ഹിസാര്‍: അണ്ണാ ഹസാരെ സംഘത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണത്തെ തുടര്‍ന്ന് ശ്രദ്ധയാകര്‍ഷിച്ച ഹരിയാനയില്‍ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍. ആദ്യ മണിക്കൂറില്‍ 20 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
ഹിസാറില്‍ നിന്നും മൂന്ന് പ്രാവശ്യം ലോക്സഭയിലെത്തിയ ജയപ്രകാശാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. മുഖ്യ പ്രതിപക്ഷമായ ഐ.എന്‍.എല്‍.ഡിയുടെ സ്ഥാനാര്‍ത്ഥി അജയ്സിങ് ചൗട്ടാലയാണ്. കുല്‍ദീപ് ബിഷ്ണോയിയാണ് ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ആകെ നാല്‍പ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്.
തെരഞ്ഞെടുപ്പിന് ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് എര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസിന് പുറമേ 4000ത്തോളം സേനാംഗങ്ങളെയും പോളിങ് സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. ആകെ 1506 പോളിങ് സ്റ്റേഷനുകള്‍ ഉള്ളതില്‍ 336 എണ്ണം പ്രശ്ന സാധ്യതയുള്ളവയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ജന്‍ ലോക്പാല്‍ ബില്ല് പാസാക്കാത്ത പക്ഷം ഉപതിരഞ്ഞ്പ്പില് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്ന് ഹിസാര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരോട് അണ്ണാ ഹസാരെ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് ശക്തമായ പ്രചാരണമാണ് അണ്ണാ ഹസാരെയും സംഘവും ഹിസാറില്‍ നടത്തിയത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്ന് ഹസാരെ ആവശ്യപ്പെടുന്ന വീഡിയോയുള്പ്പെടെയുള്ളവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.
ഹസാരെയെ പ്രതിരോധിക്കാന്‍ മറുപടിയുമായി കോണ്‍ഗ്രസും ദിഗ്വിജയ് സിങ്ങും രംഗത്തെത്തിയതും പ്രചാരണ രംഗത്ത് ചൂടുപകര്‍ന്നു. ഹസാരെയെ ബി.ജെ.പി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വിരുദ്ധ കക്ഷികളുടെ മുഖംമൂടിയാണ് ഹസാരെയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഒക്ടോബര്‍ 17 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: