എരുമേലി: ആള്‍മാറാട്ടവും-കള്ളവോട്ടുമൊന്നും ഇല്ലാതെ പട്ടാളമോ പോലീസോ ഇല്ലാതെ ജനാധിപത്യത്തിന്റെ അന്തസ്സ് നിലനിര്‍ത്തി ബാലറ്റ് പേപ്പറിലൂടെ പ്രകാശിച്ച ഉദയസൂര്യനെ സാക്ഷിയാക്കി ഊരുകൂട്ടം അഭിമാനത്തോടെ മൂപ്പനെ തെരഞ്ഞെടുത്തു.
എരുമേലി ഗ്രാമപഞ്ചായത്തിലെ എരുത്വാപ്പുഴ ഹിന്ദു മലവേടര്‍ കോളനിയിലാണ് കഴിഞ്ഞ 30 വര്‍ഷത്തിനുശേഷം ജനാധിപത്യ വ്യവസ്ഥയില്‍ സത്യസന്ധമായ ഇലക്ഷന് നടന്നത്. മുന്‍കാലങ്ങളില്‍ ഊരുകൂട്ടം കൂടുമ്പോള്‍ ഏതെങ്കിലും ഒരാളെ മൂപ്പനായി നിര്‍ദ്ദേശിക്കുകയും മേറ്റ്ല്ലാവരും അംഗീകരിച്ച് പോവുകയുമായിരുന്നു പതിവ്. എന്നാല്‍ ഇക്കുറി കോളനി ഊരുകൂട്ടത്തിന്റെ നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പു നടത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
72 കുടുംബങ്ങളുള്ള കോളനിയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വോട്ട്. ആകെ പ്രഖ്യാപിച്ച 147 വോട്ടര്‍മാരില്‍ 120 പേരും തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാന്‍ എത്തി. മത്സര രംഗത്ത് അഞ്ച് പേര്. ഓരോരുത്തര്‍ക്കും ഓരോ ചിഹ്നങ്ങള്‍. വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേകം സ്ലിപ്പുകള്‍, നിരക്ഷരയായ പഞ്ചായത്ത് പ്രസിഡന്റ് മോളി മാത്യു, പ്രകാശ് പുളിക്കന്‍, പഞ്ചായത്തംഗം ജെസി ജോസഫ് എന്നിവര്‍ക്ക് പുറമെ പക്വതയാര്‍ന്ന സ്ഥാനാര്‍ത്ഥികളും നിന്നു.
ഉദയസൂര്യന്റെ ചിഹ്നത്തില്‍ മത്സരിച്ച ചേറ്റുതടത്തില്‍ സി.കെ. തങ്കപ്പന് (65)നെ തങ്ങളുടെ മൂപ്പനായി 17 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഊരുകൂട്ടം തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് നിരീക്ഷണവും, ഫലപ്രഖ്യാനവും കോളനി നിവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആവേശത്തിരയിളക്കത്തിന്റെയും അനുഭവമായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസം, വികലാംഗ-വിധവ, മറ്റ് ദുരിതങ്ങള്‍ എന്നിവയും അടിയന്തര സുരക്ഷാ പ്രവര്‍ത്തനങ്ങളും, കോളനിയിലെ ശാപമായ ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിയുമാണ് ഇപ്രവശ്യത്തെ തന്റെ ലക്ഷ്യമെന്നും മൂപ്പനായ തങ്കപ്പന് ജന്മഭൂമിയോട് പറഞ്ഞു. കാല് നൂറ്റാണ്ടിനുശേഷം ബാലറ്റ് പേപ്പറിലൂടെ കോളനിയില്‍ ഉദയസൂര്യന് പ്രകാശിച്ച ചരിത്രസന്ദര്‍ഭം കര്‍ക്കിടകത്തിന്റെ രാമരാജ്യ സങ്കല്പത്തെയാണ് തൊട്ടുണര്ത്തിയതെന്നും മൂപ്പന് പറഞ്ഞു.
എസ്. രാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: