മരട്: ദേശീയപാത ബൈപ്പാസില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ഭാഗങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. വാഹന ഗതാഗതത്തിനുള്ള സര്‍വ്വീസ് റോഡുകള്‍ ഉള്‍പ്പെടെ പലേടത്തും കച്ചവടസ്ഥാപനങ്ങള്‍ കയ്യേറി സ്വന്തമാക്കിയ നിലയിലാണ്. ഇത് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം വരെ തടസ്സപ്പെടുത്തുന്ന നിലയായിത്തീര്ന്നിരിക്കുകയാണെന്നാണ് റെസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
നഗരപരിധിക്കുള്ളിലും, പരിസരത്തും ഉള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും മറ്റും ഒട്ടേറെ പേര് പരാതി നല്‍കിയിരുന്നു.
റോഡരികിലെ ചെറുതും വലുതുമായ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളാണ് കയ്യേറ്റക്കാരില്‍ ഏറിയ പങ്കും. വിരലിലെണ്ണാവുന്ന ചെറിയ പെട്ടിക്കടകളും ഇക്കൂട്ടത്തിലുണ്ട്. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത വാഹന വര്‍ക്ക് ഷോപ്പുകളില്‍ നിന്നുള്ള മാലിന്യം പരിസരമലിനീകരണവും സൃഷ്ടിക്കുന്നുണ്ട്.
വൈറ്റിലക്ക് സമീപം ഗോള്‍ഡ് സൂക്ക് എന്ന വ്യാപാര സ്ഥാപനം ഏകദേശം അര ഏക്കറോളം സ്ഥലമാണ് അനധികൃതമായി വളച്ചുകെട്ടി വാഹനപാര്‍ക്കിങ്ങ് കേന്ദ്രമാക്കിമാറ്റിയിരിക്കുന്നത്. വൈറ്റില ജംഗ്ഷനിലും തെരുവോര കച്ചവടക്കാര്‍ പലപ്പോഴും വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുണ്ടന്നൂര്‍ ജംഗ്ഷനിലും നെട്ടൂരിലും വ്യാപാര സ്ഥാപനങ്ങള്‍ ബൈപ്പാസിന്റെ അരികിലുള്ള റോഡുകള്‍ കയ്യേറ്റം നടത്തി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും വ്യാപക പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: