ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഒരു കരട് ബില്ല് സമര്‍പ്പിച്ചാല്‍ മതിയെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി. എന്നാല്‍ പ്രധാനപ്പെട്ട ആറ് വിഷയങ്ങളില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്.
പ്രധാനപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം തുടരുകയാണെങ്കില്‍ രണ്ട് കരടുകള്‍ മന്ത്രിസഭായോഗത്തിന് മുന്നില്‍ സമര്‍പ്പിക്കുക എന്നതായിരുന്നു നേരത്തേ ഉണ്ടായിരുന്ന ധാരണ. എന്നാലിന്ന് സര്‍ക്കാരും പൊതുസമൂഹ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ 80 ശതമാനം വിഷയങ്ങളിലും അഭിപ്രായ ധാരണയുണ്ടായി. അതിനാലാണ് ഒരു കരട് മാത്രം സമര്‍പ്പിക്കുന്നത്.
കരടില്‍ പ്രധാന വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടി ചേര്‍ക്കും. പ്രധാനമന്ത്രിയേയും ചീഫ് ജസ്റ്റിസിനെയും എം.പിമാരെയും ലോക്പാലില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത് ഇക്കാര്യത്തില്‍ പൊതു സമൂഹവും സര്‍ക്കാരും അവരവരുടെ ആവശ്യത്തിന്മേല് ഉറച്ച് നില്‍ക്കുകയാണ്. ലോക്പാലിന്റെ നിയമനം സംബന്ധിച്ചും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാര്‍, സി.എ.ജി എന്നിവര്‍ ഉള്‍പ്പെട്ട ഒരു സമിതിയായിരിക്കണം ലോക്പാലിന്റെ നിയമനം നടത്തേണ്ടതെന്ന നിലപാടിലാണ് പൊതുസമൂഹം. എന്നാല്‍ പ്രധാനമന്ത്രി, ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍, സ്പീക്കര്‍, ക്യാബിനറ്റ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: