നഗരത്തില്‍ ചൂട് കാറ്റ് വീശിക്കൊണ്ടിരുന്നു. അത് യാത്രികരേയും സ്ഥിരവാസികളെയും പൊള്ളിച്ചു കൊണ്ടേയിരുന്നു. സര്‍ബത്തു കടക്കാരും തണ്ണിമത്തന്‍ വില്‍പ്പനക്കാരും ഉത്സാഹത്തോടെ ഗ്ലാസുകള്‍ നിറയ്‌ക്കുമ്പോഴും പണം വാരുമ്പോഴും ഇടയ്‌ക്കിടെ ശ്വാസം ദീര്‍ഘമായി വിട്ട് അയ്യോ എന്തൊരു ചൂട് എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ വീടുകളുടെ മുറ്റത്ത് നിന്നിരുന്ന ജമന്തിയും പിച്ചിയും കൊടുംചൂടില്‍ കരിഞ്ഞുപോയി. അത്യുഷ്ണത്താല്‍ അവിടങ്ങളിലെ മനുഷ്യര്‍ കോര്‍പ്പറേഷന്‍ പണി തീര്‍ത്ത കനാലുകള്‍ക്കരികില്‍ ചെറു പച്ചകളില്‍ ഉച്ചയുറക്കമോ ചൂതുകളിയോ നടത്തി തങ്ങളിലെ ആന്തരീക സമസ്യകളെ കൊല്ലാന്‍ ശ്രമിച്ചു.
പക്ഷെ സംസ്ക്കാര സമ്പന്നരും തൊഴിലുള്ളവരുമായ നഗരത്തിലെ ഇടത്തരക്കാര്‍ തങ്ങളിലെ ഇടനേരങ്ങളില്‍ ഈ വ്യവസ്ഥിതി സൃഷ്ടിച്ച സ്നേഹരഹിത മരുഭൂമികളെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടിരുന്നു. ആശങ്കപ്പെട്ടവരിലെല്ലാം ദാര്‍ശനിക ദുഃഖം വര്‍ധിച്ചുകൊണ്ടിരുന്നു. ആ നഗരം രൂപകങ്ങളാലും വ്യത്യസ്ഥ മനുഷ്യരാലും സമ്പുഷ്ടമായിരുന്നതിനാലും നൈരന്തര്യം സൃഷ്ടിക്കുന്ന ശൂന്യതാബോധത്താലും നിരന്തരം അലഞ്ഞു തിരിയുന്നവരെ അവജ്ഞയോടെ തന്നെ വീക്ഷിക്കുവാന്‍ പൊതു സമൂഹത്തെ പഠിപ്പിച്ചുകൊണ്ടിരുന്നു.
വെയില്‍ കുടിച്ചു മരിക്കുന്നത് കിളികളല്ല
കടല്‍ത്തീരത്തു പോയിരുന്നു കാറ്റു കൊള്ളുന്നത്
പോത്തും കാളയും പൂച്ചയും പട്ടികളുമല്ല
ഒരു നീരുറവയെങ്കിലും ഭൂമിയുടെ ആഴങ്ങ-
ളില്‍നിന്നു പൊട്ടിയൊഴുകി ഈ ടാര്‍
റോഡിനെ തണുപ്പിച്ചിരുന്നെങ്കില്‍
എന്നാഗ്രഹിക്കുന്നത് ഉരഗങ്ങളുമല്ല.
ഇതെല്ലാം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മനുഷ്യരാണ്. താന്‍ അവരില്‍ ഒരാള്‍ മാത്രമാണ്. അതുകൊണ്ട് താന്‍ പേറുന്ന അന്യതാബോധം ഏകമല്ല അതിന് ബഹുസ്വരതകളുണ്ട്. ഏറെ നേരമായി വെയില്‍ കുടിച്ച് നഗരത്തില്‍ അലഞ്ഞുതിരിയുന്ന അയാള്‍ ചിന്തിച്ചു സമാശ്വസിച്ചുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും ഒരു നീരുറവയുടെയെങ്കിലും ജീവസ്പര്‍ശം തന്നിലേല്‍ക്കുമെന്ന പ്രതീക്ഷയില്‍ അയാള്‍ നടത്തം തുടര്‍ന്നുകൊണ്ടേയിരുന്നു.
സമയം ഉച്ച തിളയ്‌ക്കുകയാണ്. ഭോജന ശാലകളിലെ തിരക്കിന്റെ ഉള്‍ച്ചൂടില്‍നിന്നും അയാള്‍ ഒരുവിധം രക്ഷപ്പെട്ടു പുറത്തു കടന്നു. നേരെ എതിര്‍വശത്തുള്ള ബില്‍ഡിംഗിന്റെ മുറ്റത്തേക്ക് ആ കണ്ണുകള്‍ നീണ്ടു.
എന്ത്! ഈ നഗരത്തില്‍ പിച്ചിപ്പൂക്കളോ തെല്ലൊരു വിസ്മയത്തോടും ഒട്ടൊക്കെ വാത്സല്യത്തോടും കൂടി അയാള്‍ അവിടേക്കു നടന്നു.
അക്കൗണ്ട്സ് മാനേജരുടെ കസേരയില്‍ മിസ്.സംഗീതാ കുര്യന്‍ നേര്‍ത്ത ഉച്ചമയക്കത്തിലായിരുന്നു. പൊടുന്നനെ ഡോര്‍ തുറന്ന് അകത്തേക്ക് ഒരാള്‍ പ്രവേശിച്ചപ്പോള്‍ സ്വിച്ചിട്ടതുപോലെ ഒരു ചിരി ആ മുഖത്ത് പടരുകയും അതിന്റെ കൃത്രിമത്വങ്ങള്‍ കയറി വന്നയാളിന് പിടികിട്ടുകയും ചെയ്തു. ഒരു ഞെട്ടലോടെയാണ് സംഗീതാ കുര്യന്‍ അയാളെ മനസ്സിലാക്കുന്നത്. മുട്ടിനു താഴെവരെയുള്ള ചുവന്ന ജുബ്ബ. തേച്ചിട്ടില്ലാത്ത അഴുക്കു പുരണ്ട കൈത്തറിമുണ്ട്. മുഖത്ത് പകുതി നരച്ച താടിരോമങ്ങള്‍, നീണ്ട മൂക്കും തിളങ്ങുന്ന പിച്ചള നിറമുള്ള കണ്ണുകളുമായി ഒരു മദ്ധ്യവയസ്ക്കന്‍. സംഗീതാകുര്യന് പെട്ടെന്ന് കോഴിയെപ്പോലെ പതുങ്ങാനുള്ള ഭവ്യത കൈമുതലായുണ്ടായിരുന്നു.
അവര്‍ അതീവ ഭവ്യതയോടെയും കൃത്രിമമായ വിനയത്തോടെയും ചെയറില്‍നിന്നും ഒന്നെഴുന്നേറ്റ് അയാളെ നമസ്ക്കരിച്ചു.
എന്താണ് സാര്‍.
പകുതിയും നരച്ച കുറ്റിത്താടി നിറഞ്ഞ ആ മുഖം തീര്‍ത്തും പരിക്ഷീണമായിരുന്നു. വിയര്‍പ്പു ചാലുകളുമായി ഒലിച്ചിറങ്ങി നനഞ്ഞുകൊണ്ടിരുന്ന വസ്ത്രങ്ങളുമായി അയാള്‍ അവള്‍ക്കഭിമുഖമായി ഇരുന്നു. തോളില്‍ തൂക്കിയിരുന്ന ബാഗ് അയാള്‍ നിലത്തേക്കു വച്ചു.
പൊടുന്നനെ സംഗീതാ കുര്യനില്‍ ഒരു ധാരണയുദിച്ചു. എന്തായിരുന്നാലും ഇയാള്‍ ഈ കമ്പനിയുടെ ഒരു നിക്ഷേപകനോ കസ്റ്റമറോ ആകാനിടയില്ല എന്നു തോന്നിയിരുന്നതിനാല്‍ തന്നെ അവരുടെ മുഖത്തെ ചിരി മാഞ്ഞു. സ്വാഭാവിക ഗൗരവം അവിടെ നിറഞ്ഞു. ചോദ്യഭാവേനയുള്ള ഒരു നോട്ടം അവളുടെ മുഖത്തു കൊഞ്ഞനംപോലെ തന്റെ നീര്‍ക്കു നീണ്ടപ്പോള്‍ താന്‍ ചങ്ങനാശ്ശേരിയില്‍നിന്നു വരുന്നു എന്നു പറഞ്ഞുകൊണ്ടയാള്‍ സംസാരം തുടങ്ങി.
എന്തിലും ഒരല്‍പ്പം സാധ്യതയുണ്ടാകുമെന്ന തന്റെ ചിന്താഗതികൊണ്ട് തന്നെ ചങ്ങനാശ്ശേരി എന്ന പ്രദേശത്തിന് ഈസ്ഥാപനവുമായി എന്താണ് ബന്ധം എന്ന് ഒരുമിനിട്ടോളം സമയം അവര്‍ ആലോചിച്ചു. ഇല്ല ചങ്ങനാശ്ശേരിക്കാരായി ഇവിടെ ആരുംതന്നെ ജോലി ചെയ്യുന്നില്ല. ചങ്ങനാശ്ശേരിയിലുള്ള ഒരാള്‍പോലും ഇവിടെ നിക്ഷേപകരായും ഇല്ല. പിന്നെ എന്തിനായിരിക്കാം ഇയാള്‍ വന്നതെന്ന് അവര്‍ക്ക് ഏറെ ചിന്തിക്കേണ്ടി വന്നില്ല.
ലക്ഷ്യം പിരിവു തന്നെ. പിരിവുകാരെ അവര്‍ മൂന്നായി തരംതിരിച്ചിരുന്നു. ഒന്നാമത്തെ വിഭാഗം ഉയര്‍ന്ന ഇടത്തരം പിരിവുകാരാണ്. ഇയാള്‍ രണ്ടാമത്തെ ഗണത്തില്‍ പെടുന്നയാളായിരിക്കും. മുന്‍പൊരിക്കല്‍ ഇങ്ങനെയൊരാള്‍ ഇതേ വേഷത്തില്‍ ഇവിടെയെത്തി കുറെ ചരിത്രവും ഭൂമിയുടെ ഇതിഹാസവുമൊക്കെ വിളമ്പി തന്നെ ബുദ്ധിമുട്ടിച്ചതിന് സെക്യൂരിറ്റിയെ താന്‍ വഴക്കുപറഞ്ഞതായിരുന്നു. പക്ഷേ അന്നു വന്നയാളിന് തനിക്ക് കുറെ രൂപാ കൊടുക്കേണ്ടിയും വന്നു. പണം തന്റെ കൈയില്‍ നിന്നായിരുന്നു നഷ്ടമായത്. ഏതോ ഒരു മുന്‍ നക്സലൈറ്റാണയാള്‍ എന്നുമാത്രമേ തനിക്കിപ്പോള്‍ അയാളെക്കുറിച്ച് ഓര്‍മയുള്ളൂ.
നാലുമിനിട്ടോളം ആ എസി ക്യാബിനിലിരുന്നതോടെ അയാളുടെ മുഖം കുറെ സൗമ്യമായി. പക്ഷെ പൊടുന്നനെ ആ കണ്ണീര്‍ പുഞ്ചയിലെ ഉഷ്ണവായു അന്തരീക്ഷത്തില്‍ നിര്‍ഗമിച്ചു.
ഭാര്യയാല്‍ ഉപേക്ഷിക്കപ്പെട്ട താന്‍ കുറച്ചു ദിവസങ്ങളായി ഈ നഗരത്തില്‍ ചുറ്റിത്തിരിയുകയാണെന്നും തനിക്ക് സമ്പത്തിന്റെ കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും പ്രത്യേകിച്ച് ഒരു മുഖവുരയോ ഔപചാരികതയോ കൂടാതെ അയാള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവളുടെ മുഖത്ത് കൗതുകം നിറഞ്ഞു.
ഇയാളെന്തിന് ഇതൊക്കെ തന്നോടു വിളമ്പുന്നുവെന്ന ഒരു ചോദ്യം അവളില്‍നിന്നുയര്‍ന്ന് അവളിലേക്ക് തന്നെയിറങ്ങി. കുറെനേരം അയാള്‍ അയാളുടെ ഖേദങ്ങള്‍ അവരോട് പറഞ്ഞപ്പോഴൊക്കെ തനിക്ക് ഇതൊക്കെ ആരോടെങ്കിലും പറയാതിരിക്കുവാന്‍ വയ്യെന്നും യാതൊരു പരിചയവുമില്ലാത്ത ഒരാളിനോട് ഇങ്ങനെയൊക്കെ പറയുന്നത് വിചിത്രമായി കാണരുതെന്നും പുറത്തെ ഉച്ചച്ചൂട് സഹിക്കാന്‍ പറ്റാത്തതിന്റെ പേരിലാണ് താന്‍ വെറുതെ കുശലാന്വേഷണവുമായി ഇവിടെയെത്തിയതെന്നുമൊക്കെ അവളെ പറഞ്ഞ് ബോധ്യമാക്കിക്കൊണ്ടിരുന്നു. അയാള്‍ക്ക് ഈ സ്ഥാപനം നല്ല ഒന്നാന്തരം ബ്ലേഡു കമ്പനിയാണെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു. എങ്കിലും അതിന്റെ മുറ്റത്തുവിടര്‍ന്നു നില്‍ക്കുന്ന മുല്ലയും തെച്ചിയും പിച്ചിപ്പൂക്കളുമൊക്കെയാണ് തന്നെ ഇവിടേക്കാകര്‍ഷിച്ചതെന്നു മാത്രം അയാള്‍ അവളോട് പറഞ്ഞില്ലതാനും. അങ്ങനെ പറഞ്ഞാല്‍ അതിന്റെ ശരിയായ പൊരുള്‍ അവള്‍ ഉള്‍ക്കൊള്ളുമോ എന്നയാള്‍ സംശയിച്ചിരുന്നു.
അയാളുടെ സംസാരം ഒരു മെയിലോഡ്രാമപോലെ തുടര്‍ന്നപ്പോള്‍ അവളില്‍ പരിഹാസം ഉണര്‍ന്നു. ഇയാളെ ഒഴിവാക്കിയെങ്കിലേ പറ്റുകയുള്ളൂ. അവള്‍ തിരികെ സംസാരിക്കുവാന്‍ തുടങ്ങി.
“ആകട്ടെ ഇവിടെയെന്തിനു വന്നു”
അവളുടെ ഒരേയൊരു ചോദ്യത്തിനു മുന്നില്‍ അയാള്‍ കുളിര്‍ത്തു.
“വെറുതെ ചുറ്റിത്തിരിയാന്‍”
അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവളിലെ പുച്ഛവും ദേഷ്യവും വര്‍ധിച്ചു. ഇയാള്‍ ഒരു പമ്പര വിഡ്ഢിതന്നെ. നാട്ടില്‍ കുറെയേറെ പുരയിടവും പുഴയോടു ചേര്‍ന്ന ഒരു വീടുമുള്ള ഇയാളെന്തിന് ഉഷ്ണലായനിയില്‍ മുക്കിയിട്ടിരിക്കുന്ന ഈ നഗരത്തില്‍ ചുറ്റിത്തിരിയാന്‍ വന്നു. ഒറ്റയ്‌ക്കു താമസിക്കുന്നുവെന്നു പറയുന്ന ഇയാളുടെ ഭവനം ഈ സമയം കള്ളന്മാര്‍ വന്നു കൊള്ളയടിച്ചിട്ടുപോകില്ലേ, വീട്ടിലും പറമ്പിലും തേങ്ങയും മറ്റു കൃഷി വിഭവങ്ങളും ആരെങ്കിലുമൊക്കെ കൊള്ളയടിച്ചുകൊണ്ടുപോയാല്‍ അതെല്ലാം ഉപേക്ഷിച്ച് നഗരത്തില്‍ വന്നു ഒരു ത്രീസ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കുകയെന്നാല്‍ എത്ര രൂപാ ചെലവുള്ള കാര്യമാണ്.
ഇങ്ങനെ ഓരോന്നാലോചിച്ചിരിക്കുന്ന സംഗീതാ കുര്യന് പൊടുന്നനെ മറ്റൊരു സംശയം നിഴലിട്ടു. ഇയാളെന്തിന് ഇവിടെ കയറിവന്നു? ഈ നഗരത്തില്‍ എത്രയോ സ്ഥാപനങ്ങള്‍ ഉണ്ട്. അതൊക്കെ കളഞ്ഞിട്ട് ഈ ഫിനാന്‍സു കമ്പനിയില്‍ ഉച്ചനേരത്ത് തന്റെ ക്യാബിനില്‍ താന്‍ ഒറ്റയ്‌ക്കിരിക്കുമ്പോള്‍ വന്നുകയറി തന്റെ കുടുംബപുരാണമൊക്കെ വിളമ്പാന്‍ ഇയാള്‍ക്കെന്താണ് കാര്യം? ഇനി താന്‍ ഒരവിവാഹിതയാണെന്ന് ആരെങ്കിലും ഇയാളോടു പറഞ്ഞുകാണുമോ?
സംഗീതാ കുര്യന് പൊടുന്നനെ സാരി നേരെയിട്ട് കുറെക്കൂടി ഗൗരവമായി ചെയറില്‍ അമര്‍ന്നിരുന്നു.
അധികം താമസിയാതെ അയാള്‍ തന്നെക്കുറിച്ച് ചോദിക്കുമെന്നുതന്നെ അവള്‍ കരുതി. അങ്ങനെയെങ്കില്‍ താന്‍ ഒന്നുംതന്നെ പറയുകയില്ല എന്നുറച്ചു. ഇനി ഭാര്യ മരിച്ച തനിക്ക് ഒരു സുഹൃത്തായെങ്കിലും സംഗീതാ കുര്യന്‍ ഉണ്ടാവണമെന്നയാള്‍ പറഞ്ഞാല്‍ ആ നിമിഷം അയാളെ അടിച്ചു പുറത്താക്കുക തന്നെ. അവള്‍ ഉറപ്പിച്ചു.
പക്ഷേ അയാളുടെ മനസ്സു മുറിഞ്ഞൊലിച്ച ഒരു പടയാളിയെപ്പോലെ കഴിഞ്ഞ ഒരു മാസക്കാലത്തെ നഗരവാസത്തില്‍ തനിക്കൊരിക്കലും സ്വസ്ഥത കിട്ടിയില്ലല്ലോ എന്നോര്‍ത്തുകൊണ്ടിരുന്നു. കഴിഞ്ഞ ഒരു മാസക്കാലം ആ ത്രീസ്റ്റാര്‍ ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഒരേകാകിയായി അയാള്‍ കഴിച്ചുകൂട്ടിയിരുന്നു. രാത്രിയില്‍ ഉറക്കം നന്നേ കമ്മി. അപ്പോള്‍ ജനല്‍ തുറന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി സമയം പോക്കിയിരുന്നു. എവിടെയെങ്കിലും ഒരു നീരുറവ പൊട്ടിയിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിച്ചപ്പോഴൊക്കെ വലിയ പാറകള്‍ തന്റെ ജലസ്രോതസ്സുകളെ തടയിടുന്ന വിഹ്വല ചിത്രങ്ങള്‍ അയാള്‍ കണ്ടിരുന്നു.
എന്തായിരുന്നാലും കുറെനേരംകൂടി ഇവളോട് സംസാരിക്കുക തന്നെയെന്ന് അയാള്‍ തീരുമാനിച്ചു. ഒരു ആധുനിക സ്ത്രീയ്‌ക്ക് സംസാരിക്കുവാന്‍ താല്‍പ്പര്യമുള്ള വിഷയങ്ങളായ ഫാഷനോ ക്രിക്കറ്റോ സിനിമയോ തനിക്ക് പിടിയില്ല. തനിക്ക് സംസാരിക്കുവാനറിയുന്നത് ആഗോളീകരണ കാലത്തെ സാംസ്ക്കാരിക തകര്‍ച്ചയേയും കമ്പോളവല്‍ക്കരണം സൃഷ്ടിക്കുന്ന സ്നേഹരഹിത മരുഭൂമികളെക്കുറിച്ചും ഒക്കെയാണ്. പക്ഷെ തനിക്കിപ്പോള്‍ ഇവിടം വിട്ടു പോകാനും തോന്നുന്നില്ല. നോക്കൂ ഞാനെത്ര മാന്യനാണ്. മോഷ്ടിച്ചിട്ടില്ല, മദ്യപിക്കാറില്ല, ആരെയും ചതിക്കാറില്ല, സ്ത്രീകളെ കണ്ടാല്‍ അവരുടെ കണ്ണുകളിലേക്ക് മാത്രമാണ് നോക്കാറുള്ളത്. ആ തന്നെയാണ് ഈ സ്ത്രീ അവഗണിക്കുന്നത്.
അയാള്‍ ദൈന്യതയോടെ സംഗീതാകുര്യനെ നോക്കി. ഏഴുകടലുകളുടെ ഉടല്‍ പിളര്‍ന്നതായിരുന്നു ആ നോട്ടം. ജീവിതം കൈമോശം വന്നവന്റെ ദുഃഖം അതില്‍ തിരയടിച്ചിരുന്നു. ഉത്സവപ്പറമ്പില്‍ കളഞ്ഞുപോയ പീപ്പി തിരയുന്ന ഒരു കൊച്ചുകുട്ടിയുടെ ആവലാതിപോലെ അയാളൊരു നെടുവീര്‍പ്പിട്ടു.
വീണ്ടും അയാള്‍ സംസാരിക്കുവാന്‍ തുടങ്ങി.
“നിങ്ങളോടുള്ള സ്നേഹംകൊണ്ട് പറയുകയാണ്. ഈ കമ്പോളവല്‍ക്കരണം നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കയാണ്. മനുഷ്യര്‍ മൃഗാവസ്ഥയില്‍നിന്നും ജഡാവസ്ഥയിലേക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.”
അയാള്‍ പിന്നെയും ചിലതുകൂടി പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അയാളുടെ ബാഗില്‍നിന്നും നീളുന്ന ഒരു ലഘുലേഖയും ഒരു രസീതുബുക്കും പ്രതീക്ഷിച്ചു.
“ദേ…..പിരിവിനാണെങ്കില്‍ രസീത് ഹെഡോഫീസില്‍നിന്നും സീല്‍ ചെയ്ത് ഇവിടുത്തെ കൗണ്ടറില്‍നിന്നും പണം വാങ്ങിക്കൊള്ളണം.”
പൊടുന്നനെ തീക്കുത്തേറ്റതുപോലെ അയാളൊന്നു പുളഞ്ഞു. പതിയെ ഒരു വിളര്‍ച്ച അയാളില്‍ വളര്‍ന്നു. മഞ്ഞനിറമുള്ള ഒരു മനുഷ്യനായി താന്‍ രൂപപ്പെടുന്നതായി അയാള്‍ക്കു തോന്നി. ആ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ പൊടിയുന്നതു പരിഹാസത്തോടെയും സംശയത്തോടെയും അവള്‍ നോക്കി.
മനോരമ ന്യൂസ് ചാനലിലെ ക്രൈംസ്റ്റോറി സംഗീതാകുര്യന് ഏറെയിഷ്ടമാണ്. നാട്ടില്‍ നടക്കുന്ന കൊള്ളയും അതിക്രമവും തികച്ചും ലൈവായി കാണുകയെന്നത് എത്ര രസമാണ്. ഇങ്ങനെയുള്ള പ്രോഗ്രാമുകള്‍ സ്ത്രീകള്‍ക്ക് എങ്ങനെ പ്രതികൂല സാഹചര്യങ്ങളെ നേരിടണമെന്ന കാര്യത്തില്‍ അവബോധമുണ്ടാക്കുന്നുവെന്നതാണ് ഈ വിഷയത്തെക്കുറിച്ച് അവളുടെ അഭിപ്രായം.
പക്ഷെ കണ്ണില്‍ മുളകുപൊടിയെറിയുന്നവരെക്കുറിച്ചും കഴുത്തില്‍ കിടക്കുന്ന മാല പൊട്ടിച്ചു ബൈക്കില്‍ പായുന്നവരെക്കുറിച്ചും അവരെ നേരിടേണ്ട രീതികളെക്കുറിച്ചും എന്താണ് ഈ ചാനല്‍ ആളുകളെ ബോധവല്‍ക്കരിക്കാത്തത്. അവള്‍ക്ക് നിരാശ തോന്നി.
പൊടുന്നനെ അവളുടെ നെഞ്ചില്‍ ഭയത്തിന്റെ കത്തിവേഷങ്ങള്‍ ഉറഞ്ഞുതുള്ളുവാന്‍ തുടങ്ങി. ഒട്ടനവധി ക്രിമിനലുകളുടെ വിലങ്ങുവെച്ച ദൃശ്യങ്ങള്‍ അവളുടെ മനക്കണ്ണാടിയില്‍ മിന്നിമായുവാന്‍ തുടങ്ങി. അവരുടെ മുഖഭാവങ്ങളെയെല്ലാം വ്യത്യസ്ത ആംഗിളുകളില്‍ അവള്‍ വായിച്ചെടുത്തു. അതില്‍ ഏതെങ്കിലുമൊരു ഛായ തന്റെ മുന്നിലിരിക്കുന്ന….
പക്ഷേ…..ഇതൊരു തട്ടിപ്പിന്റെ പുതിയ തുടക്കമായിരിക്കും എന്നു കരുതി അവള്‍ കെണിയിലകപ്പെട്ട പരവേശത്തില്‍ കസേരയിലിരുന്ന് വിയര്‍ക്കാന്‍ തുടങ്ങി. ഏതു നിമിഷവും തന്റെ നേര്‍ക്കു സ്പ്രേ ചെയ്യപ്പെടാവുന്ന ഒരു ലായനിയുടെ ഗന്ധം ആ നാസാരന്ധ്രങ്ങളില്‍ ഉണര്‍ന്നു തുടങ്ങി. പൊടുന്നനെ അവള്‍ കുറ്റിക്കാടുകളിലേക്ക് കടന്നു കയറി. ടെലിവിഷന്‍ ദൃശ്യങ്ങളിലെ സ്ത്രീ മൃതശരീരങ്ങള്‍ അവിടെ ചിതറിത്തെറിച്ചു തുടങ്ങി. തന്റെ സീറ്റിനടിയിലേക്കു അവളുടെ കൈ നീണ്ടു. നീണ്ട കോളിംഗ് ബെല്‍ ഉയരുംമുമ്പേ അയാള്‍ ശരവേഗത്തില്‍ മുറിവിട്ടിറങ്ങി. സ്വപ്നങ്ങളുടെ, മൃതശരീരങ്ങളുടെ, ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നും മുറിവേറ്റു നീങ്ങുന്ന ഒരു ഭടനെപ്പോലെ അയാള്‍ സ്വയം പിളര്‍ന്നിരുന്നു.
അവര്‍ക്കാശ്വാസമായി. ഭാഗ്യം ഇത്തവണ താന്‍ രക്ഷപ്പെട്ടിരിക്കുന്നു. ഇനി ഇയാള്‍ എന്നെങ്കിലും മറ്റൊരു വേഷത്തില്‍ എത്തുമോ? എങ്ങനെയെങ്കിലും ഒരു മെറ്റല്‍ ഡിറ്റക്ടറോ റിമോട്ട് ക്യാമറയോ ഈ സ്ഥാപനത്തില്‍ ഘടിപ്പിച്ചിരുന്നെങ്കില്‍!
പട്ടാഴി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: