ഭോപ്പാല്‍: ജനചേതനാ യാത്രയില്‍ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.ബി. വാജ്പേയിയുടെ അസാന്നിധ്യം ഏറെ വിഷമിപ്പിക്കുന്നതായി യാത്രാനായകന് എല്‍.കെ. അദ്വാനി വ്യക്തമാക്കി.
നേരത്തെ നടത്തിയ അഞ്ച് യാത്രകളിലും വാജ്പേയിയുടെ പിന്തുണയും മാര്‍ഗദര്‍ശനവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതിന് കഴിഞ്ഞിട്ടില്ല. വാജ്പേയിയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് യാത്ര തുടങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ഏറെ വിഷമിപ്പിക്കുന്നതായി ദസറാ മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ വിദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെയെത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ്. സമ്പന്നരായ ഇന്ത്യക്കാര്‍ 2.5 ലക്ഷം കോടി രൂപയോളം വിദേശത്ത് നിക്ഷേപിച്ചിരിക്കുന്നതായി ഗ്ലോബല്‍ ഇന്റഗ്രിറ്റി എന്ന ഏജന്‍സി കണക്കാക്കിയിട്ടുണ്ട്. ഇത് സ്വിസ് ബാങ്ക് അസോസിയേഷന് ശരിവെക്കുകയും ചെയ്തിട്ടുള്ളതാണെന്ന് അദ്വാനി പറഞ്ഞു. യുഎസ്, ജര്‍മനി, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളിലെ ജനങ്ങളും സ്വിറ്റ്സ്സര്ലന്റു പോലുള്ള രാജ്യങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത്.
വോട്ടിന് കോഴ സംഭവം പുറത്തുകൊണ്ടുവന്ന തന്റെ പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളെ തിഹാര്‍ ജയിലിലടച്ച സംഭവം ഏറെ ദുഃഖിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പണം നല്കിയവര് സ്വതന്ത്രരായി വിഹരിക്കുന്ന കാഴ്ചയാണ് ജനചേതനാ യാത്രക്ക് പിന്നിലെ ഒരു കാരണം. കള്ളപ്പണക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ധവളപത്രം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് സുഷമാസ്വരാജും യോഗത്തെ അഭിസംബോധന ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്, ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഭാത് ഝാ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: