വ്യവസായ നഗരമായ കൊച്ചിയെ മന്ത്രി മാണി ബജറ്റിലൂടെ പാടെ അവഗണിച്ചു. വ്യവസായ വികസനത്തിന് കാര്യമായ യാതൊരു നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. മെട്രോറെയില്‍ പദ്ധതിക്കായി 25 കോടിയും സ്മാര്‍ട്ട് സിറ്റിക്കായി 10 കോടി രൂപയും മാത്രമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഒരുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവികസനത്തിന് 10 കോടിരൂപ വളരെ പരിമിതമാണ്. മെട്രോറെയില്‍ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 25 കോടിരൂപ ഈ പദ്ധതി ഭാവിയിലെങ്ങും നടപ്പാകാന്‍ സാധ്യതയില്ലെന്നുള്ളതിന്റെ തെളിവാണ്. കഴിഞ്ഞ സര്‍ക്കാര്‍ മെട്രോ റെയില്‍വേ പദ്ധതിയുടെ പ്രാഥമിക ചിലവുകള്‍ക്കായി 158 കോടിരൂപ അനുവദിച്ചെങ്കിലും ഈ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളം നഗരത്തില്‍ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടിവരുന്ന ഓരോ സെന്റ് സ്ഥലത്തിനും കോടികള്‍ വിലമതിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. റെയില്‍വേ മേല്പാലങ്ങളും, സമാന്തര റോഡുകളുടെ വികസനവും കൊച്ചിയുടെ അടിയന്തര ആവശ്യമാണ്. ഇക്കാര്യത്തില്‍ മന്ത്രി മാണി മൗനം പാലിച്ചിരിക്കുകയാണ്.
മുന്‍ സര്‍ക്കാരിന്റെ ബജറ്റില്‍ എറണാകുളം ജില്ലയുടെ വികസനത്തിന് 10 വര്‍ഷക്കാലത്തേക്ക് 4400 കോടിരൂപയുടെ പദ്ധതികളാണ് മന്ത്രി തോമസ് ഐസക്ക് അന്ന് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇന്നലെ അവതരിപ്പിച്ച യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ ബജറ്റില്‍ തന്നെ കൊച്ചിയോട് നിരുത്തരവാദപരമായ സമീപനമാണ് മന്ത്രി മാണി കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. വ്യവസായ തലസ്ഥാനമായ കൊച്ചിക്ക് ലഭിക്കേണ്ട പ്രാധാന്യം ബജറ്റില്‍ ലഭിച്ചില്ലെന്ന് ഹൈബി ഈഡന് എംഎല്‍എ പറഞ്ഞു. ഫിഷറീസ് മേഖലയെ അവഗണിച്ചു. സ്മാര്‍ട്ട് സിറ്റി മെട്രോ റെയില്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായിരുന്നുവെന്നും ഹൈബി ഈഡന് പറഞ്ഞു. കൊച്ചിയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ ഒന്നുംതന്നെയില്ല. ഇക്കാര്യങ്ങള്‍ ധനകാര്യമന്ത്രി, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റ് കൊച്ചിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ ചേംബര്‍ പ്രസിഡന്റ് പി. പ്രതാപചന്ദ്രന് അഭിപ്രായപ്പെട്ടു. മെട്രോ റെയിലിനും, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനും സ്മാര്‍ട്ട് സിറ്റിയുടെ അടിസ്ഥാന വികസനത്തിനും നീക്കിവച്ച തുക വളരെ പരിമിതമായി. കൊച്ചിയിലെ കുടിവെള്ള പ്രശ്നനിവാരണത്തിനും പഴയ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനും പൈതൃക ടൂറിസത്തിന്റെ വികസനത്തിനും ബജറ്റില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നുമില്ല. ബജറ്റ് പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും ബജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ ചേംബര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: