കോട്ടയം: എം.ജി യൂണിവേഴ്സിറ്റിയിലെ ഏകജാലക സംവിധാനത്തിലെ അപാകതകള്‍ മുതലെടുത്ത് എയ്ഡഡ് കോളേജ് അഡ്മിഷന് സീറ്റൊന്നിന് ഒന്നര ലക്ഷം രൂപ വരെ മാനേജ്മെന്റുകള്‍ വാങ്ങുന്നു. കോട്ടയം ജില്ലയിലെ പ്രശസ്തമായ കോളേജുകളാണ് പുതിയ സംവിധാനത്തിലെ പ്രവേശന നടപടികളിലെ കാലതാമസം മുതലെടുത്ത് വന്‍ കൊള്ള നടത്തുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഉന്നതരുടെ ഒത്താശയോടുകൂടിയാണ് കോളേജുകള്‍ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികളെ പിഴിയുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
നഗരത്തിലെ ഏറ്റവും പഴക്കമേറിയ കോളേജില്‍ ബികോം സീറ്റിന് വിദ്യാര്‍ത്ഥികളില്‍ നിന്നും ഒന്നു മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് വാങ്ങിയിരിക്കുന്നത്. ബി.എ ഇംഗ്ലീഷ് പ്രവേശനത്തിനായി ഒരു ലക്ഷം രൂപ വരെയും വാങ്ങിയിട്ടുണ്ട്. എന്‍എസ്എസ് കോളേജുകള്‍ മാനേജ്മെന്റ് സീറ്റിലേക്ക് രൂപ വാങ്ങാതെ സൗജന്യമായി പ്രവേശനം നടത്തുമ്പോഴാണ് ക്രൈസ്തവ മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള കോളേജുകളില്‍ മാനേജ്മെന്റു സീറ്റുകള്‍ക്കായി പരസ്യലേലം നടക്കുന്നത്.
ഈ വര്‍ഷം മുതലാണ് എംജിയില്‍ ഡിഗ്രി പ്രവേശനം ഏകജാലക സംവിധാനത്തിലാക്കുന്നത്. എന്നാല്‍ ആദ്യ അലോട്ട്മെന്റിലും ഇന്നലെ നടന്ന രണ്ടാം അലോട്ട്മെന്റിലും നഗരത്തിലെ കോളേജുകളില്‍ 85 ശതമാനത്തിലധികം മാര്‍ക്കുള്ള കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും നല്ല കോളേജുകളില്‍ പഠനത്തിന് അവസരം ലഭിക്കില്ലെന്ന ആശങ്ക വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വ്യാപകമായുണ്ടായി. ഇത് മുതലെടുത്താണ് കോളേജുകള്‍ മാനേജ്മെന്റ് സീറ്റിന് വന്‍തുക വാങ്ങാനാരംഭിച്ചത്. കോട്ടയം,പാലാ,ചങ്ങനാശ്ശേരി നഗരങ്ങളിലുള്ള കോളേജുകളാണ് യാതൊരു മാനദണ്ഡവുമില്ലാതെ സീറ്റുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഡിഗ്രി കോഴ്സുകളില്‍ 20 ശതമാനമാണ് മാനേജ്മെന്റുകളുടെ കൈവശമുള്ള സീറ്റുകളുടെ എണ്ണം. വിവിധ ബിരുദ കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ നല്കി കോട്ടയം നഗരത്തിലെ ഒരു കോളേജ് അരക്കോടിയിലധികം രൂപ നേടിയതായറിയുന്നു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിലായി കോടിക്കണക്കിന് രൂപയുടെ സീറ്റുകച്ചവടമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നിരിക്കുന്നത്. കോട്ടയം ജില്ലയ്ക്കു പുറമേ പത്തനംതിട്ട,എറണാകുളം ജില്ലകളിലെ കോളേജുകളിലും മാനേജ്മെന്റ് സീറ്റില്‍ ലക്ഷങ്ങള്‍ വാങ്ങി പ്രവേശനം തുടരുകയാണ്.
ഏകജാലക സംവിധാനവും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി മാറിയിട്ടുണ്ട്. ആദ്യ അലോട്ട്മെന്റില്‍ ഒരു കോളേജില്‍ പ്രവേശനം നേടിയ ശേഷം ഹയര്‍ ഓപ്ഷനില്‍ മറ്റൊരു കോളേജിലേക്ക് മാറിയാല്‍ ഫീസിനത്തിലടച്ച ആയിരത്തോളം രൂപയാണ് ഒരു കുട്ടിക്ക് നഷ്ടമാകുന്നത്. കോഷന്‍ ഡിപ്പോസിറ്റും സ്പെഷ്യല്‍ ഫീ ഇനത്തിലും അടയ്ക്കുന്ന തുക രണ്ടാമത് പ്രവേശനം നേടുന്ന കോളേജിലും അടയ്ക്കണം. ഇത്തരത്തിലും ആയിരക്കണക്കിന് രൂപയാണ് കോളേജുകള്‍ക്ക് വെറുതെ ലഭിക്കുന്നത്. യൂണിവേഴ്സിറ്റി ഏകജാലക സംവിധാനം നടപ്പിലാക്കിയതിന്റെ പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മുതലെടുത്ത് വന്‍തുക വാങ്ങിക്കൂട്ടാനുള്ള കോളേജുകളുടെ ശ്രമങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ മൗനം പാലിക്കുകയാണ്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: