കൊച്ചി: കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയുള്ള സുസ്ഥിര കാര്‍ഷിക ഗ്രാമം പദ്ധതി ആഗസ്റ്റ് ആദ്യവാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതേക്കുറിച്ചാലോചിക്കാന്‍ കേന്ദ്രകൃഷി സഹമന്ത്രി കെ.വി.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. കൃഷിമന്ത്രി കെ.പി.മോഹനന്, ഡോമിനിക് പ്രസന്റേഷന് എം.എല്‍.എ. തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

സുസ്ഥിരകാര്ഷികഗ്രാമം പദ്ധതി ഇവിടെ വിജയിപ്പിച്ചാല്‍ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനാകുമെന്ന് തോമസ് മാസ്റ്റര്‍ പറഞ്ഞു. 2003-ല്‍ കുമ്പളങ്ങി കേന്ദ്രീകരിച്ചു തുടങ്ങിയ മാതൃക ടൂറിസം ഗ്രാമത്തിന്റെ അടുത്ത ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് കൃഷിവകുപ്പ് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി കെ.പി.മോഹനന് അറിയിച്ചു. കൃഷിയെ പ്രോല്സാഹിപ്പിക്കാതെ ഒരു ശതമാനവും ഇനി നമുക്കു മുന്നോട്ടുപോകാനാവില്ല. പദ്ധതി വിജയത്തിന് ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പിന്തുണയും അദ്ദേഹം തേടി.

ശുചിത്വമുള്ള ഒരു മാതൃക ഹരിതഗ്രാമമാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. പുതിയ ഭക്ഷ്യസുരക്ഷ നയത്തിന്റെ പിന്തുണയോടെ കൃഷി സ്വാശ്രയത്വം, തൊഴിലില്ലായ്മക്കു പരിഹാരം, ജൈവ കൃഷി രീതികളിലൂടെ കൂടുതല്‍ ജൈവ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഗ്രാമീണ ജീവിതരീതികളുടെ പ്രചരണം, ഭാവി തലമുറയ്ക്കായി തദ്ദേശീയമായ വിത്തുകളുടെ സംരക്ഷണം എന്നിവയാണ് സുസ്ഥിര ഗ്രാമ പദ്ധതിയുടെ കാതല്‍.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1000 ഏക്കര്‍ സ്ഥലത്ത് പൊക്കാളികൃഷിയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഗ്രാമത്തിലുള്ള പശുക്കളുടെ എണ്ണം 50 എന്നത് 300 ആയി ഉയര്‍ത്തും. ഇതിനായി ക്ഷീരകര്‍ഷകരുടെ പത്തംഗം വീതമുള്ള സമിതി ഉണ്ടാക്കും. പ്രതിവര്‍ഷം മൂന്നു ലക്ഷം കോഴിമുട്ട ഉല്‍പ്പാദനം ലക്ഷ്യമാക്കി 100 കുടുംബങ്ങള്‍ക്കായി 100 കോഴികളെ വീതം വിതരണം ചെയ്യും.

കൃഷിമേഖലയില്‍ 2000 പേര്‍ക്ക് 10 വാഴക്കണ്ണ് വീതം വിതരണം ചെയ്യും. 3000 പേര്‍ക്കു ഒരോ കിറ്റ് വീതം പച്ചക്കറി വിത്തുകളും നല്‍കും. 10 സംഘങ്ങളിലായി കല്ലുമ്മക്കായ കൃഷിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുമ്പളങ്ങിയെ ഒരു നാളികേര ക്ലസ്റ്ററാക്കി ഉയര്‍ത്തുന്ന തരത്തിലുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഒരു തെങ്ങുള്ളവരെയും ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തും. തെങ്ങുകയറ്റം പ്രോല്‍സാഹിപ്പിക്കുന്നതിനായി 50 പേരടങ്ങിയ ഒരു തെങ്ങുകയറ്റ ഫോറത്തിനും രൂപം നല്‍കും.
ഇപ്പോഴുള്ള 800 ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം ടൂറിസം വകുപ്പിന്റെ സഹായത്തോടെ 5000 ആയി ഉയര്‍ത്തും. ഇതോടൊപ്പം കൃഷി ടൂറിസത്തിനും പ്രാമുഖ്യം നല്‍കുന്നതാണ് പദ്ധതി. വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെ സഹായത്തോടെയാകും പദ്ധതി പ്രാവര്‍ത്തികമാക്കുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാംബിക അധ്യക്ഷയായും കൃഷി അസി.ഡയറക്ടര്‍ എസ്. ലാലി കണ്‍വീനറുമായി ഒരു സമിതിക്കും യോഗം രൂപം നല്കി.

കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഉഷ പ്രദീപ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.തങ്കച്ചന്, കുമ്പളങ്ങി മാതൃക ടൂറിസം വില്ലേജ് സൊസൈറ്റി പ്രസിഡന്റ് എം.പി. ശിവദത്തന്‍, സെക്രട്ടറി ഷാജി കുറുപ്പശേരി, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുരളീമേനോന്‍, നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ ഡോ.മുരളീധരന്, ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. അനി എസ്. ദാസ്, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: