സ്വന്തം ഭാഷയെ സ്നേഹിക്കുന്ന കാര്യത്തില്‍ വലിയപ്രാധാന്യമൊന്നും കൊടുക്കുന്നവരല്ല മലയാളികള്‍. ഭാഷാസ്നേഹത്തില്‍ മാത്രമല്ല, ഒന്നിലും പ്രത്യേക മമത അവര്‍ വച്ചുപുലര്‍ത്തുന്നില്ലെന്നതാണ് സത്യം. മലയാളം അറിയില്ലെന്ന് പറയുന്നതില്‍ അഭിമാനംകൊള്ളുന്നൊരു സമൂഹം കൂടി നമുക്കിടലുണ്ടെന്നതും തിരിച്ചറിയേണ്ടതുണ്ട്. ടി.വി ചാനലുകളുടെ അതിപ്രസരം ഉണ്ടായതോടെ മലയാളത്തെ വികലമാക്കി പ്രയോഗിക്കുന്നതും പതിവായി. മലയാളവും ഇംഗ്ലീഷും കൂട്ടികലര്‍ന്ന് രണ്ടുമല്ലാത്തൊരു ഭാഷയാണ് മിക്ക ടി.വി ചാനലുകളിലെയും അവതാരകര്‍ ഉപയോഗിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളും പുതുതലമുറയും ടെലിവിഷനുമായി വളരെയധികം അടുത്തു നില്ക്കുന്ന സാഹചര്യത്തില്‍ വികലമായ ഈ ഭാഷാപ്രയോഗം അവരെ സ്വാധീനിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.
‘എന്റെ ഭാഷ എന്റെ അഭിമാനം’ എന്നത് മലയാളമൊഴിച്ച് മേറ്റ്ല്ലാ സംസ്ഥാനങ്ങളും മുദ്രാവാക്യമായി സ്വീകരിച്ചു കഴിഞ്ഞു. തമിഴ് ഭാഷ സംസാരിക്കുകയും അതുപ്രയോഗിക്കുകയും ചെയ്യുന്നവരില്‍ കൂടുതല്‍ യുവജനങ്ങളാണെന്നത് അവര്‍ എത്രത്തോളം ഗൗരവമായാണ് തങ്ങളുടെ ഭാഷയെ കാണുന്നത് എന്നതിന് തെളിവാണ്. കര്‍ണ്ണാടക സംസ്ഥാനത്തിലെവിടെയെങ്കിലും സ്ഥിരതാമസമാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിശ്ചയമായും കന്നടഭാഷ പഠിച്ചിരിക്കണം. സര്‍ക്കാര്‍ തന്നെ അത് നിര്‍ബന്ധമാക്കിക്കഴിഞ്ഞു. ഈ നടപടികളെയൊക്കെ വേണമെങ്കില്‍ വിമര്‍ശനബുദ്ധ്യാ നിരീക്ഷിക്കാം. പ്രാദേശിക വികാരം വളര്‍ത്തുന്നതാണ് ഇത്തരം നടപടികളെന്നും പറയാം. എന്നാല്‍ അതിനൊക്കെ ഉപരിയായി നിരവധി അനുകൂല ഘടകങ്ങളുമുണ്ട്. ഒരു ഭാഷയെന്നത് ആശയവിനിമയത്തിനുള്ള ഉപാധിമാത്രമല്ല. ഒരു ജനതയുടെയോ പ്രദേശത്തിന്റെയോ സാംസ്കാരികവും പാരമ്പര്യപരവുമായ ജീവിതത്തിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രം ഭാഷയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മലയാള ഭാഷയ്ക്കും അത്തരമൊരു പൈതൃകം അവകാശപ്പെടാനുണ്ട്. അതിനാലാണ് മലയാളത്തെ ക്ലാസിക്കല്‍ ഭാഷയാക്കണമെന്ന ആവശ്യം ഉയരുന്നത്. ക്ലാസിക്കല്‍ ഭാഷയാക്കിയാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന വിവിധങ്ങളായ ധനസഹായത്തിലൂടെ ഭാഷയെ ഉദ്ധരിക്കാം എന്നതാണ് ആ ആവശ്യത്തിനു പിന്നിലെ പ്രധാന ലക്ഷ്യം.
തമിഴ് ഭാഷയെ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ക്ലാസിക്കല്‍ പദവിനല്കി ആദരിച്ചിരുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കേരളത്തില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം കുറച്ചു സാഹിത്യപ്രവര്‍ത്തകരെയും കൂട്ടി ദില്ലിയിലെത്തി പ്രധാനമന്ത്രിക്കു നിവേദനം നല്കി. മലയാളത്തെയും ക്ലാസിക്ക് ഭാഷയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ ദില്ലിയില്‍ നിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. കേരളത്തിലിപ്പോള്‍ ഭരണമാറ്റം ഉണ്ടായത് ക്ലാസിക്കല്‍ പദവി നേടിയെടുക്കാന്‍ അനുകൂലഘടകമാണെന്ന് പ്രതീക്ഷിക്കാം.
മലയാള ഭാഷയ്ക്ക് സ്വന്തമായൊരു സര്‍വ്വകലാശാല വേണമെന്ന ആവശ്യവും കാലങ്ങളായി ഉയരുന്നതാണ്. അടുത്തകാലത്ത് ഇതിന് വളരെ കൂടുതല്‍ പ്രചാരവും ലഭിച്ചു. തഞ്ചാവൂരില്‍ തമിഴുസര്വ്വകലാശാലയുണ്ട്. കുപ്പത്ത് തെലുങ്കു സര്‍വ്വകലാശാലയുണ്ട്. കേരളത്തിലെ കാലടിയില്‍ സംസ്കൃതത്തിനും സര്‍വ്വകലാശാലയുണ്ട്. എന്നിട്ടും മലയാളത്തിന് ഒരു സര്‍വ്വകലാശാല രൂപവത്കരിക്കാന്‍ നമുക്കു കഴിഞ്ഞില്ലെന്നത് അപമാനം തന്നെയാണെന്നാണ് ഭാഷാസ്നേഹികളുടെ വാദം.
കാലടിയില്‍ സംസ്കൃത സര്‍വ്വകലാശാല സ്ഥാപിച്ചത് സംസ്കൃത ഭാഷയോടുള്ള അതിരറ്റ സ്നേഹം കൊണ്ടൊന്നുമല്ല. സര്‍വ്വകലാശാല രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും കറവപ്പശുവാണ്. അഴിമതിക്കുള്ള വഴിയാണ്. പ്രത്യേകിച്ച് കാശുചെലവൊന്നുമില്ലെങ്കില് സര്‍വ്വകലാശാല തുടങ്ങാം എന്നതായിരുന്നു അന്നും സര്‍ക്കാരിന്റെ നിലപാട്.
കാഞ്ചി കാമകോടിപീഠം പണം നല്‍കാമെന്നു പറഞ്ഞതിനാലാണ് കാലടിയില്‍ സംസ്കൃതസര്‍വ്വകലാശാല തുടങ്ങിയത്. സംസ്കൃതഭാഷയോടും ഭാരതീയവൈജ്ഞാനികതയോടുമുള്ള താല്പര്യമൊന്നുമായിരുന്നില്ല സംസ്കൃതസര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നതിന്നു പിന്നില്‍. കാമകോടിപീഠം കാശു കൊടുത്തു, സര്‍വ്വകലാശാല നിവലില്‍ വരികയും ചെയ്തു. അതിന്റെ ആദ്യത്തെ ഗുണഭോക്താക്കള്‍ ആരായിരുന്നുവെന്നും കേരളം കണ്ടതാണ്. അവിടെ നടന്ന നിയമനങ്ങള്‍ എല്ലാം ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നടത്തപ്പെട്ടത്. അതിനാല്‍ ഒന്നാംവട്ടം നിയമിക്കപ്പെട്ടവര്‍ ഭൂരിപക്ഷവും പുറത്താക്കപ്പെട്ടു. വീണ്ടും നടന്നു നിയമനം. അതും അഴിമതിയുടെ പുതിയ നിലവാരം സൃഷ്ടിക്കുന്നതരത്തിലുള്ളതായിരുന്നു. പുതിയൊരു സര്‍വ്വകലാശാലയെ അധികാരവര്‍ഗ്ഗം ഏതുതരത്തിലാണ് സമീപിക്കുന്നതെന്ന് വ്യക്തമാക്കാനാണ് സംസ്കൃത സര്‍വ്വകലാശാലയെ ഉദാഹരിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഭാഷാസ്നേഹികളായ പല അംഗങ്ങളും ഇടയ്ക്കിടയ്ക്ക് മലയാളം സര്‍വ്വകലാശാല എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടിരുന്നു. അപ്പോഴെല്ലാം സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ചുമതലയുണ്ടായിരുന്ന മന്ത്രി എം.എ.ബേബി പറഞ്ഞ ഉത്തരം ഇതാണ്. “മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചാല്‍ അതിന്റെ ഭാഗമായി കേരളത്തില്‍ മലയാള സര്‍വ്വകലാശാല സ്ഥാപിക്കാം”
ക്ലാസിക്കല്‍ പദവി ലഭിക്കുന്നതിലൂടെ കേരളത്തിലേക്കു വരുന്ന കേന്ദ്രഫണ്ടുകള്‍ മുന്നില്‍കണ്ടായിരുന്നു എം.എ.ബേബിയുടെ പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്തിലുള്ള പുതിയ സര്‍ക്കാര്‍ പക്ഷേ, മലയാളം സര്‍വ്വകലാശാലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നയം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മലയാളം സര്‍വ്വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായി. മലയാള ഭാഷാ സ്നേഹികള്‍ക്ക് വലിയ ആഹ്ലാദത്തിന് കാരണമാകുന്ന പ്രഖ്യാപനം. ഇടതു സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാകാതിരുന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നടപ്പിലാകാന്‍ പോകുന്നു. മലയാള ഭാഷയ്ക്ക് ആദരവു ലഭിക്കുവാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകേണ്ടി വന്നു എന്നെല്ലാം വിചാരിച്ച് സന്തോഷിക്കുകയാകും ഭാഷാ സ്നേഹികള്‍. എം.എ.ബേബിക്ക് സര്‍വ്വകലാശാല തുടങ്ങാന്‍ മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവിവേണമായിരുന്നെങ്കില് ഉമ്മന്‍ചാണ്ടിക്ക് അതൊന്നും വേണ്ടിവന്നതുമില്ല.
ഇങ്ങനെയെല്ലാമാണ് സന്തോഷിക്കാനുള്ള വകയെങ്കിലും അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചതി ആരും കാണുന്നില്ല. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മലയാള സര്‍വ്വകലാശാല സ്ഥാപിക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കുന്ന വാഗ്ദാനം. തുഞ്ചന്‍ പറമ്പില്‍ ആചാര്യന്റെ ആത്മാവില്ലെന്നത് അവിടെ ചെല്ലുന്നവര്‍ക്കെല്ലാം ബോധ്യമാകും. തുഞ്ചത്താചാര്യനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായകമായതൊന്നും ആ പറമ്പിലില്ല. ചിലരുടെ വാസത്തിന് സഹായകരമായി ആചാര്യന്റെ ആത്മാവ് എന്നോ അവിടെനിന്നും പോയിക്കഴിഞ്ഞു.
മലയാളസര്‍വ്വകലാശാലയും മലപ്പുറം ജില്ലയില്‍ സ്ഥാപിക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു ഭാഷാപിതാവിനെ കൂട്ടുപിടിക്കുന്നുവെന്നു മാത്രം. കാലിക്കറ്റ് സര്‍വ്വകലാശാല മലപ്പുറം ജില്ലയിലാണ്. ‘കാലിക്കറ്റ്’ എന്നാണ് പേരെങ്കിലും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വ്വകലാശാലയുടെ ആസ്ഥാനം. അലിഗഡ് സര്‍വ്വകലാശാലയുടെ കേന്ദ്രവും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ്. 1968ലാണ് കാസര്‍കോട് തൊട്ട് തൃശൂര്‍ വരെയുള്ള ജില്ലകളെ ഉള്‍ക്കൊള്ളുന്ന ഉന്നതവിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായ കാലിക്കറ്റ് സര്‍വ്വകലാശാല തേഞ്ഞിപ്പലത്ത് സ്ഥാപിച്ചത്. അടുത്ത കാലത്ത് കണ്ണൂര്‍ സര്‍വ്വകലാശാല വന്നപ്പോഴാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കാലിക്കറ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. 2010 ഡിസംബറില്‍ ഏറെ വാദവിവാദങ്ങള്ക്കൊടുവിലാണ് പെരിന്തല്‍മണ്ണയില്‍ അലിഗഡ് ക്യാമ്പസ് പ്രവര്‍ത്തനം തുടങ്ങിയത്.
ഈ രണ്ടു സര്‍വ്വകലാശാലകളെയും കൂടാതെയാണ് മലയാളം സര്‍വ്വകലാശാല കൂടി മലപ്പുറത്തിന് അനുവദിക്കുന്നത്. മലയാള ഭാഷയെ ഉദ്ധരിക്കുകയല്ല ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും മനസ്സിലാകും. പകരം, സര്‍ക്കാരില്‍ സൂപ്പര്‍ പദവിയിലുള്ള മുസ്ലീം ലീഗിനെ പ്രീതിപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ഉന്നം. മലയാള ഭാഷയോടുള്ള സ്നേഹം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍, മലയാളസര്‍വ്വകലാശാല വരണമെന്നത് സര്‍ക്കാര്‍ നയമാണെങ്കില്‍ സര്‍വ്വകലാശാല സ്ഥാപിക്കേണ്ടത് മലപ്പുറത്തല്ല. മുസ്ലീംരാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മലയാളഭാഷയോട് ഇത്രവലിയൊരു ക്രൂരത ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകരുത്. ഇതിനുപിന്നിലെ ചതിക്കുഴി തിരിച്ചറിയാന്‍ ഭാഷാസ്നേഹികള്ക്കുമാകണം.
-ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: