കന്യാകുമാരിയില്‍നിന്ന് 25 കിലോമീറ്ററകലെ കൂടംകുളം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ഈ കഥ തുടങ്ങിയിട്ട്. ദക്ഷിണേന്ത്യയിലെ ഊര്‍ജക്ഷാമത്തിന് പ്രതിവിധി കണ്ടെത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. അതിനുള്ള ഏകപോംവഴിയായിരുന്നു അണുശക്തിനിലയം. ആയിരം ഏക്കര്‍ കടലോര ഭൂമിയില്‍ ആറ് അണുറിയാക്ടറുകള്‍. അവയൊക്കെ ചേര്‍ന്ന് പതിനായിരം മെഗാവാട്ട് വൈദ്യുതി. അതിനുവേണ്ട ചെലവ് 13500 കോടി രൂപ. നാടിന് നന്മയും നാട്ടാര്‍ക്ക് ജോലിയും നല്‍കിയ പദ്ധതിയില്‍ നാട്ടുകാര്‍ ഏറെ സന്തുഷ്ടരായിരുന്നു. പക്ഷെ പദ്ധതിയാകെ താറുമാറായി-റിയാക്ടര്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ്.
റിയാക്ടര്‍ ഉദ്ഘാടനത്തിന്റെ മുന്നോടിയായി ട്രയല്‍ റണ്ണും കഴിഞ്ഞ് സുരക്ഷിതത്വ പരിശോധനകളുമൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞ നേരത്താണ് ഭരണശക്തിയുടെ അപകടത്തെക്കുറിച്ച് നേതാക്കള്‍ക്കും നാട്ടുകാര്‍ക്കും വീണ്ടുവിചാരം വന്നത്. ‘ആണവോര്‍ജത്തിനെതിരായ ജനകീയ പ്രസ്ഥാനം’ എന്ന സംഘടന അണുനിലയത്തിനെതിരെ നിലവില്‍ വന്നു. അവര്‍ക്ക് ഒരൊറ്റ ആവശ്യം മാത്രം. പണി പൂര്‍ത്തിയാക്കിയ അണുനിലയം ഉടന്‍ പൊളിച്ചു കളയണം. കടലില്‍ മീന്‍ പിടിച്ച് കഴിയുന്ന മുക്കുവത്തൊഴിലാളികളായിരുന്നു പ്രതിഷേധത്തിന്റെ ചാലകശക്തി. രാധാപുരം താലൂക്കിലെ ഇടിന്തക്കരപ്പള്ളിയുടെ മുറ്റമായിരുന്നു സമരകേന്ദ്രം. നാട്ടുകാരായ 117 പേര്‍അവിടെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും തുടങ്ങി. ആണവനിലയത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പൂട്ടിയിടുന്നതും പട്ടിണിക്കിടുന്നതും വരെയെത്തി കാര്യങ്ങള്‍.
1988 നവംബര്‍ 20 നാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന് കൂടംകുളം അണുനിലയം പണിയാന്‍ കരാറൊപ്പുവച്ചത്. നിലയത്തില്‍ മൊത്തം ആറ് റിയാക്ടറുകള്‍. അവ പൂര്‍ത്തിയാകുന്നതോടെ പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയായിരുന്നു സ്വപ്നം. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് റഷ്യ ജനിച്ചിട്ടും ഭരണത്തില്‍ ഏറെ പ്രതിസന്ധികള്‍ ഉയര്‍ന്നിട്ടും നിലയത്തിന്റെ നിര്‍മാണം നിലച്ചില്ല. കൃഷി ചെയ്യാന്‍ സാധ്യമല്ലാത്ത സ്ഥലമായിരുന്നു അണുശക്തി നിലയത്തിനുവേണ്ടി തെരഞ്ഞെടുത്തത്. നിര്‍മാണത്തിന്റെ തുടക്കത്തില്‍ നേരിയ പ്രതിഷേധമുയര്‍ന്നുവെങ്കിലും അവയെല്ലാം പെട്ടെന്ന് തന്നെ കെട്ടടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ഈ പദ്ധതിക്ക് സംസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.
ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി കൂടംകുളത്ത് നടത്തിയ മാതൃകാ സുരക്ഷിതത്വ പരിപാടിയാണ് പൊടുന്നനവേ പ്രശ്നങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഏതെങ്കിലും കാരണവശാല്‍ അണുശക്തി റിയാക്ടറിന് അപകടമുണ്ടാകുന്ന പക്ഷം ചെയ്യേണ്ട അടിയന്തര നടപടികളായിരുന്നു വിഷയം. റിയാക്ടറിനു 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെ അടിയന്തരമായി ഒഴിച്ചു മാറ്റുന്നതായിരുന്നു ‘ഡ്രില്‍’. അതുവരെ വീടുകള്‍ അടച്ചുപൂട്ടിയിരിക്കണം. മൂക്കില്‍ നനഞ്ഞ തുണി ചേര്‍ത്ത് വേണം ശ്വാസോഛ്വാസം നടത്താന്‍. ഇതൊക്കെ കണ്ട് ജനം പരിഭ്രാന്തരായി. തങ്ങളെ സ്ഥിരമായി ഒഴിപ്പിക്കാനും കടലോരം സ്വന്തമാക്കാനുമുള്ള ഗൂഢ തന്ത്രമായാണവരതിനെ കണ്ടത്. ജപ്പാനിലെ ഫുകുഷിമ ആണവനിലയം സുനാമിത്തിരകള്‍ തകര്‍ത്തതും തുടര്‍ന്നുണ്ടായ ദുരന്തവും അവരുടെ പരിഭ്രാന്തി വര്‍ധിപ്പിച്ചു. കൂടംകുളവും കടലോരത്താണല്ലോ.
ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ള ഏറ്റവും സുരക്ഷിതമായ ആണവനിലയമാണ് കൂടംകുളത്ത് എന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്.കെ.ജയിന്‍. കനത്ത സുരക്ഷാ സംവിധാനമാണത്രെ അവിടെ. ജപ്പാനിലുണ്ടായത്തിന്റെ ഇരട്ടി കരുത്തുള്ള സുനാമി വന്നാലും തൊടാനാവാത്ത വിധമാണ് ഈ നിലയത്തിന്റെ നിര്‍മിതി. കടലിലെ മത്സ്യസമ്പത്തിന് റിയാക്ടറിലെ ചൂടുവെള്ളം ഒരു ഭീഷണിയുമുണ്ടാക്കില്ലെന്നും എംഡി പറയുന്നു. ഇതേ കടല്‍ത്തീരത്ത് പ്രവര്‍ത്തിക്കുന്ന താരാപ്പൂര്‍, കല്‍പ്പാക്കം എന്നീ അണുശക്തിനിലയങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഒരിടത്തും മത്സ്യസമ്പത്ത് നശിച്ചിട്ടില്ല. അന്തരീക്ഷം മലിനീകൃതമായിട്ടുമില്ല ആണവ വകുപ്പ് അധികാരികള്‍ ആണയിട്ട് പറയുന്നു. പക്ഷേ നിരക്ഷരത ഏറിയ തിരുനല്‍വേലി ജില്ലയിലെ ഗ്രാണീര്‍ക്ക് ഇപ്പോള്‍ ആരേയും വിശ്വാസമില്ല.
ഈ വര്‍ഷം ഡിസംബറിലും 2012 ജൂണിലുമായി 1000 മെഗാവാട്ട് വീതം ഉല്‍പ്പാദന ശേഷിയുള്ള രണ്ട് അണുശക്തി നിലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ ഏറ്റവും വലിയ വിഹിതമായ 925 മെഗാവാട്ട് തമിഴ്‌നാടിന് നല്‍കാനായിരുന്നു തീരുമാനവും. ബാക്കി വൈദ്യുതി കര്‍ണാടക(442), കേരളം(226), പുതുശ്ശേരി(67) എന്ന ക്രമത്തിലും രണ്ടായിരത്തില്‍ ശേഷിക്കുന്ന 300 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ തീരുമാനം പിന്നീട് ഉണ്ടാവുമത്രെ.
പ്രതിവര്‍ഷം ശരാശരി 3000 മെഗാവാട്ട് വൈദ്യുത കമ്മി അനുഭവിക്കുന്ന തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം കൂടംകുളം വൈദ്യുതി ഒരു കനകാവസരമാവേണ്ടതായിരുന്നു. അതും ഒരു നയാപൈസയുടെ നിക്ഷേപമില്ലാതെ വൈദ്യുതി നിരക്കും തീരെ കുറവ്. യൂണിറ്റിന് രണ്ട് രൂപ അമ്പത് പൈസ മാത്രം. കല്‍പ്പാക്കത്തെ പ്രോട്ടോ ടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ നിര്‍മിച്ചു നല്‍കുന്ന വൈദ്യുതിയുടെ വില യൂണിറ്റൊന്നിന് നാല് രൂപ നാല്‍പ്പത്തിനാല് പൈസയാണെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. പക്ഷേ ജനരോഷം പതഞ്ഞുയര്‍ന്നതോടെ പദ്ധതി വേണ്ടെന്ന് പ്രഖ്യാപിക്കാന്‍ തമിഴ്‌നാട് മന്ത്രിസഭ നിര്‍ബന്ധിതമായി.
അണുഭാരംകൂടിയ മൂലകങ്ങളുടെ അണുകേന്ദ്രത്തെ ന്യൂട്രോണ്‍ കിരണങ്ങള്‍ കൊണ്ടു പിളര്‍ക്കുകയാണ് അണു റിയാക്ടറിലെ പ്രധാന പ്രവൃത്തി. അപ്പോള്‍ പുറത്തുവരുന്നത് അപാരമായ ഊര്‍ജം. അണുഭാരം കൂടിയ ഒരു കിലോഗ്രാം യൂറേനിയം വിഘടനം നടത്തുമ്പോള്‍ 2750 ടണ്‍ കല്‍ക്കരി കത്തിച്ചാല്‍ കിട്ടുന്നതിനു തുല്യമായ താപോര്‍ജ്ജമാണത്രെ പുറത്തുവരിക. ആ താപോര്‍ജം ജലത്തെ നീരാവിയാക്കി മാറ്റി ടര്‍ബൈന്‍ കറക്കാന്‍ ഉപയോഗിക്കുന്നു.
ടര്‍ബൈനുകള്‍ക്കൊപ്പമുള്ള ജനറേറ്ററുകള്‍ ആ ഊര്‍ജത്തെ വൈദ്യുതിയാക്കി മാറ്റും. സംഗതി വളരെ ലളിതം. പക്ഷെ ചെറിയൊരു പാകപ്പിഴപോലും ഒരു രാജ്യത്തെ തന്നെ നശിപ്പിച്ചേക്കാം. ഒരു ജനതയെയാകെ ചുട്ടുകരിച്ചേക്കാം.
അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ സാധാരണ ആണവ ഇന്ധനം ഉരുകിയാണ് അപകടം സംഭവിക്കുക. എന്നാല്‍ അപ്രകാരം വന്നാല്‍ റിയാക്ടറിന്റെ കാമ്പിനെ തണുപ്പിച്ച് ശാന്തമാക്കാനുള്ള സമഗ്ര സംവിധാനം കൂടംകുളത്തുണ്ടത്രെ. അപകടം വന്നാലും വികിരണം പുറത്തു ചാടാത്തവണ്ണം കരുത്തുറ്റ ആവരണങ്ങളാണ് റിയാക്ടറിനെ പൊതിഞ്ഞിരിക്കുന്നത്. പ്രത്യേകതരം കോണ്‍ക്രീറ്റും ലോഹക്കൂട്ടുകളും കൊണ്ടുള്ള പുറംചട്ടയുടെ കനം 1.20 മീറ്ററാണ്. അകം ചട്ടയുടേതാവട്ടെ 0.60 മീറ്ററും. ഭൂകമ്പ സാധ്യത ഏറ്റവും കുറഞ്ഞ സ്ഥലമാണ് ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തതും. സുനാമി ചെറുക്കാനുള്ള സുരക്ഷാ ഏര്‍പ്പാടുകള്‍ പൂര്‍ണമായും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക വികാരം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് കൂടംകുളത്തെ അധികാരികള്‍ തന്ത്രപരമായി മുന്നോട്ടുപോയത്. കൃഷിക്കുപോലും പറ്റാത്ത ഭൂമിയാണ് ഏറ്റെടുത്തതത്രയും. നാട്ടുകാര്‍ക്ക് മുഴുവന്‍ അണുനിലയത്തില്‍ ജോലി നല്‍കി. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും റോഡ് നിര്‍മിച്ചു. സ്കൂളുകള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ നല്‍കി. ആലംബഹീനരുടെ സഹായത്തിന് പ്രോജക്ടുകള്‍ തുടങ്ങി. ഉന്നതോദ്യോഗസ്ഥര്‍ നാട്ടുകാരുമായി പൂര്‍ണമായും ഇഴുകിച്ചേര്‍ന്നു. പക്ഷേ……
ഇത്രയും എഴുതിയതുകൊണ്ട് ഞാനൊരു അണുശക്തി അനുഭാവിയാണെന്ന് ധരിക്കേണ്ടതില്ല. അണുശക്തി നിലയങ്ങള്‍ക്ക് തീര്‍ത്തും എതിരാണ് താനും.
ആണവനിലയത്തിലെ മാലിന്യങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തിനുവരെ കാരണമാവുമെന്നാണ് പുതിയ കണ്ടെത്തല്‍. ജീവിത ചക്രം ലഘുവായ അയഡിന്‍-131 മുതല്‍ ദീര്‍ഘകാലം കൊണ്ടുപോലും വിഘടിച്ചു നശിക്കാത്ത സീഷിയം-137 വരെ കടല്‍ ജലത്തില്‍ അലിഞ്ഞു ചേരുമെന്നും അത് പ്ലവഗങ്ങളിലൂടെ മത്സ്യങ്ങളിലും മനുഷ്യരിലും എത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1980 ല്‍ ഉക്രെയിനിലെ പെര്‍ണോബില്‍ അണുകേന്ദ്രം വാല്‍വിലെ ചോര്‍ച്ച മൂലം പൊട്ടിത്തെറിച്ചപ്പോള്‍ അന്തരീക്ഷം മുഴുവന്‍ മാരകമായ വികിരണംകൊണ്ട് നിറഞ്ഞത് മറക്കാറായിട്ടില്ല. അത് ഇതര ഭൂഖണ്ഡങ്ങളിലേക്ക് പറന്നു നീങ്ങാതിരിക്കാന്‍ കൃത്രിമ മഴ പെയ്യിക്കേണ്ടി വന്നു റഷ്യക്ക്. ആ അപകടത്തില്‍ മൊത്തം 10 ലക്ഷം പേര്‍ രോഗബാധിതരായി. അക്കൂടെ ക്യാന്‍സര്‍, തൈറോയിഡ് രോഗങ്ങള്‍ ബാധിച്ചവര്‍ ഏറെ. ജപ്പാനിലെ ഫുകുഷിമ നിലയം തകര്‍ന്നപ്പോഴുണ്ടായ കോലാഹലം വിശദീകരിക്കേണ്ടതില്ലതാനും.
പക്ഷേ ഇവിടെ ഒരു പ്രധാന ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതീവ സുരക്ഷയോടെ 13500 കോടി നികുതിപ്പണം ചെലവിട്ട് പതിറ്റാണ്ടുകള്‍ കൊണ്ടു തീര്‍ത്ത അണുശക്തി നിലയത്തിനെതിരെ ഉദ്ഘാടനത്തലേന്ന് സമരം ചെയ്യുന്നതിന്റെ പ്രസക്തി എന്താണ്? ആരാണതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? പരിസ്ഥിതിവാദികള്‍ വികസനത്തിനെതിര് നില്‍ക്കുന്നുവെന്ന വികസനവാദികളുടെ ആരോപണം ബലപ്പെടുത്താന്‍ മാത്രമേ ഇത്തരം സമരങ്ങള്‍ സഹായിക്കൂ. അതുവഴി അണുനിലയത്തിനെതിരായ ഭാവികൂട്ടായ്മകള്‍ ദുര്‍ബലപ്പെടുത്താനും.
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: