തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത ആദ്യസംഭവം 1970 ജൂണ്‍ 29ന്. സി അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കവെ സ്പീക്കര്‍ ഡി.ദാമോദരന്‍പോറ്റിയെ കയ്യേറ്റം ചെയ്തതിനായിരുന്നു നടപടി. സ്പീക്കര്‍ക്കെതിരെ കസേര വലിച്ചെറിഞ്ഞ അഞ്ചുപേരെയാണ് അന്ന് സസ്പെന്‍ഡ് ചെയ്തത്. സിബിസി വാര്യര്‍, ഇ.എം.ജോര്‍ജ്ജ്, എം.വി.തണ്ടാര്, റ്റി.എം.മൊയ്തീന്, ഇ.വി.ആര്യന് എന്നിവരാണ് കേരള നിയമസഭയില്‍ ആദ്യമായി സസ്പെന്ഷന് വിധേയമായവര്‍.
1983 മാര്‍ച്ച് 23ന് റേഷന്‍വിതരണത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ബഹളത്തിലും പുറത്താക്കലിലും സമാപിച്ചു. എം.വി.രാഘവന്, കോടിയേരി ബാലകൃഷ്ണന്, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരാണ് അന്ന് പുറത്താക്കപ്പെട്ടവര്‍. പിറ്റേദിവസം വനിതാ അംഗങ്ങളെ മറയാക്കി ഇവര്‍ സഭയിലെത്തുകയും ഭരണകക്ഷി എംഎല്‍എ മാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കെ.പി.രാമന്, കെ.എം.ജോര്‍ജ്ജ്, കെ.മൂസാക്കുട്ടി എന്നിവര്‍ക്ക് കയ്യേറ്റത്തില്‍ പരിക്കേറ്റു.
1987 ജൂലൈ ഒന്നിന് എം.വി.രാഘവന് വീണ്ടും പുറത്താക്കലിന് വിധേയനായി. നേരത്തെ സിപിഎം നേതാവെന്ന നിലയില്‍ ആണ് പുറത്താക്കപ്പെട്ടതെങ്കില്‍ ഇത്തവ സിപിഎം മന്ത്രിക്കെതിരെ ഓടിയടുത്തതായിരുന്നു പ്രശ്നം. എ.കെ.ജി ആശുപത്രി പ്രശ്നം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ രാഘവന് മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നേരെ പാഞ്ഞടുത്തു. ഭരണകക്ഷി അംഗങ്ങള്‍ രാഘവനെ അടിച്ചുതാഴെ ഇട്ടെങ്കിലും സസ്പെന്ഷന് കിട്ടിയത് രാഘവനായിരുന്നു. 2001 ജനുവരി 18ന് മന്ത്രി കെ.ബി.ഗണേശ്കുമാറിനെ കയ്യേറ്റം ചെയ്തതിന് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സസ്പെന്ഷന് വിധേയരായി. എം.വി.ജയരാജന്, രാജു എംബ്രഹാം, പി.എസ്.സുഭാല്‍ എന്നിവരായിരുന്നു ഇവര്‍. അതിനുശേഷം ഇന്നലെയാണ് ബഹളത്തിന്റെ പേരില്‍ സസ്പെന്ഷന് ഉണ്ടാകുന്നത്. ആദ്യം സസ്പെന്‍ഷനിലായ ഇ.എം.ജോര്‍ജ്ജ് പ്രതിനിധീകരിച്ചിരുന്നത് പുതുപ്പള്ളി മണ്ഡലത്തെയാണ്. ജോര്‍ജ്ജിനെ തോല്‍പ്പിച്ചാണ് ഉമ്മന്‍ചാണ്ടി ആദ്യമായി നിയമസഭയിലെത്തിയത്.
ഇന്നലെ സസ്പെന്‍ഷനിലായ ടി.വി.രാജേഷും ജെയിംസ് ജോര്‍ജ്ജിനും കൂട്ടായി നേരത്തെ സസ്പെന്ഷന് കിട്ടിയിട്ടുള്ള മൂന്നുപേര്‍ കൂടി ഇപ്പോഴത്തെ സഭയില്‍ കൂട്ടിനുണ്ട്. കോടിയേരി ബാലകൃഷ്ണന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, രാജു എബ്രഹാം എന്നിവരാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: