തൃശൂര്‍ : ജനങ്ങള്‍ നീതിക്കുവേണ്ടിയാണ് മാധ്യമങ്ങളെ ഉറ്റുനോക്കുന്നത് എന്നാല്‍ മാധ്യമസ്ഥാപനങ്ങളില്‍ മിക്കതിനും ഭരണത്തിലും രാഷ്ട്രീയത്തിലും ഉള്ള പങ്കുമൂലം പല മാധ്യമ ഉടമകള്‍ക്കും കക്ഷിതാല്‍പര്യവും വര്ഗ്ഗതാല്പര്യവും ഉള്ളതിനാല്‍ ജനങ്ങളുടെ പ്രതീക്ഷ സഫലമാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന് പറഞ്ഞു. തൃശൂര്‍ റീജ്യണല്‍ തീയേറ്ററില്‍ പവനന് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവിനേക്കാളും വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരും ഇന്ന് കേരളത്തിലുണ്ട്. നിക്ഷ്പക്ഷമാധ്യമപ്രവര്ത്തനം ഒന്നില്ലെന്ന സത്യം കൂടുതല്‍ വ്യക്തമാകുകയാണ് ഈ കാലഘട്ടത്തില്‍. സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കാണിച്ച അലംഭാവം ജനം ചര്‍ച്ച ചെയ്തതാണ്. പണം വാങ്ങി ക്വട്ടേഷന്‍ സംഘത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന പത്രങ്ങളും മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്നതും ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവന്നതായി വിഎസ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പവനന് പുരസ്കാരം മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി.രാജേന്ദ്രന് അദ്ദേഹം സമ്മാനിച്ചു. മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വി.എം.സുധീരന്, തേറമ്പില്‍ രാമകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: