ഉത്തരം കിട്ടാത്ത ചോദ്യംപോലെ, ഇനിയും പണിതീരാത്ത തന്റെ വീടിനെ നോക്കി രാമകൃഷ്ണന്‍ അന്തിച്ചുനിന്നു. എത്ര പണം ചെലവഴിച്ചു? ഇനി എത്ര ചെലവഴിക്കേണ്ടി വരും? ലോണും ലോണിന്മേല്‍ ലോണുമായി കടം പിടിച്ച് നാറാണക്കല്ലെടുത്തതു മിച്ചം. സ്വന്തം നാട്ടില്‍നിന്നകന്ന് ജോലി. ഏതായാലും ഇവിടെ സ്ഥിരമായ സ്ഥിതിക്ക് ഇന്നാട്ടില്‍തന്നെ വീടു പണിതേക്കാം എന്ന ആലോചനയുണ്ടായത് ഭാര്യാപിതാവിന്റെ നിര്‍ദ്ദേശവും കൂടെ പരിഗണിച്ചാണ്. പല സ്ഥലങ്ങള്‍ നോക്കി. സ്ഥലം നന്നാവുമ്പോള്‍ വെള്ളം കിട്ടാന്‍ സാധ്യതയുണ്ടാവില്ല. അല്ലെങ്കില്‍ റോഡുസൗകര്യം ഉണ്ടാവില്ല. എല്ലാം ഒത്തുവരുമ്പോള്‍ വിലയില്‍ ഒക്കില്ല. എല്ലാം ഒത്തുവരുന്ന രീതിയില്‍ ഈ സ്ഥലം കണ്ടപ്പോള്‍ തന്നെ വാങ്ങാന്‍ രാമകൃഷ്ണന്‍ ഉറപ്പിച്ചിരുന്നു. റോഡിനു റോഡ്, കിണറു കുഴിച്ചാല്‍ ഇഷ്ടംപോലെ വെള്ളം കിട്ടുന്ന സ്ഥലം.
സ്ഥലം വാങ്ങാന്‍ തീരുമാനിച്ച് സുഹൃത്ത് ശിവദാസനെ കാണിക്കാന്‍ കൊണ്ടുവന്ന ദിവസം തന്നെ ശകുനപ്പിഴയായിരുന്നു പോലും. സ്ഥലം കണ്ട് തിരിച്ചുപോവുമ്പോഴായിരുന്നു ശിവദാസനതു പറഞ്ഞത്. ശിവദാസന്റെ ബൈക്കിന്റെ പിന്നിലിരുന്ന് വരുമ്പോള്‍ മെയിന്‍ റോഡില്‍നിന്നും ടാറിട്ട ഇടവഴിയിലേക്ക് കടക്കുന്നിടത്തുവച്ച് ഒരു കറുത്ത പൂച്ച കുറുകെ ചാടിയിരുന്നുവത്രെ. രാമകൃഷ്ണന്‍ മേറ്റ്ന്തോ ചിന്തിച്ചിരിക്കുകയായിരുന്നു. ശിവദാസന് സ്ഥലം വാങ്ങുന്നതിലും വില്‍ക്കുന്നതിലും നല്ല പരിചയമുണ്ട്. അവന് ഈ സ്ഥലം ഇഷ്ടപ്പെടാതിരിക്കില്ല. അവനെ അത്ഭുതപ്പെടുത്തണം. രാമകൃഷ്ണന് സ്ഥലം നന്നേ ബോധിച്ചിരുന്നു. കൊള്ളാം. താന്‍ മനസ്സില്‍ കണ്ടതുപോലുള്ള ഒരു സ്ഥലം. ഇവിടെ തന്നെയാണ് തന്റെ സ്വപ്നത്തിലെ വീടു പണിയുന്നതെന്ന് അയാള്‍ ഉറപ്പിച്ചിരുന്നു. ഭാര്യ സൗദാമിനിക്കും സ്ഥലം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ആദ്യമൊന്നമ്പരന്ന ശിവദാസന്റെ മുഖം പിന്നെ തെളിഞ്ഞു കണ്ടില്ല. ചാഞ്ഞും ചെരിഞ്ഞും നോക്കുന്നു. എന്തൊക്കെയോ കണക്കുകൂട്ടുന്നു. അയാളുടെ മുഖം കൂടുതല്‍ ചുളിയുന്നതല്ലാതെ തെളിയുന്നില്ല.
അയാള്‍ പറമ്പിന്റെ നാലുകോണിലും ചെന്നുനിന്ന് “രാമകൃഷ്ണാ നമുക്കിതു വേണ്ട. ഈ സ്ഥലം ശരിയാവില്ല.”
ശിവദാസന്റെ വാക്കുകള്‍ കേട്ട് രാമകൃഷ്ണന്‍ അന്തംവിട്ടു. അയാള്‍ ഇതിനകം അയല്‍വക്കത്തു താമസിക്കുന്ന ഗോപിയുമായി പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. ഗോപിയുടെ അഭിപ്രായത്തില്‍ കണ്ണായ സ്ഥലം. ടൗണില്‍നിന്നും കഷ്ടിച്ച് പത്തുമിനിട്ട് യാത്ര. ഒരു ബൈക്കുണ്ടെങ്കില്‍ സുഖമായിട്ട് ജോലിക്ക് പോയി വരാം. അയല്‍ക്കാരാണെങ്കിലും എല്ലാം നല്ല നിലയിലുള്ളവര്‍. ഒരു ഡോക്ടര്‍, ഒരു പോലീസുകാരന്, ഒരു ബാങ്ക് മാനേജര്‍. ആരെക്കൊണ്ടും ഒരു ശല്യവുമില്ല. വളരെ സെയിലന്റ് ഏരിയ. സൈറ്റ് വരെ ലോറി അടക്കമുള്ള വാഹനങ്ങള്‍ വരും. എന്നിട്ടും ശിവദാസന്‍ ഇങ്ങനെ പറയുന്നതെന്തെന്ന് മനസ്സിലായില്ല.
“ശിവദാസാ നമ്മളിതുവരെ പല സ്ഥലങ്ങളും പോയിക്കണ്ടതല്ലേ. ഇത്രയും സൗകര്യമുള്ളതും വില ഒത്തുവരുന്നതുമായ ഒരു സ്ഥലം കയ്യില്‍ കിട്ടിയിട്ട് വിട്ടു കളയുന്നത് മണ്ടത്തരമല്ലേ?”
“ഞാന്‍ പറയേണ്ടതു പറഞ്ഞു. താനിനി ഇഷ്ടംപോലെ ചെയ്തോളൂ.”
തിരിച്ചുപോരുമ്പോഴും ശിവദാസന്റെ മുഖത്ത് അത്ര തെളിച്ചമുണ്ടായിരുന്നില്ല.
“നമ്മളെന്തിനാ അയാളുടെ ഇഷ്ടം നോക്കുന്നത്. നമുക്കിഷ്ടപ്പെട്ട സ്ഥലമല്ലേ. അവിടെത്തന്നെമതി നമുക്ക് വീട്.”
സൗദാമിനി പറഞ്ഞപ്പോഴാണൊരാശ്വാസമായത്. പിന്നീട് പിടിവിടാതെ എടുപിടീന്നാണ് കാര്യങ്ങള്‍ നടത്തിയത്. ഉടനെത്തന്നെ രജിസ്ട്രേഷന്‍ നടത്തി. പ്ലാന്‍ തയ്യാറാക്കി മുനിസിപ്പാലിറ്റിയില്‍നിന്നും സാംഗ്ഷന്‍ വാങ്ങി തറ കെട്ടി. അപ്പോഴാണ് അടുത്ത പ്രശ്നമുദിച്ചത്. നേരത്തെ പരിചയപ്പെട്ട അയല്‍ക്കാരന്‍ ഗോപി തന്നെയാണ് ആ നിര്‍ദ്ദേശം വച്ചത്. ‘ഒരു വാസ്തു വിദഗ്‌ദ്ധനെ കൊണ്ട് ഒന്നു നോക്കിക്കാന്‍.’ നല്ല ഒരാശയമായി തോന്നി. എന്തായാലും വീട് പണിയുകയല്ലേ. ഇനി എന്തെങ്കിലും ദോഷമുണ്ടെങ്കില്‍ പരിഹരിക്കാമല്ലോ. സുഹൃത്ത് ശിവദാസന്റെ പരിചയക്കാരനായ വാസ്തു വിദഗ്‌ദ്ധന്‍ നാരായണന്‍ നമ്പിടിയെ തന്നെ കിട്ടിയതു ഭാഗ്യം. പ്രശസ്തനാണ്. ശിവദാസന്റെ പരിചയക്കാരനായതുകൊണ്ട് പറ്റിക്കില്ല. അയാളുടെ മുഖവും ചുളിഞ്ഞുതന്നെയിരുന്നു.
“രാമകൃഷ്ണന്‍ സാറിന് ഇതേവരെ എത്ര കാശ് ചെലവായി?” നമ്പിടി ചോദിച്ചു.
“എന്തേ അങ്ങനെ ചോദിക്കാന്‍?” രാമകൃഷ്ണന് പരിഭ്രമമായി.
“എത്രയായാലും ഇതുപേക്ഷിക്കുന്നതാണ് നല്ലത്. കിട്ടുന്ന വിലയ്‌ക്ക് വില്‍ക്കുന്നതാണ് ലാഭം.”
നമ്പിടി തീര്‍ത്തു പറഞ്ഞപ്പോള്‍ രാമകൃഷ്ണന്‍ കുഴങ്ങിപ്പോയി. ഭാര്യ സൗദാമിനി പറഞ്ഞപ്പോഴാണ് ഈ പ്രശ്നത്തില്‍നിന്നും ഒരാശ്വാസം ലഭിച്ചത്.
“അതൊക്കെ വെറും അന്ധവിശ്വാസമല്ലെ. അയാള്‍ക്ക് രാമകൃഷ്ണേട്ടന്‍ കൊടുത്ത കാശ് മതിയായിട്ടുണ്ടാവില്ല. നിങ്ങളെന്തു വിചാരിക്കും എന്നു കരുതിയിട്ടാവും കൂടുതല്‍ ചോദിക്കാതിരുന്നത്. ശിവദാസേട്ടന്റെ പരിചയക്കാരനല്ലേ.”
അയാള്‍ക്ക് ഭാര്യയെ ഒന്നു കെട്ടിപ്പിടിച്ച് ഉമ്മ വെക്കണമെന്നു തോന്നി. പക്ഷെ കുട്ടികള്‍ അടുത്തുണ്ടായിരുന്നതുകൊണ്ട് ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചു.
പിന്നീട് കാര്യങ്ങള്‍ പെട്ടെന്നു തന്നെ നടന്നു. ഏറെ പാടുപെടാതെ തന്നെ ലോണ്‍ പാസ്സായി. ചുവരുകെട്ടി കട്ടിളയും ജനലുംവച്ച് ബെല്‍റ്റ് വാര്‍ത്തു കഴിഞ്ഞപ്പോള്‍ അടുത്ത പ്രശ്നം. വാര്‍ക്കപ്പണിക്കാരില്‍ ഒരാള്‍കെട്ടിടത്തിന് മുകളില്‍നിന്നും താഴെ വീണു കയ്യും കാലുമൊടിഞ്ഞു. കരാറുപണിക്കാരനാണെങ്കിലും വീട്ടുടമെയന്ന നിലക്ക് കുറച്ച് കാശ് ആശുപത്രിയില്‍ ചെലവാക്കേണ്ടി വന്നു. വേണ്ടിയിരുന്നില്ല. എന്നാലും മനുഷ്യത്വത്തിന്റെ പേരില്‍ ചെയ്തു.
“അടിക്കടി പ്രശ്നങ്ങളാണല്ലോ രാമകൃഷ്ണാ. തനിക്കൊരു ജ്യോത്സ്യരെ പോയി കണ്ടാലെന്താ.”
നിര്‍ദ്ദേശം വച്ചത് സൗദാമിനിയുടെ വലിയമ്മാമയാണ്. അതു തള്ളിക്കളയാന്‍ സൗദാമിനിയും തയ്യാറായില്ല. ജ്യോത്സ്യരെ പോയി കണ്ടു.
“ശത്രു ദോഷം അസാരം ഉണ്ട്. ആരോ അടുത്ത ആള്‍ തന്നെ താങ്കള്‍ക്കെതിരെ കളിക്കുന്നുണ്ട്. ശത്രു സംഹാര പൂജ ചെയ്യണം. വഴിപാടുകള്‍ ചെയ്യണം.”
“ചെയ്യാം.”
പ്രശ്നച്ചാര്‍ത്തും സ്വീകരിച്ച് ദക്ഷിണ സമര്‍പ്പിച്ച് ജ്യോത്സ്യരുടെ അടുത്ത് ചെന്നപ്പോള്‍ മനസ്സു നിറയെ ഈ വഴിപാടുകളൊക്കെ എങ്ങനെ ചെയ്യുമെന്ന ചിന്തയായിരുന്നു.
ഭാര്യാപിതാവില്‍നിന്നും ലഭിച്ച പണം മുഴുവന്‍ വഴിപാടുകള്‍ക്കായി ചെലവായി. ലോണിന്റെ രണ്ടാം ഗഡു കിട്ടിയപ്പോള്‍ പണി പുരോഗമിച്ചു. ഓര്‍ക്കാപ്പുറത്ത് അടികിട്ടിയതുപോലെയായിരുന്നു കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയത്.
“സാറെ ഞങ്ങള്‍ക്കിവിടെ പണിയാന്‍പറ്റില്ല. ഇവിടെ പണിയാന്‍ തുടങ്ങിയതു മുതല്‍ ദുരിതങ്ങളാണ്.”
കരാറില്‍ പറഞ്ഞ പ്രകാരം പണി തീര്‍ത്തില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് പറഞ്ഞപ്പോള്‍ അവരും തിരിച്ചു ഭീഷണിയിട്ടു. “എന്നാല്‍ കാണാം.” അന്നു രാത്രികുറച്ചു തടിമാടന്മാരുമായി കരാറുകാരന്‍ വീട്ടില്‍ വന്നപ്പോഴാണ് പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായത്. സൗദാമിനി അകത്തേക്ക് വിളിച്ച് നല്ല ബുദ്ധിയുപദേശിച്ചു.
“വഴക്കിനൊന്നും പോവണ്ട. അതുപ്രശ്നമാവും. എന്താണെന്നു വച്ചാല്‍ കൊടുത്തവസാനിപ്പിക്കുന്നതാണ് നല്ലത്. നമുക്കവിടെ താമസിക്കേണ്ടതല്ലേ.”
അവള്‍ പറഞ്ഞത് ശരിയാണെന്ന് തടിമാടന്മാരുടെ മുഖത്ത് നോക്കിയപ്പോള്‍ തോന്നി. പകരം മറ്റൊരു കരാറുകാരനെ കണ്ടെത്തി, പണി ആരംഭിച്ചുവെങ്കിലും അതും നിന്നു.ഇനിയും കുറച്ചു പണികളും പ്ലാസ്റ്ററിംഗും കൂടെ ബാക്കിയുണ്ട്. കിട്ടാവുന്ന ലോണൊക്കെ എടുത്തു കഴിഞ്ഞു. പണി തീരണമെങ്കില്‍ ഇനിയും മൂന്നുലക്ഷം കൂടെ വേണം. സുഹൃത്തായ ശിവദാസനെ തന്നെ സമീപിക്കുകയെ രക്ഷയുള്ളൂ.
“പണം സംഘടിപ്പിക്കുന്നതിനൊക്കെ മാര്‍ഗമുണ്ട്. പക്ഷെ വട്ടിപ്പലിശക്കാണെന്നു മാത്രം. അതിലും നല്ലത് നിനക്കാ വീടും സ്ഥലവും വില്‍ക്കുന്നതാ. നല്ലൊരു ബ്രോക്കറെ ഞാന്‍ കാണിച്ചു തരാം. അയാള്‍ നല്ല വില സംഘടിപ്പിച്ചു തരും. നിനക്കിതിലും നല്ലൊരു വീട് ഇത്തിരി ഉള്‍ വശത്തേക്ക് പോയാല്‍ ആ പണത്തിനു വാങ്ങാം. ബാക്കി പണം ബാങ്കിലിടുകയും ചെയ്യാം.”
മനസ്സ് പൂര്‍ണമായി അംഗീകരിക്കുന്നില്ലെങ്കിലും ശിവദാസന്റെ നിര്‍ദ്ദേശം സൗദാമിനിക്കും ഏറെക്കുറെ സമ്മതമായിരുന്നു. വീടു പണിയുടെ അലച്ചിലും തടസ്സങ്ങളും പ്രാരാബ്ധങ്ങളുമൊക്കെയായി അവളും മടുത്തിരുന്നിരിക്കണം.
അടുത്ത ദിവസം തന്നെ ബ്രോക്കറെ കണ്ടു. പുതിയ വീടു കണ്ടിഷ്ടപ്പെട്ടു. ആദ്യത്തെ വീടിനെക്കാള്‍ ഇത്തിരി കൂടെ ഉള്ളിലാണെങ്കിലും തരക്കേടില്ല. തന്റെ വീടും സ്ഥലവും വിറ്റാല്‍ മാത്രമേ ഇതു വാങ്ങാന്‍ കഴിയൂ എന്ന് പറഞ്ഞപ്പോള്‍ ബ്രോക്കര്‍ പറഞ്ഞു.
“അതു സാരമില്ല. നാളെത്തന്നെ വേണമെങ്കില്‍ രജിസ്ട്രേഷന്‍ നടത്തിത്തരാം.”
വില പറഞ്ഞു കേട്ടപ്പോള്‍ രാമകൃഷ്ണന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. പറഞ്ഞതുപോലെ പൈറ്റ് ദിവസം തന്നെ രണ്ടു കച്ചവടങ്ങളുടെയും രജിസ്ട്രേഷന്‍ നടന്നു. പുതിയ വീടിന്റെ ചാവി വാങ്ങി ബ്രോക്കര്‍ക്ക് കമ്മീഷന്‍ കൊടുക്കുമ്പോള്‍ രാമകൃഷ്ണന്‍ ചോദിച്ചു.
“വെറുതെ അറിയാനുള്ള ആഗ്രഹംകൊണ്ട് മാത്രം ചോദിക്കുകയാണ്. ആരാണെന്റെ വീട് ഇത്രയും വില കൊടുത്ത് വാങ്ങിയ കക്ഷി?”
ബ്രോക്കര്‍ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
“പറയാന്‍ പാടില്ലാത്തതാണ്. എന്നാലും സാറായതുകൊണ്ട് പറയാം. അതാ ആ വെള്ള ഷര്‍ട്ടിട്ടു കാറില്‍ കേറുന്ന ആളാണ്.”
ബ്രോക്കര്‍ ചൂണ്ടി കാണിച്ചു. ശിവദാസന്‍ ദൂരെ നിന്നും കൈവീശിക്കൊണ്ട് കാറില്‍ കയറുന്നു. രാമകൃഷ്ണന്‍ അണ്ടിപോയ അണ്ണാനെ പോലെ നിന്നു.
ശ്രീജിത്ത് മൂത്തേടത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: