രാഷ്‌ട്രത്തെക്കുറിച്ചും ദേശസ്നേഹത്തെക്കുറിച്ചും വാചാലരാകുന്നവരാണ് മലയാളികള്‍. എന്നാല്‍ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വളരെ വലുതുമായിരിക്കും. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മഞ്ഞും വെയിലും വകവെയ്‌ക്കാതെ നിതാന്തജാഗ്രതയോടെ കാവലിരിക്കുന്ന നമ്മുടെ ധീര സൈനികരെക്കുറിച്ച് ചിന്തിക്കാന്‍ പോലും നമുക്ക് പലപ്പോഴും സാധിക്കാറില്ല. ഏതെങ്കിലും ഒരു യുദ്ധമുണ്ടാകുമ്പോള്‍ മാത്രമാണ് പലപ്പോഴും നമ്മുടെ സൈനികരെക്കുറിച്ച്, രാജ്യത്തിന് കാവലിരിക്കുന്ന ജവാന്മാരെക്കുറിച്ച് നാം ചിന്തിക്കുക. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ചിന്തിച്ച ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തങ്ങളെക്കൊണ്ട് പറയാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കാണിച്ചുതന്നു. അവരത് കേരളത്തോടല്ല, ഭാരതത്തോട് വിളിച്ച് പറഞ്ഞു. അതായിരുന്നു ‘ഭാരത് ആഹ്വാന്‍’.
കേരളത്തിന് ഒട്ടനവധി മാതൃകകള്‍ കാണിച്ചുതന്ന ജില്ലയാണ് കോഴിക്കോട്. കോഴിക്കോടിന്റെ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ സ്ഥിതി ചെയ്യുന്ന നിവേദിത വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മനസ്സിലുദിച്ച ആശയമാണ് ഇന്ന് കേരളത്തിന് മാത്രമല്ല ഭാരതത്തിന് മുഴുവന്‍ മാതൃകയായിരിക്കുന്നത്. നമ്മുടെ രാഷ്‌ട്രത്തെക്കുറിച്ചറിയാന്‍, രാജ്യത്തിനുവേണ്ടി കാവലിരിക്കുന്ന ധീര ജവാന്‍മാരെക്കുറിച്ച് ഓര്‍ക്കാന്‍, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ അവര്‍ നടത്തിയ കാല്‍വെപ്പ്, അതായിരുന്നു ‘ഭാരത് ആഹ്വാന്‍’.
രാമനാട്ടുകര നിവേദിത വിദ്യാപീഠവും ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി കണ്ണൂരും സംയുക്തമായി സംഘടിപ്പിച്ച നാല് ദിവസം നീണ്ടുനിന്ന പരിപാടിയായിരുന്നു ഭാരത് ആഹ്വാന്‍. മൂന്ന് ദിവസം നീണ്ടുനിന്ന രാഷ്‌ട്രജ്യോതി പ്രയാണവും സൈക്കിള്‍റാലിയും ഒരു ദിവസത്തെ പരിശീലനക്യാമ്പുമായിരുന്നു പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനും ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും സൈനികരെകുറിച്ചും ബോധവാന്‍മാരാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ സ്കൂളില്‍ മാത്രമൊതുങ്ങിയില്ല പരിപാടികള്‍. ഒരു ജില്ല മുഴുവന്‍ അവരുടെ സന്ദേശങ്ങള്‍ എത്തി.
ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പിന് പുറത്ത് ആദ്യമായാണ് സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്കൂള്‍കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ഒരു സൈക്കിള്‍ റാലി നടത്തുന്നതും. സ്കൂളിലെ അദ്ധ്യാപകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ടെറിട്ടോറിയല്‍ ആര്‍മി കമാന്റിംഗ് ഓഫീസര്‍ കേണല്‍ ബി.എസ്.ബാലി പദ്ധതിക്ക് പിന്തുണനല്‍കിയത്. ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മതം കൂടി ലഭിച്ചതോടെ സുബേദാര്‍ പി.എന്‍.പി. അശോകന്‍, സുബേദാര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ രൂപരേഖയും തയ്യാറാക്കി. കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ തുടങ്ങി 89 കിലോമീറ്റര്‍ പിന്നിട്ട് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയിലേക്ക് രാഷ്‌ട്രജ്യോതി പ്രയാണം. ഒപ്പം സൈക്കിള്‍ റാലിയും. ടെറിട്ടോറിയല്‍ ആര്‍മിയിലെ സുബേദാര്‍ പി.എന്‍.പി. അശോകന്‍ നേതൃത്വം നല്‍കിയ റാലിയില്‍ സ്കൂളില്‍ നിന്നുള്ള 72 വിദ്യാര്‍ത്ഥികളും 10 ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍മാരും 10 എന്‍സിസി കേഡറ്റുകളും പങ്കെടുത്തു.
ഒക്ടോബര്‍ 13ന് രാവിലെ അഴിയൂര്‍ ഗവ.വിഎച്ച്‌എസ്‌എസില്‍ നിന്ന് സംവിധായകന്‍ മേജര്‍രവിയുടെ പിതാവ് കുട്ടികൃഷ്ണ പെരുമ്പ്ര നായര്‍ അമര്‍ജവാന്‍ ജ്യോതി തെളിയിച്ചു. മാഹി എംഎല്‍എ ഇ.വത്സരാജ് ഫ്ലാഗ് ഓഫ് ചെയ്തതോടെ രാഷ്‌ട്രീയ ജ്യോതി പ്രയാണത്തിന് തുടക്കമായി. മുമ്പില്‍ അമര്‍ജവാന്‍ ജ്യോതിയും പിന്നില്‍ സൈക്കിള്‍ റാലിയും. മൂന്ന് ദിവസങ്ങളിലായി 41 കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണങ്ങളാണ് റാലിയ്‌ക്ക് നല്‍കിയത്. സാമൂഹിക- സാംസ്കാരിക രാഷ്‌ട്രീയ- കലാ സാഹിത്യ രംഗത്ത് നിന്നുള്ളവരും ജനപ്രതിനിധികളും സ്വീകരണങ്ങളില്‍ പങ്കാളികളായി.
കത്തിജ്വലിക്കുന്ന സൂര്യനും റോഡിന്റെ പ്രതികൂലാവസ്ഥയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. ആദ്യ ദിനത്തില്‍ അവര്‍ക്ക് അല്‍പം ബുദ്ധിമുട്ടേണ്ടിവന്നെങ്കിലും പിന്നീട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് അവര്‍ മുന്നോട്ടുനീങ്ങി. ഓരോ സ്വീകരണകേന്ദ്രത്തിലും തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അവര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുള്ള കരുത്ത് പകര്‍ന്നു. യാത്ര കടന്നുപോകുന്നതിനിടയ്‌ക്ക് റാലിയെ ഒരു നോക്കു കാണാന്‍ റോഡിനിരുവശങ്ങളിലും ആളുകള്‍ തടിച്ചുകൂടി. ഈ കുട്ടികളെയും സൈനികരെയും ഒന്ന് അഭിനന്ദിക്കാനും സ്വീകരണയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതിലും പലരും സങ്കടപ്പെട്ടു. തങ്ങളുടെ മക്കള്‍ക്ക് ഇത്തരമൊരു അവസരം ലഭിച്ചില്ലല്ലോ, തങ്ങള്‍ക്കും ഇതില്‍ പങ്കാളിയാവാന്‍ സാധിച്ചില്ലല്ലോ എന്ന ദു:ഖവും പലര്‍ക്കുമുണ്ടായി. ഗതാഗത കുരുക്കുണ്ടായപ്പോള്‍ അല്‍പമൊന്ന് ക്ഷുഭിതരായ പലരും കാര്യമറിഞ്ഞപ്പോള്‍ ക്ഷമചോദിച്ച് അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
കമ്പ്യൂട്ടറിനും ടിവിയ്‌ക്കു മുന്‍പിലും ഇരിക്കേണ്ട ഇന്നത്തെ കുട്ടികളുടെ ഈ പ്രവൃത്തി പലരിലും അത്ഭുതത്തിനും അതിലേറെ ആഹ്ലാദത്തിനും ഇടയാക്കി. 15ന് വൈകീട്ട് രാമനാട്ടുകരയില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണത്തോടെയാണ് റാലിയും രാഷ്‌ട്രജ്യോതി പ്രയാണവും സമാപിച്ചത്. മന്ത്രി ഡോ.എം.കെ.മുനീര്‍, മേജര്‍ രവി, കേണല്‍ ബി.എസ് ബാലി, വിദ്യാഭാരതി ക്ഷേത്രീയ പ്രസി.ഡോ.പി.കെ.മാധവന്‍, നടി അഖില തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. വീരോചിതമായിരുന്നു രാമനാട്ടുകരയിലെ പൗരാവലി നല്‍കിയ സ്വീകരണം . ഒരു നാട് മുഴുവന്‍ കുട്ടികള്‍ക്ക് പിന്തുണയുമായി ഒപ്പം നിന്നു.
16ന് തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ സൈനികര്‍ പരിശീലനം നല്‍കി. സൈന്യത്തെക്കുറിച്ച് അടുത്തറിയാന്‍ ഇത് അവര്‍ക്ക് സഹായകമായി. സൈന്യത്തിന്റെ ബാന്റ് സംഘത്തിന്റെ പ്രകടനവും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സൈനിക ഉദ്യോഗസ്ഥരുമായി കുട്ടികള്‍ സംവദിച്ചു. കുട്ടികളുടെ കുസൃതി ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാതെ പലപ്പോഴും ഉദ്യോഗസ്ഥര്‍ കുഴങ്ങി.
രാത്രി നടന്ന ഭാരതദര്‍ശനവും ക്യാമ്പ് ഫയറും കുട്ടികള്‍ക്കും സൈനികര്‍ക്കും പുത്തന്‍ അനുഭവമാണ് സമ്മാനിച്ചത്. തുടര്‍ന്ന് ഒന്നിച്ചിരുന്ന് ഭക്ഷണത്തോടെ നാല് ദിവസം നീണ്ടുനിന്ന പരിപാടികള്‍ക്ക് സമാപനമായി.
യാത്രയിലുടനീളം ലഭിച്ച ജനപിന്തുണയില്‍ അമ്പരക്കുകയാണ് സുബേദാര്‍ പി.എന്‍.പി. അശോകന്‍. ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള സൈക്കിള്‍ റാലി ക്ലേശകരമായിരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കുട്ടികളില്‍ നിന്നുണ്ടായ പ്രതികരണം കൂടുതല്‍ ആത്മവിശ്വാസം നല്‍കി. ഈ സ്കൂള്‍ കേരളത്തിലെ മറ്റ് സ്കൂളുകള്‍ക്ക് പ്രചോദനമാകണം, അദ്ദേഹം പറയുന്നു.
കേണല്‍ ബി.എസ്.ബാലി ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ജി.എസ്.സ്പര്‍ജന്‍കുമാര്‍, റിട്ട എസ്.പി.മാരായ സുഭാഷ്ബാബു, എന്‍.ബാലകൃഷ്ണന്‍, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസി.കെ.പി.എ. അസീസ് എന്നിവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഭാരതീയ വിദ്യാനികേതന്‍ ഭാരവാഹികള്‍, സ്കൂളിലെ അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, സ്കൂള്‍ സമിതി- ക്ഷേമസമിതി- കെട്ടിടനിര്‍മ്മാണ സമിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍, ഭരണകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, പോലീസ് തുടങ്ങിയവര്‍ നല്‍കിയ അടിയുറച്ച പിന്തുണയും ‘ഭാരത് ആഹ്വാന്‍’ വിജയത്തില്‍ എത്തുന്നതിന് സഹായകമായി.
ഭാവിഭാരതം കെട്ടിപ്പടുക്കേണ്ട കുട്ടികള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍ക്കുള്ള ഒരു തുടക്കമാണിതെന്നും മറ്റുള്ളവര്‍ക്ക് മുമ്പില്‍ ഒരു മാതൃകകാണിച്ചുകൊടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി.ശ്രീജിത്ത് പറഞ്ഞു.
രാമനാട്ടുകര നിവേദിത വിദ്യാപീഠം കാട്ടിത്തന്ന ഈ മാതൃക ഇന്ന് കേരളത്തിന് മൊത്തം മാതൃകയാക്കാവുന്നതാണ്. ക്യാപ്റ്റന്‍ വിക്രമിനും മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും പിന്‍മുറക്കാരായി ഭാരതാംബയ്‌ക്ക് കരുത്ത് പകരാന്‍ ഞങ്ങളുണ്ടാകുമെന്ന് ഈ കുട്ടികള്‍ ഉറക്കെ പറഞ്ഞു. നാല് ദിവസം നീണ്ടുനിന്ന ഭാരത് ആഹ്വാന്‍ പരിപാടികള്‍ രാഷ്‌ട്ര സ്നേഹത്തിന്റെ ഉണര്‍ത്തുപാട്ടായി മാറുകയായിരുന്നു.
പി.ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: