വിപണിയുടെ 13-ാം തീയതിയിലെ തുടക്കം മോശമായിരുന്നു. വില്പന സമ്മര്‍ദ്ദം വിപണിയെ തുടക്കത്തില്‍ പിന്നോക്കം നയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൃഷ്ണാ, ഗോദാവരീ തീരത്തെ വാതക നിക്ഷേപങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ തടസ്സം ഉളവായത് റിലയന്‍സ് ഓഹരിവിലകള്‍ 2 ശതമാനം കുറച്ചു. വിദേശ വിപണികളില്‍ നിന്നുള്ള സൂചനകളും മെച്ചമായിരുന്നില്ല. 18242.25ലാണ് അന്ന് സെന്‍സെക്സ് ആരംഭിച്ചത്. തുടക്കത്തിലത് 18313.26 വരെ ഉയര്‍ന്നു. അതിനുശേഷം 18266.03ല്‍ ക്ലോസ് ചെയ്തു. നഷ്ടം 2.51 പോയിന്റ്. 5469.85ലാരംഭിച്ച നിഫ്റ്റി 3 പോയിന്റ് താഴ്ന്ന് 5482.80ല്‍ ക്ലോസ് ചെയ്തു. എസ്ബിഐ, ടിസിഎസ്, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി ഓഹരിവിലകള്‍ താഴ്ന്നു.
മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 9.06 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ 9.04 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് പുനര്‍നിര്‍ണ്ണയത്തില്‍ 9.68 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ഉയരുവാനുള്ള സാഹചര്യത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
എങ്കിലും ഓഹരിവിപണിയില്‍ 14-ാം തീയതി നേരിയ തോതില്‍ ലാഭം അനുഭവപ്പെട്ടു. 18276.78ലാണ് അന്ന് സെന്‍സെക്സ് ആരംഭിച്ചത്. ഒരവസരത്തില്‍ അത് 18360.19 വരെ ഉയരുകയും അതിനുശേഷം 18261.11 വരെ താഴുകയും ചെയ്തിരുന്നു. പിന്നീട് 18308.66ല്‍ ക്ലോസ് ചെയ്തു. നേട്ടം 42.63 പോയിന്റ്. 5485.60ല്‍ ആരംഭിച്ച നിഫ്റ്റി 5500.50ല്‍ ക്ലോസ് ചെയ്തു. നേട്ടം 17.70 പോയിന്റ്. ക്യാപിറ്റല്‍ ഗുഡ്സ്, എനര്‍ജി, എഫ്എംസിജി, ബാങ്ക് ഓഹരിവിലകള്‍ അന്ന് വര്‍ദ്ധിച്ചു.
റിസര്‍വ് ബാങ്കിന്റെ മദ്ധ്യപാദ പണവായ്പാനയ അവലോകനത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ദ്ധിക്കുവാനുള്ള സാദ്ധ്യത തെളിഞ്ഞു കണ്ടു. ആഗോള വിപണികളില്‍ നിന്നുള്ള സൂചനയും മെച്ചമായിരുന്നില്ല. ഇക്കാരണങ്ങളാല്‍ 15-ാം തീയതിയും ആഭ്യന്തര വിപണി ഇടിഞ്ഞു. 18298.59ലാണ് അന്ന് സെന്‍സെക്സ് ആരംഭിച്ചത്. ബാങ്ക്, റിയല്‍ എസ്റ്റേറ്റ് ഓഹരിവിലകള്‍ താഴ്ന്നു. 176.42 പോയിന്റ് വീഴ്ചയോടുകൂടി സെന്‍സെക്സ് 18132.24ല്‍ ക്ലോസ് ചെയ്തു. 5494.45ലാരംഭിച്ച നിഫ്റ്റി 53 പോയിന്റ് താഴ്ന്ന് 5447.50ല്‍ ക്ലോസ് ചെയ്തു.
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം തുടരുകയാണ്. ഐടി കമ്പനി ഓഹരികളെയാണ് ഇത് 15-ാം തീയതി കൂടുതലായി ബാധിച്ചത്. ജയപ്രകാശ് അസോസിയേറ്റ്സ്, എന്‍ടിപിസി, ഹിന്‍ഡാല്‍കോ വിലകളും അന്ന് താഴ്ന്ന നിലവാരത്തിലെത്തി.
റിസര്‍വ്വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. 15മാസത്തിനിടയില്‍ പത്താമതു തവണയാണ് ആര്‍ബിഐ അടിസ്ഥാന പലിശനിരക്കുകള്‍ ഉയര്‍ത്തുന്ന്ത്. 16-ാം തീയതി ഓഹരി വിപണിയില്‍ ഇതു വന്‍ വീഴ്ചക്കു കാരണമായി. നിലവാരം 18000ത്തിന് താഴെയെത്തി. 100 പോയിന്റ് വീഴ്ച ആദ്യംതന്നെ വിപണിയില്‍ അനുഭവപ്പെട്ടിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ വായ്പാ നയം പുറത്തുവന്നതോടു കൂടി നിലവാരം വീണ്ടും താഴോട്ടു പോയി.
18060.11ലാണ് അന്ന് സെന്‍സെക്സ് ആരംഭിച്ചത്. 146.36 പോയിന്റ് താഴ്ന്ന് അത് 17985.88ല്‍ ക്ലോസ് ചെയ്തു. 5494.45ലാരംഭിച്ച നിഫ്റ്റി 50.75 പോയിന്റ് താഴ്ന്ന് 5396.75ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഓഹരി വിലകള്‍ 888 രൂപയിലെത്തി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അമേരിക്കയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള മോശമായ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി രണ്ടാം ദിവസും ഐടി ഓഹരി വിലകള്‍ താഴ്ത്തി. ആഗോളവിപണികളുടെ മൊത്തം അവസ്ഥ മെച്ചമായിരുന്നില്ല. ക്യാപിറ്റല്‍ ഗുഡ്സ് മെറ്റല്‍ ഓഹരിവിലകളും താഴ്ന്നു. ഇതിനിടയില്‍ ജൂണ്‍ നാലിന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യവിലസൂചിക 8.96 പോയിന്റായി കുറഞ്ഞ വിവരം ഓഹരി രംഗത്ത് ചലനമൊന്നും സൃഷ്ടിച്ചില്ല. അതിനു മുന്‍ അവലോകനവാരം അത് 9.01 ശതമാനമായിരുന്നു.
പലിശ നിരക്കു വര്‍ദ്ധനവ്, യൂറോപ്യന്‍ സാമ്പത്തിക രംഗത്തു നിലനില്‍ക്കുന്ന ആശങ്ക എന്നിവ മൂലം വാരാന്ത്യ വ്യാപാര ദിവസവും വിപണി നിലവാരം ഇടിഞ്ഞു. വില്പന സമ്മര്‍ദ്ദം അധികരിച്ചതായിരുന്നു പ്രധാന കാരണം. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി യൂറോയ്ക്ക് ഏല്പിച്ച ക്ഷതവും വിപണി നിലവാരം ഇടിയുന്നതിനു കാരണമായി.
18060.17ലാണ് 17-ാം തീയതി വിപണി ആരംഭിച്ചത്. 115.35 പോയിന്റ് താഴ്ന്ന് അത് 17870.53ല്‍ ക്ലോസ് ചെയ്തു. 5412.50ലാരംഭിച്ച നിഫ്റ്റി 30.35 പോയിന്റ് താഴ്ന്ന് 5366.40ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിലകള്‍ വീണ്ടും താഴ്ന്ന് 875.60 രൂപയിലെത്തി. തുടര്‍ച്ചയായി ആറാം ദിവസമാണ് റിലയന്‍സ് ഓഹരികള്‍ക്ക് ക്ഷതം സംഭവിക്കുന്നത്. 7 ശതമാനമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി റിലയന്‍സ് ഓഹരികള്‍ക്കുണ്ടായ നഷ്ടം. അമേരിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തിക തളര്‍ച്ചയാണ് ഐടി ഓഹരികള്‍ക്കു വില്ലനായത്.
14-ാം തീയതി ഒഴികെ ബാക്കി നാലു ദിവസങ്ങളിലും നഷ്ടത്തിലൂടെ നീങ്ങിയ വിപണിയില്‍ നഷ്ടത്തിനു തന്നെ മുന്‍തൂക്കം. 398.01 പോയിന്റാണ് പോയവാര ഓഹരിവിപണിയിലുണ്ടായ നഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: