കൊച്ചി: ശബരിമല ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്കുകള്‍ അമിതമായി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്കി. 2009 നവംബര്‍ 12 ന് ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ പൊതുജനങ്ങളുടെയും ഭക്തരുടെയും അഭിപ്രായംകൂടി കണക്കിലെടുത്ത് മാത്രമേ നിരക്കുകള്‍ വര്‍ധിപ്പിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
പൂജകള്‍ക്കും വഴിപാടുകള്‍ക്കും ഇപ്പോള്‍ ദേവസ്വംബോര്‍ഡ് കഴിഞ്ഞ ജനുവരി 25 മുതല്‍ വരുത്തിയ വര്‍ധനവ് കോടതി നിര്‍ദേശപ്രകാരം പുനക്രമീകരിച്ചു. ഇതില്‍ ഏതെങ്കിലും ഭേദഗതികളുണ്ടെങ്കില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. നിരക്ക് വര്‍ധന ആവശ്യമില്ലാത്ത ചെലവ് കുറഞ്ഞ വഴിപാടുകള്‍ക്കും പൂജകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും അത് ഒഴിവാക്കണമെന്നും കോടതി ബോര്‍ഡിനോട് പറഞ്ഞു. അപ്പം 20 രൂപയില്‍നിന്ന് 25ഉം അരവണ 50 രൂപയില്‍നിന്ന് 60 രൂപയുമാക്കി. നിര്‍മാല്യം, അത്താഴപൂജ, ദീപാരാധന തുടങ്ങിയവയ്ക്ക് ചാര്‍ജ് ഇല്ല. ബോര്‍ഡ്, നിത്യപൂജയ്ക്ക് 2501 , പടിപൂജ 4000, ഉദയാസ്തമനപൂജ 25000, ഉത്സവബലി 10,000 എന്നിങ്ങനെയാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഗണപതി ഹോമത്തിന് 150ല്‍നിന്ന് 50 രൂപ കൂട്ടി. ഭഗവതിസേവ 200, പുഷ്പാഭിഷേകം 500, കളഭാഭിഷേകം 1000, സഹസ്രകലശം 6000, പടിപൂജ 19,999, ഉദയാസ്തമനപൂജ 9999, ഉഷഃപൂജ 1999, നിത്യപൂജ 4499 എന്നിങ്ങനെയാണ് നിരക്കുകള്‍ പഴയതില്‍നിന്ന് വര്‍ധിപ്പിച്ചത്.
ഉദയാസ്തമനപൂജ, പടിപൂജ, സഹസ്രകലശം, നിത്യപൂജ, ഉഷഃപൂജ എന്നിവയ്ക്ക് വലിയ തോതിലാണ് നിരക്ക് കൂടിയത്. ചെലവ് കൂടിയ പൂജകള്‍ക്ക് ആനുപാതികമായി നിരക്ക് കൂട്ടുന്നതില്‍ അപാകതയില്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ എല്ലാ വഴിപാടുകള്‍ക്കും പൂജകള്‍ക്കും നിരക്ക് കൂട്ടരുതെന്നും കോടതി പറഞ്ഞു. ആകെ 52 ഇനത്തിനാണ് ബോര്‍ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: