ശിലയിലോ, അതല്ല മറ്റേതെങ്കിലും മാധ്യമത്തിലോ, അലിഞ്ഞുചേര്‍ന്ന സ്വത്വമായി ദൈവം നിലനില്‍ക്കുന്നുണ്ടാവാം. ആ ദൈവത്തിന് പ്രിയങ്കരങ്ങളായ വസ്തുവകകള്‍ ഭക്തര്‍ എത്തിച്ചുകൊടുക്കാം. അത് ദൈവത്തിന് കൊടുക്കാന്‍ ചിട്ടപ്പെടുത്തിയ രീതികളുമായി ആളുകളുണ്ടാവാം. അവരൊക്കെ ദൈവത്തിന്റെ പ്രിയപ്പെട്ടവരാണെന്നാവാം ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അത് അങ്ങനെതന്നെ നില്‍ക്കട്ടെ. തര്‍ക്കവിതര്‍ക്കങ്ങളുടെ ഊരാക്കുടുക്കിലേക്ക് എന്തിനു വെറുതെ ചാടി വീഴണം. എല്ലാത്തിനെയും അതിന്റെ വഴിക്കുവിടുന്നതാണ് നല്ലത്. സോപാനസംഗീതത്തിന്റെ കാര്യത്തിലും സ്ഥിതിഅതുതന്നെ.
ഏതു നേരത്തും ഏതവസ്ഥയിലും ഞെരളത്ത് കൊട്ടിപ്പാടിയാല്‍ ഒരു ദൈവത്തിനും ചുമ്മാ ഇരിക്കാന്‍ പറ്റില്ല. ഇറങ്ങി വന്ന് വിസ്മയത്തിന്റെ നിറകണ്ണുമായി അവര്‍ അദ്ദേഹത്തിനുചുറ്റുമിരിക്കും. ഭക്തിയുടെ ആ സംഗീതത്തിന് അവാച്യമായ ഒരുനുഭൂതിയുണ്ട്. അത് അനുഭവിച്ചറിയുകതന്നെവേണം. എന്നാല്‍ ആ സംഗീതത്തെ കരളില്‍ ആറ്റിക്കുറുക്കിവെച്ച മഹാനായ കലാകാരന് അര്‍ഹിക്കുന്നത് നല്‍കാന്‍ ആരും ശ്രമിച്ചിട്ടില്ല, അഥവാ അങ്ങനെയെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ കണക്കിന് പ്രചാരണം നല്‍കി അതിന്റെ മൂല്യം തകര്‍ത്തിട്ടുമുണ്ട്. മാന്ത്രിക നാദത്തിന്റെ ഉടമ മനുഷ്യനാണെന്നും വിശപ്പും ദാഹവും തളര്‍ച്ചയും ഉണ്ടെന്നും ആരും മനസ്സിലാക്കിയുമില്ല. ഇതൊക്കെ ആരെക്കാളും നന്നായറിഞ്ഞവനാണ് ഹരിഗോവിന്ദന്‍; ഞെരളത്ത് രാമപ്പൊതുവാളുടെ ഏഴുമക്കളില്‍ ഒരാള്‍. ദൈന്യവും ദാരിദ്ര്യവും അവഗണനയും നിറഞ്ഞ അച്ഛന്റെ വഴിയിലേക്ക് പോകാന്‍ ഹരിഗോവിന്ദന്‍ ഇഷ്ടപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നു ദേശാഭിമാനി വാരിക (ഒക്ടോ.2)യില്‍
നടവിട്ടിറിങ്ങിയ ഒറ്റയാന്‍ എന്ന ഐ.ആര്‍ പ്രസാദിന്റെ മൂന്നു പേജ് നീളുന്ന ഫീച്ചറും ഹരിഗോവിന്ദനുമായി ജയകൃഷ്ണഹരി നടത്തുന്ന അഭിമുഖവും ഒരു നവ്യാനുഭൂതിതന്നെയാണ് ഉണര്‍ത്തുന്നത്. സോപാനശൈലിയില്‍ കവിതകളും മാപ്പിളപ്പാട്ടുകളും അവതരിപ്പിക്കുമ്പോള്‍ ഹരിഗോവിന്ദനു നേരെ മസില്‍പെരുക്കുക സ്വാഭാവികം. എന്നാല്‍ വര്‍ണമേലാപ്പുകള്‍ക്കുള്ളിലേക്ക് നോക്കൂ എന്ന് സ്നേഹാര്‍ദ്രമായി പറയുമ്പോള്‍ പ്രതികരണങ്ങള്‍ക്ക് മൂര്‍ച്ചകുറയുകയാണ.് പാരമ്പര്യവും പത്രാസും വയറുനിറയ്‌ക്കാന്‍ പര്യാപ്തമാവില്ലെന്ന തിരിച്ചറിവുള്ളവര്‍ക്ക് ആ കലാകാരന്റെയുള്ളില്‍ കെടാതെ കത്തുന്ന വിളക്കു കാണാം. ഇനി ഹരിഗോവിന്ദന്‍ പറയുന്നത് കേട്ടാലും:
എന്റെ അമ്മ നായര്‍ സ്ത്രീയാകയാല്‍ വള്ളുവനാടന്‍ ക്ഷേത്രങ്ങളില്‍ സോപാനത്തില്‍ കൊട്ടിപ്പാടാന്‍ എന്നെ അനുവദിക്കുകയില്ല. ഈ സാമുദായിക സമീപനം ഒരു സംസ്കാര ശൂന്യതയല്ലേ? കഴിവുള്ള ഒരു കൂട്ടം കലാപ്രവര്‍ത്തകരെ അപമാനിക്കലാണ് ഇത് എന്ന സന്ദേശപ്രചാരണമാണ് ഞാന്‍ നടത്തുന്നത്. എന്നെ അവിടെ പാടിക്കണം എന്നു ഞാന്‍ ഒരിക്കലും ആവശ്യപ്പെടില്ല. ക്ഷേത്രസോപാനത്തില്‍ പാടിയാല്‍ മാത്രമേ ദൈവം കേള്‍ക്കൂ, അനുഗ്രഹിക്കൂ, ഇഷ്ടപ്പെടൂ തുടങ്ങിയ മണ്ടന്‍ വിശ്വാസങ്ങളൊന്നും എനിക്കില്ല. ഗുരുവായൂരമ്പലത്തിനകത്തു പാടിയാലേ ഗുരുവായൂരപ്പന്‍ കേള്‍ക്കൂ എന്നു വിശ്വസിക്കുന്ന ഗന്ധര്‍വഗായകരുടെ വ്യക്തിദുഃഖമല്ല എന്റേത്. കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞ വിവേകാനന്ദന്‍ ഇപ്പോള്‍ വന്നാലും അഭിപ്രായത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല. ഓരോജാതിക്കോട്ടകള്‍ക്കുള്ളിലും വീര്‍പ്പുമുട്ടി കഴിയുന്ന ദൈവങ്ങള്‍ക്ക് സ്നേഹസാന്ത്വനം പകരാന്‍ ഹരിഗോവിന്ദനെപ്പോലെ ആരെങ്കിലുമൊക്കെയുണ്ടാവുമെന്ന വിശ്വാസം കൊണ്ടാവാം ഏതോ പരസ്യക്കമ്പനിയിലെ കോപ്പിറൈറ്ററുടെ തലച്ചോറില്‍ ഇത് ദൈവത്തിന്റെ സ്വന്തം നാടായത്.
മേപ്പടി പാലട വിളമ്പിയ ദേശാഭിമാനി തന്നെ കോളാമ്പിയായിമാറുന്ന ഒരു കാഴ്ച കൂടികണ്ടാലും. കെ.പി. മോഹനന്‍ പത്രാധിപര്‍ എഴുതി ഒപ്പിട്ട ഒരു സാധനമുണ്ട് ഇതില്‍. മുഖമൊഴി എന്ന് മുകളില്‍ അച്ചടിച്ചുവെച്ചിട്ടുണ്ട്. ഫാസിസത്തിന്റെ പൊയ്മുഖങ്ങള്‍ എന്നാണ് തലക്കെട്ട്. സംഗതി നരേന്ദ്രമോഡി നടത്തിയ ഉപവാസത്തെക്കുറിച്ചാണ്. എത്ര നല്ല ഭക്ഷണപാനീയങ്ങള്‍ മുമ്പില്‍ വെച്ചാലും കഴുകന് ശവം തന്നെ പഥ്യം. മോഹനന്‍ പത്രാധിപര്‍ ഇക്കാര്യം ഓര്‍ത്തുവെച്ചാല്‍ നല്ലൊരു കമ്യൂണിസ്റ്റുകാരനായി നാട്ടുകാരെ നയിക്കാം.
തികച്ചും യാദൃച്ഛികമാവാം മാതൃഭൂമി ആഴ്ചപതിപ്പി (ഒക്ടോ.2-8) ലെ ആ ഫോട്ടോക്ക് പിന്നില്‍ എന്ന ചിത്രക്കുറിപ്പിലും തുടിച്ചു നില്‍ക്കുന്നത് ഞെരളത്ത് രാമപ്പൊതുവാളാണ്. പ്രശസ്ത ഫൊട്ടോഗ്രാഫറും നടനുമായ എന്‍.എല്‍. ബാലകൃഷ്ണന്റേതാണ് ആ കോളം. ഞെരളത്തിന്റെ താളമേളത്തെക്കുറിച്ച് ഇനി ബാലകൃഷ്ണന്റെ വകയാവട്ടെ:
ഇടയ്‌ക്കയില്‍ ഒരു പെയ്‌ത്താണ്. ഞെരളത്തിന്റെ പാട്ടങ്ങനെ കത്തിക്കയറുന്നു. നാവാമുകുന്ദന്‍ ഇറങ്ങി വന്ന് കുഞ്ഞിമുഹമ്മദിന്റെ വാതിലില്‍ മുട്ടുമെന്ന് തോന്നി. കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെ സോപാന സംഗീതം…… അതില്‍ ചെറുതല്ലാത്ത ചില സംഗതികളില്ലേ? ആ ചെറു സംഗതികള്‍ കൊണ്ട് ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദന്‍ പ്രപഞ്ചത്തിന്റെ ഉര്‍വരതകളിലേക്ക് തനിയെ നടന്നു പോകുന്നു. ആരോടും പകയില്ലാതെ, പക്വതയോടെ, അതിലും ഒരു ഞെരളത്ത് ടച്ച്!
ദൈവം ഉണ്ടെന്ന വിശ്വാസം രൂഢമൂലമായതിനാല്‍ എന്തൊക്കെ ഗുണങ്ങളാണുള്ളത്. ഇപ്പോഴിതാ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഒരു ദൈവ വിരുദ്ധ ബില്ലിന് രൂപം കൊടുത്തിരിക്കുന്നു. രണ്ടുകുട്ടികളില്‍ കൂടുതല്‍ ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ശിക്ഷ കിട്ടുമെന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബില്ല്. മേപ്പടി ബില്ല് നിയമമായാല്‍ ദൈവ സമക്ഷത്തിലേക്ക് പാല്‍പ്പൊടിയും വസ്ത്രങ്ങളും പണവും കൊടുത്ത് റിക്രൂട്ട്മെന്റ് നടത്തുന്ന വിദ്വാന്‍മാര്‍ക്ക് വല്യപ്രശ്നമാവും. മനുഷ്യരെ ദൈവം സൃഷ്ടിച്ചതുതന്നെ ഈ ഭൂമിയില്‍ പെറ്റുപെരുകി കോലാഹലം ഉണ്ടാക്കാനാണ്. അത്തരം മഹനീയ അവസരം ഇല്ലായ്മചെയ്യാനുള്ള നീക്കത്തെ പല്ലും നഖവും മേറ്റ്ന്തെങ്കിലുമുണ്ടെങ്കില്‍ അതുകൊണ്ടും എതിര്‍ക്കുമെന്ന് ചില വിശ്വാസികള്‍ കട്ടായം പറഞ്ഞിട്ടുണ്ട്. ജനസംഖ്യവര്‍ധിച്ച് ഭൂമിക്ക് ഹാനിതട്ടാതിരിക്കാന്‍ അയ്യര്‍കണ്ട വഴി കൊട്ടിയടയ്‌ക്കാന്‍ പ്രഗല്‍ഭ ടീമുകള്‍ രംഗത്തുണ്ട്.
ജനസംഖ്യകുറയ്‌ക്കാന്‍ എളുപ്പവഴിയുള്ളപ്പോള്‍ അയ്യരെന്തിനാണ് ഇമ്മാതിരി ഏര്‍പ്പാടുകളുമായി മുന്നോട്ടു പോകുന്നതെന്നാണ് ചോദ്യം. മദ്യം നന്നായികഴിച്ചാല്‍ ജനങ്ങള്‍ സിദ്ധികൂടി ജനസംഖ്യകുറയുമെന്നാണ് അടൂരെ പ്രകാശന്‍ മന്ത്രിയുടെ പക്ഷം. എലിപ്പനി, ഡങ്കിപ്പനി, വൈറല്‍പനി തുടങ്ങിയപേരുകളില്‍ അറിയപ്പെടുന്ന അസുഖം ബാധിച്ചല്ല ആരും മരിക്കുന്നതെന്ന് അദ്ദേഹം ഗവേഷണം നടത്തികണ്ടുപിടിച്ചുകഴിഞ്ഞു. മേപ്പടി ഗവേഷണത്തിന്റെ പേരില്‍ കുഞ്ഞൂഞ്ഞ് മാപ്പ് പറയുകയോ മറ്റോ ചെയ്തിട്ടുണ്ടെന്നത് വേറെകാര്യം. ആയതിനാല്‍ കുട്ടികള്‍ എത്രയുണ്ടായാലും തകരാറില്ല. ബിവറേജസ് കോര്‍പറേഷനുമായി ഒരു കരാറുണ്ടാക്കുക. ജനസംഖ്യ എങ്ങനെ കുറയുന്നുവെന്ന് അപ്പോള്‍ കാണാം. അതുകൊണ്ട് സ്വാമിക്കും ഒരു കൈ, അടൂരെ പ്രകാശന്‍ മന്ത്രിക്കും ഒരു കൈ. അരേ വാ!.
യക്ഷപ്രശ്നത്തിന് എന്തെങ്കിലും പരിഹാരമുണ്ടോ? പരിഹരിക്കേണ്ടവര്‍ കേവലം കാഴ്ചക്കാരായി മാറുകയാണോ? ഒരര്‍ഥത്തില്‍ രസകരമായ കാഴ്ചകണ്ട് അവരും രമിക്കുകയല്ലേ?
“അച്ഛനൂറ്റിക്കുടിച്ചെന്നെ
സഹോദരനുമങ്ങനെ
ഇളയച്ഛന്‍കാര്‍ന്നുതിന്നൂ
അവരാരാണെനിക്കിനി?”
ക്ഷുഭിതയൗവ്വനത്തിന്റെ തീക്ഷ്ണ ശകാരങ്ങളാല്‍ എഴുപതുകളില്‍ സമൂഹത്തെ ചുട്ടുപൊള്ളിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സംഹാരശേഷിക്ക് ഒരുടവും തട്ടിയിട്ടില്ല. അതിന്റെ നേര്‍ക്കാഴ്ചയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പി (ഒക്ടോ2-8) ലെ യക്ഷപ്രശ്നം എന്ന കവിത. കത്തുന്ന യാഥാര്‍ത്ഥ്യത്തിന്റെ ചോരച്ചുവ ഓരോ വരിയിലും സജീവമായി നില്‍ക്കുന്നു. സുകൃതം തന്നെയിത്; വായനക്കാര്‍ക്കും ആഴ്ചപ്പതിപ്പിനും.
തൊട്ടുകൂട്ടാന്‍
ഇലകളില്ലാത്ത
ഒരു മരത്തെ
അവള്‍
മുറുകെപുണര്‍ന്നപ്പോള്‍
മരം പൂക്കളുടെ
പെരുമഴതീര്‍ത്തു
ബൈജു ആവള
കവിത: ചിരവ
പച്ചമഷി മാസിക, പാലക്കാട് (സപ്തം.)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: