എസ്. രാജന്
എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് സീസണിലുണ്ടാക്കുന്ന വരുമാനം കൊണ്ട് നഷ്ടം നികത്തുന്ന കെഎസ്ആര്‍ടിസിയില്‍ ഇത്തവണ തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ വൈകുന്നു. മുന്‍വര്‍ഷങ്ങളില്‍ എരുമേലി സെണ്റ്ററില്‍ നിന്നും പതിനാലോളം ബസുകളാണ് സീസണ് സര്‍വ്വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്തു തന്നെ ബസുകള്‍ ഇല്ലായെന്ന അവസ്ഥയിലാണ് തീര്‍ത്ഥാടകയാത്ര പ്രതിസന്ധിയിലെത്തുന്നത്. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ആയിരം പുതിയ ബസുകളാണ് സീസണിനോടനുബന്ധിച്ച് ഇറക്കിയത്. ഇതില്‍ മൂന്നൂറു ബസും എരുമേലി, പമ്പ ഡിപ്പോകളിലും മറ്റ് ഡിപ്പോകളിലേക്ക് സര്‍വ്വീസിനുമായി നല്‍കിയിരുന്നു. ഇത്തവണ ഒരു ബസുപോലും ഇതുവരെ എത്തിയിട്ടില്ലെന്നാതാണ് പ്രധാന കാരണം. സീസണ് സര്‍വ്വീസിനായി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും നാലോ അഞ്ചോ ബസുകള്‍ പിന്‍വലിക്കാനാണ് നടപടി. ബസുകള്‍ പിന്‍വലിച്ചാല്‍ പൊതുജനങ്ങളുടെ യാത്രാക്ളേശവും രൂക്ഷമാകും. എന്നാല്‍ കട്ടപ്പുറത്തുകയറിയിരിക്കുന്ന ബസുകള്‍ ഇറക്കി സീസണ് സര്‍വ്വീസിനായി വിനിയോഗിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത്തരത്തില്‍ അഞ്ഞൂറ് ബസുകള്‍ നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം.
എരുമേലി ഓപ്പറേറ്റിംഗ് സെണ്റ്റര്‍
വിവാദങ്ങളും പരാതികളുമായി ഇഴഞ്ഞുനീങ്ങുന്ന എരുമേലി കെഎസ്ആര്‍ടിസി സെണ്റ്ററിണ്റ്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയാണ് ജനങ്ങള്‍ക്കുള്ളത്. ദേവസ്വം ബോര്‍ഡ് സൗജന്യമായി നല്കിയ സ്ഥലത്ത് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കാര്യക്ഷമമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതാണ് വകുപ്പിനെതിരെയുള്ള പരാതി. ഓപ്പറേറ്റിംഗ് സെണ്റ്ററുകളെ യുഡിഎഫ് സര്‍ക്കാര്‍ ഡിപ്പോകളായി ഉയര്‍ത്തിയപ്പോഴും എരുമേലിയെ ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ സംസ്ഥാനത്തു തന്നെ റിക്കാര്‍ഡ് കളക്ഷന്‍ വാങ്ങിയ എരുമേലി സെണ്റ്ററിലെ സര്‍വ്വീസുകള്‍ നടത്തുമ്പോഴും ഉന്നതഇടപെടലുകളുടെ പേരില്‍ പല സര്‍വ്വീസുകളും അട്ടിമറിക്കപ്പെടുകയായിരുന്നു. എരുമേലി സെണ്റ്ററിനെ ഉന്നത നിലവാരമുള്ള ഡിപ്പോയായി ഉയര്‍ത്താനുള്ള നടപടി ഉന്നതാധികാരികളില്‍ നിന്നും ഉണ്ടാകുന്നില്ല. ശബരിമല സീസണിലുണ്ടാകുന്ന ക്രമാതീതമായ തിരക്കാണ് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാക്കുന്നത്. വെറും പതിമൂന്ന് സെണ്റ്റ് സ്ഥലത്ത് പതിനെട്ടിലധികം സര്‍വ്വീസുകളുമായി നട്ടംതിരിയുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.
ബസ്സ്റ്റാണ്റ്റ് വേണം
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരും ക്ഷേത്രദര്‍ശനത്തിനായി വരുന്ന മറ്റുള്ളവരും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ഒരു ബസ് സ്റ്റാന്‍ഡ് വെണമെന്ന ആവശ്യം ശക്തമാകുന്നു. സീസണിലെത്തുന്ന നൂറുകണക്കിനു ബസുകള്‍ക്ക് ആപകടകരരഹിതമായി പാര്‍ക്ക് ചെയ്യാനും സര്‍വ്വീസ് നടത്താനും കൂടുതല്‍ സ്ഥലസൗകര്യമുള്ള ബസ് സ്റ്റാന്‍ഡ് ആവശ്യമാണ്. സീസണില്‍ കൂടുതലായി വരുന്ന ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്താണ് സ്ഥലം എടുത്തു കൊടുത്തിരുന്നത്. കിഴക്കന്‍ മലയോരമേഖലയിലെ സ്വകാര്യബസ് സര്‍വ്വീസിനൊപ്പം കിടപിടിക്കുന്ന എരുമേലി കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും രംഗത്തുവരേണ്ടതുണ്ട്.
ജനകീയ നിര്‍ദ്ദേശങ്ങള്‍
ജനകീയ സംരംഭത്തിലൂടെ സ്ഥാപിച്ച എരുമേലി കെഎസ്ആര്‍ടിസി സെണ്റ്റര്‍ ഡിപ്പോയായി ഉയര്‍ത്തി സംരക്ഷിക്കണം. ഡിപ്പോയായി ഉയര്‍ത്താന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും സംയുക്തമായി സഹകരിക്കണം. നിലവിലുള്ള കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെണ്റ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കുകയും പകരമായി ദേവസ്വം ബോര്‍ഡ് കെഎസ്ആര്‍ടിസിക്കായി സ്ഥലം എടുത്തുകൊടുക്കുകയെന്ന നിര്‍ദ്ദേശം വച്ചിട്ടുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ശബരിമല സീസണിലുണ്ടാകുന്ന ഗതാഗത തിരക്ക് ഒഴിവാക്കാനും യാത്രകള്‍ സുരക്ഷിതമാക്കാനും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്. ഹൗസിംഗ് ബോര്‍ഡ് വക സ്ഥലം കെഎസ്ആര്‍ടിസിക്കായി എടുത്തു കൊടുക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.
പരാതികള്‍
ശബരിമല സീസണ് ഇടത്താവളവും മലയോര കാര്‍ഷിക മേഖലയായ എരുമേലിയിലെ യാത്രക്കാരുടെ ആശ്രയകേന്ദ്രങ്ങളിലൊന്നാണ് കെഎസ്ആര്‍ടിസി. എന്നാല്‍ സര്‍വ്വീസുകള്‍ മുടക്കിയും സമയം തെറ്റിച്ചും കാലപ്പഴക്കമുള്ള ബസുകളും മറ്റും ഉപയോഗിച്ചുള്ള സര്‍വ്വീസുകളാണ് യാത്രക്കാരെ ഭീഷണിയിലാക്കുന്നത്. അമിതവേഗത, ഗതാഗത നിയമം നോക്കുന്നതടക്കം കെഎസ്ആര്‍ടിസി വരുമ്പോള്‍ യാത്രക്കാര്‍ക്ക് മാറി നില്ക്കേണ്ടുന്ന സാഹചര്യം ഒഴിവാക്കുന്നത് നന്നായിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: