തൃശൂര്‍ : മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ളയ്ക്ക് നിയമവിരുദ്ധമായി പരോള്‍ അനുവദിച്ച അസിസ്റ്റന്റ് ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ ജയില്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്ത് ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കണമെന്നും പിള്ളയുടെ പരോള്‍ റദ്ദ് ചെയ്ത് ജയിലിലാക്കണമെന്നും മനുഷ്യാവകാശ സംരക്ഷണം ആന്റ് ആന്റി കറപ്ഷന്‍ കേന്ദ്രം ആവശ്യപ്പെട്ടു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് പൂജപ്പുര ജയിലില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണ്ണപിള്ളയ്ക്ക് ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പരോള്‍ അനുവദിച്ചതെന്നും ഇതില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്നും കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി വിധിയും ജയില്നിയമവ്യവസ്ഥകളും അനുസരിക്കാന്‍ ഭരണപരമായ ചുമതലയുള്ള ജയില്‍ ഡയറക്ടര്‍ സുപ്രീം കോടതി വിധിയെയും നിയമവ്യവസ്ഥകളെയും പരിഹസിക്കുന്ന തരത്തിലാണ് നടപടികള്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിള്ളയെ ജയില്‍ മോചിതനാക്കുന്നതിന് മകന് മന്ത്രി ഗണേഷ്കുമാറും കേന്ദ്ര-സംസ്ഥാന-സര്‍ക്കാരുകളിലെ ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ മരുമക്കളും ആഭ്യന്തരവകുപ്പും ഗൃഢാലോചന നടത്തുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി കൊടുത്തതായും ജോയ് കൈതാരത്ത് പറഞ്ഞു. പ്രശ്നത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും ഉദ്ദേശിക്കുന്നതായി കൈതാരത്ത് പറഞ്ഞു. അഡ്വ.പി.കെ.സുരേഷ് ബാബു, ഇ.ജെ.ചാക്കോ, സി.അനില്‍കുമാര്‍, ശ്രീനിവാസന് ഇറക്കത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: