വര്‍ക്കല: വര്‍ക്കലയില്‍നിന്നും കാണാതായ വിദേശ മലയാളിയുടെ മൃതദേഹം ആറ്റിങ്ങല്‍ കോരാണി-പുകയില-തോപ്പിലെ വീടിനോടനുബന്ധിച്ചുള്ള മാലിന്യക്കൂമ്പാരത്തില്‍നിന്നും കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.
വര്‍ക്കല-ചെമ്മരുതി-തോക്കാട് സലീം മന്‍സിലില്‍ മുഹമ്മദ് ഇബ്രാഹിമിന്റെയും സുബൈദ ബീവിയുടെയും മകന് സലിമി (47)ന്റെ മൃതദേഹമാണ് കഷണങ്ങളാക്കിയ നിലയില്‍ ഒന്‍പത് പ്ലാസ്റ്റിക് കിറ്റുകളില്‍ അടക്കം ചെയ്തിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സലീമിന്റെ ആത്മ സുഹൃത്തായ ചിറയിന്‍കീഴ് മുടപുരം സ്വദേശി ഷെരീഫാണ് പോലീസ് കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി മുതലാണ് സലിമിനെ കാണാതായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി ഇ.കെ. ബൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തിയിരുന്നു. സലിമിന്റെ ഉറ്റ സുഹൃത്തുക്കളില്‍ പലരും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഷെരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവെയാണ് ഇയാള്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് ഷെരീഫിനെയും കൂട്ടി ഉന്നത പോലീസ് സംഘം ഇന്നലെ രാവിലെ 11 മണിയോടെ ഷെരീഫ് വാടകയ്ക്ക് താമസിച്ചിരുന്ന കോരാണി പുകയില തോപ്പില്‍ എത്തി തെളിവെടുത്തത്. ഷെരീഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീടിനോട് അനുബന്ധിച്ചുള്ള മാലിന്യക്കുഴിയില്നിന്നും പ്ലാസ്റ്റിക് കിറ്റില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സലിമിന്റെ ആത്മ സുഹൃത്തായ ഷെരീഫ് സലിമിന്റെ പക്കല്‍നിന്നും രണ്ട് കോടിയോളം രൂപ കടം വാങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു.
ജൂണ്‍ 29നാണ് സൗദി റിയാദില്‍നിന്ന് സലിം നാട്ടിലെത്തിയത്. വര്‍ക്കല നരിക്കല്ല് മുക്കില്‍ പുതുതായി പണിയുന്ന വീട്ടിലേക്കാണ് സലിം പോയിരുന്നത്. ഇതിനിടെ 10.30 ഓടെ സലിം സഞ്ചരിച്ചിരുന്ന കാര്‍ പൂട്ടിയ നിലയില്‍ കല്ലമ്പലം-ചാത്തമ്പാറയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ടതായി പോലീസ് കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരവെയാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. സലിമിനെ കാണാതായ ദിവസം രാവിലെ 10.20ന് ഇദ്ദേഹത്തിന്റെ മൊബെയില്‍ ഫോണിലേക്ക് അവസാനമായി ഒരു കോള്‍ വന്നിരുന്നു.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ത്വരിതപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തി പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ മൃതദേഹം സലിമിന്റെ വീടായ ചെമ്മരുതി-തോക്കാട് സലിം മന്സിലിലെത്തിച്ചു. തുടര്‍ന്ന് വടശ്ശേരിക്കോണം ജുമാമസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.
സൗദിയിലെ റിയാദില്‍ കഴിഞ്ഞ 22 വര്‍ഷമായി ജോലിനോക്കി വരുകയായിരുന്നു സലിം. ഉറ്റസുഹൃത്തുക്കളടക്കം പലരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു. പണമിടപാടുമായി ബന്ധപ്പെട്ട് കോടതി വ്യവാഹരങ്ങളും നിലനിന്നിരുന്നു. അഞ്ചു സഹോദരങ്ങളാണ് സലിമിനുള്ളത്. രണ്ട് സഹോദരിമാരെ വിവാഹം കഴിപ്പിച്ചതും സഹോദരങ്ങളെ വിദേശത്തയച്ചതും സലീമിന്റെ കഠിന പ്രയത്നത്തിലൂടെയായിരുന്നു. ഷബൂലത്ത് ബായിയാണ് സലിമിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: