‍ണ സംരക്ഷണമുറപ്പുവരുത്തുവാനും സമൂഹം ഉണരേണ്ടതായിട്ടുണ്ട്. പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ കളിച്ചുല്ലസിക്കുവാനും സമപ്രായക്കാരായ കൂട്ടുകാരോടൊന്നിച്ച് വിദ്യാലയത്തില്‍ പോകുവാനും സാധിക്കുംവിധം അപ്പുവിന്റെ ജീവിതവും പ്രകാശപൂരിതമാകണം.
-കെ.ജി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: