സന: യെമനില്‍ നടന്ന ഏറ്റുമുട്ടലില്‍ 13 അല്‍-ക്വയ്ദ ഭീകരരും പത്ത് സൈനികരും കൊല്ലപ്പെട്ടു. സൈനികര്‍ക്ക് നേരെ അല്‍-ക്വയ്ദ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഇരുവിഭാഗങ്ങളിലെയും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.
അല്‍-ക്വയ്ദയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത സിന്‍ജിബാര്‍ നഗരത്തിലായിരുന്നു ആക്രമണം. ഇവിടെ ബ്രിഗേഡ് 25 സൈനിക വിഭാഗത്തിലെ അന്‍പതോളം സൈനികരെ അല്‍-ക്വയിദ ബന്ദികളാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനാധിപത്യ പ്രക്ഷോഭം തുടരുന്നതിനിടയില്‍ അല്‍-ക്വയിദയുടെ ആക്രമണങ്ങളും ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കുന്നു.
ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുന്ന യെമനില്‍ ജൂണ്‍ മൂന്നിന് പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പള്ളിക്കു നേരെ പ്രക്ഷോഭകാരികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിക്ക് പരിക്കേറ്റിരുന്നു. 30 വര്‍ഷത്തോളമായി അധികാരം കൈയാളുന്ന പ്രസിഡന്റ് സാലി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ജനവരിയിലാണ് യെമനില്‍ പ്രക്ഷോഭം തുടങ്ങിയത്.
ഗള്‍ഫ് കൗണ്‍സിലുമായുള്ള കരാര്‍ പ്രകാരം 30 ദിവസത്തിനകം സ്ഥാനമൊഴിയാമെന്ന് സാലി സമ്മതിച്ചിരുന്നെങ്കിലും ആ വാക്കു പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് പ്രക്ഷോഭം രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: