കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 17,280 രൂപയിലെത്തി. ഗ്രാമിന് പത്തു രൂപ കൂടി 2,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വര്‍ധനവാണ് ആഭ്യന്തര തലത്തിലും പ്രതിഫലിച്ചത്.
ആഗോളവിപണിയില്‍ സ്വര്‍ണ്ണത്തിന് ട്രോയ് ഔണ്‍സിന് 13.75 ഡോളര്‍ വര്‍ധനവോടെ 1600.75 ഡോളര്‍ നിരക്കിലെത്തി. ഇന്നലെ സ്വര്‍ണവില 120 രൂപ കുറഞ്ഞു 17200 രൂപയിലായിരുന്നു വ്യാപാരം.അമേരിക്കയുടെ വായ്പാപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച വിവാദമാണ് സ്വര്‍ണവിപണിയെ ഉയര്‍ത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കയുടെ കടത്തിന്റെ പരിധി 14.3 ലക്ഷം കോടി ഡോളറായിരിക്കുകയാണ്. ഇത് ആഗസ്റ്റ് 2 നകം ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. അമേരിക്കയുടെ കടബാധ്യതയുടെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ കമ്മി നികത്താന്‍ അവര്‍ക്ക് വേറെ വഴി കാണേണ്ടി വരും. കടത്തിന്റെ തിരിച്ചടവില്‍ അമേരിക്ക പരാജയപ്പെട്ടാല്‍ ആഗോളവിപണികള്‍ കുലുങ്ങും. അമേരിക്ക വീണ്ടുമൊരു സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് നിഗമനം.
കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി മുന്നേറുകയാണ്. 1980 നുശേഷം ഇതാദ്യമായാണ് ഇത്രയും നീണ്ടകാലയളവില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നത്. കഴിഞ്ഞ ദശാബ്ദത്തില്‍ സ്വര്‍ണവില 491 ശതമാനമാണ് വര്‍ധിച്ചത്. അതായത് 19.46 ശതമാനം വാര്‍ഷിക റിട്ടേണ്‍. 2001 സെപ്തംബര്‍ 9 ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണവും പിന്നീടുണ്ടായ സാമ്പത്തിക മാന്ദ്യവുമാണ് സ്വര്‍ണത്തെ പ്രിയനിക്ഷേപമാക്കി മാറ്റിയത്.
സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മറ്റൊരു ഉത്തേജക പാക്കേജിന് രൂപം നല്കുകകയാണ്. എന്നാല്‍ വീണ്ടും പാക്കേജ് പ്രഖ്യാപിച്ചാല്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയുമെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ മൂഡീസ് മുന്നറിയിപ്പ് നല്‍കിയതാണ് മറ്റൊരു തിരിച്ചടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: