ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിയ്ക്ക് സെപ്റ്റംബര്‍ അവസാനത്തോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖര്‍ അറിയിച്ചു, ചെന്നൈ മാതൃകയില്‍ കൊച്ചി മെട്രോ നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല് ആസൂത്രണ കമ്മിഷന് ഉടന്‍ തീരുമാനമെടുക്കും.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ചെന്നൈ, ദല്‍ഹി മെട്രോകളുടെ മാതൃകയില്‍ കൊച്ചി മെട്രോയും നടപ്പാക്കണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ട് വച്ചത്. ഹൈദ്രാബാദ് മോഡല്‍ കൊച്ചിയില്‍ നടപ്പക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചന്ദ്രശേഖര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഈ മാസം അവസാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കൊച്ചി മെട്രോ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. കൊച്ചി മെട്രോ സംബന്ധിച്ച് ആസൂത്രണ കമ്മിഷന്റെ സംശയങ്ങള്‍ക്ക് കെ.എം ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മറുപടി നല്കി.
പാലക്കാട് കോച്ച് ഫാക്ടറിക്കായി 430 ഏക്കര്‍ ഭൂമി എറ്റെടുത്തിട്ടുണ്ടെന്ന് ഉന്നതതല സംഘം യോഗത്തില്‍ അറിയിച്ചു. കോച്ച് ഫാക്ടറിക്കായുള്ള സ്ഥലം പാട്ടത്തിനോ ഓഹരിയായോ നല്കാന് തയാറാണെന്നും സംസ്ഥാനം വ്യക്തമാക്കി. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കണമെന്നും ഉന്നതതല സംഘം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: