വാഷിംഗ്ടണ്‍: പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ ഗുലാം നബി ഫായിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്ഐക്കുവേണ്ടി കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പണംകൊടുത്ത് അമേരിക്കന്‍ ഭരണകൂടത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അടുത്തിടെ ഫായിയെ അറസ്റ്റ് ചെയ്തിരുന്നു. ഫായ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.
ലോകം മുഴുവന്‍ ചാരന്മാരുള്ള ഐഎസ്ഐ ഇപ്പോള്‍ അമേരിക്കയിലെ 62 കാരനായ ഫായിയെ രക്ഷിക്കാന്‍ എന്തുവിലകൊടുത്തും ശ്രമിക്കുന്നുണ്ടെന്ന് യുഎസ് അസിസ്റ്റന്റ് അറ്റോര്‍ണി ഗോര്ദന് ക്രോംബര്‍ഗ് പറഞ്ഞു. ഇരുപതുവര്‍ഷമായി പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റാണ് ഫായിയെന്ന് അദ്ദേഹത്തിന്റെ അറസ്റ്റിനുശേഷം ലഭിച്ച പരാതികളും വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ഏജന്റിനെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ട ചുമതലയും ഐഎസ്ഐക്കുണ്ട്.അതിനുള്ള ശ്രമത്തിലാണവര്‍, ക്രോംബര്‍ഗ് വ്യക്തമാക്കി.
കാശ്മീരി അമേരിക്കന്‍ കൗണ്‍സിലില്‍ (കെഎസി) എന്ന സംഘടനയുടെ മേധാവിയായ ഫായിക്ക് ലണ്ടനിലും ബെല്‍ജിയത്തിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ദശലക്ഷക്കണക്കിന് ഡോളറാണ് സമ്പാദിച്ചത്. കുറ്റാരോപിതനായ സഹീര്‍ അഹമ്മദാണ് ഐഎസ്ഐയുടെ പണം ഫായിക്ക് കൈമാറിയിരുന്നത്. താന്‍ ഐഎസ്ഐയുടെ പണം കൈപ്പറ്റിയതായി ഫായ് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 35 തവണയാണ് ഫായ് വിദേശയാത്രകള്‍ നടത്തിയിട്ടുള്ളത്. യാത്ര അദ്ദേഹത്തിന് ഹരമാണ്. എന്നാല്‍ കാശ്മീര്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായത് മുതല്‍ അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ കഴിയാതെ വന്നതായും ക്രോംബര്‍ഗ് അറിയിച്ചു. കാശ്മീരില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം കാശ്മീരില്‍നിന്ന് സൗദി അറേബ്യയിലേക്ക് പലായനംചെയ്തതെന്ന് ഫായ് എഫ്ബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ഫായ് പാക്കിസ്ഥാനുമായി നടത്തിയിട്ടുള്ള സംഭാഷണങ്ങള്‍ യുഎസ് സര്‍ക്കാര്‍ പരിശോധിക്കും. ഫായ് എന്നും കള്ളത്തരത്തിലാണ് ജീവിച്ചതെന്നും ക്രോംബര്‍ഗ് വ്യക്തമാക്കുന്നു. രാജ്യത്തെ രാഷ്ട്രീയക്കാരുമായും കോണ്‍ഗ്രസ് അംഗങ്ങളുമായും അദ്ദേഹം സംഭാഷണത്തില്‍ ഏര്‍പ്പെടാറുണ്ട്. ഒരു അമേരിക്കന്‍ സംഘടനയാണ് പണം നല്‍കുന്നതെന്നാണ് അദ്ദേഹം പറയാറുള്ളത്. കാശ്മീരി അമേരിക്കന്‍ സംഘടനയുടെ ഫണ്ട് ഐഎസ്ഐയുടേതായിരുന്നുവെന്നത് ലജ്ജാകരമാണെന്ന് ഫായിയുടെ വാദം കേള്‍ക്കലിനിടെ ക്രോംബര്‍ഗ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: