കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍പിജി ഗ്രൂപ്പ് കപനനിയായ ഹാരിസണ്‍സ് മലയാളം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ തേയില ലേല വിപണികളില്‍ മൂങ്കലാര്‍ ഗോള്‍ഡ് എന്ന പേരില്‍ തേയില വിപണിയിലിറക്കി. ഇടുക്കി ജില്ലയില്‍ പീരുമേട്-കുമളി ഭാഗത്ത് കമ്പനിക്കുള്ള പ്രസിദ്ധമായ മൂങ്കലാര്‍ തോട്ടങ്ങളില്‍നിന്നുള്ള തേയിലയാണിത്. ആ പ്രദേശത്തെ മണ്ണിന്റെയും കാലാവസ്ഥയുടെയും സവിശേഷതകള്‍ മൂലം ഉയര്‍ന്ന കടുപ്പവും ആകര്‍ഷകമായ നിറവുമുള്ള ചായയാണ് മൂങ്കലാറിന്റേത്. ഈ മേഖലയില്‍ 3600ലേറെ ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള സ്വന്തം തോട്ടങ്ങളിലെ തേയില മുഴുവന്‍ ഇത്തരം പൊടിരൂപത്തിലുള്ള സിടിസി തേയിലയാക്കാനാണ് ഹാരിസണ്‍സ് മലയാളത്തിന്റെ ഉദ്ദേശ്യം. ഇങ്ങനെ സ്വാദിന്റെയും ലഭ്യതയുടെയും സ്ഥിരത ഉറപ്പുവരുത്താന്‍ കമ്പനിക്ക് സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പങ്കജ് കപൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷം കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന 200 ലക്ഷം ടണ്‍ തേയിലയില്‍ പകുതിയും കയറ്റുമതി ചെയ്യുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരാഗത തേയില ഉല്‍പ്പാദകരാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ പ്ലാന്റേഷന് കമ്പനികളിലൊന്നായ ഹാരിസണ്‍സ് മലയാളം. ഇതില്‍ ഏറിയ പങ്കും കയറ്റുമതി ചെയ്യപ്പെടുകയാണ്. ഇതുവരെ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന കമ്പനി 20ലേറെ രാജ്യങ്ങളിലേക്ക് തേയില കയറ്റി അയക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ആഭ്യന്തര വിപണിയിലും വളര്‍ച്ച കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വൈവിധ്യമാര്‍ന്ന രുചികളിലുള്ള തേയില ഇനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിലുള്ള വന്‍കിട തോട്ടങ്ങളാണ് കമ്പനിയുടെ ശക്തി. തിളങ്ങുന്ന സ്വര്‍ണനിറവും മികച്ച സ്വാദും കടുപ്പവുമുള്ള ചായയ്ക്ക് പ്രസിദ്ധമാണ് പീരുമേട് ഭാഗത്തുനിന്നുള്ള തോട്ടങ്ങളില്‍ നിന്നുള്ള തേയില ഇനങ്ങള്‍. ഇവിടെ കമ്പനിക്ക് 3600ലേറെ ഏക്കര്‍ തോട്ടങ്ങളുണ്ട്. 3300ലേറെ ഏക്കര്‍ തോട്ടങ്ങളുള്ള, കൂടുതല്‍ ഉയര്‍ന്ന മൂന്നാര്‍ ഭാഗത്തുനിന്നുള്ള തേയില, സുഗന്ധത്തിനും കടുത്ത ചുവന്ന നിറത്തിനും പേരുകേട്ടതാണ്. നീലഗിരി-വയനാട് ഭാഗങ്ങളില്‍ ഹാരിസണ്‍സ് മലയാളത്തിന് 8000ലേറെ ഏക്കര്‍ തോട്ടങ്ങളാണുള്ളത്. കടുപ്പം കൂടിയ ഈ ഇനമുപയോഗിച്ച് താരതമ്യേന കുറവ് അളവില്‍ കൂടുതല്‍ കപ്പ് ചായയുണ്ടാക്കാം. ഇക്കാരണങ്ങളാണ് വ്യത്യസ്ത അഭിരുചികളുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ കമ്പനിയെ പ്രാപ്തമാക്കുന്നത്. ഇതിന് പുറമെ, ഒന്നര നൂറ്റാണ്ടിലേറെ നീളുന്ന പ്രവര്‍ത്തന പാരമ്പര്യവും അനുഭവസമ്പന്നരായ പ്രൊഫഷണലുകളുടെ പിന്‍ബലവും കമ്പനിക്ക് കരുത്തേകുന്നു.
മറ്റു ചില ഫാക്ടറികള്‍ കൂടി സമീപഭാവിയില്‍ത്തന്നെ ആധുനികവല്‍കരിക്കാനും ഹാരിസണ്‍സ് മലയാളത്തിന് പദ്ധതിയുണ്ട്. സൂര്യ എന്ന പേരില്‍ ഒരിനം തേയിലയും അതോടെ കമ്പനി ലേലവിപണിയിലിറക്കും. ഉപഭോക്താക്കളുടെ അഭിരുചികള്‍ അടുത്തറിയുന്നതിനായി കേരളത്തിലങ്ങോളമിങ്ങോളം കമ്പനി ഉപഭോക്തൃ സംഗമങ്ങളും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: