കൊച്ചി: മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം നടത്തിയതില്‍ കുറ്റകരമായ വീഴ്ച വരുത്തിയ മഹേഷ്കുമാര്‍ സിംഗ്ലക്ക് വിശിഷ്ട സേവാ മെഡല്‍ നല്കുവാനുള്ള രാഷ്ട്രപതിയുടെ തീരുമാനം റദ്ദ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ തോമസ് പി.ജോസഫ് കമ്മീഷന്, കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മേധാവി മഹേഷ്കുമാര്‍ സിംഗ്ലയെ അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. സിംഗ്ലയുടെ നിലപാട് സംശയാസ്പദവും അസ്വസ്ഥത ഉണ്ടാക്കുന്നതുമാണെന്ന് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
കൂട്ടക്കൊലക്ക് വേണ്ടി നടത്തിയ ഗൂഢാലോചന, ധനസ്രോതസ്, ആയുധശേഖരണം, സംസ്ഥാനാന്തര ബന്ധം എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും ആ വക വിഷയങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് കമ്മീഷന് കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ ചുമതല വഹിച്ച മഹേഷ്കുമാര്‍ സിംഗ്ല നല്കിയ വിശദീകരണങ്ങളൊന്നും തൃപ്തികരമല്ലെന്നും അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാറാട് കൂട്ടക്കൊലക്ക് വേണ്ടി ഉപയോഗിച്ച സ്ഫോടകവസ്തുക്കളും ആയുധങ്ങളും പണവും ദുരൂഹ സാഹചര്യത്തില്‍ സംഭരിച്ചവയാണെന്നും കൂട്ടക്കൊല നടത്തുന്നതിന് വിപുലമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും വ്യക്തമായ സാഹചര്യത്തില്‍, സംഭവത്തെ വെറും പ്രതികാര നടപടിയായി മാത്രം ചിത്രീകരിച്ച് ലഘൂകരിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചതിനെതിരെ 2006 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന് വിമര്‍ശിച്ചിരുന്നു.
ഇത്തരത്തിലുള്ള ഒരാള്‍ക്ക് വിശിഷ്ടസേവാ മെഡല്‍ നല്കി ആദരിക്കുന്നത് കൂട്ടക്കൊലക്കും അക്രമത്തിനും ഇരയായിത്തീര്‍ന്ന ജനസമൂഹത്തോട് കാണിക്കുന്ന വഞ്ചനയാണെന്നും കുമ്മനം പറഞ്ഞു. കൂടാതെ സിംഗ്ലക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ മറച്ച് വെച്ച് രാഷ്ട്രപതിഭവനെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ രാജാവിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് വസ്തുതകള്‍ ജനങ്ങളോട് വിശദീകരിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. അച്യുതാനന്ദന്റെ ആരോപണത്തില്‍ ഭക്തജനങ്ങള്‍ക്ക് വേദനയും ദുഃഖവുമുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച കാര്യങ്ങള്‍ വിശ്വാസത്തിന്റെ പ്രശ്നമാണ്. ഇതില്‍ അവിശ്വാസികള്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല. അതിനാല്‍ അച്യുതാനന്ദന് നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി.ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: