ട്രിപ്പോളി: ലിബിയയില്‍ നാറ്റോ വ്യോമാക്രമണം തുടര്‍ന്നാല്‍ യൂറോപ്പിലെ ഓഫീസുകളെയും വീടുകളെയും കുടുംബങ്ങളെയും ആക്രമിക്കുമെന്ന് ഗദ്ദാഫി ഭീഷണി മുഴക്കി. സര്‍ക്കാരിനെതിരെ സമരം ചെയ്തവരെ അടിച്ചമര്‍ത്തിയതില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗദ്ദാഫി തലസ്ഥാനമായ ട്രിപ്പോളിയില്‍ തടിച്ചുകൂടിയ അനുയായികളെ ടെലിഫോണ്‍ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു.
മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനം ഗദ്ദാഫിക്ക് ഇനിയും ധാരാളം പിന്തുണയാര്‍ജിക്കാന്‍ കഴിയുമെന്നതിന് പ്രത്യക്ഷോദാഹരണമായി. ട്രിപ്പോളിയുടെ ഗ്രീന്‍ ചത്വരത്തില്‍ മീറ്ററുകള്‍ നീളുന്ന പച്ചത്തുണി ഉയര്‍ത്തിപ്പിടിച്ചായിരുന്നു പുരുഷാരം മുന്നേറിയത്. ലിബിയയുടെ ദേശീയ നിറവും പച്ചയാണ്. സുരക്ഷിതത്വ കാരണങ്ങളാല്‍ അജ്ഞാത കേന്ദ്രത്തിലിരുന്നാണ് ഗദ്ദാഫി ടെലിഫോണ്‍ സന്ദേശമയച്ചത്. നാറ്റോയുടെ വ്യോമാക്രമണങ്ങള്‍ക്ക് പകരം വീട്ടുമെന്ന് അദ്ദേഹം അറിയിച്ചു.
“ലിബിയക്കാര്‍ യൂറോപ്പിലെ നിങ്ങളുടെ വസതികള്‍ ലക്ഷ്യമാക്കി ഓഫീസുകളിലേക്ക്, കുടുംബങ്ങളിലേക്ക്, ഞങ്ങളുടെ വീടുകള്‍ നിങ്ങള്‍ ലക്ഷ്യമാക്കിയതുപോലെ ഒരുനാള്‍ ഈ യുദ്ധമേറ്റെടുക്കും. ഞങ്ങളോട് പെരുമാറിയതുപോലെ തിരിച്ചും നിങ്ങള്‍ക്ക് കിട്ടും. വേട്ടക്കിളികളെപ്പോലെ, തേനീച്ചകളെപ്പോലെ യൂറോപ്പിലേക്കെത്താന്‍ ഞങ്ങള്‍ക്ക് കഴിയും. ജീവന് വേണമെങ്കില്‍ പിന്മാറുവാന് ഞങ്ങളുപദേശിക്കുന്നു,” ഗദ്ദാഫി പറഞ്ഞു. ഈ ഭീഷണികള്‍ നടപ്പാക്കാന്‍ ഗദ്ദാഫിക്ക് സാധിക്കുമോ എന്നറിയില്ല. മുമ്പ് ഗദ്ദാഫി പല തീവ്രവാദി സംഘടനകളേയും പിന്തുണച്ചിരുന്നു. ഐആര്‍എയും പാലസ്തീന് തീവ്രവാദി സംഘടനയിലെ പല വിഭാഗങ്ങളും ഇതില്‍പ്പെടും. 1986 ലെ ബെര്‍ലിന്‍ ഡിസ്ക്കോ ബോംബ് സ്ഫോടനം, സ്കോട്ട്ലന്റിലെ ലോക്കര്‍ബിയില്‍ പാന്‍ അമേരിക്കന്‍ 103 വിമാനം ആക്രമിച്ച് 270 പേരുടെ മരണത്തിനിടയാക്കിയത് തുടങ്ങി യൂറോപ്പില്‍ നടത്തിയ ആക്രമണങ്ങള്‍ക്കെല്ലാം ലിബിയക്കാരെയാണ് കുറ്റക്കാരായി കണക്കാക്കിയിരുന്നത്.
ഈയടുത്ത കാലത്തായി യൂറോപ്പുമായും അമേരിക്കയുമായും രമ്യതയിലാകാന്‍ ശ്രമിച്ച ഗദ്ദാഫി തീവ്രവാദബന്ധങ്ങള്‍ അവസാനിപ്പിച്ച മട്ടിലായിരുന്നു. 1990 ല്‍ ലിബിയന്‍ ഇസ്ലാം തീവ്രവാദികളുമായി സംഘട്ടനത്തിലേര്‍പ്പെട്ട ഗദ്ദാഫിയെ താഴെയിറക്കാനും ഇസ്ലാം രാഷ്ട്രം സ്ഥാപിക്കാനും അല്‍ഖ്വയ്ദയും മറ്റ് ജിഹാദി ഗ്രൂപ്പുകളും ശ്രമിച്ചിരുന്നു.
ഗദ്ദാഫിയുടെ പ്രസംഗം അവസാനിച്ച ഉടന്‍ അനുയായികള്‍ ആകാശത്തേക്ക് വെടിവെച്ചു. തെരുവുകളില്‍ കൂക്കിവിളിച്ചും വാഹനങ്ങളുടെ ഹോണ്‍ ഉച്ചത്തില്‍ മുഴക്കിയും അവര്‍ തെരുവിനെ പ്രകമ്പനം കൊള്ളിച്ചു. അല്‍-അസിയ പരിസരത്തുനിന്ന് കറുത്ത പുകപടലം മേലോട്ടുയര്‍ന്നു. ആഘോഷങ്ങളുടെ വെടിക്കെട്ടാണോ അതോ നാറ്റോ വ്യോമാക്രമണമാണോ നടക്കുന്നതെന്ന് വ്യക്തമല്ല. ആക്രമണം നടത്തുമെന്ന ഗദ്ദാഫിയുടെ ഭീഷണി ഗൗരവമായെടുക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക് ടോണര്‍ അറിയിച്ചു. ഇതിന് മുമ്പ് ഗദ്ദാഫി ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
അന്തര്‍ദേശീയ ക്രിമിനല്‍ കോടതി ഗദ്ദാഫിക്കും മകന് സെയിഫ് അല്‍ ഇസ്ലാമിനും ലിബിയന്‍ രഹസ്യാന്വേഷണ മേധാവി അബ്ദുള്ള അല്‍ സനൗസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ലിബിയയുടെ പടിഞ്ഞാറന്‍ മലനിരകളും കിഴക്കന്‍ ലിബിയയും നിയന്ത്രിക്കുന്നത് റിബലുകളാണ് . റിബലുകളെ രാജ്യദ്രോഹികളെന്ന് തന്റെ പ്രസംഗത്തിലൂടെ വിശേഷിപ്പിച്ച ഗദ്ദാഫി രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം അവരാണ് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി. അടുത്തുള്ള ടുണീഷ്യയിലേക്ക് പലായനം ചെയ്ത ലിബിയക്കാര്‍ ടുണീഷ്യക്കാരുടെ വിടുവേല ചെയ്യുകയാണെന്ന് ഗദ്ദാഫി കുറ്റപ്പെടുത്തി.
പടിഞ്ഞാറന്‍ പര്‍വതപ്രദേശങ്ങളടക്കം റിബലുകളുടെ ശക്തികേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഗദ്ദാഫി അനുയായികള്‍ക്ക് നിര്‍ദേശം നല്കി. തനിക്ക് മുകളിലുള്ള അറസ്റ്റ് വാറണ്ടുകളുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ ഗദ്ദാഫിയെ കൂടുതല്‍ കരുത്തനാക്കുകയാണോ എന്ന് സംശയിക്കേണ്ടതുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നതുപോലെ പ്രക്ഷോഭകാരികളെ വകവരുത്താന്‍ തങ്ങള്‍ ഉത്തരവിട്ടിട്ടില്ലെന്ന് ഗദ്ദാഫിയുടെ മകന് സെയിഫ് അല്‍ അസ്ലാം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ആളുകള്‍ മിലിട്ടറി പ്രദേശങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കവേ ഗാര്‍ഡുകള്‍ വെടിവെച്ചുവീഴ്ത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ അന്തര്‍ദേശീയ കോടതിയുടെ ചാര്‍ജ്ഷീറ്റ് പ്രകാരം പ്രക്ഷോഭകാരികളെ പല സന്ദര്‍ഭങ്ങളിലും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നെതര്‍ലാന്റ് കേന്ദ്രമാക്കിയ കോടതി ഗദ്ദാഫിക്കും മകന് സെയിഫ് അല്‍ ഇസ്ലാമിനും രഹസ്യാന്വേഷണവിഭാഗം തലവന്‍ അബ്ദുള്ള അല്‍ സനൗസിക്കുമെതിരെ കൊലപാതകത്തിനുള്ള നിര്‍ദേശം, മുറിവേല്‍പ്പിക്കല്‍, പ്രക്ഷോഭകാരികളെ അന്യായമായി തടങ്കലിലാക്കല്‍ എന്നിവക്കാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: