ഒക്ടോബര്‍ 20-ാം തീയതി വൈകുന്നേരം തലശ്ശേരിറെയില്‍വേസ്റ്റേഷനില്‍ വണ്ടിയിറങ്ങി പുറത്തുവന്ന് താമസിക്കാന്‍ ഏര്‍പ്പാടുചെയ്തിരുന്ന പി.കെ.കൃഷ്ണദാസിന്റെ വീട്ടിലേക്കു പോകുമ്പോള്‍ 53 വര്‍ഷം മുമ്പ് ആദ്യമായി പ്രചാരകനെന്ന നിലക്ക് അവിടെയെത്തിയതിന്റെ ഓര്‍മവന്നു. ഇക്കുറി സന്ധ്യക്കു മുമ്പാണെത്തിയതെങ്കില്‍ അന്ന് ഉദയത്തിനുമുമ്പായിരുന്നു എന്ന വ്യത്യാസമുണ്ട്. സ്റ്റേഷനില്‍ നിന്നു പുറത്തുവന്ന് കാറില്‍ പോകുമ്പോള്‍ ഇത്രയും മോശമായി റോഡുകളെ പരിപാലിക്കാന്‍ ഒരു പൊതുമരാമത്തു വകുപ്പിനും, നഗരസഭയ്‌ക്കും സാധിക്കുമോ എന്നു തോന്നിപ്പോയി. സ്റ്റേഷന്‍ മുതല്‍ ടൗണ്‍ ഹാള്‍ ജംഗ്ഷന്‍വരെ ഏതുദിവസം വേണമെങ്കിലും ദേശീയപാതയായി കയറ്റം കിട്ടാവുന്ന തലശ്ശേരി കൂര്‍ഗ് റോഡാണ്. ടിസി റോഡ് എന്നു പണ്ടെ തലശ്ശേരിക്കാര്‍ ഓമനപ്പേര്‍ വിളിച്ചിരുന്നു. നഗരാതിര്‍ത്തിക്കകത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയതായിരുന്നു. റോഡിലൂടെ വാഹനങ്ങള്‍ ഒഴുകുകയാണെന്ന് തോന്നുമായിരുന്നു അന്ന്. ഇത്തവണത്തെ യാത്ര പാറമടയിലേക്കുപോകുന്ന വഴിലൂടെയാണെന്നു തോന്നി. മറ്റുറോഡുകളാകട്ടെ ചളിക്കുണ്ടുകളോ എന്നു തോന്നുന്ന അവസ്ഥയിലാണ്. രണ്ടുദിവസം തലശ്ശേരിയില്‍ കഴിഞ്ഞതിനിടെ യാത്രചെയ്ത ഒരു വഴിയും കാല്‍നടയാത്രക്കാര്‍ക്കുപോലും ദുഃസ്വപ്നമാണല്ലോ എന്നുതോന്നി. കേരളത്തിലെ ഏറ്റവും കരുത്തന്മാരായ രാഷ്‌ട്രീയ നേതാക്കളാണ് നിയമസഭയില്‍ തലശ്ശേരിയെ പ്രതിനിധീകരിച്ചിട്ടുള്ളവര്‍. ഇപ്പോള്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുമ്പ് ഇ.കെ.നായനാര്‍, നഗരസഭയും മാര്‍ക്സിറ്റ് പാര്‍ട്ടിയുടെ കുത്തക. എന്നിട്ടും എന്തേ മലബാറിലും കേരളത്തിലും, ഭാരതത്തിലുമെന്നല്ല ലോകതലത്തിലും പ്രാഗത്ഭ്യം തെളിയിച്ച മേധാശക്തിയുള്ള മഹാന്മാരെ ഡസന്‍കണക്കിന് സൃഷ്ടിച്ച തലശ്ശേരിക്ക് ഈ ഗതിവന്നു; റോഡുകളുടെ കാര്യത്തിലെങ്കിലും?
ഞാന്‍ ആദ്യം തലശ്ശേരിയിലെത്തുമ്പോള്‍ സാക്ഷാല്‍ വി.ആര്‍.കൃഷ്ണയ്യരായിരുന്നു അവിടത്തെ എംഎല്‍എയും, മന്ത്രിയും. അന്ന് അതിമനോഹരമായ ചെറുനഗരമായിരുന്നു അത്. മനോഹരമായ റോഡുകളും, പഴശ്ശിരാജാപാര്‍ക്കും, കുഞ്ഞാലി പാര്‍ക്കും, മൈതാനവും കടല്‍ത്തീരവും എന്നും മനസ്സിനു കുളിര്‍മ തരുന്നതായിരുന്നു. ഇന്ത്യയില്‍ ആദ്യം ക്രിക്കറ്റ് കളിക്കപ്പെട്ട സ്ഥലം തലശ്ശേരി മൈതാനമായിരുന്നുവെന്ന് മുര്‍ക്കോത്തുകുഞ്ഞപ്പ എഴുതിയ ഒരു ലേഖനത്തില്‍ വായിച്ചിട്ടുണ്ട്. ആര്‍തര്‍ വെല്ലസ്ലി മുതല്‍ സിക്സര്‍പപ്പന്‍ വരെയുള്ള ഒട്ടേറെ കളിക്കാരെക്കുറിച്ചും മുര്‍ക്കോത്ത് ആ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ല രൂപീകരിച്ചപ്പോള്‍ ആസ്ഥാനം കണ്ണൂരായി നിശ്ചയിക്കപ്പെട്ടു. അന്ന് കൃഷ്ണയ്യര്‍ ജില്ലാകോടതിയും, ജില്ലാ ആശുപത്രിയും, തലശ്ശേരിക്കു വാഗ്ദാനം ചെയ്തു.
നേരത്തെതന്നെ ഉത്തരമലബാര്‍ ജില്ലാക്കോടതി തലശ്ശേരിയിലായിരുന്നു. മലബാറിലെ ഇസ്റ്റ്‌ഇന്ത്യാക്കമ്പനി ഭരണത്തില്‍ ആദ്യം ആരംഭിച്ച കോടതിയും അതായിരുന്നത്രേ. അതിനാല്‍ സ്വാഭാവികമായും അത് ജില്ലാക്കോടതിയായി തുടര്‍ന്നു. ജില്ലാ ആസ്പത്രിക്കായി കോണോര്‍വയല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ആസ്പത്രിമാത്രം വന്നില്ല.
പക്ഷേ തലശ്ശേരി മൈതാനത്ത് നല്ലൊരു സ്റ്റേഡിയം നിര്‍മിക്കാന്‍ നഗരസഭയ്‌ക്കും, കൃഷ്ണയ്യര്‍ക്കും കഴിഞ്ഞു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനുപുറമെ വളരെക്കാലത്തേക്ക് അതുമാത്രമായിരുന്നു കേരളത്തില്‍ സ്റ്റേഡിയം. നാഗരിക സൗകര്യങ്ങളുടെ കാര്യത്തില്‍ തലശ്ശേരി ഏറെ മുന്നോട്ടുപോകേണ്ടിയിരുന്നു. കേരളത്തിലെ ഏറ്റവും ശക്തരായ രണ്ടു നേതാക്കള്‍ തലശ്ശേരിക്കാരായുള്ളപ്പോള്‍ ആ നഗരം ഇങ്ങനെ നാശോത്മുഖമായത് അവര്‍ക്കുതന്നെ നാണക്കേടാണ്. എല്ലാവരും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മന്ത്രി പി.ജെ.ജോസഫിന്റെ പരിശ്രമഫലമായി തൊടുപുഴയില്‍ നടന്ന വികസനങ്ങള്‍ കാണാന്‍ ഞാന്‍ തലശ്ശേരിയിലെ ആതിഥേയരോടു പറഞ്ഞു.
ഭാരതീയജനസംഘം സമാരംഭിച്ചതിന്റെ 60 വര്‍ഷം പൂര്‍ത്തിയായ ദിവസമായ ഒക്ടോബര്‍ 21ന് കണ്ണൂര്‍ ജില്ലയിലെ ജനസംഘപ്രവര്‍ത്തകരുടെ ഒരു സംഗമം കൂത്തുപറമ്പയില്‍ നടത്തപ്പെട്ടു. അതില്‍ സംബന്ധിക്കാന്‍, അവിടത്തെ പ്രവര്‍ത്തകര്‍ എന്നെയാണ് ഒഴിവുകണ്ടതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി.രാഘവന്‍ അറിയിച്ചതനുസരിച്ചാണ് പോയത്. 2001ലെ പഴയ ജനസംഘപ്രവര്‍ത്തകരും, ഏതാണ്ട് നൂറോളം ബിജെപി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥവരെ ജനസംഘസംഘടനാകാര്യദര്‍ശിയായിരുന്നതിനാല്‍ പഴയ പ്രവര്‍ത്തകരില്‍ മിക്കവരേയും ഓര്‍മിച്ചെടുക്കാന്‍ കഴിഞ്ഞു.
അക്കൂട്ടത്തില്‍ കെ.ജി.മാരാരുടേയും എ.സി.നായരുടെയും അഭാവം പഴയ പ്രവര്‍ത്തകര്‍ക്കെല്ലാം അനുഭവപ്പെട്ടു. കുമാര്‍ നാറാത്ത്, സി.കോരന്‍, പി.വി.രാമചന്ദ്രന്‍, പി.വി.കൃഷ്ണന്‍ നായര്‍ തുടങ്ങി ആദ്യകാലത്ത് വഴിവെട്ടിത്തെളിച്ച നിരവധിപേര്‍ ഉണ്ട്. വാടിക്കല്‍രാമകൃഷ്ണന്‍ തുടങ്ങി സംഘപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ബലിദാനികളായവരുടെ സ്മരണയും അപ്പോള്‍ ഉണര്‍ന്നു.
അനുക്തായേ ഭക്താഃ ഹരിചരണ സംസക്തഹൃദയാ:
അവിജ്ഞാതാ വീരാ സമരമധിസംപ്രാപ്തമരണ
എന്ന ആദ്യകാല സംഘപ്രാതസ്മരണയുടെ അവസാനശ്ലോകമാണ് ഓര്‍മയില്‍വന്നത്.
തലശ്ശേരിയില്‍ ദീപ്തസ്മരണയായിനില്‍ക്കുന്നത് പ്രാന്തസംഘചാലകനായിരുന്ന അഡ്വ.കെ.വി.ഗോപാലന്‍ അടിയോടിയാണ്. അദ്ദേഹത്തിന്റെ വീട് എനിക്ക് ആറെഴുകൊല്ലക്കാലം സ്വന്തം വീടുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ എല്ലാവരും ഓരോരംഗങ്ങളില്‍ പ്രഗത്ഭരായി ജീവിക്കുന്നു. ഏറ്റവും ഇളയരഘുവും, മൂത്ത ജയലക്ഷ്മിയും കുടുംബസ്ഥരായിക്കഴിയുന്നു. ഡോ.രാമകൃഷ്ണന്‍ തലശ്ശേരിയിലെ പ്രശസ്തമായ ടെലി ആസ്പത്രിയുടെ മുഖ്യചുമതലക്കാരനാണ്. അവരെ സന്ദര്‍ശിക്കാനും പഴയസ്മരണകള്‍ പുതുക്കാനും കഴിഞ്ഞു. ജയലക്ഷ്മിയും ഡോ.രാമകൃഷ്ണനും ഏതാണ്ട് വാനപ്രസ്ഥമനോഭാവക്കാരായി എന്നുതോന്നി.
ജയലക്ഷ്മിയുടെ ഭര്‍ത്താവ് ഡോ.മോഹന്‍ദാസ് പ്രഗത്ഭനായ ശിശുരോഗ വിദഗ്ധനാണ്. ധാരാളം വായിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന അദ്ദേഹം 30 വര്‍ഷത്തെ ടൈംവാരികയുടെ ലക്കങ്ങള്‍ ജന്മഭൂമിക്ക് അയച്ചുതന്നിരുന്നു.
സാധാരണയായി പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കാന്‍ ഉത്സാഹമുള്ളവരേറെയുണ്ട്. അങ്ങിനെ യല്ലാത്തവരുടെ കൂട്ടത്തിലാണ് രാമകൃഷ്ണനും, മോഹന്‍ദാസും. അവര്‍ പേരും പരീക്ഷയും മാത്രമേ ലറ്റര്‍ഹെഡ്ഡില്‍ വെച്ചിട്ടുള്ളു. കെ.എം.രാമകൃഷ്ണന്‍ എം.ഡി.എം.ആര്‍.സി.പി. എന്നുമാത്രം. കണ്ണൂരിലെ പ്രശസ്ത സര്‍ജനായിരുന്ന സി.രാമന്‍ അങ്ങിനെയായിരുന്നു. സി.രാമന്‍ സര്‍ജന്‍ എന്നേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളു. അതാണ് ശരിയായ രീതി എന്നദ്ദേഹം പറയുമായിരുന്നു.
തലശ്ശേരിയിലെ പഴയ സ്വയംസേവകനായ കെ.വി.ശ്രീധരനോടൊപ്പം കുറേസമയം ചെലവഴിക്കാനും ആഹാരം കഴിക്കാനുമവസരമുണ്ടായി. സംഘപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരികയും ബലിദാനങ്ങള്‍ നല്‍കുകയും ചെയ്ത കുടുംബമാണദ്ദേഹത്തിന്റെത്. കാവുംഭാഗത്തെ അദ്ദേഹത്തിന്റെ കുടുംബവീടുതന്നെ മാര്‍ക്സിസ്റ്റുകാര്‍ ഇടിച്ചുനിരത്തി. അനുജന്‍ സുരേന്ദ്രന്‍ സജീവരംഗത്തുനിന്നും ഒഴിഞ്ഞ് സ്വസ്ഥജീവിതം നയിക്കുകയായിരുന്നിട്ടും, മാര്‍ക്സിസ്റ്റ് കൊലയാളിസംഘം വീട്ടില്‍ കയറി ഒരു രാത്രി വെട്ടിക്കൊന്നു. എന്നിട്ടും ഉള്ളിലെ അഗ്നി കെടാതെ പ്രവര്‍ത്തിക്കുകയാണ് ശ്രീധരന്‍. 50 വര്‍ഷം മുമ്പ് ശാഖയില്‍ വന്ന കാലംമുതല്‍ അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ ഒരംശംമാത്രം മതി ഒരു സാധാരണക്കാരനെ നിരാശനാക്കാന്‍. കൂത്തുപറമ്പില്‍ നിന്നു മടങ്ങുംവഴി വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരനുമായി സംസാരിക്കുന്നതു കേട്ടപ്പോള്‍ ഒരിക്കലും അണയാത്തതാണ് അവരുടെ ഉള്ളിലെ കര്‍മശേഷി എന്നു ബോധ്യമായി.
തലശ്ശേരിയിലെ തലായി ശാഖയില്‍ മുമ്പ് വി.പി.ദാസന്‍ എന്ന സ്വയംസേവകനുണ്ടായിരുന്നു. അദ്ദേഹം പിന്നീട് പ്രചാരകനായും കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ചു. പിന്നീട് മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതലവഹിച്ചു. ജനുവരിയില്‍ കണ്ണൂരില്‍ നടന്ന പ്രൗഢസംഗമത്തിലും കൂത്തുപറമ്പു പരിപാടിയിലും അദ്ദേഹത്തെ കണ്ടില്ല. പക്ഷേ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തൃപ്പൂണിത്തുറയിലെ സംഘചാലക് അഡ്വ.വിജയകുമാറിന്റെ വസതിയില്‍വെച്ചു കണ്ടു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്യസ്തജീവിതത്തെപ്പറ്റി പറഞ്ഞു. ബാലന്‍ പൂതേരി എന്ന എഴുത്തുകാരനെ സഹായിച്ച്, കഴിയുകയാണ് ദാസന്‍. ധാര്‍മികവും ആധ്യാത്മികവുമായ വിഷയങ്ങളെക്കുറിച്ച് ധാരാളം നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആളാണ് ബാലന്‍ പൂതേരി. കാലിക്കറ്റ് സര്‍വകലാശാലക്കടുത്താണത്രേ താമസം.
ദാസന്‍ 1965ലെ കാലടി സംഘശിക്ഷാവര്‍ഗിലാണ് ഒന്നാം വര്‍ഷം പരിശീലനം നേടിയത്. വളരെ പ്രഗത്ഭരായ ഏതാനും പേര്‍ അന്ന് പ്രഥമവര്‍ഷ ശിക്ഷണത്തിനുണ്ടായിരുന്നു. അവരുടെ ഗണശിക്ഷകനാകാനുള്ള ഭാഗ്യം എനിക്കുണ്ടായി. പി.പി.മുകുന്ദന്‍, ദാസന്‍, വിദ്യാനികേതന്റെ മുഴുവന്‍ ചുമതലയും നിര്‍വഹിച്ച എന്‍.വിജയന്‍,ആലപ്പുഴക്കാരന്‍ നാരായണന്‍, താനൂരിലെ അറുമുഖര്‍, കോട്ടയത്തുകാരന്‍ വിജയകുമാരന്‍ കര്‍ത്താ തുടങ്ങിയവരെ ഓര്‍ക്കുന്നു. കര്‍ത്താവ് മാത്രമേ പിന്നീട് സംഘവുമായി ബന്ധമുള്ള ഏതെങ്കിലും രംഗത്തു വരാതെയുള്ളൂ. മറ്റുള്ളവരെല്ലാം തന്നെ ജീവിതത്തിന്റെ നല്ലകാലം സംഘത്തിനു നല്‍കിയവരാണ്. വിജയകുമാരന്‍ കര്‍ത്താ എല്‍ഐസി ജീവനക്കാരനായി തിരുവനന്തപുരത്തുനിന്നാണ് കാലടി ശിബിരത്തിനുവന്നത്. സാക്ഷാല്‍ മീനച്ചല്‍ കര്‍ത്താവാണദ്ദേഹം. അദ്ദേഹം കോട്ടയത്തെ വീട്ടിലെത്തിയ വിവരം അറിഞ്ഞു. കോട്ടയത്തു പ്രചാരകനായിരുന്ന ഞാന്‍ കാണാന്‍ പോയി. വീട്ടില്‍ എത്തിയപ്പോള്‍ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ഒരു വൃദ്ധനെ കണ്ടു. കാല്‍പെരുമാറ്റം കേട്ട് അദ്ദേഹം പത്രംമാറ്റിവെച്ച് തലയുയര്‍ത്തിനോക്കി. 1946ല്‍ തൊടുപുഴ ഹൈസ്കൂളില്‍ സെക്കന്‍ഡ് ഫോറത്തിലെ ക്ലാസ് ടീച്ചറായിരുന്ന എം.എ.കൃഷ്ണപണിക്കര്‍ സാര്‍! 20 വര്‍ഷങ്ങള്‍ക്കുശേഷം കറുത്തമുടിയും താടിയും നരച്ചതായി എന്നതൊഴികെ അതേ പണിക്കര്‍ സാറിനെ കണ്ട് വിസ്മയിച്ചു. പിന്നെ പരിചയപ്പെടലും, കുശലം ചോദിക്കലും കൂടുതല്‍ മമതാപൂര്‍ണമായി. വിജയകുമാരന്‍ കര്‍ത്താവും ശബ്ദം കേട്ടു പുറത്തുവന്നപ്പോള്‍ ഞങ്ങളുടെ ഗുരുശിഷ്യസ്വഭാവം കണ്ട് വിസ്മയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഞ്ഞനാട്ട് ദേശത്തിന്റെ നാടുവഴികളായിരുന്ന മുഞ്ഞനാട്ട് പണിക്കരായിരുന്നു അദ്ദേഹം. എഴുതിയെഴുതി കാടുകയറിയെന്നു തോന്നുന്നു.
കൂത്തുപറമ്പില്‍ കണ്ട മറ്റൊരു പഴയനേതാവ് എന്‍.സി.ടി.മധുസൂദനന്‍ നമ്പ്യാരായിരുന്നു. 1967 വരെ കോണ്‍ഗ്രസ്സുകാരനായിരുന്നു അദ്ദേഹം. അന്ന് പി.ആര്‍.കുറുപ്പിനെതിരെ മത്സരിച്ചതിന്റെ ഫലമായി, ഒട്ടേറെ ദ്രോഹങ്ങള്‍ സഹിക്കേണ്ടിവന്ന അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ ആശ്രയം ലഭിച്ചില്ല. കോഴിക്കോട്ടുവന്ന് ജനസംഘം നേതാക്കളെകണ്ടു. അന്നുമുതല്‍ തന്റെ നാട്ടിലെ ജനസംഘത്തിന്റെയും സംഘത്തിന്റെയും പതാകാവാഹകനായി നമ്പ്യാര്‍ നിലകൊണ്ടു. അടുത്ത ബന്ധു എന്‍.സി.ടി. രാജഗോപാല്‍ നിരവധിവര്‍ഷങ്ങള്‍ പ്രചാരകനായിരുന്നു. ഇപ്പോള്‍ വിദ്യാനികേതന്റെ സംസ്ഥാന സെക്രട്ടറിയാണ്. ഈയിടെ പത്നിയുടെ വിയോഗം അവശനാക്കിയ മധുസൂദനന്‍ നമ്പ്യാര്‍ പരിപാടിയില്‍ പങ്കെടുത്ത് ചരിതാര്‍ത്ഥനായി മടങ്ങി. അടിയന്തരാവസ്ഥക്കാലത്ത് ഇരിവനാട്ട് അണിയാരത്തുള്ള അദ്ദേഹത്തിന്റെ ഭവനം സംഘജനസംഘപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനമായിരുന്നു.
പഴയ പടക്കുതിരയായ തളിപ്പറമ്പിലെ കെ.സി.കണ്ണേട്ടന്‍ വേദിയിലെ പ്രധാന സ്ഥാനത്തിരുന്നു.
അങ്ങിനെ അരനൂറ്റാണ്ടിന്റെ സ്മരണകളുണര്‍ത്തിയ ഒരു ദിവസം ആഹ്ലാദത്തോടെ അനുഭവിച്ചു.
-പി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: