മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ ഓടുന്ന കെ. എസ്. ആര്. ടി. സി ബസുകള്‍ സമയ ക്ലിപ്തത പാലിക്കുന്നില്ലെന്ന് പരാതി. ഇതുമൂലം സ്വകാര്യ ബസ്സുകള്‍ പെര്‍മിറ്റ് സറണ്ടര്‍ ചെയ്യേണ്ട അവസ്ഥയിലാണെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദേശസാല്‍കൃത റൂട്ടുകള്‍ കെ.എസ്.ആര്.ടി സി കുത്തുകയാക്കി വയ്ക്കുകയും പ്രൈവറ്റ് ബസുകള്‍ ഓടികൊണ്ടിരുന്ന സ്ഥലങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് പെര്‍മിറ്റ് നല്കുകകയും ചെയ്യുന്ന നടപടി അപലപനീയമാണെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു.
അനേകായിരം കുടുംബങ്ങള്‍ ആശ്രയിക്കുന്ന സ്വകാര്യ ബസ് തൊഴില്‍ മേഖല ഇത് മൂലം കഷ്ടപ്പാടിലാണ്. ബാങ്ക് വായ്പയും നികുതികളും അടക്കാന്‍ കഴിയാതെ ജപ്തി നടപടികള്‍ നേരിടേണ്ടി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് അനുവദിക്കാതെ ഓടുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ സ്വകാര്യ ബസുകളുടെ മുന്നിലും പിന്നിലും ഓടി യാത്രക്കാരെ കയറ്റുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കയറാന്‍ മാത്രമാവുകയാണ് സ്വകാര്യ ബസുകള്‍.
210ഓളം സ്വകാര്യ ബസുകളുള്ള മൂവാറ്റുപുഴയിലെ എല്ലാ റൂട്ടുകളിലും ഇത് തന്നെയാണ് സ്ഥിതി. ഇതിനെതിരെ പല പ്രാവശ്യം പരാതി നല്‍കിയിട്ടും പ്രശ്ന പരിഹാരത്തിന് നടപടികള്‍ സ്വീകരിച്ചില്ലെന്നും, സ്വകാര്യ ബസുകള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ കെ.എസ്.ആര്.ടി സി ബസുകളുടെ സമയം ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്കും, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ ട്രഷറര്‍ എ. പി. സത്യന്, എന്‍. എം. ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: