കോട്ടയം: ഒരുവര്‍ഷം നീണ്ടുനിന്ന കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കുന്നു. ഓഗസ്റ്റ് മുപ്പതിന് ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാദേവീസിംഗ് പാട്ടീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ശതാബ്ദി സമാപന ആഘോഷങ്ങള്‍ ഓഗസ്റ്റ് ൨൮, ൨൯, ൩൦ തീയതികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ക്നാനായ തനിമയും, പൈതൃകവും, പാരമ്പര്യവും വിളിച്ചോതുന്ന സാംസ്കാരിക റാലി ഓഗസ്റ്റ് ൨൮-ന് നടക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് ൨.൩൦-ന് കോട്ടയം ബസേലിയോസ് കോളജ് ഗ്രൗണ്ടില്‍നിന്നും ആരംഭിക്കുന്ന റാലി വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ ഫ്ളാഗ് ഓഫ് ചെയ്യും. സെന്‍ട്രല്‍ ജംഗ്ഷന്, പി.ടി. ചാക്കോ ചത്വരം, ശാസ്ത്രി റോഡിലൂടെ നാഗമ്പടം സ്പോര്‍ട്സ് മൈതാനിയില്‍ സമാപിക്കുന്ന റാലിയില്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന പതിനായിരക്കണക്കിനു ക്നാനായക്കാര്‍ അണിചേരും. വൈവിധ്യമാര്‍ന്ന പ്ളോട്ടുകളും, തനതു കലാരൂപങ്ങളായ മാര്‍ഗംകളി, അടച്ചുതുറപ്പാട്ട്, കോല്‍ക്കളി, പരിചമുട്ടുകളി തുടങ്ങിയവ റാലിക്ക് ചാരുത പകരും. തുടര്‍ന്നു നടത്തപ്പെടുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും, കെ.സി.ബി.സി. പ്രസിഡണ്റ്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണവും നടത്തും. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, എന്‍.എസ്.എസ്. പ്രസിഡണ്റ്റ് പി.കെ. നാരായണപ്പണിക്കര്‍, തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. സൂസാ പാക്യം, തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, മുനിസിപ്പല്‍ ചെയര്മാന് സണ്ണി കല്ലൂറ്, കെ.സി.ഡബ്ള്യു.എ പ്രസിഡണ്റ്റ് പ്രൊഫ. ആലി ജോര്‍ജ് മണിമല കെ.സി.വൈ.എല്‍. പ്രസിഡണ്റ്റ് ജേക്കബ് വാണിയംപുരയിടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതവും, ശതാബ്ദി ആഘോഷ കമ്മിറ്റി ജോയിണ്റ്റ് കണ്‍വീനര്‍ എം.എല്‍. ജോര്‍ജ് മറ്റത്തിക്കുന്നേല്‍ നന്ദിയും പറയും. രൂപതാ സ്ഥാപകദിനമായ ഓഗസ്റ്റ് ൨൯-ന് ഉച്ചകഴിഞ്ഞ് ൨.൩൦-ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ശതാബ്ദി കൃതജ്ഞതാബലി അര്‍പ്പിക്കും. സമാപന പൊതുസമ്മേളനത്തില്‍ ൩൦-ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ശതാബ്ദി സമാപന സമ്മേളനവും, ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്ന മുഖ്യ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും രാഷ്ട്രപതി പ്രതിഭാദേവീസിംഗ് പാട്ടീല്‍ നിര്‍വഹിക്കും. മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ആര്.എസ്. ഗവായ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്, ആര്‍ച്ച് ബിഷപ് സാല്‍വത്തോറെ പെന്നാക്കിയോ, ജോസ് കെ.മാണി എം.പി., മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍, കെ.സി.സി. പ്രസിഡണ്റ്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. മാര്‍ മാത്യു മൂലക്കാട്ട് സ്വാഗതവും, മാര്‍ ജോസഫ് പണ്ടാരശേരില്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: