ഐതിഹ്യങ്ങളുടെ വായ്‌ത്തലയിലുരസുന്ന ദേശപ്പെരുമയുടെ ശിശിരപൂര്‍ണിമയില്‍ ആറാടാന്‍ മടിക്കുന്ന ആധുനികോത്തര സംസ്കൃതിയുടെ പരിഛേദംപോലൊരു നഗരച്ചെരിവ്. അതിന് നാട്ടിന്‍ പുറത്തിന്റെ ചടുലതയില്ലെങ്കിലും നാഗരികതയുടെ തലപ്പാവും ഉടുത്തുകെട്ടും. പ്ലാസ്റ്റിക് മുതല്‍ കുളയട്ടയും കോഴിവേയ്സ്റ്റും നിറഞ്ഞ കാളകൂടമായി അഴുക്കും തരിപ്പും മറന്ന ജലാശയത്തിന് മേലാപ്പായി തുരുത്തേല്‍ പാലം. കോട്ടയം നഗരം തീരുന്നിടത്ത് വിജയപുരം പഞ്ചായത്തിന്റെ തുടിപ്പും തുടക്കവുമായാണ് മാങ്ങാനം മയങ്ങുന്നത്. ഉണരുന്നതാവട്ടെ ഫാക്ടറി സൈറണ്‍ കേട്ടും. കേരള രൂപീകരണത്തിനുശേഷമുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും സെല്‍ ഭരണവും ഭക്ഷ്യക്ഷാമവും വിമോചനസമരവും ഓര്‍മിപ്പിക്കുന്ന മക്രോണി.
മരച്ചീനിയില്‍ നിന്നുല്‍പ്പാദിപ്പിച്ചിരുന്ന ഈ മാന്ത്രികകുഴലിനെ മറയാക്കി ആക്ഷേപഹാസ്യം രചിച്ച കഥാപ്രസംഗകാരന്റെ മേല്‍വിലാസമോ, സ്മാരകമോ എന്നോണം മാക്രോണി പാലം. ഗ്രാമത്തിലേക്ക് എതിരേല്‍ക്കുംപോലെ ശിവപുരം താമരശേരി ക്ഷേത്രത്തിന്റെ അലങ്കാരവും കാണിക്ക വഞ്ചിയും. അതിനോട് ചേര്‍ന്നൊരു ബോര്‍ഡും ഫോണ്‍ നമ്പറും. നീലയില്‍ കറുത്ത അക്ഷരത്തില്‍ ‘പൊതിയില്‍ ഗുരുകുല’മെന്ന രേഖപ്പെടുത്തലും. നേരെ നടന്നെത്തുന്നത് താമരശേരി ശിവക്ഷേത്രത്തിലാണ്. ഇടത്തോട്ടു തിരിഞ്ഞാല്‍ കോണ്‍ക്രീറ്റു വീടുകളെ കൊഞ്ഞനം കാണിക്കുംവിധം ഒരു നാലു കെട്ട്. കൂത്തുമാടമില്ലെങ്കിലും ഇതൊരു കൂടിയാട്ടത്തിന്റെ തട്ടകവും ഒട്ടേറെപ്പേരെ പരിശീലിപ്പിച്ചെടുത്ത കളരിയും. പൊതിയില്‍ ഗുരുകുലം.
ജീവിതം കൂത്തിനും കൂടിയാട്ടത്തിനും സമര്‍പ്പിച്ച പൊതിയില്‍ ചാക്യാന്മാരും മാങ്ങാനവുമായുള്ള ബന്ധത്തിന് ടിപ്പുവിന്റെ പടയോട്ടക്കാലത്തോളം പഴക്കമുണ്ട്. ആലുവ മഞ്ഞപ്പെട്ടി കരയിലുള്ള പൊതിയില്‍ എന്ന സ്ഥലത്തുനിന്നും ഇവിടെ പൊറുതി തുടങ്ങിയപ്പോള്‍ തെക്കുംകൂര്‍ രാജാക്കന്മാര്‍ 230 ഏക്കര്‍ സ്ഥലം നല്‍കി. പുത്തന്‍മഠം നടുവിലേ മഠം അമ്പുമുറി മാളികമഠം എന്നിങ്ങനെ കുടുംബം മൂന്നായിതിരിഞ്ഞു. ഇപ്പോഴത്തെ ഗുരുകുലത്തിന്റെ ആചാര്യസ്ഥാനത്ത് നാല്‍പ്പത്തഞ്ചുകാരനായ നാരായണ ചാക്യാരും. ചൊല്‍ക്കെട്ടും സാമ്പ്രദായിക പഠനത്തിനുള്ള ആട്ടപ്രകാരവും ക്രമദീപികയുമായി ശിഷ്യന്മാരെ മെരുക്കുന്ന ഗുരുകുലത്തിന്റെ അഗ്രിമസ്ഥാനത്ത് പിഎന്‍എന്‍ ചാക്യാരുമുണ്ട്. അദ്ദേഹം കവിയൂര്‍ താമസമാക്കിയിരിക്കുന്നു.
മരുമക്കത്തായമനുസരിച്ചുള്ള ദായക്രമത്തിലൂടെ പൊതിയില്‍ കുടുംബം സ്വീകരിച്ചുപോരുന്ന പേരുകള്‍ക്കുമുണ്ട് ഒരു ഏകതാനത. അതാവട്ടെ നാരായണ ചാക്യാരെന്നും പരമേശ്വരചാക്യാരെന്നും. തിരക്കൊഴിഞ്ഞ മധ്യാഹ്നത്തില്‍ അവിടെ എത്തിച്ചേരുമ്പോള്‍ സാധകത്തിന്റെ സാന്ദ്രഭാവത്തിലായിരുന്നു പഠിതാക്കള്‍. ഗുരുനാഥന്റെ നര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രസഭാവങ്ങളിലേക്കുള്ള കടന്നുപോക്ക്. ഹൈസ്കൂളുകാരും ഹയര്‍സെക്കന്ററിക്കാരും പഠിച്ചുപോരുന്നതിനാല്‍ ശനിയും ഞായറും മറ്റ് അവധിദിനങ്ങളിലുമാണ് ഗുരുകുലത്തിന്റെ പ്രവര്‍ത്തനം.
കാലംമാറിയതനുസരിച്ച് കോലവും മാറിയിരിക്കുന്നു. ഒരവസരത്തില്‍ നാരായണ ചാക്യാര്‍ പറഞ്ഞു തുടങ്ങി. ശില്‍പ്പ ഭദ്രമായ പരിശീലനവും പ്രയോഗരീതികളും മത്സരത്തിനുള്ള ഉപാധികളോടെ ചിട്ടപ്പെടുത്തിയിരിക്കുന്നു. എല്ലാ ഘടകങ്ങളും ചേര്‍ന്ന കാപ്സ്യൂള്‍ പരുവം. അതിനപ്പുറം കുട്ടികള്‍ക്ക് ക്ഷമയുമില്ല. സ്കൂള്‍-കോളേജ് തല മത്സരങ്ങളില്‍ ആവശ്യവുമില്ല. യുനസ്കോ 2001 ല്‍ അംഗീകരിച്ചുകഴിഞ്ഞതോടെ കൂടിയാട്ടത്തോടുള്ള ആസ്വാദകന്റെ സമീപനത്തിലുമുണ്ട് അല്‍പ്പം വ്യതിയാനം. കൂത്തുമാടം വിട്ട് പൊതുവേദികളിലേക്ക് എത്തിപ്പെട്ടതോടെ യുവത്വം വളരെയേറെ ജിജ്ഞാസയോടെയാണീ കലാരൂപത്തെ സമീപിക്കുന്നത്. ഒരു വലിയ മാറ്റത്തിന്റെ നിസ്തന്ദ്രമായ അനുധ്യാനമെന്ന് ഫലിതംപോലെ ചാക്യാരുടെ വിശേഷണം. വേഷം, ഭാഷ, ചലനം, വിവരണം എല്ലാം നിരീക്ഷിക്കുന്നതിലെ ഔചിത്യം തങ്ങള്‍ക്കും ആവേശം തരുന്നവയെന്ന് മിഴാവ് വാദകനായ കലാമണ്ഡലം ശിവപ്രസാദും ഇടയ്‌ക്കയിലും ചുട്ടിയിലും കരവിരുത് കാട്ടുന്ന കലാമണ്ഡലം അരുണ്‍കുമാറും പറയുന്നു.
അമ്മന്നൂര്‍ മാണിയില്‍ പൈങ്കുളം പൊതിയില്‍ ഈ നാലു ചാക്യാര്‍ കുടുംബത്തിനും കൂടിയാട്ടത്തില്‍ ശീലങ്ങളുടെ ചില തനത് മുദ്രക്കെട്ടുകളുണ്ട്. ചാരിവകഭേദമെന്ന നിത്യക്രിയയില്‍ വ്യത്യസ്ത ശൈലിയാണ് നിഷ്കര്‍ഷിക്കുന്നതും പിന്തുടരുന്നതും. വാചികം ആംഗികം സാത്വികം ആഹാര്യം എന്നിങ്ങനെ ചതുര്‍വിധത്തിലൊന്നിണങ്ങി ആവേഗങ്ങളിലൂടെ തീവ്രമാക്കേണ്ടതുണ്ട് അഭിനയം. കൂടിയാട്ടത്തിന്റെ വിശാലഭൂമിക നാട്യകലയുടെ ഔന്നിത്യമാണ് പ്രകടമാക്കുന്നത്. ഓത്തു പിഴച്ചത് കൂത്ത്, കുത്തു പിഴച്ചത് ആട്ടം. കൂടിയാട്ടത്തിലെ വേഷവും അഭിനയവും മുദ്രയും കൂടുതലായി പരിഷ്ക്കരിച്ച് സ്വീകരിച്ചിരിക്കുന്നവയാണ് കഥകളിക്കാരുടെ വേഷാദികള്‍. നമ്പൂതിരിമാര്‍ക്ക് ദോഷം സംഭവിച്ചിട്ട് ചാക്യാര്‍ ഉണ്ടായി എന്ന് അര്‍ത്ഥവും ഗ്രഹിക്കാമെന്ന് ശൈലീപ്രദീപത്തില്‍ വടക്കുംകൂര്‍ രാജാരാജവര്‍മ രാജയും രേഖപ്പെടുത്തിയിരിക്കുന്നു.
ദൈവനിയോഗത്തിന്റെ പ്രാകാരങ്ങളിലേക്കുള്ള നിവേശനം സാധ്യമാകുന്ന വിനീതോപാസകര്‍ രസഭാവങ്ങള്‍ അത്യുക്തിയില്ലാത്തവിധം മിഴാവിന്റേയും കുഴിത്താളത്തിന്റേയും അകമ്പടിയോടെ അവതരിപ്പിക്കുകയാണ്. വാദ്യപ്പൊലിമയ്‌ക്കായി ഇപ്പോള്‍ കുഴലും തിമിലയും ഉപയോഗിക്കുന്നുണ്ട്. ഭാഷയുടെ ശ്രേഷ്ഠതയും ശ്രദ്ധേയമാണ്. സംസ്കൃത നാടകങ്ങളെ മാത്രം ഉപജീവിക്കുമ്പോള്‍ ആദിമധ്യാന്തം നിറഞ്ഞുനില്‍ക്കുന്നതും മറ്റൊന്നല്ല. ക്ഷേത്രാചാരത്തോടൊപ്പം അഭീഷ്ടസിദ്ധിക്കും ഈ കലാരൂപത്തെ ഉപാസിച്ചുപോരുന്നു. അംഗുലിയാങ്കം, മത്തവിലാസം, ബ്രഹ്മചാരികൂത്ത്, മന്ത്രാങ്കം എന്നിവ അഭീഷ്ട സിദ്ധിദായകങ്ങളാണ്.
കേന്ദ്രഗവണ്‍മെന്റിന്റെ ഗ്രാന്റും ദക്ഷിണകളുമായി മുന്നേറുന്ന ഗുരുകുലം ബാലാരിഷ്ടതകള്‍ പിന്നിട്ടു കഴിഞ്ഞു. പത്മശ്രീ അമ്മന്നൂര്‍ മാധവചാക്യാരുടേയും കുട്ടന്‍ ചാക്യാരുടേയും ശിഷ്യനായ നാരായണ ചാക്യാര്‍ക്ക് പൊതിയില്‍ ഗുരുകുലത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയും മനസിലില്ല. മടുപ്പിന്റെ പ്രവൃത്തിദിനങ്ങളില്‍നിന്നും മുഷിപ്പില്ല. അവധിദിനത്തിന്റെ അപരാഹ്നങ്ങളില്‍നിന്നും അപഹരിച്ചെടുത്ത് കലയ്‌ക്കായിദാനം ചെയ്യുന്ന ശിഷ്യരാവട്ടെ എല്ലാം ഇവിടേയ്‌ക്ക് സമര്‍പ്പിച്ചിരിക്കുന്നു. കലാസ്നേഹിയും പ്രഭാഷകനും മാത്രമല്ല, നല്ലൊരു സംഘാടകര്‍ കൂടിയായ പ്രൊഫ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി അധ്യക്ഷനായുള്ള കമ്മറ്റിക്കാണ് ഗുരുകുലത്തിന്റെ നടത്തിപ്പ് ചുമതല.
മൂന്ന് അദ്ധ്യാപകരും പഠിക്കാന്‍ ഒമ്പതുപേരും. രണ്ടു സ്ത്രീവേഷം, പുരുഷ വേഷത്തിന് നാലുകുട്ടികള്‍. മിഴാവിനും ഇടയ്‌ക്കക്കുമായി മറ്റു മൂന്നുപേരും. നാരായണ ചാക്യാര്‍ക്കൊപ്പം കലാമണ്ഡലം അരുണ്‍കുമാറും കലാമണ്ഡലം ശിവപ്രസാദും ക്ലാസെടുക്കുന്നുണ്ട്. ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്കൊപ്പം ലണ്ടന്‍, സ്വിറ്റ്സര്‍ലണ്ട്, ആംസ്റ്റര്‍ ഡാം, സൂറിച്ച്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയ പൊതിയില്‍ നാരായണ ചാക്യാര്‍ കൂടിയാട്ടം പുനര്‍നവീകരണമല്ല, പുരോഗതിക്കിണങ്ങുന്ന മാറ്റത്തെയാണ് സ്വാഗതം ചെയ്യുന്നതും. ചിലപ്പതികാരകാലത്തോളം പഴക്കമുള്ള കൂടിയാട്ടത്തിന്റെ പരിമിതികള്‍ വര്‍ത്തമാനകാലത്തോട് ഇണക്കേണ്ടതുണ്ട്, അദ്ദേഹം പറയുന്നു.
സമ്പന്നമായ കലാരൂപത്തിന്റെ വാഗ്ഭാവങ്ങള്‍ സമര്‍പ്പിതമായ ദേവപൂജയാണെന്ന് സമര്‍ത്ഥിച്ചത് കെ.പി.നാരായണപിഷാരോടിയാണ്. നാടകാഭിനയം വാക്കുകളും മുദ്രകളും ചേര്‍ന്ന പാരസ്പ്പര്യമെങ്കില്‍, ക്ഷേത്രങ്ങളിലെ പൂജാവിധികളും ഈ വിധമെന്ന് അദ്ദേഹത്തിന്റെ പക്ഷം. ഒരു സമുദായത്തിന്റെ മഹോന്നത സപര്യ ശ്ലാഘിക്കപ്പെടുകയാണിവിടെ. അനുഗൃഹീതമായ ഉപാസനാ മന്ത്രം പ്രേക്ഷകനുള്ള നിവേദ്യവും. ചില ക്ഷേത്രങ്ങളില്‍ കൂത്തിനും കൂടിയാട്ടത്തിനുമുള്ള അവകാശം ചാക്യാര്‍ കുടുംബത്തിനുണ്ട്. വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തില്‍ ഭഗവാന്റെ തിരുനാള്‍ ദിവസംകൂത്തു പറയാനുള്ള അവകാശം പൊതിയില്‍ കുടുംബത്തിനാണ്. താമരശ്ശേരി മഹാദേവര്‍ ക്ഷേത്രം പൊതിയില്‍ കുടുംബക്ഷേത്രവും.
വാണിജ്യവല്‍ക്കരണത്തിലൂടെ കമ്പോളം കണ്ടെത്തി നിത്യയോഗം സാധ്യമാക്കുന്ന തന്ത്രങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് വേണ്ടി സമ്പത്തു കൊയ്യാന്‍ ഈ കുടുംബങ്ങളൊന്നും തയ്യാറായിട്ടില്ല. അല്ലെങ്കില്‍ ഈശ്വരോപാസനയ്‌ക്കുള്ള മൂല്യവത്തായ സാരാംശങ്ങള്‍ ദ്യോതിപ്പിക്കുന്ന പരമസാത്ത്വികരായ ചാക്യാന്മാര്‍ക്ക് സന്ധി ചെയ്യാനാവില്ലല്ലോ. സുകൃതക്ഷയം സംഭവിക്കുന്ന യാതൊന്നിനോടും. അപൂര്‍വം ചില കലാരൂപങ്ങളെങ്കിലും വാണിജ്യവിളയായി കങ്കാണിമാരുടെ സവിധത്തിലെത്തിയതോടെ തകര്‍ന്നത് ഗുണമേന്മയായിരുന്നു. ശുദ്ധകലയായ കൂത്തിന്റേയും കൂടിയാട്ടത്തിന്റേയും എലുക മാറ്റുന്നതിലുള്ള ചാക്യാര്‍ കുടുംബത്തിന്റെ വിയോജിപ്പ് കലയുടെ ഭാഗ്യമല്ലാതെന്ത്? തനിമ നിലനിര്‍ത്താനുള്ള ഒരുമയുടെ മനോമുദ്ര യാഗാഗ്നിപോലെ കാത്തു സൂക്ഷിക്കുകയാണിവര്‍.
നിത്യേനയെന്നോണം ശുഷ്ക്കവും ദരിദ്രവുമായിക്കൊണ്ടിരിക്കുന്ന ഭാഷാ സംസ്കൃതി ചിലപ്പോഴെങ്കിലും കൂത്തും കൂടിയാട്ടവും നല്‍കുന്ന ഭാഷാ പാഠത്തിലേക്കാണ് ചെവി കൂര്‍പ്പിക്കുന്നത്. ഭാഷയോടുള്ള തീവ്രമായ അനുരാഗം സാധ്യമാക്കുന്ന അക്ഷരപൂജ അന്യമാവുന്നതും പാഠാവലികളിലാണല്ലോ! ഫലിതോക്തിപോലെ ഉച്ചാരണ വൈകല്യത്തെ നീതീകരിക്കുന്നവര്‍ വിധിക്കുന്ന ഭ്രാന്തന്‍ ചികിത്സയെ പണ്ഡിതമാനികളും അംഗീകരിക്കുകയാണ്. ഇവിടെയാണ് ഉദാത്താനുദാത്ത സ്വരതിമാര്‍ന്ന ഭാഷയിലൂടെ മൗലികമായ ഉണര്‍വും ആരോഗ്യവും ചാക്യാന്മാര്‍ നല്‍കുന്നതും.
കലയും ഭാഷയും ഭാവവും സാഹിത്യവും നാട്യവും ചേര്‍ന്ന പാരസ്പ്പര്യത്തിന്റെ ആര്‍ദ്രത വശമാക്കാന്‍ അരങ്ങുതളിക്കല്‍ തുടങ്ങിയുള്ള ചടങ്ങിന് സാക്ഷിയും സാന്നിദ്ധ്യവുമായിരിക്കണം. കൂടിയാട്ടത്തിന്റെ തായ്‌വഴികളില്‍ കൂത്തിന്റെ ഇണക്കവും വായ്‌ത്താരിയും പങ്കുവെക്കുന്ന ആസ്വാദനതലം ഭാഷയും മലയാളിക്കും ലഭിക്കുന്ന പുണ്യമാണ്. ഈ കലാരൂപത്തോട് ചേര്‍ത്തുവെക്കാന്‍ മറ്റൊന്നില്ല. അതുകൊണ്ടുതന്നെ കൂത്തിലും കൂടിയാട്ടത്തിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഭാവങ്ങളുടെ പരഭാഗശോഭ അന്യാദൃശവും. അതിജീവനത്തിന്റെ മാര്‍ഗവും ലക്ഷ്യവും ഉത്തേജനമാക്കി ഉപജീവനം മാത്രം വസൂലാക്കാന്‍ യത്നിക്കാത്ത ഒരു പൗരാണിക കുടുംബത്തിന്റെ ഒരുമയും തനിമയും വ്യത്യസ്തമല്ലാത്തതിനാല്‍ പെരുമയിലും അഗ്രഗണ്യരാണ് പൊതിയില്‍ ചാക്യാന്മാര്‍. മനുഷ്യനന്മയില്‍ വിശ്വാസമുള്ള പൊതിയില്‍ ഗുരുകുലം അതിന്റെ നാന്ദിയും.
-വി.എ.ശിവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: