അങ്കമാലി: മൂക്കന്നൂര്‍ അയ്യംമ്പുഴ പഞ്ചായത്തുകളിലെ വനപ്രദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണമൂലം തദ്ദേശവാസികളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി കണക്കിലെടുത്ത് സര്‍ക്കാര്‍ ഇപ്പോള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനമേഖലയില്‍ മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളെകൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കാട്ടാനകള്‍ വന്‍ തോതില്‍ കൃഷിനാശം വരുത്തുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന മൂക്കന്നൂര്‍, അയ്യംമ്പുഴ പഞ്ചായത്തുകളിലെ ഒലിവേലിച്ചിറ, പോര്ക്കുന്ന്പ്പാറ, സീകാട് തുടങ്ങിയ മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ വളരെ ഭീതിയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. പലരാത്രികളിലും ഇവര്‍ക്ക് കാട്ടാനകളുടെയും മറ്റുവന്യജീവികളുടേയും ശല്യംമൂലം ഉറങ്ങുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന യോഗങ്ങള്‍ നിരവധി കൂടുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ലായെന്നും അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ കുറ്റപ്പെടുത്തി. തളിപ്പറമ്പ്, സുല്‍ത്താന്‍ബത്തേരി, ഒലവകോട്, നിലമ്പൂര്‍, റാന്നി എന്നീ അഞ്ചു ഡിവിഷനുകളില്‍ ആന ശല്യം ഒഴിവാക്കുന്നതിനുവേണ്ടി അടുത്തമാസം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ദ്രുതകര്‍മ്മ സേനയുടെ സ്ഥിരം സേവനം മലയാറ്റൂര്‍-വാഴച്ചാല്‍ ഡിവിഷനില്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ വനംവകുപ്പു മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുള്ളത്. ഈ ഡിവിഷനുകളെ ഉള്‍പ്പെടുത്തിയാല്‍ അയ്യംമ്പുഴ – മൂക്കന്നൂര്‍ പഞ്ചായത്തുകളിലെ കാട്ടാന ശല്യം ഒഴിവാക്കുന്നതിനായി ഈ സേനക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയും. പ്രശ്നക്കാരായ ആനകളെ കാട്ടിലേക്ക് തുരത്തുക, കര്‍ഷകരുടെ ജീവന് ഹാനി വരുത്തുന്ന സ്ഥിതിയില്‍ ആനകളെ മയക്കുവെടിവച്ച് തളയ്ക്കുക, പ്രദേശത്തുള്ളവരുടെ സഹകരണത്തോടെ വിവരങ്ങള്‍ ശേഖരിക്കുക, ആനകള്‍ കാട്ടില്‍ കയറുന്നതുവരെ ക്യാമ്പ് ചെയ്ത് അവയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുക, എന്നിവയാണ് ദ്രുതകര്‍മ്മസേനയുടെ പ്രധാന ജോലികള്‍. പുലികളുടെ അലര്‍ച്ച ആള്‍കൂട്ടത്തിന്റെ ശബ്ദം എന്നിവ റെക്കോഡ് ചെയ്ത് ഉപയോഗിക്കും. അനൗണ്‍സ്മെന്റ് സംവിധാനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: