സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വികാസത്തില്‍ ആയിരക്കണക്കിന് വിവിധരംഗങ്ങളിലുള്ള ആളുകള്‍ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നും വഹിച്ചുകൊണ്ടിരിക്കുന്നു. സ്വന്തമായ ഒരു മോഹവും വച്ചുപുലര്‍ത്താതെ, ഒരു നേട്ടത്തിനും അവകാശമുന്നയിക്കാതെയാണവരിലേറെയും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും. അങ്ങനെയല്ലാതെ രംഗത്തുനിന്നവര്‍ അല്പ്പകാലത്തെ പ്രവര്‍ത്തനത്തിനുശേഷം രംഗത്തവശേഷിക്കാതെ പിന്മാറുന്നതും കാണാം.
എന്നാല്‍ ഉള്ളിന്റെയുള്ളിലെ സമാജോന്മുഖമായ മനോഭാവം അവരെ മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കാന്‍ സഹായിക്കുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തും അങ്ങനത്തവരെ ധാരാളമായിക്കാണാം. അത്തരക്കാരാണ് ഹിന്ദുത്വപ്രസ്ഥാനങ്ങളുടെ കരുത്ത്. പലരും പ്രായാധിക്യം മൂലം സജീവപ്രവര്‍ത്തനരംഗത്തുണ്ടായി എന്നു വരില്ലെങ്കിലും അവരുടെ സാന്നിധ്യം എല്ലാവര്ക്കും പ്രചോദനം നല്കിക്കൊണ്ടിരിക്കും. അങ്ങനത്തെ രണ്ടുപേരെ അനുസ്മരിക്കുകയാണീ പ്രകരണത്തില്‍.
കഴിഞ്ഞയാഴ്ച അന്തരിച്ച ഊരമനയിലെ എം.വി.ശ്രീധരന്‍നായരെ ഒരു കാലത്ത് എറണാകുളം ജില്ലയിലെ പൊതുപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നവര്‍ക്കെല്ലാം പരിചയമുണ്ടാകും. 82 വയസ്സു കഴിഞ്ഞാണ് അദ്ദേഹം അര്‍ബുദരോഗത്താല്‍ അന്തരിച്ചത്. മൂവാറ്റുപുഴത്താലൂക്കില്‍, ആറ്റിന്കരയിലുള്ള അതിപുരാതനമായ ഊരമന ക്ഷേത്രത്തിന് തൊട്ടടുത്തായിരുന്നു അദ്ദേഹത്തിന്റെ വീടും. ജന്മഭൂമിയുടെ തുടക്കക്കാലത്ത് രാമമംഗലം ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. രാമമംഗലം ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ആഫീസര്‍ ആയി പ്രവര്‍ത്തിച്ചിരുന്നുവെന്നാണോര്‍മ.
അറുപതു വര്‍ഷത്തിലേറെ നീണ്ട പൊതുജീവിതത്തിന്റെ ഉടമയായിരുന്നു ശ്രീധരന്‍നായര്‍. പഴയ തിരുവിതാംകൂറിലെ ഏതു നായര്‍ കുടുംബാംഗത്തേയുംപോലെ എന്‍എസ്എസ് കരയോഗം തന്നെയാണദ്ദേഹത്തിന്റേയും പ്രവര്‍ത്തനരംഗമായിരുന്നത്. മന്നത്തു പത്മനാഭനും ആര്. ശങ്കറും എന്‍.ഗോവിന്ദമേനോനും മറ്റും നേതൃത്വം കൊടുത്ത ഹിന്ദുമഹാമണ്ഡലത്തിന്റെ സജീവ പ്രവര്‍ത്തകനായി തന്റെ നാട്ടില്‍ ശ്രീധരന് നായര്‍ കര്‍മരംഗത്തെത്തി. 1950 കാലത്ത് ഹിന്ദുമണ്ഡലത്തിന്റെ തകര്‍ച്ചയില്‍ വന്ന ആശാഭംഗം മൂലം ഇടതുപക്ഷ ചിന്താഗതിയിലേക്കു വന്നു. പട്ടംതാണുപിള്ള നേതൃത്വം നല്കിയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലാണ് അദ്ദേഹം തുടര്‍ന്നു പ്രവര്‍ത്തിച്ചത്.
1967 ലെ ജനസംഘത്തിന്റെ കോഴിക്കോട് അഖിലഭാരത സമ്മേളനത്തെ തുടര്‍ന്ന് കേരളത്തിലെങ്ങും പുതിയ ഒരു രാഷ്ട്രീയക്കാറ്റ് വീശാന്‍ തുടങ്ങി. കേരളത്തിന്റെ തെക്ക് ദേശത്തേക്ക് ഹിന്ദുത്വ രാഷ്ട്രീയം കടന്നുവന്നത് അക്കാലത്താണ്. പ്രസിദ്ധ കഥകളി ആശാനായിരുന്ന സി.ആര്.രാമന് നമ്പൂതിരി എന്ന അപ്പേട്ടന് മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ടയാളായിരുന്നു. രാമമംഗലത്തും ഊരമനയിലും മറ്റു സ്ഥലങ്ങളിലും കഥകളി നടനെന്ന നിലയിലും അല്ലാതെയും അപ്പേട്ടന് നല്ല ആദരവ് ലഭിച്ചിരുന്നു. സംഘത്തിന്റേയും ജനസംഘത്തിന്റേയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അതു വളരെ സഹായിച്ചു. ശ്രീധരന് നായരുടെ ചിന്താഗതിയെ അതു തീര്‍ച്ചയായും സ്വാധീനിച്ചു. എന്നാലും പ്രൊഫ.രാമന് കര്‍ത്താവിനെപ്പോലുള്ള പ്രമുഖ സോഷ്യലിസ്റ്റുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ നേതാവ്.
എന്നാല്‍ അടിയന്തരാവസ്ഥക്കെതിരെ നടന്ന പോരാട്ടം അദ്ദേഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. അപ്പേട്ടനും മറ്റ് സംഘപ്രവര്‍ത്തകരും പ്രൊഫ.എം.പി.മന്മഥനും മറ്റും നടത്തിയ ധീരമായ സഹനസമരങ്ങള്‍ അദ്ദേഹത്തേയും ജനസംഘത്തിലേക്കാകര്‍ഷിച്ചു. രാമമംഗലത്തും ഊരമനയിലും മറ്റും സംഘശാഖകളുമായി സഹകരിക്കാനും ജനതാപാര്‍ട്ടിയില്‍ ചേരാനും അദ്ദേഹം സന്നദ്ധനായി. ജന്മഭൂമി പത്രം എറണാകുളത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ അതിന്റെ പ്രചരണത്തിലും സജീവമായിരുന്നു. ജന്മഭൂമിയുടെ ഏജന്റായും കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ബാലാരിഷ്ടതകള്‍ക്കിടയില്‍ വായനക്കാരേയും ഏജന്റുമാരേയും വേണ്ടവിധം തൃപ്തിപ്പെടുത്താന്‍ ജന്മഭൂമിക്ക് കഴിഞ്ഞില്ലെന്നത് പരമാര്‍ത്ഥം മാത്രമാണ്. ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത്, രാമജന്മഭൂമി മോചന സമരം, വിദ്യാനികേതന്‍ തുടങ്ങിയ എല്ലാ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ശ്രീധരന്‍നായര്‍ സ്വന്തം നാട്ടില്‍ നേതൃത്വം നല്കി വന്നു. അയോധ്യാ സംഭവങ്ങളെത്തുടര്‍ന്ന് 1990 ല്‍ സംഘത്തേയും വിശ്വഹിന്ദു പരിഷത്തിനെയും കേന്ദ്രത്തിലെ നരസിംഹറാവു സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായല്ലൊ. നിരോധം മൂലം സാധാരണ രീതിയിലുള്ള പ്രതിദിന ശാഖാപ്രവര്‍ത്തനങ്ങള്‍ അസാധ്യമായി. സംഘകാര്യാലയങ്ങള്‍ അധികൃതര്‍ മുദ്രവെച്ചു. എളമക്കരയിലെ മാധവനിവാസില്‍ കാര്യാലയമായി ഉപയോഗിച്ചിരുന്ന രണ്ടുമുറികള്‍ പോലീസ് പൂട്ടി സീല്‍ ചെയ്യുകയും ഏതാനും പോലീസുകാരെ കാവല്‍ നിര്‍ത്തുകയും ചെയ്തതൊഴിച്ചാല്‍, അടിയന്തരാവസ്ഥക്കാലത്തെ പോലെയുള്ള ശല്യമൊന്നുമുണ്ടായില്ല.
പ്രാന്തസംഘചാലക്, പ്രാന്തകാര്യവാഹ് തുടങ്ങിയവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യവും നല്‍കിയിരുന്നു. ദൈനംദിന ശാഖകളും പതിവായി നടക്കാറുള്ള ശിക്ഷാ ശിബിരങ്ങളും അസാധ്യമായിത്തീര്‍ന്നു. എന്നാല്‍ മൂവാറ്റുപുഴ സംഘജില്ലയിലെ സ്വയംസേവകര്‍ക്ക് വേണ്ടി ഒരു പ്രാഥമിക ശിബിരം ഊരമന ക്ഷേത്രത്തിന്റെ ഊട്ടുപുരയിലും ക്ഷേത്ര കൊട്ടാരത്തിലുമായി നടത്തപ്പെട്ടു. പുറത്തെ ശാരീരിക കാര്യക്രമങ്ങള്‍ അസാധ്യമായിരുന്നുവെന്നു പറയേണ്ടതില്ലല്ലൊ. എന്നാല്‍ ഊട്ടുപുരയ്ക്കകത്ത് ബൗദ്ധികവിഷയങ്ങളുടേയും യോഗാസനങ്ങളുടേയും അഭ്യസനം ചിട്ടയായി നടന്നു. ജലസമൃദ്ധമായ ക്ഷേത്രം കടവിലെ കുളി ആസ്വാദ്യമാക്കി. ക്ഷേത്രത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന ശ്രീധരന്‍നായരുടെ സഹായവും സഹകരണവും അന്ന് വളരെ വിലയേറിയതായിരുന്നു.
ഈ ലേഖകന്റെ അച്ഛനും ശ്രീധരന്‍നായരും ജ്യേഷ്ഠാനുജന്മാരുടെ മക്കളായിരുന്നു. അതിനാല്‍ കുടുംബ സംബന്ധമായ പോക്കുവരവുകള്‍ ഇടയ്ക്കിടെ ഉണ്ടാവുമായിരുന്നു. അച്ഛന് തൊടുപുഴ താലൂക്ക് സംഘചാലകനായതും ഞാന്‍ വളരെക്കാലം പ്രചാരകനും പിന്നീട് ജന്മഭൂമിയുടെ ചുമതലക്കാരനായതും അദ്ദേഹത്തിന്റെ മനോഭാവത്തെ സ്വാധീനിച്ചിരിക്കണം. അദ്ദേഹത്തിന്റെ അനുജനും അനുജത്തിയും ഊരമനയിലെ പൊതുജീവിതത്തില്‍ സജീവസാന്നിദ്ധ്യങ്ങളാണ്. ശ്രീധരന് നായര്‍ അന്തരിച്ച വിവരം യഥാസമയം അറിഞ്ഞെങ്കിലും വീട്ടില്‍ പോകാനും മറ്റു ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും കഴിയാതെ പോയി എന്ന ദുഃഖം നിലനില്ക്കുന്നു.
കഴിഞ്ഞ ദിവസം ഏതോ പത്രത്തില്‍ കുമരങ്കരിയിലെ മുന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് അയ്യപ്പക്കുറുപ്പിന്റെ ചരമ വാര്‍ഷികത്തിന്റെ അനുസ്മരണവുമായി ഫോട്ടോ പ്രസിദ്ധീകരിച്ചത് കാണാനിടയായി. മുഖം വാര്‍ധക്യവും അവശതയും നിഴലിക്കുന്നതായിരുന്നതിനാല്‍ സൂക്ഷിച്ചുനോക്കിയപ്പോഴെ ശരിക്കും മനസ്സിലായുള്ളൂ. അദ്ദേഹം ഒരു വര്‍ഷംമുമ്പ് അന്തരിച്ചത് ഓര്‍മയില്‍ വന്നില്ല. എങ്ങനെയോ ശ്രദ്ധയില്‍ പെടാതെപോയി എന്നര്‍ത്ഥം.
1964-67 കാലത്ത് ഞാന്‍ ചങ്ങനാശ്ശേരി കേന്ദ്രമാക്കിക്കൊണ്ട് കോട്ടയം ജില്ലാ പ്രചാരകനായി പ്രവര്‍ത്തിക്കുന്ന കാലത്താണ് അയ്യപ്പകുറുപ്പിനെ ആദ്യം പരിചയപ്പെട്ടത്. പെരുന്ന കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കയായിരുന്നു കുറുപ്പ്. പെരുന്ന ഹൈസ്കൂളില്‍ പഠിച്ചിരുന്ന ധാരാളം സ്വയംസേവകര്‍ കോളേജിനു മുന്നിലുള്ള കാര്യാലയത്തില്‍ വാലടി ശാഖയിലെ ധാരാളം സ്വയംസേവകര്‍ വരുമായിരുന്നു. ചങ്ങനാശ്ശേരിയില്‍നിന്നും നാലഞ്ചുകിലോമീറ്റര്‍ വള്ളത്തില്‍ സഞ്ചരിച്ചാലേ വാലടിയില്‍ എത്തൂ. വാലടിക്കാരായ സ്വയംസേവകരോടൊപ്പം കുട്ടനാട്ടിലൂടെ സഞ്ചരിച്ച് അവിടെയെത്തി. അക്കൂട്ടത്തില്‍ അയ്യപ്പകുറുപ്പുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട് കുമരങ്കരിയിലാണ്. കുമരങ്കരിയേയും വാലടിയേയും ഒരു തോട് വേര്‍തിരിക്കുന്നു. ഒരൊറ്റ തെങ്ങിന് തടിപ്പാലത്തിലൂടെയാണ് അവിടുത്തുകാര്‍ അക്കരയിക്കരെ യാത്ര ചെയ്തത്. ഒരു കൈവരി പോലുമില്ലാതെ പാലത്തിലൂടെ തലയില്‍ ചുമടുമായി ധാരാളം പേര് സര്‍ക്കസുകാരെപ്പോലെ പോകുന്നതായിട്ടാണ് എനിക്ക് തോന്നിയത്. വാലടിയിലെ ശാഖ കഴിഞ്ഞ് ഒരു രാത്രിയില്‍ കുമരങ്കരി അയ്യപ്പക്കുറുപ്പിന്റെ വീട്ടില്‍ താമസിച്ചു. ആ വീട്ടില്‍ ഒരു പഴയ ഫോട്ടോ ഉണ്ടായിരുന്നു. അത് ഞങ്ങളുടെ നാട്ടിലെ മണക്കാട് എന്‍എസ്എസ്എംഎം(മലയാളം മിഡില്‍)സ്കൂളിലെ അധ്യാപകരുടേതായിരുന്നു. എന്റെ അച്ഛന് പ്രഥമാധ്യാപകന്. കൗതുകപൂര്‍വം ചോദിച്ചപ്പോള്‍ ഫോട്ടോയിലുണ്ടായിരുന്ന രാഘവക്കുറുപ്പുസാര്‍ അയ്യപ്പക്കുറുപ്പിന്റെ അമ്മാവനാണെന്ന് മനസ്സിലായി. രാഘവക്കുറുപ്പുസാര്‍ എന്റെ വീട്ടില്‍ പതിവ് സന്ദര്‍ശകനായിരുന്നു. ആ ഫോട്ടോ എന്റെ വീട്ടിലുണ്ട്. അയ്യപ്പകുറുപ്പുമായുള്ള ബന്ധത്തിന് അത് ഒരു പുതിയ അടുപ്പം നല്കി.
വാലടി ശാഖയിലെ പലരും പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉദ്യോഗാര്‍ത്ഥം പോയി സംഘത്തിന്റെ വിദേശവിഭാഗിലെ സജീവപ്രവര്‍ത്തകരായി. ജന്മഭൂമിക്ക് ഓഹരിയെടുപ്പിക്കാന്‍ അവരില്‍ പലരും വളരെ കനത്ത സഹകരണം തന്നിട്ടുണ്ട്.
അയ്യപ്പക്കുറുപ്പാകട്ടെ പ്രീഡിഗ്രി കഴിഞ്ഞ് ആലപ്പുഴയിലെ കാര്‍മല്‍ പോളിടെക്നിക്കല്‍ നിന്ന് ഡിപ്ലോമ നേടിയശേഷം ടെലിഫോണ്‍ വകുപ്പില്‍ (ഇന്ന് ബിഎസ്എന്‍എല്‍) ജോലിക്കാരനായി. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ശാഖാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അതുമായി ബന്ധപ്പെട്ട ബിഎംഎസ് പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. താലൂക്ക് കാര്യവാഹിന്റെ ചുമതലയും വഹിച്ചു. ഞാന്‍ നേരിട്ടുള്ള സംഘചുമതലകളില്‍ നിന്ന് മാറി ജനസംഘ ചുമതലയേറ്റെടുത്താണ് 1967 ല്‍ ചങ്ങനാശ്ശേരി വിട്ടത്. പിന്നീടും അയ്യപ്പക്കുറുപ്പുമായി കത്തിടപാടുകള്‍ തുടര്‍ന്നു. ഉത്സാഹം തുടിച്ചുനില്ക്കുന്ന ഹൃദയംഗമമായ കത്തുകളായിരുന്നു അവ. ഞാന്‍ അവ സൂക്ഷിച്ചുവെച്ചിരുന്നുവെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് നഷ്ടപ്പെട്ടവയില്‍ ആ കത്തുകളും പെടുന്നു.
പിന്നീട് ജന്മഭൂമിയുടെ ചുമതലകളുമായി മറ്റൊരു കാര്യത്തിനും ശ്രദ്ധിക്കാന്‍ അവസരം കിട്ടാതെ പത്തിരുപതു വര്‍ഷം നീങ്ങിയതിനിടയില്‍ അയ്യപ്പക്കുറുപ്പിനെപ്പോലെ ഒട്ടേറെ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ കഴിയാതെ പോയി. ചങ്ങനാശ്ശേരിയില്‍ ജന്മഭൂമി വികസന സമിതി സംഘടിപ്പിക്കുന്നതിനായി ഉണ്ണിപ്പിള്ള സാറിന്റേയും ബോംബേ നാരായണപിള്ളയുടേയും ഉത്സാഹത്തില്‍ ചേര്‍ന്ന യോഗങ്ങളിലും അയ്യപ്പക്കുറുപ്പിനെ കണ്ടില്ല. അന്നദ്ദേഹം കുമരങ്കരിയില്‍ ഉണ്ടെന്നറിഞ്ഞു.
1999 ല്‍ പേരാമംഗലത്തു നടന്ന രണ്ടാംവര്‍ഷ സംഘശിക്ഷാവര്‍ഗില്‍ സര്‍വാധികാരിയുടെ ചുമതലയുമായി കഴിയുന്നതിനിടെ പെട്ടെന്ന് സേതുവേട്ടന് വന്ന ഫോണ്‍ സന്ദേശത്തില്‍ കുറുപ്പിന്റെ പത്നിക്ക് അപകട മരണം പിണഞ്ഞുവെന്നറിഞ്ഞു അവര്‍ അങ്ങോട്ടു പോകാന്‍ പുറപ്പെട്ടു. ശിബിരാധികാരിയായതിനാല്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. സേതുവേട്ടന് തിരിച്ചുവന്നപ്പോഴാണ്, സ്വന്തം വീടിനു പുറകില്‍ പുഴയില്‍ പാത്രം കഴുകുന്ന വേളയില്‍ അവിടത്തെ ഭൃത്യന് തന്നെ ആഭരണങ്ങള്‍ അപഹരിക്കാനായി തള്ളിയിട്ടതാണ് മരണകാരണമെന്നറിഞ്ഞത്. രാത്രി വൈകിയ സമയവും പുഴയുടെ സൗകര്യമുപയോഗിച്ച് ഘാതകന് രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ തന്നെയുണ്ടായിരുന്ന മറ്റുള്ളവര്‍ വിവരമറിയാന്‍ വൈകി.
ഈ സംഭവം കുറുപ്പിനെ മാനസികമായി തളര്‍ത്തി. അദ്ദേഹം പിന്നീട് താമസം ചങ്ങനാശ്ശേരിയിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലാക്കി. അവിടെപ്പോയിട്ടാണ് ശിബിരം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. പഴയ പ്രസരിപ്പും ഉത്സാഹവും നഷ്ടപ്പെട്ട അദ്ദേഹത്തോട് എന്തു സംസാരിക്കണമെന്നുപോലും അറിയാതെ ഞാന്‍ കുഴങ്ങിയ അവസരമായിരുന്നു അത്.
ജീവിതത്തില്‍ നിന്നു വിരമിച്ച ശേഷം അയ്യപ്പക്കുറുപ്പ് കുമരങ്കരിയില്‍ തന്നെ താമസമാക്കിക്കാണണം. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ മൂലം എന്റെ യാത്രകളും പരിചയം പുതുക്കലും വളരെക്കുറവായി. പത്രത്തില്‍ അനുസ്മരണം കണ്ടപ്പോള്‍ പഴയ സുഹൃത്തിനെ ഒരിക്കല്‍ ഓര്‍ത്തതാണ്.
ആദ്യം പറഞ്ഞതുപോലെ സംഘത്തെ ശക്തമാക്കാന്‍ പരിശ്രമിച്ച സാധാരണക്കാരില്‍ ഒരാള്‍കൂടി മണ്‍മറഞ്ഞുവെന്നു മാത്രം പറയാം.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: