Categories: Business

കാത്തലിക്‌ സിറിയന്‍ ബാങ്കിന്‌ ബിസിനസില്‍ മുന്നേറ്റം

Published by

തൃശ്ശൂര്‍: മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാത്തലിക്‌ സിറിയന്‍ ബാങ്കിന്‌ ബിസിനസില്‍ വന്‍മുന്നേറ്റമുണ്ടായതായി റിപ്പോര്‍ട്ട്‌. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച്‌ ബിസിനസില്‍ 30 ശതമാനത്തിലധികം വര്‍ധനവ്‌ നേടി 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ്‌ 15000 കോടി കടന്നു. അറ്റാദായം അറ്റ പലിശനിക്ഷേപം എന്നിവയിലെല്ലാം വന്‍മുന്നേറ്റമാണ്‌ സിഎസ്ബി നടത്തിയിരിക്കുന്നത്‌. മുന്‍ സാമ്പത്തിക വര്‍ഷം ബാങ്ക്‌ നേടിയ അറ്റാദായത്തെ അപേക്ഷിച്ച്‌ 6.36 ശതമാനം വര്‍ധനവ്‌ കഴിഞ്ഞവര്‍ഷത്തെ അറ്റാദായത്തില്‍ ബാങ്ക്‌ നേടി. മുന്‍ സാമ്പത്തികവര്‍ഷം അറ്റാദായം1.65 കോടി രൂപയാണ്‌ ബാങ്ക്‌ നേടിയിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.18 കോടി രൂപയാണ്‌ ബാങ്ക്‌ നേടിയത്‌. ബാങ്കിന്റെ നെറ്റ്‌വര്‍ത്ത്‌ 308.83 കോടിയില്‍നിന്ന്‌ 470.14 കോടിയായി ഉയര്‍ന്നു. നിക്ഷേപത്തില്‍ 25 ശതമാനവും വായ്പയില്‍ 39 ശതമാനവും വര്‍ധനയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ നേടിയത്‌. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇരട്ടിയിലധികം വര്‍ധിച്ചു. 122.80 കോടി രൂപയില്‍നിന്ന്‌ 248.15 കോടിരൂപയാണ്‌ ഇത്‌ കൂടിയത്‌. പലിശ വരുമാനം 577.96 കോടിയില്‍നിന്ന്‌ വര്‍ധിച്ച്‌ 762.13 കോടിയായപ്പോള്‍ പലിശേതര വരുമാനം 75 കോടിയായി. കഴിഞ്ഞവര്‍ഷം ഏഴുകോടിയായിരുന്ന പ്രവര്‍ത്തന ലാഭം ഇപ്പോള്‍ 33.62 കോടി രൂപയാണ്‌. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 3.05 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.74 ശതമാനവുമാണ്‌. മൂലധന പര്യാപ്തതാനുപാതം 11.22 ശതമാനമായി വര്‍ധിച്ചു. ബാങ്ക്‌ ബിസിനസില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതിന്‌ കാരണമായത്‌ ബാങ്കിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളാണെന്ന്‌ ബാങ്ക്‌ അധികൃതര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by