സ്വതന്ത്ര ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് 1951 ഒക്ടോബര്‍ 21-ാം തീയതി യവനിക ഉയരുകയുണ്ടായി. ഭാരതീയ ജനസംഘമെന്ന പുതിയതും വ്യത്യസ്തവുമായ രാഷ്‌ട്രീയ പ്രസ്ഥാനത്തിന് ഔപചാരികമായ തുടക്കം കുറിച്ചത് അന്ന് ദല്‍ഹിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ 500 ലേറെ പ്രതിനിധികളും ആയിരത്തിലേറെ ക്ഷണിതാക്കളും ആ സന്ദര്‍ഭത്തിന് സാക്ഷികളും ഭാഗഭാക്കുകളുമായി. ഒന്നാമത്തെ കേന്ദ്രമന്ത്രി സഭയിലെ പ്രമുഖ അംഗവും രാഷ്‌ട്രീയ അതികായനുമായിരുന്ന ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയാണ് പുതിയ കക്ഷിയുടെ അധ്യക്ഷനായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടത്. അന്നദ്ദേഹം സ്ഥാനമേറ്റുകൊണ്ട് ചെയ്ത പ്രഭാഷണം ജനസംഘത്തിന്റെ നയലക്ഷ്യ പ്രഖ്യാപനവും ഭാവി ഭാരതത്തിന്റെ ഭരണ സംവിധാനത്തിനുള്ള അടിത്തറ പാകലുമായിത്തീര്‍ന്നു. ആദ്യ സമ്മേളനത്തില്‍ യുവത്വം തുളുമ്പുന്ന ഉത്സാഹവുമായി പ്രവര്‍ത്തിച്ച അടല്‍ബിഹാരി വാജ്പേയി 47 വര്‍ഷങ്ങള്‍ക്കകം പ്രധാനമന്ത്രി പദമേറ്റെടുത്തുകൊണ്ട് ഡോക്ടര്‍ മുഖര്‍ജിയുടെ ആദ്യപ്രസംഗത്തെ സാധൂകരിച്ചു. ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തിന് അന്തസ്സുപ്രദാനം ചെയ്തുകൊണ്ട് ആറുകൊല്ലം അദ്ദേഹം ഭരണം നടത്തി. ഭാരതീയ ജനസംഘം 1975 ലെ അടിയന്തരാവസ്ഥക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയതും 1977 ലെ ജനാധിപത്യ പുനസ്ഥാപനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസേതര ജനാധിപത്യ കക്ഷികളെ ഒരുമിച്ചു ചേര്‍ത്ത് ജനതാപാര്‍ട്ടി രൂപീകരിക്കുന്നതും പിന്നീട് ദ്വയാംഗ പ്രശ്നത്തില്‍ ആ കക്ഷിയില്‍നിന്ന് പുറത്തുവന്ന് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുവന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഭാരതത്തിന്റെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും അടിത്തറ സ്ഥാപിച്ച, പാശ്ചാത്യ സമ്പ്രദായങ്ങളുടെ അനുകരണമല്ലാത്ത ഒരു രാഷ്‌ട്രീയ സംസ്കാരത്തിന്റെ അനുയായികളെന്ന നിലയില്‍ വ്യത്യസ്തമായൊരു പ്രസ്ഥാനമാണ് ബിജെപി. മൂന്നുവര്‍ഷത്തെ ജനതാവിഷ്കംഭമൊഴിവാക്കിയാല്‍ ഭാരതീയ ജനസംഘത്തിന്റെ തുടര്‍ച്ച തന്നെയാണത്.
1951 ല്‍ ഭാരതീയ ജനസംഘത്തിന് രൂപം നല്‍കാന്‍ ഇടയാക്കിയ സംഭവപരമ്പരകളെയും സാഹചര്യങ്ങളെയും അനുസ്മരിക്കുന്നത് അവസരോചിതമായിരിക്കുമെന്നു തോന്നുന്നു. 1947 ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതോടൊപ്പംതന്നെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതവിഭജനവും നടന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ മനസ്സിലുണ്ടായിരുന്ന ഭാരത ഭൂമിയുടെ മൂന്നിലൊന്നിലേറെ വിസ്തീര്‍ണമുള്ള പ്രദേശങ്ങള്‍ മതത്തിന്റെ പേരില്‍ വിട്ടുപോയി. ആ വിഭജനത്തിന്റെ മുറിപ്പാടുകളില്‍നിന്ന് രക്തപ്പുഴകളൊഴുകി. ലക്ഷക്കണക്കിനാളുകള്‍ക്ക് വീടുംകുടിയും ഒഴിഞ്ഞ് പോരേണ്ടിവന്നു. ആ അവസരത്തില്‍ അശരണരായ ജനലക്ഷങ്ങള്‍ക്ക് ധൈര്യവും ആശ്വാസവും പകര്‍ന്ന് സുരക്ഷിതരായി കൊണ്ടുവരികയെന്ന ദൗത്യം ഏറ്റെടുത്തത് രാഷ്‌ട്രീയ സ്വയംസേവക സംഘവും അതിന് നേതൃത്വം നല്‍കിയത് ശ്രീഗുരുജി ഗോള്‍വല്‍ക്കറുമായിരുന്നു. ഈ സേവനത്തിലേര്‍പ്പെട്ട പതിനായിരക്കണക്കിനാളുകളുടെ പ്രയത്നം അവരില്‍ വമ്പിച്ച ജനവിശ്വാസമുളവാക്കി. സംഘത്തിന്റെ വളര്‍ച്ചയും അത്ഭുതകരമായി. ഇതുകണ്ടമ്പരന്ന കോണ്‍ഗ്രസ് നേതൃത്വം സംഘത്തെ അടിച്ചമര്‍ത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നു. മഹാത്മാഗാന്ധിയെ ഗോഡ്സെ വധിച്ച സംഭവത്തെ വീണുകിട്ടിയ കനകാവസരമായി ഉപയോഗിച്ച് സര്‍ക്കാര്‍ സംഘത്തെ നിരോധിക്കുകയും ശ്രീഗുരുജിയടക്കം ഗൂഢാലോചനക്കുറ്റം ചുമത്തി 60000ലേറെ സംഘപ്രവര്‍ത്തകരെ തടവിലാക്കുകയും ചെയ്തു. എന്നാല്‍ ആരോപിതമായ കുറ്റം തെളിയിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ തന്നെ അതു പിന്‍വലിച്ചു. പക്ഷേ സംഘത്തിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ സംഘം നടത്തിയ രാജ്യവ്യാപകമായ സത്യഗ്രഹത്തിന്റേയും ഒട്ടേറെ പ്രമുഖ വ്യക്തികള്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങളുടെയും ഫലമായി സര്‍ക്കാര്‍ നിരോധം നിരുപാധികം പിന്‍വലിച്ചു. സംഘപ്രവര്‍ത്തനം വീണ്ടുമാരംഭിച്ചു.
അപ്പോഴേക്ക് പുതിയ ഭരണഘടന നിലവില്‍ വരികയും അതനുസരിച്ചു ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. പോയ രണ്ടുമൂന്നു വര്‍ഷമായി സംഘത്തിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ടുവന്ന അത്യന്തം ദ്രോഹകരമായ നടപടികള്‍മൂലം തെരഞ്ഞെടുപ്പില്‍ സംഘാനുഭാവികള്‍ എന്തുനിലപാടെടുക്കണമെന്ന പ്രശ്നമുദിച്ചു. നിരോധനക്കാലത്തു എല്ലാ രാഷ്‌ട്രീയ കക്ഷികളും സംഘത്തെ എതിര്‍ക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. തങ്ങളാണു കൂടുതല്‍ സംഘവിരുദ്ധര്‍ എന്നു കാണിക്കുന്നതിനായി അവര്‍ മത്സരിച്ചു. സംഘം തന്നെ രാഷ്‌ട്രീയ കക്ഷിയായി മത്സരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംഘം അതിന്റെ അടിസ്ഥാന പ്രവര്‍ത്തനരീതിയില്‍ വ്യതിയാനം വരുത്തുന്ന പ്രശ്നമില്ലെന്ന നിലപാട് ശ്രീഗുരുജി ആവര്‍ത്തിച്ചുറപ്പിച്ചു.
അതിനിടെ കിഴക്കന്‍ ബംഗാളിലെ ഹിന്ദുക്കളുടെ പ്രശ്നത്തില്‍ പണ്ഡിറ്റ് നെഹ്‌റു കൈക്കൊണ്ട അനുഭാവ ശൂന്യമായ നിലപാടിലും പാക് പ്രധാനമന്ത്രി ലിയഖത്ത് ആലിഖാനുമായുണ്ടാക്കിയ കരാറിലും പ്രതിഷേധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രി പദം വലിച്ചെറിഞ്ഞു പുറത്തുവന്നു. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നൊരു കക്ഷി രൂപീകരിക്കുകയും സമാനചിന്താഗതിക്കാരുടെ സഹകരണം തേടുകയും ചെയ്തു. അതേസമയം തന്നെ പഞ്ചാബ്, പെപ്സു, യുപി, രാജസ്ഥാന്‍, ദല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനത്തെ പ്രമുഖവ്യക്തികളായ, ലാലാഹന്‍സ രാജ്ഗുപ്ത, ധര്‍മവീര, ഭായി മഹാവീര്‍, ബല്‍ രാജഭല്ല, ബല്‍രാജ് മധോക് തുടങ്ങിയവരും മറ്റും ചേര്‍ന്ന് ജനസംഘം എന്ന കക്ഷി രൂപീകരിക്കാന്‍ നിശ്ചയിച്ചു. 1951 ജനുവരി 16 ന് ചേര്‍ന്ന യോഗത്തിലേക്ക് അവര്‍ ഡോ.മുഖര്‍ജിയേയും ക്ഷണിച്ചു. പുതിയ കക്ഷിക്ക് അഖിലേന്ത്യാ സ്വഭാവം വേണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിച്ചു ഭാരീതയ ജനസംഘം എന്ന പേര്‍ സ്വീകരിക്കപ്പെട്ടു.
പുതിയ കക്ഷിയെപ്പറ്റി ശ്രീഗുരുജിയോട് സംസാരിക്കണമെന്ന് ഡോക്ടര്‍ മുഖര്‍ജി അഭിലഷിച്ചു. രാഷ്‌ട്രം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവര്‍ വിശദമായ തുറന്ന ചര്‍ച്ചകള്‍ നടത്തി. സംഘം രാഷ്‌ട്രീയത്തില്‍ ഇടപെടുന്ന പ്രശ്നമേയില്ലെന്ന് ഗുരുജി തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ സംഘത്തിന്റെ ഏതാനും പ്രവര്‍ത്തകരെ പുതിയ കക്ഷിയുടെ പ്രവര്‍ത്തനത്തിന് നല്‍കാന്‍ അദ്ദേഹം തയ്യാറായി.
ഇക്കാര്യത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം 1956 ല്‍ പാഞ്ചജന്യവാരികയില്‍ ശ്രീഗുരുജി ഒരു ലേഖനമെഴുതി. “ആര്‍എസ്‌എസിനെ കക്ഷി രാഷ്‌ട്രീയത്തിലേക്കു വലിച്ചിഴക്കാന്‍ സമ്മതിക്കില്ലെന്ന് ഞാന്‍ ആദ്യമായി പറഞ്ഞു. മാത്രമല്ല ഒരു രാഷ്‌ട്രീയ കക്ഷിയുടെ പിടിയിലമര്‍ന്ന് അതിന്റെ സ്തുതി പാടാനും സംഘം തയ്യാറല്ല എന്നു വ്യക്തമാക്കി. എന്തെന്നാല്‍ സംഘത്തിന്റെ ലക്ഷ്യം ഹിന്ദുസമാജത്തിന്റെ സാംസ്ക്കാരികമായ പുനരുദ്ധാരണവും ഐക്യവും കൈവരുത്തുകയും നമ്മുടെ രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുകയുമാണ്. ഒരു രാഷ്‌ട്രീയ കക്ഷിയുടെ ചൊല്‍പ്പടിക്കുനിന്നുകൊണ്ട് അതു സാധ്യമല്ല”.
ശ്യാമപ്രസാദ് എന്റെ നിലപാട് മനസ്സിലാക്കുകയും അതിനോട് യോജിക്കുകയും ചെയ്തു. മാത്രമല്ല താന്‍ രൂപീകരിക്കുന്ന കക്ഷിയും യാതൊരു സംഘടനയുടെയും കീഴിലോ ചൊല്‍പ്പടിക്കോ നില്‍ക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കാര്യങ്ങളില്‍ പൂര്‍ണ യോജിപ്പിലെത്താന്‍ കഴിഞ്ഞതിനാല്‍ ബാക്കി കാര്യങ്ങളെപ്പറ്റി ചിന്തിക്കാനുറച്ചു…. ആര്‍എസ്‌എസിന് അടിയുറച്ച തത്വങ്ങളും പ്രവര്‍ത്തനമാര്‍ഗങ്ങളുമുണ്ട്. പ്രസ്തുതതത്വങ്ങളോട് മുഖര്‍ജിയുടെ കക്ഷിക്കു ഐക്യരൂപ്യമുണ്ടെങ്കില്‍ സ്വയംസേവകരുടെ സഹകരണം ലഭ്യമാക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
“…..ഇന്നത്തെ ഭാരത ഭരണഘടന യഥാര്‍ത്ഥ ഭാരതത്തെ ഉള്‍ക്കൊള്ളുന്നതല്ലെന്നും, ഹിന്ദുരാഷ്‌ട്രത്തെ അതിന്റെ പുരാതന മഹിമയോടെ പുനഃപ്രതിഷ്ഠിക്കുക എന്ന തത്വം, ആധുനിക പ്രജായത്ത സിദ്ധാന്തങ്ങള്‍ക്കില്ലെന്നും അഹിന്ദുക്കള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തിടത്തോളം ഹിന്ദു രാഷ്‌ട്രത്തില്‍ പൂര്‍ണ സ്വാതന്ത്ര്യവും സമത്വവും ലഭിക്കുന്നതാണെന്നും പറയുകയും ചെയ്തു. ഈ തത്വവും വസ്തുതകളും തന്നെ പുതിയ പാര്‍ട്ടിയുടെ നയലക്ഷ്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കണമെന്ന അഭിലാഷവും അദ്ദേഹം പ്രകടിപ്പിച്ചു”.
ഇങ്ങനെ എല്ലാ സംഗതികളിലും പൂര്‍ണമായ യോജിപ്പു കണ്ടെത്തിയശേഷം ഞാന്‍ എന്റെ സംഘപ്രവര്‍ത്തകരില്‍നിന്ന് ആദര്‍ശനിഷ്ഠയും കര്‍മകുശലതയും ധീരതയും തികഞ്ഞവരും നിസ്വാര്‍ത്ഥമായും അചഞ്ചലമായും ശ്യാമപ്രസാദിന്റെ പുതിയ കക്ഷിയുടെ വളര്‍ച്ചയ്‌ക്കുള്ള പ്രവര്‍ത്തന ചുമതല, ഏറ്റെടുക്കാന്‍ തയ്യാറുള്ളവരും പുതിയ കക്ഷിയെ ഇളകാത്ത അടിത്തറയില്‍ പടുത്തുയര്‍ത്തി പൊതുജനങ്ങളുടെ ആദരവും സ്നേഹവും നേടി ഒരഖിലേന്ത്യാ കക്ഷിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ നെഞ്ചൂക്കുള്ളവരുമായ ചിലരെ തെരഞ്ഞെടുത്ത് ശ്യാമപ്രസാദിനു നല്‍കി. അങ്ങനെ ജനസംഘമെന്ന ശ്യാമപ്രസാദിന്റെ കക്ഷി രൂപീകരിക്കപ്പെട്ടു.(8-7-1956 ന്റെ കേസരിവാരികയില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചതില്‍നിന്ന്)
അങ്ങനെ ശ്രീഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം ജനസംഘത്തില്‍ വന്ന പണ്ഡിത് ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്പേയി, ലാല്‍ കൃഷ്ണ അദ്വാനി, സുന്ദര്‍സിംഗ് ഭണ്ഡാരി, നാനാജി ദേശ്മുഖ്, രാംഭാവു ഗോഡ്ബോലേ, കുശാഭാവുഠാക്കരേ, ജഗന്നാഥറാവു ജോഷി മുതലായ പ്രചാരകന്മാര്‍ ഉള്‍പ്പെടുന്നു. അവര്‍ക്ക് പുറമെ ബല്‍രാജ് മധോക്, ഡോ.ഭായിമഹാവീര്‍, ഭൈരണ്‍ സിംഗ് ഷേഖാവത്, ദേവിപ്രസാദ് ഘോഷ് ധര്‍മവീര തുടങ്ങിയവരും പുതിയ കക്ഷിരൂപീകരണത്തില്‍ പങ്കുവഹിച്ചു.
പുതിയ കക്ഷി രൂപീകരിക്കുന്നതിനു മുമ്പുതന്നെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മര്‍ദ്ദന നടപടികളാരംഭിച്ചു. ജലാന്തറില്‍ ഉത്തരസംസ്ഥാനങ്ങളിലെ മേഖലാ സമിതി രൂപീകരിക്കാന്‍ യോഗം ചേരുന്നതിനെത്തന്നെ ജില്ലാ മജിസ്ട്രേറ്റ് നിരോധിച്ചു.
1951 ഒക്ടോബര്‍ 21 ന് ദല്‍ഹിയില്‍ അഖില ഭാരതീയ സമ്മേളനം ചേരാന്‍ തീരുമാനിക്കപ്പെട്ടു. ദീനദയാല്‍ജിക്കായിരുന്നു സമ്മേളനത്തിന്റെ മുഴുവന്‍ ചുമതല. 1500ലധികം പേര്‍ പങ്കെടുത്ത ആ സമ്മേളനം, നടത്തിപ്പിന്റെ ആസൂത്രണത്തിലും പരിപാടികളുടെ ചിട്ടയിലും നടപടികളിലും അന്യാദൃശമായ മാതൃകതന്നെ സൃഷ്ടിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രതിനിധികള്‍ മടങ്ങിയത്. ഭാരതജനതയുടെ ഭാഗധേയം വിരചിക്കുന്നതിനുള്ള പുതിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പിറവി കഴിഞ്ഞു. “ഇതുപോലെ രണ്ടുദീനദയാല്‍മാര്‍ കൂടിയുണ്ടെങ്കില്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ ഭൂപടം മാറ്റിവരയ്‌ക്കാന്‍ കഴിയും” എന്ന് ഡോക്ടര്‍ മുഖര്‍ജിയെക്കൊണ്ടു പറയിക്കത്തക്കവിധം പ്രഗത്ഭമായിരുന്നു ദീനദയാല്‍ജിയുടെ നടപടികള്‍.
പാശ്ചാത്യമാതൃകകളായ മുതലാളിത്തത്തിനും സോഷ്യലിസത്തിനും അതീതമായി ഭാരതത്തിന്റെ തനിമയും പ്രതിഭയുമുള്‍ക്കൊള്ളുന്ന ഏകാത്മ മാനവദര്‍ശനത്തെ കണ്ടെത്തിയത് ദീനദയാല്‍ജിയുടെ മനസ്സായിരുന്നു. ഭാരതീയ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രചോദിപ്പിക്കാന്‍ പോന്ന ആശയസംഹിതയാകുന്നു അത്. ജനസംഘം ആ ദര്‍ശനത്തില്‍നിന്നുകൊണ്ട് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ബദല്‍ മറ്റാരുമല്ലെന്നും 1967 ലെ തെരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമാക്കി. ഇന്നിതാ ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ല. 60 വര്‍ഷംമുമ്പ് ആരംഭിച്ച രഥയാത്ര ഇന്നും തുടരുകയാണ്. ഹിന്ദുത്വത്തിന്റെ രാഷ്‌ട്രീയ രംഗത്ത് വന്നതുടക്കം ഇന്ന് കൂടുതല്‍ ശക്തിയാര്‍ജിച്ച രാഷ്‌ട്രീയ മുന്നേറ്റത്തിന് പ്രചോദനമാവട്ടെ.
പി. നാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: