കോഴിക്കോട്: മഹാരാഷ്ട്രയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒരു സൂപ്പര്‍സ്റ്റാറും കോഴിക്കോട്ടെ ഒരു ആശുപത്രി ഗ്രൂപ്പും ചേര്‍ന്ന് തന്നെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്ന് കെ.എ.റൗഫ് പറഞ്ഞു.
മഹാരാഷ്ട്രയിലെ തന്റെ മുന്നൂറ് ഏക്കര്‍ ഭൂമി തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും റൗഫ് പറഞ്ഞു. ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് ഗ്രാമ മുഖ്യനെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൗഫ്.
സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം റൗഫ് നല്‍കിയില്ല. മോഹന്ലാലാണോയെന്ന ചോദ്യത്തിന് അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു റൗഫിന്റെ മറുപടി. മഹാരാഷ്ട്രയില്‍ 300 ഏക്കര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് ഈ ലോബി നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിടപാടിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും റൗഫ് അറിയിച്ചു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ.എ.റൗഫിനെ കോഴിക്കോട് പോലീസ് ഇന്ന് രാവിലെ ചോദ്യം ചെയിതിരുന്നു. മഹാരാഷ്ട്ര പോലീസ് കേരള ഡി.ജി.പിക്ക് നല്കിയ നിര്‍ദ്ദേശപ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍. വ്യാജരേഖ ചമച്ച് മഹാരാഷ്ട്രയില്‍ 300 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് കേസ്.
ഗ്രാമമുഖ്യനെ വധിക്കാന്‍ ശ്രമിച്ചതിനും പ്രദേശത്ത് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും റൗഫിനെതിരെ മഹാരാഷ്ട്രയില്‍ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: