കേരളത്തിലെ ക്യാമ്പസുകളും നഗരവീഥികളും സര്‍ക്കാര്‍ ഓഫീസ് കവാടങ്ങളും സമരങ്ങളുടെ വേലിയേറ്റത്തില്‍ ചോരക്കളമായി മാറുകയാണ്. സര്‍ക്കാര്‍ വാഹനങ്ങളും പോലീസ് വാഹനങ്ങളും പൊതുവാഹനങ്ങളും സമരവീര്യത്തില്‍ ചിതറുകയാണ്. ഭരണം അല്ലെങ്കില്‍ സമരം എന്ന സിദ്ധാന്തത്തില്‍ ഇടതുപക്ഷം ഒതുങ്ങുകയാണോ? സ്വാശ്രയപ്രശ്നത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ എടുത്തിരിക്കുന്ന നിലപാട് കടുത്ത സാമ്പത്തിക-സാമൂഹിക അനീതിയാണെന്നും ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അംഗീകരിക്കുമ്പോഴും പ്രശ്നം കോടതിയില്‍ ആയിരിക്കെ വിധി വരാനുള്ള ക്ഷമയെങ്കിലും ഉണ്ടാകേണ്ടതായിരുന്നു.
ജനകീയ പ്രശ്നങ്ങളില്‍ മാത്രം സമരം എന്ന് പറഞ്ഞ നേതാക്കള്‍ സമരത്തിന് ഒരവസരം കാത്തിരുന്നപോലെയാണ് ഇപ്പോള്‍ തോന്നുക. പ്രശ്നം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാണെങ്കില്‍പോലും ഈ സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ ചോരയില്‍ മുങ്ങിത്താഴുന്നു. ഒപ്പം പോലീസും മാധ്യമങ്ങളും ആക്രമണവിധേയമാകുന്നു. പോലീസ് ക്യാമ്പസിനുള്ളില്‍ കയറരുതെന്നാണ് നിയമമെങ്കിലും ബുധനാഴ്ച യൂണിവേഴ്സിറ്റി കോളേജില്‍ കയറിയ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും മാത്രമല്ല സമരക്കാര്‍ക്കെതിരെ പ്രയോഗിച്ചത്. ഗ്രനേഡുകളും പ്രയോഗിച്ചു. വിദ്യാര്‍ത്ഥികളുടെ നേരെയുള്ള ഗ്രനേഡാക്രമണം ക്ഷന്തവ്യമല്ല.
ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50:50 അനുപാതം. വിഎസ് സര്‍ക്കാരും ഇതേ നയം തന്നെയാണ് പിന്തുടര്ന്നത്. സര്‍ക്കാര്‍ ക്വാട്ട ഉറപ്പാക്കാന്‍ രണ്ട് സര്‍ക്കാരുകളും ഒരുപോലെ അലംഭാവം കാട്ടി. കുട്ടികളുടെ ലിസ്റ്റ് അയക്കാന്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടപോലെ ഭരണം കിട്ടിയിട്ടും നിശ്ചിത തീയതിക്കുള്ളില്‍ നടപടി എടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഇപ്പോള്‍ സംഗതി വഷളാക്കിയത് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് സ്വീകരിച്ച ധാര്‍ഷ്ട്യപരമായ നിലപാട്തന്നെയാണ്. സ്വന്തം നിലയില്‍ 100 ശതമാനം സീറ്റിലും പ്രവേശനം നടത്തുമെന്ന വെല്ലുവിളിയെ ക്രൈസ്തവ ദര്‍ശനത്തിന് പോലും എതിര് എന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന് പോലും വിമര്‍ശിക്കുന്നു.
മൈനോറിറ്റി സമുദായാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കുന്നത് ക്രിസ്ത്യന്‍ പ്രീണനമായേ കാണാനാകുകയുള്ളൂ. ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ പിടിവാശിയാണ് എംഇഎസ് മെഡിക്കല്‍ കോളേജുകളെയും സ്വന്തം നിലക്ക് പ്രവേശനം നടത്താന്‍ പ്രേരിപ്പിക്കുന്നത്. തുല്യനീതി അവകാശം ചെറുക്കാനാവാത്തതാണ്. മുസ്ലീം മാനേജ്മെന്റുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് സാമൂഹ്യനീതിയും സാമ്പത്തികനീതിയും മാത്രമല്ല സമുദായനീതിയുംകൂടിയാണ്. സ്വാശ്രയ പ്രശ്നം ഈ തലത്തിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേതാണ്.
ഇപ്പോള്‍ സ്വാശ്രയപ്രശ്നം കോടതിയില്‍നിന്നും കോടതിയിലേക്ക് മാറി പരമോന്നത നീതിപീഠത്തിന് മുമ്പില്‍ വിധി കാത്തുനില്ക്കുമ്പോള് സമ്മര്‍ദ്ദത്തിലായിരിക്കുന്നത് പ്രവേശനം കാത്തുകഴിയുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ്. സര്‍ക്കാര്‍ ക്വാട്ടയില്‍ സര്‍ക്കാര്‍ ഫീസ് ഇല്ലാതാക്കിയത് ക്രോസ് സബ്സിഡി പാടില്ല എന്ന കോടതി വിധിയോടെയാണ്. മെഡിക്കല്‍ പിജി പ്രവേശനത്തിന് ജൂണ്‍ 30 വരെയായിരുന്നു അവസാന തീയതി. കര്‍ണാടകക്ക് കിട്ടിയ അനുകൂല വിധിയിലും കേരളം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ച് സര്‍ക്കാര്‍ കോടതിയില്‍ പോകാന്‍ വൈകി. തെരുവുയുദ്ധം പോലീസിന് കണ്ടുനില്ക്കാന് സാധിക്കുമോ എന്ന് ചോദിക്കുന്ന ഉമ്മന്‍ചാണ്ടിയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ക്കൂടി അധികാരത്തില്‍ വന്നയാളാണ്.
രാഷ്ട്രീയനേതാക്കളുടെ ഇച്ഛാനുസരണം നീങ്ങുന്ന കരുക്കളാണ് വിദ്യാര്‍ത്ഥിനേതാക്കള്‍. യുഡിഎഫ് ഭരണത്തെ വെല്ലുവിളിക്കാന്‍ അവസരം കാത്തുകിടന്നവര്‍ക്ക് വീണുകിട്ടിയ ആയുധമായി സ്വാശ്രയ പ്രശ്നം മാറി. ഇപ്പോള്‍ പാര്‍ട്ടി നേതാക്കളും സമരരംഗത്തിറങ്ങിയിരിക്കുകയാണ്. കോടതിവിധി പ്രശ്നത്തിന് പരിഹാരം നല്‍കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: